കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഈ വെള്ളപ്പൊക്കം. നമ്മുടെ സംവിധാനങ്ങളുടെ പരിധിക്കുമപ്പുറമാണ് ദുരന്ത വ്യാപ്തി. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത കേരളം പോലൊരു സംസ്ഥാനത്തിന് എളുപ്പത്തിൽ മറികടക്കാവുന്ന ഒന്നല്ല. 20,000 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. എന്നാൽ, ഇതോടൊപ്പം ഉണ്ടായ വ്യാപാരനഷ്ടവും കൂടി കണക്കിലെടുക്കുമ്പോൾ അതിലും കൂടാം. അതായത്, കേരള സർക്കാർ മാത്രം വിചാരിച്ചാൽ കഴിയുന്നതല്ല ദുരന്ത നിവാരണവും പിന്നീടുള്ള പുനരധിവാസവും.
ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എങ്ങനെയാണ് ധനവിനിമയം നടത്തേണ്ടത് എന്നതിന് കൃത്യമായ നടപടികളും ചട്ടങ്ങളും നിലവിലുണ്ട്. 1883ൽ ബ്രിട്ടീഷുകാർ അന്ന് വ്യാപകമായ ക്ഷാമത്തെ നേരിടാനും അതുവഴി ബ്രിട്ടീഷ് സർക്കാറിെൻറ ഇടപെടലുകൾ സുഗമമാകാനും കൊണ്ടുവന്ന ‘ഫാമിൻ കോഡ്’ രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ തുടക്കംകുറിച്ചു എന്നു വേണമെങ്കിൽ പറയാം. പിന്നീട് രണ്ടാം ധനകാര്യ കമീഷൻ (1955-60) എല്ലാ സംസ്ഥാനങ്ങൾക്കും ഒരു നിശ്ചിത തുക ദുരന്തനിവാരണത്തിന് നൽകുന്ന സംവിധാനം കൊണ്ടുവന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന തുക ദുരന്ത നിവാരണത്തിന് മതിയാകാതെ വന്നാൽ അധികം വരുന്ന തുകയുടെ 75 ശതമാനം അധികമായി അനുവദിക്കാനുള്ള ഒരു ചട്ടവും കൊണ്ടുവന്നിരുന്നു. അതിൽതന്നെ 50 ശതമാനം കടമായും 25 ശതമാനം സഹായമായും അനുവദിച്ചിരുന്നു. ഈ സംവിധാനം എട്ടാം ധനകാര്യ കമീഷെൻറ കാലയളവ് വരെ (1985-90) തുടർന്നിരുന്നു. പിന്നീടാണ് ഒമ്പതാം ധനകാര്യ കമീഷൻ ദുരന്ത നിവാരണ ഫണ്ട് ( Calamity Relief Fund) അവതരിപ്പിക്കുന്നത്.
കൂടാതെ പത്താം ധനകാര്യ കമീഷൻ അപൂർവമായി ഉണ്ടാകുന്ന വലിയ ദുരന്തങ്ങളെ നേരിടാൻ പ്രേത്യക തുകയനുവദിക്കുന്ന ഒരു സംവിധാനവും കൊണ്ടുവന്നു. 11ാം ധനകാര്യ കമീഷൻ National Calamity Contingency Fund എന്ന പേരിൽ കേന്ദ്രനികുതിയുടെ മേൽ അധിക തുക ഈടാക്കി ഒരു സാമ്പത്തിക സംവിധാനവുമുണ്ടാക്കി. ഇതുകൂടാതെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലതലം മുതൽ കേന്ദ്രം വരെ ചെലവഴിക്കുന്നതിനായി പ്രത്യേക സാമ്പത്തിക പദ്ധതികളും നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഓരോ കേന്ദ്രസർക്കാർ സ്ഥാപനവും തങ്ങളുടെ ദുരന്തനിവാരണ പ്രവർത്തനത്തിന് നീക്കിവെക്കാൻ ബാധ്യസ്ഥരാകുന്ന രീതിയിൽ നിയമനിർമാണവും നടന്നിട്ടുണ്ട്. എന്നാൽ, പലപ്പോഴും കേരളത്തിൽ ദുരന്തനിവാരണപ്രവർത്തനത്തിന് കിട്ടുന്നത് ചെറിയ തുകയാണ്, അതിന് കാരണമായി പറഞ്ഞിരുന്നത് കേരളത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയതോതിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ്. അതുകൊണ്ടാണ്, 2017-18ലേക്കുള്ള ദേശീയ ദുരന്ത നിവാരണ തുകയിൽ കേരളത്തിനായി നീക്കിെവച്ചത് മൊത്തം അനുവദിച്ച തുകയുടെ 1.62 ശതമാനമാണ്.
ദുരന്തനിവാരണ നിയമത്തിന് ഇതുവരെ ചട്ടങ്ങൾ ഇല്ലാത്തതും സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക ബാധ്യതയും പലപ്പോഴും കേന്ദ്ര സർക്കാറിെൻറ പൂർണനിയന്ത്രണത്തിന് വിധേയമാകേണ്ട അവസ്ഥയാണ് ദുരന്തനിവാരണ രംഗത്തുള്ളത്. കേന്ദ്ര സർക്കാറിെൻറ അധിക സാമ്പത്തി കസഹായമില്ലാതെ നടത്താൻ കഴിയുന്നതല്ല പലപ്പോഴും ദുരന്തത്തിനു ശേഷമുള്ള പുനരധിവാസ പ്രവർത്തനം എന്നതും വിസ്മരിക്കാൻ കഴിയില്ല. വെള്ളപ്പൊക്ക ദുരിതം നേരിടാൻ കേരളം അവശ്യപ്പെട്ട 2000 കോടി രൂപയിൽ ഇതുവരെ 600 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ അനുവദിച്ചത്- അതായത്, ഇതിനാവശ്യമായ തുക സ്വയം കെണ്ടത്തേണ്ട ബാധ്യത സംസ്ഥാന സർക്കാറിനു മുന്നിലുണ്ട്. ഏറ്റവും കൂടുതൽ തുക വേണ്ടിവരുന്നത് പുനരധിവാസത്തിനാണ്. അതിനു തുക കണ്ടെത്തേണ്ടത് കേന്ദ്ര സർക്കാറിെൻറ കൂടി ഉത്തരവാദിത്തമാണ്. പലപ്പോഴും ഇത്തരം സഹായങ്ങൾ കേന്ദ്രസർക്കാറിൽനിന്നു മാത്രമല്ല ഉണ്ടാകുന്നത്. പലപ്പോഴും വിദേശസഹായമാകാം. സൂനാമി പുനരധിവാസത്തിന് ചെലവാക്കിയ തുകയുടെ 70 ശതമാനവും വിദേശസഹായമായിരുന്നു. ഇതൊരിക്കലും കേന്ദ്രസർക്കാറിൽ നിന്നു കിട്ടേണ്ട അധിക ധന സഹായമോ ധനമോ അല്ല. പകരം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ ഉണ്ടാകേണ്ട ധന വിനിമയത്തിെൻറ ഭാഗം കൂടിയാണ്.
എന്നാൽ, പലപ്പോഴും കേന്ദ്രസർക്കാറിലുള്ള അധികാരം ദുരന്തനിവാരണ രംഗം രാഷ്ട്രീയവത്കരിക്കുകയാണ് പതിവ്. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതു പോലും പലപ്പോഴും രാഷ്ട്രീയകാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നതും വിസ്മരിക്കാൻ കഴിയില്ല. ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രേത്യക നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ല. പകരം അപൂർവമായി സംഭവിക്കുന്നതും വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്നതുമായ ദുരിതങ്ങളെ ഇങ്ങനെ പ്രഖ്യാപിക്കാറുണ്ട്. കേരളത്തിലെ വെള്ളപ്പൊക്കം അത്തരത്തിൽ പെട്ടതാണ്. അതിെൻറ ഫലമായി ദേശീയ ദുരിത നിവാരണ ഫണ്ടിൽനിന്ന് അധിക തുക കിട്ടാൻ കേരളം അർഹമാണ്. അതായത്, മുകളിൽ പറഞ്ഞ 1.62 ശതമാനത്തിനു പുറത്തുള്ള സഹായം കേരളത്തിനു കിട്ടണം. എന്നാൽ, ഇതൊരു ഔദാര്യമല്ല. പകരം രാജ്യത്ത് നിലനിൽക്കുന്ന നടപടിക്രമത്തിെൻറ ഭാഗമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും സംസ്ഥാന സർക്കാർ പുനരധിവാസത്തിനും പുനർനിർമിതിക്കും വേണ്ടി അധിക തുക കണ്ടെത്തേണ്ടി വരും. അത്തരത്തിലുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ ഉണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും ദുരന്തത്തിെൻറ വ്യാപ്തി കൂട്ടുന്നത്. ഒ
ന്നര വർഷത്തോളം താൽക്കാലിക ഷെഡിൽ കഴിഞ്ഞിട്ടാണ് സൂനാമി ദുരിതബാധിതർക്ക് വീട് കിട്ടിയത്. 1995ൽ കടൽക്ഷോഭം മൂലം പുനരധിവസിപ്പിച്ച കുടുംബങ്ങൾ ഇന്നും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പ് നേരിൽ കണ്ടതാണ്. നിലവിൽ വലിയ തോതിലുള്ള സാമൂഹിക വികസനപദ്ധതികൾ ഒന്നുംതന്നെ കേരളത്തിലില്ല. അതുകൊണ്ട് ദുരന്തമുണ്ടായ പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസനം, പ്രേത്യകിച്ചും കുടിവെള്ളവും പൊതുജനാരോഗ്യ സംവിധാനങ്ങളും അടിയന്തരമായിത്തന്നെ നടപ്പാക്കേണ്ടതുണ്ട്. നിലവിൽ ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പല പദ്ധതികളും സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഇനി കേരളത്തിന് വേണ്ടത് കേന്ദ്രസർക്കാറിെൻറ സാമ്പത്തികസഹകരണവും അതോടൊപ്പം സംസ്ഥാന സർക്കാറിെൻറ വികസനനയത്തിൽ ഉണ്ടാകേണ്ട നയപരമായ മാറ്റവുമാണ്. കിഫ്ബി പോലെയുള്ള സംവിധാനങ്ങൾ ഇതിന് അപര്യാപ്തമാണ് എന്നതും വിസ്മരിക്കാൻ കഴിയില്ല.
(ലേഖകൻ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽസയൻസിലെ അധ്യാപകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.