രണ്ടു തലത്തിലാണ് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക സംഘടന കേരളത്തിെൻറ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒന്ന്, സക്കരിയയുടെ 'ഹലാൽ ലൗ സ്റ്റോറി' എന്ന സിനിമയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള നിരൂപണങ്ങളും ചർച്ചകളും. രണ്ട്, വരാൻപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ സി.പി.എം ഉയർത്തുന്ന വിമർശനങ്ങൾ. 'ഹലാൽ ലൗ സ്റ്റോറി' ജമാഅത്തെ ഇസ്ലാമിയുടെ 'മത രാഷ്ട്രവാദ'ത്തെ വെള്ളപൂശുന്നു എന്ന് ചില ഇടത്, ലിബറൽ നിരൂപകന്മാരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വിമർശനമുന്നയിക്കുമ്പോൾ, തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 'മതരാഷ്ട്രവാദികളു'മായി സഖ്യമുണ്ടാക്കിയിരിക്കുന്നു എന്നാണ് സി.പി.എം വിമർശം.
സക്കരിയയുടെ സിനിമക്കെതിരായ പ്രധാന ഇടതു, ലിബറൽ വിമർശനം അത് ജമാഅത്തെ ഇസ്ലാമിയുടെ 'മതതീവ്രവാദ'ത്തെ നോർമലൈസ് ചെയ്യുന്നുവെന്നാണ്. ഹലാൽ സിനിമയെടുക്കാൻ ഇറങ്ങുന്ന ഇസ്ലാമികസംഘടന പ്രവർത്തകരുടെ മതപരവും ആദർശപരവുമായ സംഘർഷങ്ങളെ നർമവും ആക്ഷേപഹാസ്യവും കലർത്തി അവതരിപ്പിക്കുന്നതിനിടയിൽ, അവരുടെ നന്മകളെയും നിഷ്കളങ്കതകളെയും തികഞ്ഞ സ്വാഭാവികതയോടെ സിനിമ കാണിച്ചുകളയുന്നു എന്നതാണ് വിമർശനത്തിെൻറ അടിസ്ഥാനം.
കേരളത്തിലെയും ഇന്ത്യയിലെയും പൊതുസമൂഹം ഇതുവരെ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത, ജമാഅത്തിെൻറ ഉള്ളിലെവിടെയോ ഒളിഞ്ഞു കിടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന അപകടത്തെ സിനിമ അനാവരണം ചെയ്യുന്നില്ലെന്ന്. കമ്യൂണിസത്തെയും കമ്യൂണിസ്റ്റ് പാർട്ടികളെയും പ്രമേയമാക്കി എത്രയോ സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. സഖാവ് വിളികൾ കൊണ്ട് മുഖരിതമായ ആ സിനിമകളിൽ ആദർശശുദ്ധിയുള്ള എത്രയോ കമ്യൂണിസ്റ്റ് കഥാപാത്രങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അവർ ചോരത്തിളപ്പുള്ള വിപ്ലവകാരികളും കമ്യൂണിസത്തിെൻറ സ്വർഗരാജ്യം സ്വപ്നം കാണുന്നവരുമായിരുന്നു.
എന്നിട്ടും 'കമ്യൂണിസ്റ്റ് രാഷ്ട്രവാദം' ഒളിച്ചു കടത്തുന്നു എന്ന് അത്തരം സിനിമകൾക്കെതിരെ കേരളത്തിൽ വിമർശനം ഉയർന്നതായി അറിവില്ല. മുസ്ലിംസമൂഹത്തിൽ ഒരു വിഭാഗത്തിെൻറ ആകുലതകളും അന്തസ്സംഘർഷങ്ങളും സംഘടന ജീവിതവും സിനിമയുടെ വിഷയമാവാൻ പാടില്ലെന്നും കേരളത്തിെൻറ ലിബറൽ സാംസ്കാരികമണ്ഡലത്തിൽ അവർക്ക് പ്രവേശനമില്ല എന്നുമുള്ള മുൻവിധി തന്നെയാണ്, രാഷ്ട്രീയരംഗത്തു നിന്നു കൂടി അവർ ബഹിഷ്കരിക്കപ്പെടണം എന്ന ഇടതുശാഠ്യത്തിെൻറ പിന്നിലും പ്രവർത്തിക്കുന്നത്. സാംസ്കാരിക രംഗത്ത് സിനിമ നടത്തുന്ന ഹലാൽ കട്ട്, മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഫാഷിസ്റ്റ് വിരുദ്ധത തുടങ്ങിയ ഫോർമുലകളിലൂടെ രാഷ്ട്രീയ രംഗത്തും ആവിഷ്കരിക്കപ്പെടുന്നതിനെയാണ് 'മതരാഷ്ട്രവാദം' എന്ന് സി.പി.എം ഇപ്പോൾ അപഹസിക്കുന്നത്.
യു.ഡി.എഫും വെൽെഫയർപാർട്ടിയും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പു ധാരണയുടെ പശ്ചാത്തലത്തിലാണ് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ചു ചേർന്ന് കേരളത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം കാടിളക്കി പ്രചാരണം നടത്തുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ പിണറായി സർക്കാർ നടപ്പാക്കിയ മുന്നാക്ക സംവരണവുമായി ചേർത്ത് വായിച്ചാൽ ഈ പ്രചാരണത്തിെൻറ ലാക്ക് മനസ്സിലാക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തിെൻറ ലളിതപാഠങ്ങൾ അറിഞ്ഞാൽ മതി. ഇടതു-വലതുപക്ഷങ്ങളുടെ കൂടെ നിന്ന് കേരളത്തിൽ അധികാരം പങ്കിട്ട, കേരളരാഷട്രീയത്തിലെ നിർണായക ശക്തിയായ മുസ്ലിം ലീഗിന് ഇനിയും മതേതര സർട്ടിഫിക്കറ്റ് നൽകാത്തവർ ജമാഅത്തെ ഇസ്ലാമിയുടെ മേൽ മതരാഷ്ട്രവാദം ആരോപിച്ച് അത് തെരഞ്ഞെടുപ്പായുധമാക്കുന്നതിൽ അത്ഭുതമില്ല.
സംഘ്പരിവാർ അധികാരത്തിലിരിക്കുന്ന ഇന്ത്യയിൽ ഏതെങ്കിലും മുസ്ലിംസംഘടന ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ, അതിനോട് കിടപിടിക്കാവുന്ന ഒരേയൊരു ഫലിതം സി.പി.എം ഇന്ത്യയിൽ കമ്യൂണിസ്റ്റ് സർവാധിപത്യം സ്വപ്നം കാണുന്നു എന്ന പ്രസ്താവനയാണ്. സ്വയം കെട്ടിയുണ്ടാക്കുന്ന ഇത്തരം ഫലിതങ്ങളുടെ പൊള്ളത്തരത്തെക്കുറിച്ച് നന്നായി അറിയുന്നതുകൊണ്ടാണ് മുൻകാലങ്ങളിലൊന്നും ജമാഅത്തുകാരുടെ വോട്ട് സി.പി.എമ്മിന് ചതുർഥി ആവാതിരുന്നത്. വെൽെഫയർ പാർട്ടിയുമായി അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പാർട്ടി ഇപ്പോഴും അധികാരം പങ്കിടുന്നുവെന്ന് വെൽഫെയർ നേതാക്കൾ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ തുടർച്ചയായി പിന്തുണച്ചതിെൻറ പേരിൽ മുസ്ലിംലീഗ് അടക്കമുള്ള കേരളത്തിലെ ഇതര മുസ്ലിംസംഘടനകളിൽനിന്ന് ശക്തമായ വിമർശനം ജമാഅത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലൊക്കെ സി.പി.എം നേതാക്കൾ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്.
2009 ഏപ്രിൽ 14 ന് കണ്ണൂരിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ ജമാഅത്ത് പിന്തുണയെപ്പറ്റി പത്രക്കാർ ചോദിച്ചപ്പോൾ അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ നൽകിയ മറുപടി ഇങ്ങനെ: 'മുസ്ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ദേശീയ സാർവദേശീയ രംഗത്തൊക്കെ ജമാഅത്തെ ഇസ്ലാമിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് വെച്ചാണ് ഓരോ കാലഘട്ടത്തിലും അവർ നിലപാടെടുത്തത്..... 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി അവർ ഇടതു മുന്നണിക്ക് പിന്തുണ നൽകിയത്. ഇത്തവണ 18 സീറ്റിൽ എൽ.ഡി.എഫിനും രണ്ട് സീറ്റിൽ യു.ഡി.എഫിനും പിന്തുണ നൽകാൻ തീരുമാനിച്ചു' (മാധ്യമം 2009 ഏപ്രിൽ 15).
2011 ൽ മനോരമ ന്യൂസ് സംഘടിപ്പിച്ച 'വോട്ട് വണ്ടി' പരിപാടിയിൽ ജമാഅത്ത് പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു: ''ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന വിഡ്ഢിത്തം ഞങ്ങൾ പറയില്ല. സി.പി.എമ്മിെൻറ നിലപാടുകൾ പ്രശ്നാധിഷ്ഠിതമാണ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദസംഘടനയാണോ അല്ലെന്നോ പറയാൻ തയാറല്ല. സി.പി.എം അങ്ങനെ മുമ്പും പറഞ്ഞിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുകൂട്ടരുടെയും നിലപാടുകൾ സമാനമാണ്' (മലയാള മനോരമ 2011 ഏപ്രിൽ 8).
ജമാഅത്തെ ഇസ്ലാമി യഥാർഥത്തിൽ എന്താണെന്ന് സി.പി.എം നേതാക്കൾക്ക് അറിയാം എന്ന് ഇൗ പ്രസ്താവനകളിൽനിന്ന് വ്യക്തമാണ്. എന്നിട്ടും തീവ്രവാദവും മതരാഷ്ട്രവാദവും ആരോപിച്ച് സി.പി.എം ഇപ്പോൾ നടത്തുന്ന പ്രചാരവേലയുടെ യഥാർഥപ്രകോപനം എന്തായിരിക്കും? മുന്നാക്കസംവരണത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ നായകത്വം ജമാഅത്തെ ഇസ്ലാമിക്കാണെന്നു പറയാൻ മാത്രം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥലജലവിഭ്രമം സംഭവിക്കുന്നതെന്തു കൊണ്ടാണ്? പാർട്ടി സെക്രട്ടറിയും പാർട്ടിയും ഗവൺമെൻറും അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളെ മറികടക്കാൻ ഈ പുകമറ കൊണ്ട് കഴിയുമെന്ന് പാർട്ടി യഥാർഥത്തിൽ തന്നെ വിശ്വസിക്കുന്നുണ്ടോ?
സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം മുസ്ലിം രാഷ്ട്രീയത്തോട് കൂടുതൽ കൂടുതൽ അസഹിഷ്ണുക്കളായി മാറുന്നതാണ് അടുത്തകാല അനുഭവം. മുസ്ലിംകൾ സ്വന്തം കർതൃത്വത്തിൽ രാഷ്ട്രീയമായി സംഘടിക്കുന്നത് സംഘ്പരിവാറിനെ വളർത്തും എന്ന തീസീസിൽ നിന്ന് സംഘ്പരിവാർ അധികാരത്തിലേറിയിട്ടും പാർട്ടി ഒരടി മുന്നോട്ടു പോയിട്ടില്ല. സംഘ്പരിവാർ ഫാഷിസത്തെ മതവർഗീയതയായി ചുരുക്കിക്കാണുന്നതും അതിെൻറ മറുപുറത്ത് മുസ്ലിം വർഗീയതയെ പ്രതിഷ്ഠിക്കുന്നതും ഇന്ത്യൻ ഫാഷിസത്തെ തിരിച്ചറിയുന്നതിലുള്ള പാർട്ടിയുടെ പരാജയത്തെയാണ് വിളംബരം ചെയ്യുന്നത്.
ആർ.എസ്.എസിെൻറ മറുപുറത്ത് ജമാഅത്തെ ഇസ്ലാമിയെ പ്രതിഷ്ഠിക്കുന്നതിലൂടെ സംഘ്പരിവാർ ഭീഷണിയെ ലഘൂകരിക്കുകയും മുസ്ലിം സംഘടനകളുടെ രാഷ്ട്രീയനിലപാടുകളെയും ഇടപെടലുകളെയും പൈശാചികവത്കരിക്കുകയും ചെയ്യുന്നു. പൗരത്വ പ്രക്ഷോഭകാലത്ത് എല്ലാതരം മുസ്ലിം പ്രതിനിധാനങ്ങളെയും തള്ളിപ്പറയുകയും അപരവത്കരിക്കുകയുമാണ് പാർട്ടി ചെയ്തത്. നിലനിൽപിനുവേണ്ടി പൊരുതുന്ന ഒരു സമുദായത്തിെൻറയും അതിലെ സംഘടനകളുടെയും മേൽ നിരന്തരം തീവ്രവാദമുദ്ര ചാർത്തുന്നതിലെ സാമൂഹിക വിരുദ്ധത പാർട്ടി ഇനിയും തിരിച്ചറിയുന്നില്ല.
തങ്ങൾ മതേതരത്വത്തിെൻറ മുന്നണിപ്പടയാളികളാണ് എന്ന അവകാശവാദത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. മറ്റു സമുദായങ്ങളുടെ വോട്ട് കിട്ടാൻ മുസ്ലിം വിരുദ്ധത തെരഞ്ഞെടുപ്പ് കാമ്പയിെൻറ ഭാഗമാക്കി മാറ്റണം എന്ന തീർപ്പിൽ സി.പി.എമ്മിനെപ്പോലുള്ള ഒരു പാർട്ടി എത്തിച്ചേരുന്നത് മതേതരത്വം എത്തിപ്പെട്ട അപചയത്തിെൻറ ആഴമാണ് വെളിപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.