പിന്നിടുന്ന വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഒട്ടും ആഹ്ലാദകരമല്ല. സാമ്പത്തിക വളർച്ചയുടെ ശോഷിപ്പ്, കാർഷിക, വ ്യവസായ മേഖലയുടെ മുരടിപ്പ്, ആഭ്യന്തര മൂലധന രൂപവത്കരണത്തിലും സമ്പാദ്യത്തിലും ഉണ്ടായ കുറവ് തുടങ്ങിയ സ്ഥൂല സാമ് പത്തിക വിവരങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിനും പുറമെയാണ് ഇന്ത്യൻ ബാങ്കിങ് മേഖലക്ക് കനത്ത ആഘാതമേൽപിച് ച ബാങ്ക് തട്ടിപ്പുകളും സുപ്രധാന സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ ശ്രമങ്ങളും.
സാമ്പത്തിക വളർച്ചയിൽ ഗണ്യമ ായ തകർച്ചക്കാണ് നോട്ടുനിരോധനത്തെ തുടർന്നുള്ള രണ്ടു വർഷങ്ങൾ സാക്ഷിയായത്. ‘കള്ളപ്പണത്തിനെതിരായ സുധീര യുദ്ധം’ എന്ന സർക്കാർ വാദം പൂർണമായി പൊളിക്കപ്പെട്ടത് ഈ വർഷത്തിലായിരുന്നു. രണ്ടു വർഷത്തെ നോട്ടെണ്ണൽ പ്രക്രിയക്കൊടുവി ൽ കണ്ടെത്തിയത് നിരോധിക്കപ്പെട്ട കറൻസി നോട്ടുകൾ മുഴുവൻ തിരിച്ചെത്തിയെന്നാണ്. നോട്ടുനിരോധന ഫലങ്ങൾ താൽക്കാലിക മായിരിക്കുമെന്ന് തുടർച്ചയായി സർക്കാർ അവകാശപ്പെട്ടെങ്കിലും അതിെൻറ ഫലങ്ങൾ ദൂരവ്യാപകമാണെന്ന് തെളിയിക്കുന ്നവയായിരുന്നു ഈ വർഷത്തെയും കഴിഞ്ഞ വർഷത്തെയും സാമ്പത്തിക വളർച്ചനിരക്ക്. 2015-16ൽ രേഖപ്പെടുത്തിയ എട്ടു ശതമാനം വളർച ്ചനിരക്കു തന്നെ മുൻവർഷത്തെക്കാൾ കുറഞ്ഞതായിരുന്നപ്പോൾ അതിെൻറ തൊട്ടടുത്ത വർഷങ്ങളിലെ വളർച്ചനിരക്ക് യഥാക് രമം 7.1 ശതമാനവും 6.7 ശതമാനവുമായിരുന്നു. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ വളർച്ചനിരക്ക് 8.2 ശതമാനമായിരുന്നെങ്കിലും ശേഷമുള്ള മൂന്നു മാസത്തെ വളർച്ചനിരക്ക് 7.1 ശതമാനമായി കുറഞ്ഞു. ആദ്യപാദത്തിലെ ഉയർന്ന വളർച്ചനിരക്കു തന്നെ തൊട്ടുമുമ്പുള്ള പാദത്തിലെ താഴ്ന്ന ഉൽപാദനം (Base Effect) മൂലം രേഖപ്പെടുത്തപ്പെട്ടതാണെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആഭ്യന്തരോൽപാദനത്തിലുണ്ടായ മങ്ങിയ വളർച്ചനിരക്ക് കാർഷിക മേഖലക്കും വ്യവസായ മേഖലക്കും ബാധകമായിരുന്നു. കാർഷിക മേഖലയുടെ വളർച്ചനിരക്ക് ഒന്നാം പാദത്തിൽ 5.3 ശതമാനമായിരുന്നത് രണ്ടാം പാദത്തിൽ 3.8 ശതമാനമായി കുറഞ്ഞപ്പോൾ വ്യവസായ മേഖലയുടേത് 10.3 ശതമാനത്തിൽനിന്ന് 6.8 ശതമാനമായി കുറഞ്ഞു. നോട്ടുനിരോധനത്തെ തുടർന്ന് പണദ്രവത്വത്തിലുണ്ടായ കുറവും ഗ്രാമീണമേഖലയിൽ ലോൺ കൊടുക്കുന്നതിനുള്ള ബാങ്കുകളുടെ വിമുഖതയും തൊഴിലവസരങ്ങളുടെ കുറവുമെല്ലാം വരുത്തിവെച്ച ചോദനക്കുറവ് ഉൽപാദന മേഖലയുടെ പുരോഗതിക്ക് തിരിച്ചടിയാവുകയായിരുന്നു. ഇത്തരത്തിൽ ചോദനത്തിലുണ്ടായ കുറവ് കൂടുതലും ഗ്രാമീണ മേഖലയിലായിരുന്നു എന്നത് പ്രസ്താവ്യം.
2014ലും 2015ലും ഉണ്ടായ വരൾച്ചമൂലം നട്ടംതിരിഞ്ഞ കർഷകെൻറ മേൽ അശനിപാതമെന്ന നിലയിലാണ് നോട്ടുനിരോധനം വന്നത്. കാർഷികോൽപാദനത്തിൽ നേരിയ വർധനയുണ്ടായപ്പോൾപോലും പണലഭ്യതയിലുണ്ടായ കുറവും ഗ്രാമീണ ചോദനത്തിലുണ്ടായ അപചയവുംമൂലം തങ്ങളുടെ ഉൽപന്നങ്ങൾക്കു ശരിയായ വില ലഭിക്കാത്ത അവസ്ഥയിലേക്ക് കർഷകൻ എറിയപ്പെട്ടു. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില തന്നെയും കർഷകന് പര്യാപ്തമായിരുന്നില്ല. ആഗോള അനലിറ്റിക്കൽ സ്ഥാപനമായ ക്രിസിലിെൻറ കണക്കുപ്രകാരം 2009നും 2013നും ഇടയിൽ താങ്ങുവിലയിലുണ്ടായ വാർഷിക ശരാശരി വർധന 19.3 ശതമാനമായിരുന്നുവെങ്കിൽ 2014നും 2017നും ഇടയിൽ അത് 3.6 ശതമാനം മാത്രമായിരുന്നു. ഇതാകട്ടെ, സർക്കാർ ജീവനക്കാരുടെ ഡി.എ വർധനയെക്കാളും താഴെയായിരുന്നു.
2018െൻറ ഒടുവിലെത്തുമ്പോൾ നമ്മൾ കണ്ടത് ഉള്ളിയും തക്കാളിയും നടുറോഡിലേക്ക് വലിച്ചെറിയുന്ന കർഷകനെയായിരുന്നു. പഠനങ്ങൾ ചൂണ്ടിക്കാണിച്ചപോലെ കർഷകെൻറ വരുമാനം കൃഷിച്ചെലവ് താങ്ങാൻപോലും പര്യാപ്തമല്ലാതായി. 86 ശതമാനം കർഷക ആത്മഹത്യകളുടെയും കാരണമായി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ചൂണ്ടിക്കാണിച്ചത് കടബാധ്യതയായിരുന്നു. കാർഷിക കടങ്ങളും കർഷക ആത്മഹത്യകളും പുതുവാർത്തകളല്ലെങ്കിലും 2017 മാർച്ചിലും 2018 സെപ്റ്റംബറിലും ഉണ്ടായ കർഷക മുന്നേറ്റങ്ങൾ പുതിയ മാനം കൈവരിക്കുന്നവയായിരുന്നു. 2018െൻറ ഒടുവിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിർണായകമായത് കർഷക അസംതൃപ്തിയായിരുന്നു. പുതുതായി ഭരണമേറ്റ സംസ്ഥാന സർക്കാറുകൾ കാർഷിക കടങ്ങൾ എഴുതിത്തള്ളും എന്ന തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം, ധനകമ്മി വർധിപ്പിക്കുമെങ്കിൽക്കൂടി നടപ്പാക്കാൻ തീരുമാനിച്ചതും അതുകൊണ്ടാണ്. എന്നാൽ, 2017ൽ കാർഷികകടം എഴുതിത്തള്ളാൻ തീരുമാനിച്ച മഹാരാഷ്ട്രയുടെ അനുഭവം കാണിക്കുന്നത് കടം എഴുതിത്തള്ളിയതുകൊണ്ടു മാത്രം കർഷകെൻറ ദയനീയാവസ്ഥക്കു അറുതിയുണ്ടാക്കാൻ കഴിയില്ലെന്നാണ്. കർഷകന് വരുമാനസ്ഥിരത നൽകുന്ന നടപടികളും പദ്ധതികളുമാണ് ഉണ്ടാകേണ്ടത്.
ഗ്രാമീണ വരുമാനത്തിലുണ്ടായ കുറവും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ നടപ്പാക്കിയ ചരക്കുസേവന നികുതിയും വ്യവസായ മേഖലയുടെ വളർച്ച തടയാൻ പര്യാപ്തമായിരുന്നുവെന്ന വസ്തുതയിലേക്കാണ് മേഖലയുടെ താഴ്ന്ന വളർച്ച വിരൽചൂണ്ടുന്നത്. വ്യവസായികോൽപാദന സൂചികയുടെ 2018 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ കാണിക്കുന്നത് ജൂൺ, ജൂലൈ ഒഴിച്ച് എല്ലാ മാസത്തിലും വളർച്ച അഞ്ചു ശതമാനത്തിൽ താഴെയായിരുന്നുവെന്നാണ്. ചരക്കുസേവന നികുതി നിരക്കിൽ 2018ൽ വരുത്തിയ കൂട്ടലും കിഴിക്കലുംതന്നെ ഗൃഹപാഠത്തിെൻറ അപര്യാപ്തത വ്യക്തമാക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിെൻറ അനന്തരഫലമെന്നോണം പാർലമെൻറ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സർക്കാർ തങ്ങൾക്കു ഭൂരിപക്ഷമുള്ള ജി.എസ്.ടി കൗൺസിൽ വഴി നിരക്കിൽ നേരിയ മാറ്റം വരുത്താൻ ഒരുങ്ങിയതായിരുന്നു ഏറ്റവും ഒടുവിലെ വാർത്ത.
ആഭ്യന്തര ഉൽപാദനത്തിലുണ്ടാകുന്ന വർധനയെക്കാളും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പ്രാധാന്യമാർജിക്കുന്നതാണ് മൂലധന രൂപവത്കരണം. ഭാവി വളർച്ച നിർണയിക്കുന്ന മൂലധന രൂപവത്കരണം 2015-16ൽ ആഭ്യന്തര ഉൽപാദനത്തിെൻറ 32.3 ശതമാനമായിരുന്നു. 2016-17ൽ ഇത് 30.6 ശതമാനമായി കുറഞ്ഞു. 2018 രണ്ടാം പാദത്തിലെ കണക്കുപ്രകാരം മൊത്ത സ്ഥിര മൂലധന രൂപവത്കരണം ആഭ്യന്തരോൽപാദനത്തിെൻറ 29.2 ശതമാനമാണ്. അതായത്, ഇപ്പോഴുള്ള ആഭ്യന്തരോൽപാദന വളർച്ചനിരക്കു തന്നെ ഉപഭോഗവർധനമൂലം ഉണ്ടായതാണ്, മൂലധനനിക്ഷേപം മൂലം ഉണ്ടായതല്ല. കുറഞ്ഞ മൂലധന നിക്ഷേപം വിരൽചൂണ്ടുന്നത് ഭാവിയിലെ വളർച്ചമാന്ദ്യത്തിലേക്കു മാത്രമല്ല, വരുംവർഷങ്ങളിൽ വിലവർധനക്കുള്ള സാധ്യതയിലേക്കുകൂടിയാണ്.
രൂപയുടെ മൂല്യം റെക്കോഡ് വേഗത്തിൽ തകർന്ന ഒരു വർഷമായിരുന്നു 2018. 2018 ഏപ്രിലിൽ ഒരു അമേരിക്കൻ ഡോളറിെൻറ ശരാശരി വില 65 രൂപ 63 പൈസയായിരുന്നത് ജൂലൈയിൽ 68 രൂപ 74 പൈസയിലെത്തി. ഒക്ടോബർ 31 ആയപ്പോഴേക്കും ഡോളർ വില റെക്കോഡ് ഭേദിച്ച് 74 രൂപ എട്ടു പൈസയിലെത്തി. അതിനുശേഷം സ്ഥിതി അൽപം മെച്ചപ്പെട്ടെങ്കിലും ഇതെഴുതുന്ന സമയത്തും 70 രൂപ 14 പൈസയാണ് ഒരു ഡോളറിെൻറ വില. അസംസ്കൃത എണ്ണയുടെ വിലയിലെ വർധനയും കയറ്റുമതിയിൽ കാര്യമായ വർധനയുണ്ടാകാത്തതും വിദേശ നിക്ഷേപകർ പിന്മാറിയതും രൂപയുടെ മൂല്യത്തകർച്ചക്ക് കാരണമായപ്പോൾതന്നെ രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ റിസർവ് ബാങ്ക് വരുത്തിയ കാലവിളംബവും രൂപ കൂപ്പുകുത്തുന്നതിനു കാരണമായി. 2018 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകർ ഷെയർ മാർക്കറ്റിൽനിന്ന് പിൻവലിച്ചത് ഇതേ കാലയളവിൽ നിക്ഷേപിച്ച തുകയെക്കാൾ 23,707 കോടി രൂപ അധികമായിരുന്നു. ക്ഷീണിതമായ പ്രതീക്ഷകളും ഇടിഞ്ഞുകൊണ്ടിരുന്ന രൂപയും ഷെയർ മാർക്കറ്റിലെ കയറ്റിറക്കങ്ങളും നിക്ഷേപശോഷണത്തിന് ആക്കംകൂട്ടിയപ്പോൾ ദുർബലമായ രൂപ വീണ്ടും ദുർബലമാകുകയാണ് ചെയ്തത്.
അന്താരാഷ്ട്ര ഇന്ധനവിലയിൽ വന്ന വർധന ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിച്ചപ്പോൾതന്നെ അന്താരാഷ്ട്ര വർധനയെക്കാളും ഉയർന്ന തോതിലായിരുന്നു 2018ൽ ആഭ്യന്തര കമ്പോളത്തിലുണ്ടായ പെട്രോൾ-ഡീസൽ വിലവർധന. പെട്രോളിെൻറയും ഡീസലിെൻറയും നികുതിയിൽ കുറവ് വരുത്തണമെന്നും ഇന്ധനവില നിർണയിക്കാൻ പെട്രോളിയം കമ്പനികൾക്കു നൽകിയ അധികാരം എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് സമരവേലിയേറ്റംതന്നെ 2018ൽ ഉണ്ടായി. ഇതിനെ തുടർന്ന് പെട്രോൾ-ഡീസൽ വിലയിൽ കേന്ദ്ര സർക്കാർ ലിറ്ററിന് രണ്ടു രൂപ കുറവ് വരുത്തിയത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. എന്നാൽ, ഇപ്പോഴും പെട്രോളിനും ഡീസലിനും സർക്കാർ വസൂലാക്കുന്ന നികുതി 55 ശതമാനത്തിലേറെ വരും. ആഗോള താപനം ചെറുക്കാനും ഫോസിൽ ഇന്ധന ഉപഭോഗം കുറക്കാനും ബ്രിട്ടീഷ് സർക്കാർ നിയമിച്ച സ്റ്റേൺ കമ്മിറ്റി വിവിധ രാജ്യങ്ങളിലെ ഇന്ധനനികുതി 25 ശതമാനമെങ്കിലുമായി വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇന്ത്യയിലെ നികുതി 50 ശതമാനത്തിലേറെയാണെന്നും ഉയർന്ന നികുതി കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും 2016ലെ ഇക്കണോമിക് സർവേയിൽ അവകാശപ്പെട്ട സർക്കാറിൽനിന്ന് ഇന്ധന നികുതിയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് 2018 നൽകുന്ന സൂചന.
ഇന്ത്യയെ മുഴുവൻ ഞെട്ടിച്ച വ്യാപക ബാങ്ക് തട്ടിപ്പുകൾ പുറത്തുവന്നത് 2018ലായിരുന്നു. െകാൽക്കത്തയിലെ സ്വർണവ്യാപാരിയായ നിലേഷ് പരേഖിെൻറ 12,000 കോടി രൂപയുടെ തട്ടിപ്പും വജ്രവ്യാപാരിയായ നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും 14,000 കോടി രൂപയുടെ തട്ടിപ്പും പുറംലോകം അറിയുന്നത് ഈ വർഷമായിരുന്നു. ഇവർ ഇന്ത്യ വിട്ടതും അതേത്തുടർന്ന് വന്ന ആരോപണങ്ങളും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ നൈതികത ചോദ്യംചെയ്യുന്നതായിരുന്നപ്പോൾതന്നെ, തുടർച്ചയായ ബാങ്ക് തട്ടിപ്പുകൾ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയുടെ ദൗർബല്യത്തെയാണ് പുറത്തുകൊണ്ടുവന്നത്. ബാങ്കുകളിൽ നിന്നെടുക്കുന്ന ലോണുകളുടെ തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ ലോൺ എടുക്കുന്നയാളുടെ സ്വത്തുക്കൾ ലേലംചെയ്ത് ലോൺ വസൂലാക്കാനുള്ള അധികാരം വാണിജ്യ ബാങ്കുകൾക്കു 2002ൽ നിലവിൽവന്ന സർഫാസി നിയമം നൽകിയിരുന്നെങ്കിൽകൂടിയും വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്കു മുന്നിൽ നിയമങ്ങൾ മുട്ടുമടക്കുകയായിരുന്നു.
റിസർവ് ബാങ്കിെൻറ കണക്കനുസരിച്ച് ഇന്ത്യൻ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 4,40,000 കോടി രൂപയുടേതാണ്. ഇതിെൻറ 90 ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണ്. ഇതിൽ ഭൂരിഭാഗവും വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുടേതുമാണ്. 180 ദിവസം വരെ തിരിച്ചടവ് മുടങ്ങുന്ന കടങ്ങൾ പാപ്പർ കോടതികൾക്ക് (Bankruptcy Court) വിടുകയോ അല്ലെങ്കിൽ തീരുമാനപ്പെടുത്തുകയോ വേണമെന്നു നിർദേശിച്ച് റിസർവ് ബാങ്ക് ഇറക്കിയ വിജ്ഞാപനം കേന്ദ്ര സർക്കാറിനെ ചൊടിപ്പിക്കാൻ പോന്നതായി. റിസർവ് ബാങ്കിെൻറ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിെൻറ ഇടപെടലുകൾ കൂടുതൽ വഷളായിത്തുടങ്ങിയത് 2018 ഫെബ്രുവരിയോടെയായിരുന്നു. പലിശനിരക്കുകൾ കുറക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളിയ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടിയാണ് പ്രതികരിച്ചത്. ഇതോടൊപ്പംതന്നെയായിരുന്നു ബാങ്കിെൻറ ലാഭവിഹിതത്തിൽനിന്നുള്ള തങ്ങളുടെ വിഹിതം വർധിപ്പിക്കണമെന്ന സർക്കാർ ആവശ്യവും റിസർവ് ബാങ്ക് തള്ളിയത്. ബാങ്കിെൻറമേൽ പിടിമുറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണം ഡെപ്യൂട്ടി ഗവർണറായിരുന്ന നചികേത് മോറിനെ ഡയറക്ടർ ബോർഡിൽനിന്ന് മാറ്റി സംഘ്പരിവാറുകാരനും ഭാരതീയ വിചാർസംഘത്തിെൻറ കൺവീനറുമായ ഗുരുമൂർത്തിയെ 2018 സെപ്റ്റംബറിൽ ഡയറക്ടർ ബോർഡിലേക്ക് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു.
ബാങ്കിങ്ങിതര പണമിടപാട് സ്ഥാപനങ്ങൾക്ക് അവയുടെ പണദൗർലഭ്യം പരിഹരിക്കുന്നതിനുള്ള സഹായം റിസർവ് ബാങ്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് റിസർവ് ബാങ്കിനു യോജിക്കാനായില്ല. ഇതിനും പുറമെയായിരുന്നു റിസർവ് ബാങ്കിെൻറ കരുതൽശേഖരത്തിൽനിന്ന് മൂന്നര ലക്ഷം കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാർ നിർദേശം ബാങ്ക് തള്ളിയത്. നവംബർ ആയപ്പോഴേക്കും കേന്ദ്ര സർക്കാറിെൻറ ധനകമ്മി 3.3 ശതമാനത്തിലെത്തിയിരുന്നു. വർധിച്ചുവരുന്ന ധനകമ്മി കുറച്ചുകൊണ്ടുവരുന്നതിന്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ, സർക്കാർ കണ്ടുപിടിച്ച എളുപ്പമാർഗമായിരുന്നു കേന്ദ്രബാങ്കിെൻറ കരുതൽശേഖരത്തിൽനിന്നുള്ള പണം. റിസർവ് ബാങ്ക് കരുതൽധനം സൂക്ഷിക്കേണ്ടത് അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനാണെന്നിരിക്കെ, കേന്ദ്ര സർക്കാർ തീരുമാനത്തെ അംഗീകരിക്കുക രാജ്യതാൽപര്യങ്ങൾക്ക് എതിരാണെന്ന തിരിച്ചറിവാണ് റിസർവ് ബാങ്കിനെ കേന്ദ്രത്തിെൻറ ആവശ്യം തിരസ്കരിക്കാൻ പ്രേരിപ്പിച്ചതെങ്കിലും, പ്രത്യക്ഷഫലം റിസർവ് ബാങ്ക് ഗവർണറായ ഉർജിത് പട്ടേലിെൻറ രാജിയായിരുന്നു. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാറുകൾ സ്ഥിരമല്ലെന്നും അതുകൊണ്ടുതന്നെ താൽക്കാലികാവശ്യങ്ങൾക്കുവേണ്ടി വ്യവസ്ഥാപിത സ്ഥാപനങ്ങൾക്കുമേൽ പിടിമുറുക്കാനും അവയെ തങ്ങളുടെ വരുതിയിൽ നിർത്താനുമുള്ള ശ്രമങ്ങൾ ചെറുത്തുതോൽപിക്കപ്പെടേണ്ടതാണെന്നും ഉള്ളതായിരിക്കും ഒരുപേക്ഷ 2018 നൽകുന്ന പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.