ഫ്രഞ്ചുവിപ്ലവത്തോടെയാണ് പതിനെട്ടാം നൂറ്റാണ്ടിെൻറ അന്ത്യത്തിൽ ആധുനികയൂറോപ്പിൽ സാമൂഹിക ജനായത്തമൂല്യങ്ങളും ജീവിതക്രമവും വികസിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മാർക്സിസത്തിലും സോഷ്യലിസ്റ്റുചിന്തകളിലും സംവാദങ്ങളിലും അതിെൻറ അനുരണനങ്ങൾ കാണാം. സാമൂഹികപ്രാതിനിധ്യത്തിലും സ്ഥിതിസമത്വത്തിലും സാഹോദര്യത്തിലുമൂന്നുന്ന സമഗ്രരാഷ്ട്രീയ തത്ത്വചിന്ത എന്ന നിലയിൽ അതിെൻറ വേരുകൾ പ്രാചീന ഇന്ത്യയിൽ ബുദ്ധിസത്തിലാണെന്ന് അംബേദ്കർ ചരിത്രപരമായി വിശദീകരിച്ചു. ഇന്ത്യയിൽ സാമൂഹികജനായത്ത ചിന്തയും സംസ്കാരവും ആധുനികമായി വീണ്ടെടുത്തു വികസിപ്പിച്ചത് ബഹുജനങ്ങൾ നവബുദ്ധനായി കാണുന്ന ബാബാ സാഹേബാണ്. ആധുനിക ജനായത്തസമൂഹത്തിൽ എന്നും പുതുപുത്തനാണ് സാഹോദര്യത്തിലും മൈത്രിയിലും അടിയുറച്ച ഈ രാഷ്ട്രീയ തത്ത്വചിന്തയും സാമൂഹികപ്രയോഗവും.
അടിസ്ഥാന ജീവിതതത്ത്വങ്ങളായ ഈ മൂന്നു ആധുനിക ജനായത്തമൂല്യങ്ങളെ ആധാരമാക്കുന്ന ജീവിതരീതിയും സംസ്കാരവുമാണ് സാമൂഹികജനായത്തമെന്ന് 1949 നവംബർ 25ന് ഭരണഘടന അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഊന്നിപ്പറയുന്നു. സാമൂഹികജനായത്തമില്ലാതെ രാഷ്ട്രീയജനായത്തത്തിന് നിലനിൽക്കാനാവില്ല. സാമൂഹികനീതിയെ തകർത്താൽ ഇന്ത്യയില്ല. ഇന്ത്യയെപ്പോലെ സാമൂഹികമായി േശ്രണീകൃതമായ സമൂഹത്തിൽ സാമൂഹികനീതിയുടെ ആധാരം സുപ്രധാനമാണ്. സ്വാതന്ത്ര്യത്തിനും സമത്വത്തിനും കേവലം രണ്ടു നൂറ്റാണ്ടുമാത്രം നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്നുള്ള വിടുതി എന്ന പരിമിതാർഥത്തിനപ്പുറത്തേക്ക് അദ്ദേഹം ആയംകൊടുത്തു. കുറഞ്ഞത് 2000 വർഷമെങ്കിലുമായി ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനുമെതിരായി ജനതയെ വിഭജിച്ച് മനുസ്മൃതി അടിച്ചേൽപിച്ചു ഭരിക്കുന്ന ചാതുർവർണ്യ പ്രത്യയശാസ്ത്രത്തിനും പൗരോഹിത്യ–പടയാളി ആൺകോയ്മക്കും ആന്തരിക കൊളോണിയലിസത്തിനുമെതിരായ സമരമെന്ന സൂചനയും കൂടിയായാണ് അംബേദ്കർ സാമൂഹികജനായത്ത ചിന്തയെ ഭാവന ചെയ്തത്. മുമ്പുതന്നെ ബറോഡ, കോലാപുർ, മൈസൂർ, മദ്രാസ്, കേരളം എന്നിങ്ങനെ നിരവധി നാട്ടുരാജ്യങ്ങളിൽ നിലവിൽവന്ന സാമൂഹികനീതി സംവിധാനമായ സാമുദായിക പ്രാതിനിധ്യ പ്രയോഗങ്ങളും അംബേദ്കറുടെ രാഷ്ട്രീയമീമാംസക്കു തദ്ദേശീയമാതൃക നൽകി.
വൈദിക പുരുഷസൂക്തവും മനുസ്മൃതിയടക്കമുള്ള സ്മൃതി-ശ്രുതിപുരാണങ്ങളും ഗീതയും ഹൈന്ദവസംസ്കൃത കാവ്യേതിഹാസങ്ങളും സനാതനവൈദിക വർണാശ്രമവ്യവസ്ഥയും ജാതിയും കൂടി സാമൂഹികാസമത്വത്തെ അത്രമേൽ ഉൗട്ടിയുറപ്പിച്ചിരുന്നു ഇന്ത്യയിൽ. മനുഷ്യരെന്ന പരസ്പരബഹുമാനവും സാഹോദര്യവും മാത്രമേ സാമൂഹികജനായത്തത്തെ വീണ്ടെടുക്കുന്നതിൽ സഹായിക്കൂ എന്ന് അംബേദ്കർ നിരീക്ഷിച്ചു. അതു കേവല നിയമനിർമാണത്തിലൂടെ മാത്രം കൈവരിക്കാനാവില്ല. വിപുലമായ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, പ്രതിനിധാന പ്രവർത്തനങ്ങളും കൂടി ആവശ്യമാണ്. ജാതിയുടെ പേരിൽ വെട്ടിനീക്കി പുറന്തള്ളിയവരെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ സാഹോദര്യവും മാനവികതയും സാമൂഹികനീതിയും സാധ്യമാവൂ. ചാതുർവർണ്യം തകർത്ത മൈത്രിയുടെ വീണ്ടെടുപ്പാണത്. സാമൂഹികപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഈ ജനായത്തപരമായ ഉൾക്കൊള്ളൽ പ്രായോഗികമാവൂ. വിവിധ സാമൂഹികവിഭാഗങ്ങളുടെ ജനായത്തപരമായ പ്രാതിനിധ്യമാണത്. പ്രത്യേകിച്ചും വർണജാതികളാൽ തൊട്ടുകൂടാത്തവരായി മാറ്റിനിർത്തി, ചരിത്രവിഹിതങ്ങളും സാമൂഹികപ്രാതിനിധ്യവും നിഷേധിക്കപ്പെട്ടവരുടെ ആനുപാതികപ്രാതിനിധ്യം നിരന്തരം ഉറപ്പാക്കേണ്ടതാണ്.
പ്രാതിനിധ്യത്തിെൻറ രാഷ്ട്രീയമാണ് ജനായത്തം. ജനസംഖ്യാനുപാതികമായ സാമൂഹികപ്രാതിനിധ്യമാണ് മാതൃകാപരമായ സാമൂഹികജനായത്തം. അടിസ്ഥാന ജനതയുടെ പ്രാതിനിധ്യവും പങ്കാളിത്തവും കൂട്ടുത്തരവാദിത്തവും പ്രതിനിധാനങ്ങളും അതിലുറപ്പാക്കണം. കുത്തകവിഭാഗങ്ങൾക്ക് പ്രാതിനിധ്യം അമിതമാകുമ്പോൾ ജനായത്തം തീർത്തും തകരുന്നു, സാമൂഹികനീതി ഇല്ലാതാകുന്നു. അമിതപ്രാതിനിധ്യം അനുഭവിക്കുന്നവർ വീണ്ടും സാമ്പത്തിക മാനദണ്ഡം പറഞ്ഞ് അത്യധിക പ്രാതിനിധ്യവും പരിപൂർണ സംവരണവും കവരുമ്പോൾ ഇന്ത്യൻ ജനായത്തവും ഭരണഘടനയും റദ്ദായിപ്പോകുന്നു. 2018ലെ ശബരിമല ശൂദ്രലഹളയുടെ സമ്മർദ പരിസരത്ത് ദേവസ്വം ബോർഡിലെ അമിതപ്രാതിനിധ്യപരമായ സാമ്പത്തികസംവരണ ഓർഡിനൻസ് കേരളനിയമസഭയിലൂടെ പാസാക്കിയെടുത്തപ്പോൾ സംഭവിച്ചത് ഇതാണ്. തൊണ്ണൂറു ശതമാനത്തോളം ഒറ്റജാതിക്കാരായിരുന്ന ബോർഡിൽ പത്തുശതമാനം സാമ്പത്തികസംവരണം കൂടി ജാതിഹിന്ദുക്കൾ പിടിച്ചുപറിച്ചപ്പോൾ അവരുടെ പ്രാതിനിധ്യം നൂറു ശതമാനമായി. മോദിയും ഷായും കേന്ദ്രത്തിൽ തെരഞ്ഞെടുപ്പു തുറുപ്പുശീട്ടായി സാമ്പത്തികസംവരണം എന്ന ഭരണഘടന അട്ടിമറി നടപ്പാക്കുന്നതിനും മൂന്നുമാസം മുമ്പായിരുന്നു കേരളത്തിൽ ഇതു നടന്നത്. ലിംഗനീതിക്കായുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയായ പുരുഷനെ തെരുവിൽ ജാതിഹിന്ദു സ്ത്രീകളാൽ ജാതിത്തെറി വിളിപ്പിച്ചായിരുന്നു ഈ ഭരണഘടന അട്ടിമറി. മുലക്കരമടക്കമുള്ള ജാതിനികുതികൾ കേവലം സാമ്പത്തികപ്രശ്നമായിരുന്നു എന്ന് വരേണ്യയായ ജെൻഡർ ഉപദേശക 'ജനപഥം' വാരികയിൽ (2019 ജനുവരി) എഴുതുകയും ചെയ്തു. സ്വയം സേവകരോടൊപ്പം ശൂദ്ര ലഹളയിൽ ഭാഗഭാക്കായ ഭൃത്യജനസമാജമാകട്ടെ, ഭരണഘടന നിലവിൽ വന്നകാലം മുതൽ സാമൂഹികനീതി സംവിധാനത്തിനെതിരെ കോടികൾ മുടക്കി പതിറ്റാണ്ടുകളായി കേസ് നടത്തിപ്പോരുകയുമായിരുന്നു. സാമ്പത്തികസംവരണത്തിലൂടെ ഇപ്പോൾ നടക്കുന്ന പകൽക്കൊള്ളയും അമിതപ്രാതിനിധ്യവും 'മെറിറ്റ്' അട്ടിമറിയും മറ്റും ഇവരാരും കാണുന്നുമില്ല. വർഷങ്ങളായി കേരളത്തിൽ നടമാടിയ അപരവത്കരണ പുരാണപട്ടത്താനങ്ങളാണ് ഈ ഭരണഘടന അട്ടിമറികളിലേക്കും പ്രതിവിപ്ലവങ്ങളിലേക്കും സമൂഹത്തെ നയിച്ചത്.
സേവന വിദ്യാഭ്യാസ പൊതുമേഖലകളെ കുത്തകയാക്കി വാഴുന്ന ജാതിഹിന്ദുക്കളുടെ സത്യനീതി വിരുദ്ധമായ അമിത പ്രാതിനിധ്യമാണ് സാമ്പത്തിക സംവരണം. ഇതിന് നിയമസാധൂകരണമില്ല. കാരണം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്കും സാമൂഹിക പ്രാതിനിധ്യത്തിനും വേണ്ടിയുള്ള ജനായത്തപരമായ കാര്യപരിപാടിയാണ് സാമൂഹികസംവരണം. അത് സാമുദായികമാണ്, സാമ്പത്തികമേയല്ല. സാമ്പത്തികമാനദണ്ഡം സാമൂഹിക, സാമുദായിക മാനകങ്ങളെ ഇല്ലാതാക്കും. ദാരിദ്യ്ര നിർമാർജനമോ തൊഴിൽദാന പരിപാടിയോ സാമ്പത്തിക ഉന്നമനമോ അല്ല സംവരണം. അത് സ്വാതന്ത്ര്യത്തിെൻറയും സമത്വത്തിെൻറയും അനുഭവവും ആധാരവുമായ സാമൂഹികജനായത്ത പ്രാതിനിധ്യമാണ്. അധികാര കുത്തകക്കും അമിതാധികാര കേന്ദ്രീകരണത്തിനും പ്രതിരോധമായ ജനായത്തനടപടിയാണ് സാമൂഹിക പ്രാതിനിധ്യതത്ത്വങ്ങൾ. അതിൽ വെള്ളം ചേർത്താൽ ജനായത്തവും ജനതയും സമൂഹവും രാഷ്ട്രവും നിലനിൽക്കില്ല. പുറന്തള്ളപ്പെട്ടവരുടെയും കർഷകരുടെയും ന്യൂനപക്ഷങ്ങളുടേയും നിരന്തര പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ ജനായത്തവും നൈതിക രേഖയായ ഭരണഘടനയും നേരിടുന്ന വലിയ വെല്ലുവിളികളും പ്രതിസന്ധികളുമാണ്.
നവ ഉദാര കോർപറേറ്റ് ബ്രാഹ്മണ്യം എല്ലാതരം മൂലധനങ്ങളെയും കുത്തകവത്കരിക്കുകയും ബഹുജനങ്ങൾക്കു വിലക്കുകയും ചെയ്യുന്നു. പഴയ സാമ്പ്രദായിക ബ്രാഹ്മണ്യം അവർണരോടും ശൂദ്രരോടും സ്ത്രീകളോടും ചെയ്തപോലെ അടിസ്ഥാന അധ്വാനജനതകളുടെ ചോരയും നീരുമൂറ്റിയെടുത്തു കൊള്ളലാഭവും മൂലധനവും പെരുക്കുകയും അവരെ പുറന്തള്ളുകയും ചെയ്യുന്ന പുതിയ കുപ്പിയിലുള്ള പഴയ വീഞ്ഞാണിത്. സാമ്പത്തികാടിത്തറ തകർത്താൽ പ്രത്യയശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മേൽപ്പാളികൾ താനേ തകരുമെന്ന വാദം ജാതിലിംഗങ്ങളുടെയും സാംസ്കാരിക സൂക്ഷ്മരാഷ്ട്രീയത്തിേൻറയും അടിസ്ഥാന സമഗ്രയാഥാർഥ്യങ്ങളെ കാണുന്നില്ല. സാമൂഹിക, രാഷ്ട്രീയശിഥിലീകരണത്തിലേക്കും ഇന്ത്യൻഭരണഘടനയെ റദ്ദാക്കുന്ന സ്വയംസേവക അജണ്ടയിലേക്കും വഴിനടത്താനേ ഇത് ഉപകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.