പ്രത്യാശ ഉണര്‍ത്തുന്ന സൂര്യകിരണങ്ങള്‍

കശ്മീരിലെ പകലുകള്‍ കൂടുതല്‍ പ്രസന്നമാകാന്‍ തുടങ്ങിയിരിക്കുന്നു. സൂര്യനെ മറച്ചിരുന്ന കോടമഞ്ഞ് തിരോഭവിച്ചുകഴിഞ്ഞു. അസാധാരണതോതില്‍ അനുഭവപ്പെട്ട തണുപ്പിനും അറുതിയായി. വെയില്‍ തെളിയുകയും താപനില പടിപടിയായി ഉയരുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ വിശേഷിച്ചും യുവജനത എങ്ങനെ പ്രതികരിക്കും എന്നൊരാശങ്ക വായുവില്‍ തൂങ്ങിനില്‍ക്കുന്നു. 2016ലെ വേനല്‍ദിനങ്ങളില്‍ അരങ്ങേറിയ അനിതരസാധാരണമായ പ്രക്ഷോഭപരമ്പരകളുടെ പ്രേതങ്ങള്‍ വീണ്ടും ജനങ്ങളെ ആവാഹിക്കുമോ?
കശ്മീരിന്‍െറ പദവി അട്ടിമറിക്കുന്നത് ഉള്‍പ്പെടെ കശ്മീരിയതയുടെ നിര്‍മൂലനം ഉന്നമിടുന്ന പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്കരിക്കപ്പെടുന്നത് ജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടികളോടുള്ള അമര്‍ഷം സ്ഫോടനാത്മകമായി ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെട്ടത്. ക്ഷുഭിത യൗവനങ്ങളുടെ ഹൃദയത്തില്‍ പതിച്ച തീപ്പൊരിയായി ആ സംഭവം മാറിയതോടെ വന്‍ ജനമുന്നേറ്റങ്ങള്‍ക്ക് സംസ്ഥാനം സാക്ഷിയായി. ബുര്‍ഹാന്‍ വധത്തിന് മുമ്പേ ജനങ്ങള്‍ ഇളകിവശായിരുന്നു. വിമുക്ത ഭടന്മാര്‍ക്കുവേണ്ടി കശ്മീരില്‍ കോളനികള്‍ നിര്‍മിക്കാനുള്ള പദ്ധതി, പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്നുള്ള ഹിന്ദു അഭയാര്‍ഥി സമൂഹത്തിന് പൂര്‍ണ പൗരത്വം നല്‍കി കശ്മീരില്‍ അധിവസിപ്പിക്കാനുള്ള നീക്കം, മുസ്ലിം മേഖലയില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ പി.ഡി.പി-ബി.ജെ.പി സഖ്യസര്‍ക്കാറിനെതിരായ ജനവികാരം ശക്തിപ്പെടുത്തുകയുണ്ടായി.
2017 കശ്മീരില്‍ സമാധാനവര്‍ഷമായി കടന്നുപോകുമെന്ന് സമാശ്വസിക്കുന്നവര്‍ നിരവധിയാണ്. കാരണം രണ്ടുവര്‍ഷം തുടര്‍ച്ചയായി വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന പതിവ് കശ്മീരില്‍ അപൂര്‍വമാണെന്നാണ് ചരിത്രാനുഭവം. എന്നാല്‍, സമാധാനം സ്ഥായിയായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പക്ഷത്തുനിന്നുള്ള മൂര്‍ത്തനടപടികള്‍ കൂടി അനുപേക്ഷണീയമാണെന്നതില്‍ തര്‍ക്കമില്ല.  പ്രശ്നങ്ങളുടെ നേര്‍ക്ക് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന പ്രതികരണം, പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അധികൃതരും ജനകീയ നേതാക്കളും കൈയാളുന്ന രീതി തുടങ്ങിയവയും പ്രാധാന്യമര്‍ഹിക്കുന്നു.
2016ലെ സംഘര്‍ഷം നവംബറോടെയാണ് കെട്ടടങ്ങിയത്. തുടര്‍ന്ന് ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സവിശേഷജാഗ്രത പുലര്‍ത്തുകയുണ്ടായി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും പെല്ലറ്റ് ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തുറുങ്കിലടച്ചവരെയും വീട്ടുതടങ്കലിന് ശിക്ഷിച്ചവരെയും മോചിപ്പിക്കാന്‍ സന്നദ്ധരായ അധികൃതര്‍ യാസീന്‍ മാലിക്, മീര്‍വാഇസ്, ഉമര്‍ഫാറൂഖ് തുടങ്ങിയ വിഘടനവാദി നേതാക്കളെയും തടങ്കലില്‍നിന്ന് വിട്ടയച്ചു.
കശ്മീരിനോടുള്ള സമീപനത്തില്‍ കൂടുതല്‍ പക്വതയാര്‍ന്ന നയം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടി തയാറാകുമ്പോഴേ ജനങ്ങളില്‍ അങ്കുരിച്ച പ്രത്യാശകള്‍ കരുത്താര്‍ജിക്കൂ. അധികാര ധാര്‍ഷ്ട്യത്തോടെ ദേശീയത നടപ്പാക്കാനുള്ള ധിറുതി പിടിച്ച നീക്കങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ജനങ്ങളെ പ്രക്ഷോഭകാരികളാക്കുന്ന പ്രകോപനനയങ്ങള്‍ ആവര്‍ത്തിക്കില്ളെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ നടപടികള്‍ നല്‍കുന്ന സൂചന.
കശ്മീരില്‍ സൈനികകോളനികള്‍ പണിതുയര്‍ത്താന്‍  പദ്ധതിയില്ളെന്ന് കഴിഞ്ഞയാഴ്ച രണ്ട് കേന്ദ്രസഹമന്ത്രിമാര്‍ (കിരണ്‍ റിജിജു, ഹന്‍സ്രാജ് ഗംഗാറാം) പാര്‍ലമെന്‍റില്‍ വിശദീകരണം നല്‍കിയത് ശുഭസൂചനയായി വിലയിരുത്താം. കശ്മീരി പണ്ഡിറ്റുകള്‍ക്ക് മാത്രമായി പ്രാദേശിക കോളനികള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായും ഇവര്‍ വ്യക്തമാക്കുകയുണ്ടായി.
പണ്ഡിറ്റുകളുടെ പുനരധിവാസത്തില്‍ വിഘടനവാദികള്‍ക്കുപോലും എതിര്‍പ്പില്ളെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അവരെ പ്രത്യേക ഹൗസിങ് കോളനികള്‍ തീര്‍ത്ത് അവിടെ പാര്‍പ്പിക്കുന്നത് ധ്രുവീകരണത്തിന് നിമിത്തമാകുമെന്ന വിമര്‍ശനമാണ് യുക്തിസഹമായി വിഘടനവാദസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. തന്‍െറ അവസാന വിഡിയോ സന്ദേശത്തില്‍പോലും ബുര്‍ഹാന്‍വാനി പണ്ഡിറ്റുകളുടെ പുനര്‍വാസത്തോട് യോജിപ്പ് പ്രകടിപ്പിക്കുന്നതായി കാണാം. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കശ്മീര്‍ അസംബ്ളിയില്‍ പാസാക്കിയ സന്ദര്‍ഭത്തില്‍ ജനങ്ങളോ സംഘടനകളോ പ്രതിഷേധമുയര്‍ത്തിയിരുന്നില്ല എന്ന യാഥാര്‍ഥ്യവും അനുസ്മരണീയമാണ്. അനന്ത്നാഗ്, കുപ്വാര, ബഡ്ഗാം തുടങ്ങിയ പട്ടണങ്ങളില്‍ ഇതിനകം നിരവധി പണ്ഡിറ്റുകളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചുകഴിഞ്ഞു. അവിടങ്ങളില്‍ പണ്ഡിറ്റുകള്‍ സുഖജീവിതം നയിക്കുന്നു. അവര്‍ക്കെതിരെ ഭീഷണിയോ വെല്ലുവിളിയോ ഉയരുന്നില്ല. പ്രധാനമന്ത്രിയുടെ പുതിയ പാക്കേജ് പ്രകാരം 6000 പണ്ഡിറ്റുകളാണ് സമീപകാലത്ത് സര്‍ക്കാര്‍ ജോലികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. 2016ല്‍ സംഭവിച്ചത് സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ളെന്ന ആഗ്രഹമാണ് മന്ത്രിമാരുടെ പാര്‍ലമെന്‍റിലെ വിശദീകരണം പ്രതിഫലിപ്പിക്കുന്നത്.
2015ലെ ശരത്കാലത്ത് കശ്മീര്‍കാര്യത്തില്‍ തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ളെന്ന് പ്രധാനമന്ത്രി ശ്രീനഗര്‍ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ചിരുന്നു. മോദിയുമായി സംഭാഷണം നടത്താന്‍ തയാടെുത്തിരുന്ന അന്നത്തെ മുഫ്തി മുഹമ്മദ് സഈദിന്‍െറ പോലും അഭിപ്രായങ്ങളെ നിരാകരിച്ച മോദിയുടെ ധാര്‍ഷ്ട്യത്തിന്‍െറ പരിണതി കൂടിയായിരുന്നു മാസങ്ങള്‍ക്കുശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷപരമ്പര.
തെരുവില്‍ അണിനിരന്ന ജനക്കൂട്ടത്തില്‍നിന്ന് സര്‍ക്കാര്‍ ഉപദേശത്തിന്‍െറ പുതിയ പാഠങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു. അധികൃതരുടെ ഇപ്പോഴത്തെ പ്രതികരണങ്ങളിലെ ആര്‍ജവം നല്‍കുന്ന സൂചന അതാണ്. കൂടുതല്‍ വിവേകപൂര്‍വം ആയിരിക്കും ഭരണകര്‍ത്താക്കളുടെ അടുത്തചുവടുകള്‍ എന്നു നമുക്ക് പ്രത്യാശിക്കാം.

 

Tags:    
News Summary - hopes on kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.