ജി.എസ്.ടിയുടെ വരവോടെ ചരക്കുകളുടെയും സേവനങ്ങളുടേയും ക്രയവിക്രയങ്ങൾക്കുമേൽ ഏകീകൃതമായ നികുതി ചുമത്തുന്ന സമ്പ്രദായത്തിലേക്ക് ഇന്ത്യയിലെ നികുതി സംവിധാനം ചുവടു മാറിയിരിക്കുകയാണ്. ചരക്കുകളുടെയും സേവനങ്ങളുടേയും പ്രഭവഘട്ടം മുതൽ ഉപഭോഗം വരെയുള്ള വിവിധ വിതരണ ഘട്ടങ്ങളിൽ ചുമത്തുന്ന ഏകീകൃത നികുതിയാണ് ജി.എസ്.ടി വിഭാവനം ചെയ്യുന്നത്. സപ്ലൈ എന്ന ഒരേ നികുതി അവലംബത്തിനുമേൽ, ഒരേസമയം കേന്ദ്രവും സംസ്ഥാനവും യഥാക്രമം കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി എന്നിങ്ങനെ ചുമത്തുന്ന ദ്വിമുഖ ഘടനയാണ് ഇന്ത്യയിൽ നടപ്പാക്കിയ ജി.എസ്.ടിയുടെ പ്രധാന സവിശേഷത. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ ചട്ടക്കൂടിൽ വെവ്വേറെ നികുതി നിയമങ്ങളും ചട്ടങ്ങളും രൂപവത്കരിച്ചിട്ടുണ്ട്.
സർക്കാർ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാളിതുവരെയുള്ള നടപടി ക്രമങ്ങളിലും സവിശേഷമായ ഒട്ടേറെ മാറ്റങ്ങൾ ജി.എസ്.ടി നിയമം അനുശാസിക്കുന്നു. ഭരണഘടനയുടെ 243 (ജി), 243 (ഡബ്ല്യു ) എന്നീ ആർട്ടിക്കിളുകൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായ ചുമതലകളുമായി ബന്ധപ്പെട്ടു നൽകുന്ന സേവനങ്ങളെ ചരക്കു സേവന നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, മേൽ ആർട്ടിക്കിളുകൾ പ്രകാരം ചുമതലപ്പെടുത്തിയ നികുതി രഹിതമായ സേവനങ്ങൾ നൽകുന്നതോെടാപ്പം മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചരക്കു സേവന നികുതി ബാധകമായ ഒട്ടേറെ കമേഴ്സ്യൽ ചരക്കുകളും സേവനങ്ങളും സ്വീകരിക്കുകയും സപ്ലൈ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം കമേഴ്സ്യൽ ചരക്കു സേവനങ്ങളുടെ നികുതി ബാധ്യതയെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
രജിസ്ട്രേഷൻ രണ്ടു തരത്തിൽ
ചരക്കുസേവന നികുതി നിയമത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരേസമയം രണ്ടുതരം രജിസ്ട്രേഷൻ ബാധ്യതയാണുള്ളത്.
1) ടി.ഡി.എസ് രജിസ്ട്രേഷൻ
മുമ്പുണ്ടായിരുന്ന വാറ്റ് നികുതി നിയമത്തിൽ, സ്രോതസ്സിൽനിന്ന് തന്നെ നികുതി പിരിക്കുന്ന ടി.ഡി.എസ് സംവിധാനം ബാധകമായിരുന്നത് പബ്ലിക് വർക്സ് കോൺട്രാക്റ്റുകൾക്കു മാത്രമായിരുന്നു. എന്നാൽ, ജി.എസ്.ടിയിൽ ഒരു സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ, ഒരു കരാറിെൻറ അടിസ്ഥാനത്തിൽ വാങ്ങുന്നതോ സ്വീകരിക്കുന്നതോ ആയ നികുതി ബാധകമായ ഏതൊരു ചരക്കുകളുടെയും സേവനങ്ങളുടേയും നികുതി ഒഴികെയുള്ള ആകെ വില അഥവാ കരാർ തുക 2.5 ലക്ഷം (രണ്ടര ലക്ഷം) രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ, അത്തരം ചരക്ക് / സേവന സപ്ലയർക്ക് നൽകുന്ന നികുതി ഒഴികെയുള്ള തുകയുടെ ഒരു ശതമാനം സംസ്ഥാന നികുതിയിലേക്കും ഒരു ശതമാനം കേന്ദ്ര നികുതിയിലേക്കും (മൊത്തം രണ്ടു ശതമാനം) ഉറവിടത്തിൽ തന്നെ പിടിച്ചു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആ തുക ഒരു ഓൺലൈൻ റിട്ടേൺ മുഖേന അടക്കേണ്ടതാണ്. രണ്ടര ലക്ഷം രൂപക്കു മുകളിൽ വരുന്ന നിർമാണ കരാർ ജോലികളും ചരക്കു വാങ്ങലുകളും ഇല്ലാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉണ്ടാവില്ലയെന്നതിനാൽ, എല്ലാ സ്വയംഭരണ സ്ഥാപനങ്ങൾക്കും ടി.ഡി.എസ് രജിസ്ട്രേഷൻ നിർബന്ധമാണ്.
ഒരു സർക്കാർ ഡിപ്പാർട്മെേൻറാ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ വാങ്ങുന്നതോ സ്വീകരിക്കുന്നതോ ആയ നികുതി വിധേയമായ ചരക്കു സേവനങ്ങളുടെ ജി.എസ്.ടി നിരക്ക് അഞ്ചോ പന്ത്രണ്ടോ പതിനെട്ടോ ഇരുപത്തെട്ടോ ആയാലും ടി.ഡി.എസ് നിരക്ക് മൊത്തം രണ്ടുശതമാനം തന്നെ ആയിരിക്കും.
ഉദാഹരണമായി, 12 ശതമാനം നികുതി ബാധകമായ സ്റ്റേഷനറി സാധനങ്ങളുടെ നികുതി ഒഴികെയുള്ള കരാർ തുകയായി ഒരു പഞ്ചായത്ത് നിശ്ചയിച്ചത് 10 ലക്ഷം രൂപയാണെങ്കിൽ, നികുതിയുൾപ്പെടെ സപ്ലയർക്ക് നൽകേണ്ടത് 11,20,000 -രൂപയാണ്. പക്ഷേ, ചരക്കു സേവന നികുതി നിയമ പ്രകാരം രണ്ടു ശതമാനം നികുതി ഉറവിടത്തിൽ തന്നെ പിടിച്ചുവെക്കാൻ പ്രസ്തുത പഞ്ചായത്തിന് നിയമപരമായ ബാധ്യതയുണ്ട്. ആയതിനാൽ പ്രസ്തുത സപ്ലയർക്ക് ഒറ്റത്തവണയായോ പല തവണയായോ ആകെ നൽകേണ്ട തുക 11,00,000- രൂപ മാത്രമാണ്. (അതായത് Rs.11,20,000/112 × 110) സപ്ലയർക്ക് നൽകാതെ ഉറവിടത്തിൽ തന്നെ ശേഖരിക്കപ്പെട്ട നികുതിയായ രണ്ടു ശതമാനം അഥവാ 20,000 -രൂപ അടുത്തമാസം ഒന്നാം തീയതിക്കും പത്താം തീയതിക്കും ഉള്ളിലായി GSTR- 07 എന്ന ഓൺലൈൻ റിട്ടേൺ മുഖേന, ബന്ധപ്പെട്ട പഞ്ചായത്ത് കേന്ദ്ര-സംസ്ഥാന ഖജനാവിലേക്ക് അടക്കേണ്ടതും അതേമാസം 11നും 15നും ഉള്ളിലായി ബന്ധപ്പെട്ട സപ്ലയർക്ക് ഇതിലേക്കായി നികുതി അടച്ചതായി തെളിയിക്കുന്ന ഒരു ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്. ഇത്തരം ടി.ഡി.എസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് GSTR-7A എന്ന ഓൺലൈൻ രൂപത്തിലാണ്.
GSTR-07 എന്ന ടി.ഡി.എസ് റിട്ടേൺ ഓൺലൈനായി അടുത്ത മാസം പത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിലും GSTR-7A ഫോമിൽ ടി.ഡി.എസ് സർട്ടിഫിക്കറ്റ് പതിനഞ്ചാം തീയതിക്കുള്ളിൽ നൽകിയില്ലെങ്കിലും വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതവും പരമാവധി 10,000 രൂപ വരെയും കമ്പ്യൂട്ടർ അധിഷ്ഠിത സിസ്റ്റത്തിലൂടെ സ്വയമേവ പിഴയായി ചുമത്തുന്നതാണ്.
ഒരു സർക്കാർ സ്ഥാപനത്തിെൻറയോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറയോ പേരിലുള്ള പാൻ(PAN) നമ്പർ അല്ലെങ്കിൽ ടാൻ(TAN) നമ്പർ ഉപയോഗിച്ച് ജി.എസ്.ടി.എൻ പോർട്ടലിൽ ഓൺലൈൻ അപേക്ഷ ഫയൽ ചെയ്ത് ടി.ഡി.എസ് രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. മറ്റു അപാകതകൾ ഇല്ലെങ്കിൽ മൂന്നു ദിവസത്തിനുശേഷം ടി.ഡി.എസ് രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ഓൺലൈൻ ആയി ലഭിക്കും.
2) ജനറൽ രജിസ്ട്രേഷൻ
വാണിജ്യപരമായ ചരക്ക് സേവനങ്ങൾ സപ്ലൈ ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനറൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഷോപ്പിങ് കോംപ്ലക്സുകൾ, ഒാഡിറ്റോറിയം, ഇ--ടെൻഡർ തുടങ്ങിയ കമേഴ്സ്യൽ സേവനങ്ങൾക്കും ആറ്റുമണൽ, തടി ലേലം, റോഡ് പണിക്കാവശ്യമായ ടാർ, മാനുവൽ ടെൻഡർ ഫോമുകൾ, പഴയ വാഹനങ്ങളും മറ്റു ഉപയോഗ യോഗ്യമല്ലാത്ത പാഴ്വസ്തുക്കൾ തുടങ്ങിയ കമേഴ്സ്യൽ ചരക്കുകളുടെ സപ്ലൈകൾക്കും ജി.എസ്.ടി നികുതി പിരിച്ചു അടക്കേണ്ട ബാധ്യത സാധാരണ സ്വകാര്യ കച്ചവട സ്ഥാപനങ്ങൾക്കുള്ളപോലെ ജനറൽ രജിസ്ട്രേഷൻ ബാധ്യതയുള്ള സർക്കാർ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ്. ഇത്തരത്തിലുള്ള കമേഴ്സ്യൽ സാധന-സേവനങ്ങളുടെ ഒരു സാമ്പത്തിക വർഷത്തെ മൊത്തം വിറ്റുവരവ് അഥവാ അതിെൻറ നികുതി ബാധകമായതും അല്ലാത്തതുമായ കമേഴ്സ്യൽ സേവനങ്ങളുടെയും സാധനങ്ങളുടേയും മൊത്തം പുറത്തേക്കുള്ള സപ്ലൈ 20 ലക്ഷം രൂപ കവിഞ്ഞാൽ, ആ സ്ഥാപനം ജനറൽ രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം.
ജനറൽ രജിസ്ട്രേഷൻ എടുക്കാൻ
വേണ്ട രേഖകൾ ഇവയാണ്
സ്ഥാപനത്തിെൻറ പേരിലുള്ള പാൻ നമ്പർ, ഡി.ഡി.ഒയുടെ ആധാർ നമ്പറും ഫോട്ടോയും, സ്ഥാപനം നിൽക്കുന്ന കെട്ടിടത്തിെൻറ കൈവശാ വകാശം തെളിയിക്കുന്ന ടെലിഫോൺ ബിൽ കോപ്പി/കെ.എസ്.ഇ.ബി ബിൽ കോപ്പി/കെട്ടിട നികുതി രസീത് /വാടക എഗ്രിമെൻറ് ഇവയിൽ ഏതെങ്കിലും ഒന്ന്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, ജനറൽ രജിസ്ട്രേഷനായി ജി.എസ്.ടി.എൻ പോർട്ടലിൽ ഒരു ഓൺലൈൻ അപേക്ഷയുടെ കൂടെ മേൽപറഞ്ഞ രേഖകളുടെ കോപ്പി സ്കാൻ ചെയ്തും ഓൺലൈൻ ആയി ഫയൽ ചെയ്താൽ, മറ്റു അപാകതകൾ ഇല്ലെങ്കിൽ മൂന്നു ദിവസത്തിനുശേഷം ജനറൽ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ഓൺലൈൻ ആയി ലഭിക്കുന്നതാണ് .
അതേസമയം, മുമ്പുണ്ടായിരുന്ന വാറ്റ് നികുതി നിയമത്തിൽ രജിസ്ട്രേഷൻ ഉണ്ടായിരുന്ന സർക്കാർ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിർബന്ധമായും ചരക്കു സേവന നികുതിയിലേക്ക് മാറേണ്ടതുണ്ട്. പക്ഷേ, മൊത്തം ടേണോവർ ഇരുപതു ലക്ഷത്തിൽ താഴെയെങ്കിൽ, GSTN പോർട്ടലിൽ GST REG-16 എന്ന ഓൺലൈൻ ഫോമിൽ അപേക്ഷ നൽകി നിലവിലുള്ള രജിസ്ട്രേഷൻ റദ്ദാക്കാം.
ഇത്തരത്തിൽ പൊതുവായ രജിസ്ട്രേഷൻ എടുക്കാത്തതോ ടേണോവർ കുറവായതിെൻറ പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ റദ്ദാക്കിയതോ ആയ സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരു കാരണവശാലും ചരക്കു സേവന നികുതി പിരിക്കാൻ പാടുള്ളതല്ല. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് മേൽ പ്രസ്താവിച്ച സാധന സേവനങ്ങൾ സ്വീകരിക്കുന്ന ചരക്കു സേവന നികുതി രജിസ്ട്രേഷനില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മറ്റു വിധത്തിൽ നികുതി ബാധ്യതയില്ലെങ്കിൽ ജി.എസ്.ടി അടക്കേണ്ടതുമില്ല.
എന്നാൽ, 20 ലക്ഷം ടേണോവർ എത്തിയതിനുശേഷം രജിസ്ട്രേഷൻ എടുത്തതോ അല്ലെങ്കിൽ നികുതി ബാധകമായ ടേണോവർ എത്താതെ തന്നെ ജനറൽ രജിസ്ട്രേഷൻ എടുത്തതോ ആയ സർക്കാർ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന എല്ലാ നികുതി വിധേയമായ കമേഴ്സ്യൽ സാധന സേവനങ്ങൾക്കും ചരക്കു സേവന നികുതി നിയമത്തിൽ പ്രത്യേകം ഇളവ് നൽകിയവക്കൊഴികെയുള്ളവക്ക് ഇൻവോയ്സ് നൽകേണ്ടതും നികുതി പിരിച്ചെടുത്ത് സർക്കാർ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതതു മാസം റിട്ടേണുകൾ സമർപ്പിച്ച് നികുതി അടക്കേണ്ടതുമാണ്. ജനറൽ രജിസ്ട്രേഷൻ ഇല്ലാത്ത സർക്കാർ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നികുതി വിധേയമായ സാധന സേവനങ്ങൾ സപ്ലൈ ചെയ്യുകയാണെങ്കിൽ, അവ വാങ്ങുന്ന/സ്വീകരിക്കുന്ന ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ബാധകമായ നികുതികൾ സ്വന്തമായി റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ അതതു മാസം അടക്കേണ്ടതാണ്.
ജി.എസ്.ടിയിൽ നികുതിയടക്കുന്നത് പ്രധാനമായും രണ്ടു രീതിയിലാണ്.
1) സപ്ലയർ പിരിച്ച് അടക്കേണ്ട നികുതി
അഥവാ (ടാക്സ് ഓൺ ഫോർവേഡ്
ചാർജ് മെക്കാനിസം)
നികുതി വിധേയമായ സാധനത്തിെൻറയോ സേവനത്തിെൻറയോ സപ്ലൈ നിയമ വിധേയമായ രജിസ്ട്രേഷൻ നിലവിലുള്ള ഒരു സപ്ലയർ (ഉൽപാദകനോ വ്യാപാരിയോ സേവനദാതാവോ)200 രൂപക്ക് മുകളിലുള്ള സാധന സേവനങ്ങൾക്ക് ഓരോ ഉപഭോക്താവിനും (സാധന സേവന സ്വീകർത്താവ്) പ്രത്യേകം പ്രത്യേകം ജി.എസ്.ടി നികുതി ഇൻവോയ്സ് നൽകിയും 200 രൂപക്ക് താഴെയുള്ള ഒരു ദിവസത്തെ വിവിധ സാധന സേവന സപ്ലൈക്ക് അഥവാ വിൽപനക്ക് സഞ്ചിത മൂല്യത്തിനുള്ള (consolidated value) ഇൻവോയ്സും നൽകി സാധന സേവന വിലയോടൊപ്പം നികുതിയും കൂടി പിരിച്ചെടുത്ത് ഓൺലൈൻ റിട്ടേണിലൂടെ കേന്ദ്ര സംസ്ഥാന ഖജനാവിലേക്ക് അടക്കുന്ന സമ്പ്രദായമാണ് ടാക്സ് ഓൺ ഫോർവേഡ് ചാർജ് മെക്കാനിസം.
2) വിപരീത നികുതി
സാധാരണ വിൽപന സേവന നികുതി ഘടനയിൽനിന്നും വ്യത്യസ്തമായ ഒരു പരിപ്രേക്ഷ്യമാണ് വിപരീത നികുതിക്കുള്ളത്. വളരെ വിപുലമായതും നിശിതമായതുമായ പ്രയോഗരീതികളാണ് വിപരീത നികുതിക്കുള്ളത്. ഇവിടെ വിൽപന അഥവാ സേവനം നൽകുന്നവനല്ല മറിച്ച്, സ്വീകരിക്കുന്നയാളാണ് നികുതി നൽകേണ്ടത്. രജിസ്ട്രേഷനുള്ള വ്യക്തിയോ സ്ഥാപനമോ അതില്ലാത്ത വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ ജി.എസ്.ടി നികുതി ബാധകമായ സാധനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്ന പക്ഷം - അത്തരം ഇടപാടുകളുടെ നികുതി, സ്വീകർത്താവ് തന്നെ റിട്ടേൺ സമർപ്പിച്ച് സർക്കാറിനു നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ സാഹചര്യത്തിൽ സാധന-സേവന ദാതാവിന് അഥവാ സപ്ലയർക്കു നികുതി ബാധ്യത വരുന്നില്ല.
-തുടരും
സ്റ്റേറ്റ് ടാക്സ് വകുപ്പ് കമീഷണറും,
ജി.എസ്.ടി. മാസ്റ്റർ ട്രെയ്നറുമാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.