കേരളത്തിലെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച ‘നരച്ചാൽ നിലക്കുമോ ജീവിതതാളം’ എന്ന പരമ്പരയിൽ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ പ്രതികരിക്കുന്നു...
ഏറെ ഗൗരവമുള്ള വിഷയമാണ് ‘മാധ്യമം’ ഉയർത്തിക്കൊണ്ടുവന്നത്. കേരളത്തിലെ ജനസംഖ്യയിൽ 11.5 ശതമാനത്തിലധികം പ്രായം ചെന്നവരാണ്. 2020ഒാടെ ഇത് 13 ശതമാനം ആകുമെന്നാണ് കണക്കാക്കുന്നത്. കൂട്ടുകുടുംബങ്ങൾ ഇല്ലാതായതോടെ വയോജനങ്ങൾ ഒറ്റപ്പെട്ടുപോകുന്ന പ്രവണത കേരളത്തിലുണ്ട്. അണുകുടുംബങ്ങളിൽ പ്രായമായവർക്ക് മതിയായ സംരക്ഷണമോ പരിഗണനയോ ലഭിക്കുന്നില്ല എന്നത് വസ്തവമാണ്. നിയമമുണ്ടെങ്കിലും വയോജനങ്ങളെ സംരക്ഷിക്കേണ്ടത് കടമയാണെന്ന ബോധത്തിലേക്ക് ആരും വരുന്നില്ല. മാതാപിതാക്കൾക്ക് പ്രായമാകുേമ്പാൾ അവരെ സംരക്ഷിക്കാൻ മക്കൾ വിമുഖത കാണിക്കുന്നു. ഇതുമൂലം പലരും വീടുകളിൽ പീഡനങ്ങൾക്കും ക്രൂരമായ അവഗണനക്കും ഇരകളാകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
‘സായംപ്രഭ’ എന്ന പേരിലാണ് സർക്കാറിെൻറ വയോജനക്ഷേമ പ്രവർത്തനങ്ങൾ. വൃദ്ധമന്ദിരങ്ങളിൽ ആധുനികസൗകര്യങ്ങളും അന്തേവാസികൾക്ക് മെച്ചപ്പെട്ട പരിചരണവും ഉറപ്പാക്കുകയാണ് ആദ്യ നടപടി. ചില വൃദ്ധമന്ദിരങ്ങളിൽ മതിയായ അടിസ്ഥാനസൗകര്യങ്ങളില്ല. പലർക്കും ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നു. സർക്കാർ, സ്വകാര്യമേഖലകളിലെ വൃദ്ധമന്ദിരങ്ങൾ പരിശോധിച്ച് അവ വയോജനസൗഹൃദമാണെന്ന് ഉറപ്പാക്കും. നഗരസഭകൾ കേന്ദ്രീകരിച്ച് 70 പകൽവീടുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവിടങ്ങളിൽ വിശ്രമത്തിനും വ്യായാമത്തിനും വിനോദത്തിനും സൗകര്യം ഒരുക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാകും പദ്ധതി നടപ്പാക്കുക. ‘വയോമിത്രം’ പദ്ധതി 72 നഗരസഭകളിൽ നടപ്പാക്കി. ബാക്കി നഗരസഭകളിലേക്ക് കൂടി ഉടൻ വ്യാപിപ്പിക്കും.
കഴിഞ്ഞ വയോജനദിനത്തിൽ ‘വളരുന്ന കേരളം വളർത്തിയവർക്ക് ആദരം’ എന്ന പേരിൽ സർക്കാർ വിപുലമായ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വയോജനസംരക്ഷണനിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് സംസ്ഥാനതലത്തിൽ ആദ്യവട്ട ചർച്ച പൂർത്തിയായി. നിയമത്തെക്കുറിച്ച് താഴെത്തട്ടിൽ വരെ ബോധവത്കരണവും ലക്ഷ്യമിടുന്നു. വനിതാകമീഷൻ മാതൃകയിൽ വയോജന കമീഷൻ രൂപവത്കരിക്കുന്നത് പരിഗണനയിലുണ്ട്. അന്തിമതീരുമാനമായിട്ടില്ല. വയോജനങ്ങൾക്ക് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്നതടക്കം പുതുമയുള്ള ചില പദ്ധതികൾ സർക്കാർ ആലോചിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.