ഇടതുപക്ഷവും ഗവർണറും തമ്മിലെ തർക്കം പരിധി കടന്നോയെന്ന് സംശയം. രാഷ്ട്രീയമുള്ള പൗരജനങ്ങളേ ആ തർക്കത്തിൽ നേരിട്ട് ഇടപെടാനിടയുള്ളൂ. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം തർക്കം സൃഷ്ടിക്കുന്ന സാമൂഹികാഘാതമാകും പ്രശ്നമാവുക. സമൂഹത്തിലുണ്ടാവുന്ന ഏത് പ്രത്യാഘാതവും ജീവിതത്തിൽ ഏൽപിക്കുന്നത് ആഘാതങ്ങളാണ്. അതിനാൽ ഗവർണറും ഭരണകൂടവും തമ്മിലെ തർക്കം സൃഷ്ടിക്കുന്ന ആഘാതങ്ങൾ പരിശോധിക്കപ്പെടണം.
ഗവർണർ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ഗവർണറെ നിശ്ചയിച്ച് നിയമിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരാണ്. മുൻകാല ഗവർണർമാർ സർക്കാറുകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയോ, രാഷ്ടീയ കാര്യങ്ങളിൽ ഇടപെട്ട് അഭിപ്രായങ്ങളും വാർത്തസമ്മേളനങ്ങളും നടത്തുകയോ ചെയ്യാറില്ലായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഗവർണർ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. മന്ത്രിമാരുടെ നിലപാടുകളെ ചോദ്യംചെയ്തും ഭരണകാര്യങ്ങളിൽ ഇടപെട്ടും ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നു. മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, ഭരണപക്ഷം അണികളുമായെത്തി രാജ്ഭവൻ വളയുന്നു, പുറമെനിന്ന് നോക്കുേമ്പാൾ വലിയ ഏറ്റുമുട്ടലിെൻറ പ്രതീതി തന്നെ.
ഈ അടുത്തകാലം വരെ ചിത്രം മറ്റൊന്നായിരുന്നു. നിയമനത്തിലും നിലപാടുകളിലും വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ ഗവർണർ ചില പ്രസ്താവനകളിറക്കും. മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും; മഞ്ഞുരുകും. അങ്ങനെയാണല്ലോ കണ്ണൂർ യൂനിവേഴ്സിറ്റിയിലെ വി.സിയുടെ രണ്ടാം നിയമനം നടക്കുന്നത്. മിക്കവാറും സർവകലാശാലകളിലെയും വി.
സി നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ വേണ്ടപോലെ പാലിക്കപ്പെടാതിരുന്നതും ആ ബന്ധത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. എന്നാൽ, കണ്ണൂർ യൂനിവേഴ്സിറ്റിയിലെ ബന്ധു നിയമനത്തിെൻറ പേരുപറഞ്ഞാണ് ഗവർണർ -ഇടതുപക്ഷ ബന്ധം ഉലയാൻ തുടങ്ങിയത്.
ഗവർണറുടെ നീക്കങ്ങളെ സംഘ്പരിവാർ ന്യായീകരിച്ചപ്പോൾ പിണറായി-ഗവർണർ തർക്കത്തെ ഒരു വ്യാജ ഏറ്റുമുട്ടലായാണ് പ്രതിപക്ഷമായ കോൺഗ്രസ് വിലയിരുത്തുന്നത്.
അതിന് പിൻബലമായി ചൂണ്ടിക്കാണിക്കുന്നത് ഇടതുപക്ഷത്തിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയം തന്നെയാണ്. ബി.ജെ.പിയുമായി ഇത്രമാത്രം അഡ്ജസ്റ്റ് ചെയ്യുന്ന ഒരു ഭരണാധികാരിയെയും ഒരു സംസ്ഥാനത്തും നാം കാണില്ല. വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്ന സാധുക്കളായ മനുഷ്യരെ ഒരു മന്ത്രി തീവ്രവാദികളെന്ന് വിളിച്ചത് ഈയിടെയാണ്. ഈ സമരത്തെ പ്രതിരോധിക്കാൻ ബി.ജെ.പിയുമായി സഖ്യംചേർന്നാണ് സി.പി.എം ധർണ നടത്തുന്നത്. അങ്ങനെയെങ്കിൽ ഗവർണർ-സർക്കാർ യുദ്ധത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ ആരായുകതന്നെ വേണം. അപ്പോൾ നമുക്ക് മനസ്സിലാവും, സ്വർണക്കടത്ത് കേസിലും മനുഷ്യാവകാശ ലംഘനങ്ങളിലുമൊക്കെ ഗവർണർ നിശ്ശബ്ദനാകുന്നതിെൻറ രാഷ്ട്രീയഹേതു. ഒരു കുടിലരാഷ്ടീയം മറച്ചുവെക്കാനുളള അടവുനയത്തിന്റെ ഭാഗമാണ് ഇവർ തമ്മിലെ തർക്കമെന്ന്.
എന്താണ് ആ രാഷ്ട്രീയം?
ബി.ജെ.പി-സംഘ്പരിവാർ സംഘടനകൾ ആഗ്രഹിക്കുന്നത് ഇനിമേലിൽ കോൺഗ്രസ് അധികാരത്തിലെത്തരുത് എന്നാണ്. കേരളത്തിലെ മാർക്സിസ്റ്റുകളുടെയും ആഗ്രഹം അതു തന്നെ. കമ്യൂണിസത്തെ സംഘ്പരിവാർ ഇഷ്ടപ്പെടുന്നില്ലെങ്കിൽപോലും കേരളത്തിന്റെ പ്രേത്യക സാഹചര്യത്തിൽ ഇടതുപക്ഷവുമായി ചില ഒത്തുതീർപ്പുകൾക്ക് അവർ ഒരുക്കമാണ്. എങ്ങനെയുള്ള ഇടതുപക്ഷം എന്ന ചോദ്യം പ്രസക്തമാണ്- എന്റെ കാഴ്ചപ്പാടിൽ, പിണറായി വിജയനില്ലാത്ത ഒരു ഇടതുപക്ഷ ഭരണമാകണം ബി.ജെ.പിയുടെ താല്പര്യം. കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തുനിൽക്കുകയും വേണം.
ഈ രാഷ്ട്രീയം ആവിഷ്കരിച്ച് നടപ്പാക്കാൻ സംഘ്പരിവാർ ഗവർണറെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന് വിചാരിക്കാനാണ് ന്യായം കാണുന്നത്. ചുരുക്കിപ്പറഞ്ഞാൽ, സി.പി.എമ്മുമായി ഗവർണർ നടത്തുന്ന പോര് ഇടതുപക്ഷത്തെ എതിർചേരിയിൽ നിർത്തിക്കാണ്ടുള്ളതാണെന്ന് തോന്നാമെങ്കിലും ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയമാണ് അതിൽ പ്രതിഫലിക്കുന്നത്. അത് മനസ്സിലാക്കി സി.പി.എം പരീക്ഷിക്കുന്ന അടവുരീതി ഒരർഥത്തിൽ വർഗീയത ചുമക്കുന്ന രാഷ്ട്രീയം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.