സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ക്രിമിനൽ വിചാരണയെ ‘‘നീതിയുടെ പരാജയം’’ എന്ന് വിശേഷിപ്പിച്ച ബോംബെ ഹൈകോടതി, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്നും വ്യക്തമാക്കി
മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസറുമായ ജി.എൻ. സായിബാബയെ തീവ്രവാദകുറ്റങ്ങളിൽനിന്ന് ബോംബെ ഹൈകോടതി ചൊവ്വാഴ്ച കുറ്റമുക്തനാക്കി, നാഗ്പുർ സെൻട്രൽ ജയിലിൽനിന്ന് വ്യാഴാഴ്ച അദ്ദേഹം മോചിതനായിരിക്കുന്നു.
സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ക്രിമിനൽ വിചാരണയെ ‘‘നീതിയുടെ പരാജയം’’ എന്ന് വിശേഷിപ്പിച്ച ബോംബെ ഹൈകോടതി, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്നും വ്യക്തമാക്കി. 90 ശതമാനം ശാരീരിക പരിമിതികളുള്ള, വീൽ ചെയറിന്റെ സഹായത്തോടെയല്ലാതെ മുന്നോട്ടുനീങ്ങാൻ കഴിയാത്ത, പലതരം ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന സായിബാബക്ക് നിരോധിത കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുമായും മുന്നണി സംഘടനയായ റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2017ൽ ജീവപര്യന്തം വിധിക്കപ്പെട്ടത്.
2022ൽ ഹൈകോടതി അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കി. പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾക്ക് മതിയായ കാരണങ്ങളില്ലാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി വെറുതെ വിടുന്നത്(ചൊവ്വാഴ്ച കോടതി നൽകിയ കുറ്റമുക്തിയിൽനിന്ന് വ്യത്യസ്തമാണത്). എന്നാൽ തികച്ചും അത്യസാധാരണമായ ഒരു നീക്കത്തിൽ, തൊട്ടടുത്ത ദിവസം സുപ്രീംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.
- 2013 ആഗസ്റ്റിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ച ഒരു കേസിന്റെ അന്വേഷണത്തിനിടെ മഹാരാഷ്ട്ര പൊലീസ് സായിബാബയുടെ ഡൽഹിയിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു, 2014 മേയിൽ അദ്ദേഹം അറസ്റ്റിലായി. ഡൽഹി സർവലാശാലയിലെ രാംലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസറായിരുന്ന സായിബാബ ഭരണകൂട അടിച്ചമർത്തലിനെതിരായ കാമ്പയിനുകളുടെ ഭാഗമായിരുന്നു, ആദിവാസി സമൂഹങ്ങളോടുള്ള ഭരണകൂട നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമുയർത്തിയിരുന്നു. അതേസമയം, ഒരു ക്രിമിനൽ ആരോപണങ്ങളും പശ്ചാത്തലങ്ങളും അദ്ദേഹത്തിനില്ലായിരുന്നു.
- 2015 ജൂണിനും ഡിസംബറിനുമിടയിൽ ബോംബെ ഹൈകോടതി ഇദ്ദേഹത്തിന് ചികിത്സക്കായി ഇടക്കാല ജാമ്യം നൽകി. 2015 ഡിസംബറിൽ കേസ് വിചാരണ ആരംഭിച്ചു. 2016 ഏപ്രിലിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു
- 2017 മാർച്ച് ഏഴിന്, മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ ജില്ലാ സെഷൻസ് കോടതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം സായിബാബ കുറ്റക്കാരനാണെന്ന് വിധിച്ചു. തീവ്രവാദ സംഘത്തിലോ സംഘടനയിലോ അംഗമായി, ഭീകര സംഘടനക്ക് പിന്തുണ നൽകി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
- അഭിഭാഷകർ എത്തിച്ച മരുന്നുൾപ്പെടെ അവശ്യസാധനങ്ങൾപോലും ജയിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് എത്തിച്ചു നൽകിയില്ല. അതിനിടെ 2021ലും 2022ലും കോവിഡും പിടിപെട്ടു.
- ഏകാന്ത തടവുകാരെ പാർപ്പിക്കാനുള്ള അതിസുരക്ഷ ലോക്കപ്പായ അണ്ഡാ സെല്ലിൽ അടച്ചിട്ട അദ്ദേഹത്തോട് കത്തെഴുതുമ്പോഴും ബന്ധുക്കളോട് സംസാരിക്കുമ്പോഴും മാതൃഭാഷയായ തെലുങ്കിന് പകരം ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ നിഷ്കർഷിച്ചിരുന്നു. ടോയ്ലറ്റും കുളിക്കുന്ന സ്ഥലവും പോലും പകർത്തുന്ന കാമറകൾ നീക്കം ചെയ്യിക്കാൻ ജയിലിൽ നിരാഹാരം കിടക്കാനും അദ്ദേഹം നിർബന്ധിതനായി.
- 2021ൽ രാം ലാൽ ആനന്ദ് കോളജ് അദ്ദേഹത്തെ ജോലിയിൽനിന്ന് നീക്കം ചെയ്തു.
- 2017 മാർച്ചിൽ ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് മുമ്പാകെ സായിബാബ തന്റെ ശിക്ഷയെ ചോദ്യം ചെയ്തു. അഞ്ചുവർഷത്തിന് ശേഷം, 2022 ഒക്ടോബറിൽ, ശിക്ഷ നിയമപരമായി അസാധുവാണെന്ന് കണ്ട് ഹൈകോടതി അദ്ദേഹത്തെ വെറുതെവിട്ടു.
- യു.എ.പി.എയിലെ 45ാംവകുപ്പ് പ്രകാരം സായിബാബയുടെ വിചാരണ നടപടികൾക്ക് സാധുവായ അനുമതി ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ വ്യവസ്ഥ പ്രകാരം, ഒരു കുറ്റം കോടതിക്ക് ബോധ്യപ്പെടുന്നതിനുമുമ്പ് സർക്കാർ അനുമതി നിർബന്ധമാണ്. ഒരു കേസിന് അനുമതി നൽകാൻ തീരുമാനിക്കുന്നതിനുമുമ്പ്, തെളിവുകൾ പരിശോധിച്ച് ഒരു നിശ്ചിത അതോറിറ്റിയുടെ സ്വതന്ത്ര റിപ്പോർട്ടും സർക്കാർ പരിഗണിക്കേണ്ടതുണ്ട്. ഈ കേസിൽ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ച് രണ്ടുമാസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്. അപ്പോഴേക്ക് കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു. തൽഫലമായി, വിചാരണയുടെ തുടക്കം മുതൽ പിഴവുകളുണ്ടെന്ന് ഹൈകോടതി വിലയിരുത്തി.
- ആ ദിവസം തന്നെ മഹാരാഷ്ട്ര സർക്കാർ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പിറ്റേ ദിവസം കോടതി അവധിയായ ശനിയാഴ്ചയായിരുന്നിട്ടും അപ്പീലിൻമേൽ സുപ്രീംകോടതി പ്രത്യേകമായി വാദം കേൾക്കുകയും വിധി സ്റ്റേ ചെയ്യുകയുമായിരുന്നു.
- ‘‘രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരായ’’ ‘‘അതീവഗുരുതരമായ’’ കുറ്റം ചെയ്തതിനാണ് സായിബാബ ശിക്ഷിക്കപ്പെട്ടതെന്ന് കോടതി പറഞ്ഞു. കേസിന്റെ വസ്തുതകൾ പരിശോധിക്കാതെയാണ് ഹൈകോടതി സായിബാബ നിരപരാധിയാണെന്ന് വിധിച്ചതെന്നും സുപ്രീംകോടതി കണ്ടെത്തി. 2023 ഏപ്രിലിൽ ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സായിബാബയുടെ അപ്പീൽ വീണ്ടും കേട്ട് തീരുമാനമെടുക്കാൻ ഹൈകോടതിയോട് നിർദേശിച്ചു. കഴിഞ്ഞ വർഷം മേയിൽ ഹൈകോടതി സായിബാബയുടെ അപ്പീൽ മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. സെപ്തംബറിൽ വിചാരണ പൂർത്തിയാക്കിയ ബെഞ്ച് ചൊവ്വാഴ്ച വിധി പറയുകയായിരുന്നു.
- ഇത്തവണ സായിബാബയെ കോടതി വെറുതെ വിട്ടു. കൃത്യസമയത്ത് അനുമതി ലഭിക്കാത്തതിനാൽ നടപടിക്രമങ്ങൾ വികലമാക്കപ്പെട്ടുവെന്നും വിചാരണ ‘‘അസാധുവാണ്’’ എന്നുമുള്ള ഡിസ്ചാർജ് വിധിയുടെ വീക്ഷണത്തെ അത് അംഗീകരിച്ചു.
- നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ അറസ്റ്റ്, തിരച്ചിൽ, പിടിച്ചെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പൂർണമായി പാലിക്കാതിരിക്കുകവഴി വിചാരണയെ ‘‘നീതിയുടെ പരാജയമായി’’ മാറ്റിയെന്നും കോടതി വിധിച്ചു.
- കൂടാതെ, സായിബാബയെ ഏതെങ്കിലും അക്രമവുമായോ തീവ്രവാദി ആക്രമണവുമായോ ബന്ധപ്പെടുത്തുന്ന കുറ്റകരമായ വസ്തുക്കളോ തെളിവുകളോ പിടിച്ചെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ വിശ്വാസ്യതയിലെ പിഴവുകളും എടുത്തുകാട്ടി.
- നിരോധിത തീവ്രവാദ പാർട്ടിയുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ചില ലഘുലേഖകൾ, റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പ്രവർത്തന റിപ്പോർട്ടുകൾ, സായിബാബയുടെ കമ്പ്യൂട്ടറിൽനിന്ന് പൊലീസ് കണ്ടെത്തിയ ഈ സംഘടനാ നേതാക്കളുടെ ചില അഭിമുഖങ്ങൾ എന്നിവയാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്.
- തീവ്രവാദ പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാതെ, നക്സൽ സാഹിത്യങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്നും പ്രോസിക്യൂഷന്റെ കേസ് ‘‘അവ്യക്തമായ ആരോപണങ്ങളിൽ’’ അധിഷ്ഠിതമാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.