താപസ്സനാകാൻ ആഗ്രഹിച്ച ദൈവശാസ്ത്ര പണ്ഡിതൻ

താപസ്സനാകാൻ ആഗ്രഹിച്ച ദൈവശാസ്ത്ര പണ്ഡിതനായിരുന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സന്യാസത്തോടുള്ള അദമ്യമായ ആഗ്രഹമായിരിക്കും ഒരുപക്ഷേ സ്ഥാനത്യാഗത്തിലേക്കും അദ്ദേഹത്തെ നയിച്ചത്. 600 വർഷത്തിനിടെ മാർപാപ്പയുടെ രാജി എന്നത് സംഭവിച്ചിട്ടില്ലാത്തതിനാൽ അത് വലിയ അഭ്യൂഹങ്ങൾക്കിടയാക്കി.

വത്തിക്കാൻ കൂരിയയിലെ പ്രശ്നങ്ങളാണ് രാജിക്ക് കാരണമായതെന്നതടക്കം നിരവധി പ്രചാരണങ്ങളുണ്ടായി. ജർമൻകാരനായ പാപ്പയോട് പ്രതിപത്തി ഇല്ലാതിരുന്ന ഇറ്റാലിയൻ പപ്പരാസികളും ഈ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ദുർബലമായിരുന്നു എന്നത് ഏവർക്കും അറിയാവുന്നതായിരുന്നു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ രോഗാതുരനായിരുന്ന അവസാനസമയത്ത് കർദിനാൾ റാറ്റ്സിംഗറാണ് സഭ ഭരണം സംബന്ധിച്ച കാര്യങ്ങൾ നിർവഹിച്ചിരുന്നത്. ആ അവസ്ഥ തനിക്ക് വരരുതെന്ന് ബെനഡിക്ട് പാപ്പ ആഗ്രഹിച്ചു. രണ്ട് പാപ്പമാർ തമ്മിൽ ഒരുവിധത്തിലുള്ള തർക്കങ്ങൾക്കും ഇടവരരുതെന്ന കാര്യത്തിൽ അദ്ദേഹത്തിന് കർശന നിഷ്‍കർഷയുണ്ടായിരുന്നു.

വത്തിക്കാനിലെ ആശ്രമത്തിൽ ഏകാന്തവാസത്തിന് സമാന ജീവിതം നയിച്ചിരുന്ന അദ്ദേഹം ഒരിക്കൽപോലും ഔദ്യോഗികമായോ അനൗദ്യോഗികമായോ അഭിമുഖങ്ങൾക്കുപോലും തയാറായിരുന്നില്ല. സഭ സംബന്ധമായ ഒരുകാര്യത്തിലും അഭിപ്രായപ്രകടനവും വിരമിച്ചശേഷം അദ്ദേഹം നടത്തിയിട്ടില്ല. ​വിശുദ്ധ അഗസ്റ്റിനായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ മാർഗദർശി. ഉൾവലിയാനും സന്യാസസമാന ജീവിതം നയിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ഘടകമായിരുന്നിരിക്കാം.

യാഥാസ്ഥിതികൻ എന്ന ആരോപണം നിരവധി തവണ കേട്ടയാളാണ് അദ്ദേഹം. എന്നാൽ, വിശ്വാസസംരക്ഷണത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തി​ന്റെ യാഥാസ്ഥിതിക നയങ്ങൾ. വിശ്വാസത്തെ ചോദ്യംചെയ്ത് യൂറോപ്പിലാകെ തീവ്രസെക്കുലറിസം ശക്തി പ്രാപിച്ചപ്പോൾ അദ്ദേഹം ശക്തമായ നിലപാടെടുത്തു. സഭ വിശുദ്ധരിൽ വിശുദ്ധപാരംഗതർ എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നവർ 30 പേർ മാത്രമാണ്. ഈ ഗണത്തിലേക്ക് ബെനഡിക്ട് 16ാമനും അധികം താമസിയാതെ ഉയർത്തപ്പെടുമെന്നാണ് പ്രതീക്ഷ.

(ബെ​ന​ഡി​ക്ട് മാ​ർ​പാ​പ്പ​യു​ടെ തി​രു​സ​ഭാ ശാ​സ്ത്ര- ക്രി​സ്തു​ദ​ർ​ശ​ന ദൈ​വ​ശാ​സ്ത്ര സം​ഭാ​വ​ന​ക​ൾ എ​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫാ. ​അ​രു​ൺ, മാ​ർ​പാ​പ്പ​യു​ടെ ദൈ​വ​ശാ​സ്ത്ര സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട് )

Tags:    
News Summary - Former Pope Benedict XVI dies at 95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.