നോട്ട് അസാധു പ്രഖ്യാപനത്തിന് രണ്ടു മാസം പൂര്‍ത്തീകരിക്കുമ്പോള്‍ രാജ്യം സാമ്പത്തിക അരാജകത്വത്തിലേക്കും മാന്ദ്യത്തിലേക്കും നീങ്ങിയിരിക്കുന്നു. ഈ അവസ്ഥക്ക് ഒരു പരിഹാരനിര്‍ദേശവും പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളിലില്ല. രാഷ്ട്രീയ പ്രസംഗത്തിലൂടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദി. സാമ്പത്തികശാസ്ത്രത്തിന്‍െറ പിന്‍ബലമോ അനുഭവങ്ങളുടെ പിന്‍ബലമോ അദ്ദേഹത്തിന്‍െറ പ്രസംഗങ്ങളില്‍ കാണാന്‍ കഴിയില്ല. നോട്ട് പിന്‍വലിച്ചതിന്‍െറ അടുത്തദിവസങ്ങളില്‍തന്നെ നടപടിയെ വിശ്വപ്രസിദ്ധരായ അമര്‍ത്യ സെന്‍, പ്രഭാത് പട്നായിക്, അരുണ്‍കുമാര്‍ തുടങ്ങിയ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചോദ്യംചെയ്തു. അവരുടെ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശകരായ നിതി ആയോഗിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആരും മറുപടി പറഞ്ഞില്ല. 

കള്ളപ്പണം നിര്‍ത്തലാക്കുക, അഴിമതി അവസാനിപ്പിക്കുക, കള്ളനോട്ട് നശിപ്പിക്കുക, തീവ്രവാദികളെ നേരിടുക എന്നീ നാലു ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ഇവയില്‍ ഒരു ലക്ഷ്യം പോലും നേടിയില്ല. മാത്രമല്ല, രാജ്യത്തെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയില്‍ എത്തിക്കുകയും ചെയ്തു. കള്ളപ്പണത്തില്‍ കേവലം ഒരു ശതമാനമൊഴിച്ച് ബാക്കി മുഴുവന്‍ അനധികൃതമെന്ന് പറയാവുന്ന രീതിയില്‍ സ്വര്‍ണമായും ഭൂമിയായും മറ്റു സ്ഥാവരവസ്തുക്കളായും വിദേശത്താണ് സൂക്ഷിക്കപ്പെടുന്നതെന്ന്  ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ഈ അനധികൃത പണവും സമ്പാദ്യവുമൊക്കെ ഉല്‍പാദനപ്രവര്‍ത്തനങ്ങളിലും കച്ചവടങ്ങളിലും സഞ്ചരിക്കും. അവ വീണ്ടും വീണ്ടും കള്ളപ്പണത്തെ പുനരുല്‍പാദിപ്പിക്കും. നോട്ട് പിന്‍വലിക്കല്‍ നടപടികൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. അതുപോലെ, കള്ളപ്പണം വെള്ളപ്പണമായിട്ടും മറിച്ചും പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കും.

കൈക്കൂലി വാങ്ങുന്നവര്‍ ഇപ്പോഴും അതു ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ നോട്ടിലൂടെ ആണെന്നുമാത്രം. എന്നാല്‍, രാജ്യത്ത് 400 കോടി രൂപയുടെ കള്ളനോട്ടേ ഉള്ളൂ എന്നാണ് റിസര്‍വ് ബാങ്കിന്‍െറ കണക്ക്. ഇത് നിസ്സാര തുകയാണ്. ശരാശരി ഒരു വര്‍ഷത്തില്‍ 70 കോടി രൂപയില്‍ കൂടുതല്‍ കള്ളനോട്ട് പാകിസ്താനില്‍നിന്ന് ഇങ്ങോട്ടു വന്നിട്ടില്ളെന്നും റിസര്‍വ് ബാങ്ക് പറയുന്നു. ഇതിനുവേണ്ടിയാണ് ലക്ഷക്കണക്കിന് കോടി രൂപ നഷ്ടം വരുന്ന നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതെന്നു കരുതുക വിഷമമാണ്. തീവ്രവാദം നേരിടാന്‍കൂടിയാണ് നോട്ട് പിന്‍വലിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്. കശ്മീരില്‍ വെടിയേറ്റുമരിച്ച തീവ്രവാദിയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്തത് പുതിയ 2000 രൂപയുടെ നോട്ടുകളാണ് എന്നതുതന്നെ ഈ അസംബന്ധത്തിനു തെളിവ്. അന്താരാഷ്ട്ര കമ്പോളത്തില്‍ കൈമാറ്റം ചെയ്യാവുന്ന ഹാര്‍ഡ് കറന്‍സികളാണ് തീവ്രവാദികള്‍ക്ക് ഏറ്റവും നല്ല വിനിമയ ഉപാധി. ഇങ്ങനെ എല്ലാ ലക്ഷ്യത്തിലും പരാജയപ്പെട്ട നോട്ട് പിന്‍വലിക്കല്‍, രാജ്യത്തെ വന്‍ സാമ്പത്തിക അരാജകത്വത്തിലേക്കും മാന്ദ്യത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.  ഇനി ഇപ്പോള്‍ സമ്പദ്ഘടന എവിടെ നില്‍ക്കുന്നുവെന്നു നോക്കാം. കൃഷി, വ്യവസായം, സേവനമേഖലകളെ മുഴുവന്‍ നോട്ടുക്ഷാമം ബാധിച്ചു. ഇതിന്‍െറ ഫലമായി ചരക്കുകളും സേവനങ്ങളും ഉല്‍പാദിപ്പിക്കുന്നത് ഗണ്യമായി കുറഞ്ഞു. കൃത്യമായ കണക്കുകളുടെ അഭാവത്തില്‍, സൂചകങ്ങളായ ചില കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രം ഇതു വ്യക്തമാകും. തമിഴ്നാട്ടിലെ വ്യവസായ നഗരങ്ങളായ തിരുപ്പൂരിലും കോയമ്പത്തൂരിലും നാലുലക്ഷം വീതം തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ ആറുലക്ഷം പേര്‍ക്കു ജോലി ഇല്ലാതായപ്പോള്‍ നാലുലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ മോര്‍ ബിയില്‍നിന്ന് പണി നഷ്ടപ്പെട്ട് തിരിച്ചുപോയി. കേരളത്തില്‍ ജോലിചെയ്യുന്ന 25 ലക്ഷത്തോളം വരുന്ന മറുനാടന്‍ തൊഴിലാളികളില്‍ നല്ളൊരു ഭാഗത്തിന് ജോലി നഷ്ടമായി എന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍െറ സി.പി. ചന്ദ്രശേഖര്‍ കമ്മിറ്റി കണ്ടത്തെി. ഏറ്റവും കൂടുതല്‍ പണം വ്യവഹാരത്തിന് ഉപയോഗിക്കുന്ന ചെറുകിട കച്ചവടം, ഹോട്ടലുകള്‍, ഗതാഗതമേഖല എന്നിവ വലിയ തകര്‍ച്ചയെ നേരിടുകയാണ്. ഇതിന്‍െറ ഫലമായി 40 ശതമാനം വരുന്ന സാമ്പത്തികരംഗം പ്രതിസന്ധിയിലാണ്. രൂപയായി കൂലികൊടുക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, തോട്ടം മേഖലകളും വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലാണ്. 

അസംഘടിത മേഖല 
രാജ്യത്തെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ആകെ തൊഴിലെടുക്കുന്നവരില്‍ 90 ശതമാനം വരും. ഇവര്‍ എണ്ണത്തില്‍ 37 കോടിക്കു മുകളില്‍ വരും. അതില്‍ 23 കോടിയോളം പേര്‍ കാര്‍ഷിക മേഖലയിലും 14 കോടിയോളം പേര്‍ കാര്‍ഷികേതര അസംഘടിത മേഖലയിലും വരും. ഈ രണ്ടു വിഭാഗങ്ങളില്‍പെട്ടവരില്‍ മൂന്നില്‍ ഒന്നു ഭാഗം തൊഴിലാളികള്‍ക്ക് കഴിഞ്ഞ 50 ദിവസങ്ങളായി തൊഴില്‍ ഇല്ളെങ്കില്‍ ദേശീയ വരുമാനത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയുടെ നഷ്ടം ഇതോടെ വന്നിട്ടുണ്ടാകും. ഇത് ആകെ ദേശീയ വരുമാനത്തിന്‍െറ രണ്ടു ശതമാനമാണ്. അസംഘടിത മേഖലയെക്കുറിച്ച് പഠിച്ച ദേശീയ കമീഷന്‍െറ കണക്കനുസരിച്ച് 2004-05ല്‍ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്‍െറ പകുതിയും ഉല്‍പാദിപ്പിക്കപ്പെട്ടത് അസംഘടിത മേഖലയിലാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ നോട്ട് പിന്‍വലിക്കല്‍ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ മേഖലയെയാണ്. ഈ മേഖലയില്‍ കാര്‍ഷികരംഗത്തെ പ്രശ്നങ്ങള്‍ ഇപ്പോള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെമ്പാടും ഖരീഫ് വിളയെടുത്തുകഴിഞ്ഞ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് ഇടനിലക്കാരായ വന്‍കിട കച്ചവടക്കാര്‍ രംഗത്തത്തെിയിരിക്കുകയാണ്. വ്യാപാരം കൂടുതലും കടമായി നടക്കുന്നു. അതിനാല്‍ റബി കൃഷി തുടങ്ങുന്നതിന് പണമില്ലാത്ത സാഹചര്യത്തിലാണ് നല്ളൊരു വിഭാഗം കര്‍ഷകര്‍.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ബാങ്കുകള്‍തന്നെയും സാമ്പത്തിക അരാജകത്വത്തില്‍ അകപ്പെട്ടിരിക്കുകയാണ് എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. കേന്ദ്ര സര്‍ക്കാറിന്‍െറ ആകെ കമ്മി കഴിഞ്ഞ ബജറ്റില്‍ കണക്കാക്കിയതിന്‍െറ 86 ശതമാനം ആയിക്കഴിഞ്ഞു. ഇപ്പോള്‍തന്നെ റവന്യൂ കമ്മി ബജറ്റ് കണക്കിന്‍െറ 90 ശതമാനമായിരിക്കുന്നു. ഇനിയുള്ള മൂന്നുമാസത്തില്‍ കമ്മി ക്രമാതീതമായി വര്‍ധിക്കാനുള്ള സാധ്യതയാണിപ്പോള്‍. ഇതിന്‍െറ ഫലമായി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ബുദ്ധിമുട്ടും. നോട്ട് പിന്‍വലിക്കല്‍ നടപടിക്കായി ഇതുവരെ ചെലവായത് 1,28,000 കോടി രൂപയാണ് എന്നാണ് കണക്ക്. ഇത് കേന്ദ്ര സര്‍ക്കാറിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ഇനിയും എട്ടുലക്ഷം കോടി രൂപയോളം അച്ചടിച്ച് വിതരണം ചെയ്യേണ്ടിവരും. അതിനു പിന്നെയും ചെലവുണ്ടാകും. ഇതിനെല്ലാമുപരിയായി നോട്ട് പിന്‍വലിച്ചതിന്‍െറ ഫലമായി കേന്ദ്ര സര്‍ക്കാറിന് വന്‍ പലിശബാധ്യതയാണുണ്ടായിരിക്കുന്നത്. ജനങ്ങള്‍ ബാങ്കില്‍ തിരിച്ചുനിക്ഷേപിച്ച പണത്തിന് സര്‍ക്കാര്‍ പലിശ നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. ബാങ്കുകളില്‍ തിരിച്ചത്തെിയ പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്കു നല്‍കുന്നത്. ഈ സെക്യൂരിറ്റികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പലിശ നല്‍കണം. എന്നാല്‍, നിക്ഷേപിക്കപ്പെട്ട പണം സര്‍ക്കാര്‍ ചെലവുകള്‍ക്കു ലഭിക്കുകയുമില്ല. ഈ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തിരിച്ച് പണമായി കമ്പോളത്തില്‍ എത്തുന്നതുവരെ സര്‍ക്കാര്‍ പലിശ സഹിക്കണം. ഈ ബാധ്യത സര്‍ക്കാറിന്‍െറ സാമ്പത്തിക നിലയെ ബാധിക്കും. സര്‍ക്കാറിന്‍െറ നികുതി വരുമാനം കഴിഞ്ഞമാസം വര്‍ധിച്ചു എന്ന കേന്ദ്ര ധനമന്ത്രിയുടെ വാദത്തില്‍ കഴമ്പില്ല. നികുതി കുടിശ്ശിക പിന്‍വലിച്ച നോട്ടുകളില്‍ അടച്ചതുവഴി താല്‍ക്കാലികമായി കൂടുതല്‍ നികുതി അടക്കപ്പെട്ടതുമൂലം ഉണ്ടായ വര്‍ധനമാത്രമാണ് അത്. സംസ്ഥാന സര്‍ക്കാറുകളുടെ വില്‍പന നികുതി വരുമാനം ഗണ്യമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
കൂടുതല്‍ പണം ബാങ്കില്‍ എത്തിയതിനാല്‍ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ കഴിയുമെന്നും പലിശനിരക്ക് കുറയുമെന്നുമാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം. എന്നാല്‍, പലിശനിരക്ക് കുറഞ്ഞാലും വായ്പ കൂടുതല്‍ എടുക്കാന്‍ ആളുകള്‍ മുന്നോട്ടുവരുകയില്ല. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയില്‍ വായ്പ കൂടുതല്‍ കൊടുക്കാന്‍ കഴിയില്ല എന്ന് ബാങ്കുകള്‍തന്നെ പറഞ്ഞുകഴിഞ്ഞു. വ്യാപാര-വ്യവസായ മേഖലകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മാന്ദ്യം വായ്പ വര്‍ധിപ്പിക്കാന്‍ ഒട്ടും സഹായകരമല്ല. പലിശ മാത്രമല്ല വായ്പയുടെ നിര്‍ണായകമായ ഘടകം. ലാഭസാധ്യതയും നിക്ഷേപസാധ്യതയുമാണ് വായ്പയെ നിര്‍ണയിക്കുന്നത്. സ്വകാര്യമേഖലക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വായ്പ എടുക്കുന്നതിന് പരിമിതിയുണ്ട്. വായ്പ കൊടുക്കുന്നതിന് ബാങ്കുകള്‍ക്കും പരിമിതിയുണ്ട്. 

പണരഹിത വ്യവഹാരം
ആദ്യം പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് പണത്തിന്‍െറ ഉപയോഗം കുറക്കുന്നതിനാണ് നോട്ടുകള്‍ നിര്‍വീര്യമാക്കിയതെന്നാണ്. പണരഹിത വ്യവഹാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നോട്ട് പിന്‍വലിക്കേണ്ട ആവശ്യമില്ല. പണരഹിത വ്യവഹാരങ്ങള്‍ വര്‍ധിക്കുന്നതനുസരിച്ച് സ്വാഭാവികമായിത്തന്നെ നോട്ടുകള്‍ പ്രചാരത്തില്‍നിന്ന് പിന്മാറും. അഞ്ചുകോടിയോളം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തെ ദരിദ്രകര്‍ഷകരുടെ എണ്ണം 20 കോടിയാണ്. ഇങ്ങനെ തികച്ചും അവികസിതമായ ഒരു സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പണരഹിത വ്യവസ്ഥ സ്ഥാപിക്കാമെന്നു കരുതുന്നവര്‍ക്ക് സാമ്പത്തികശാസ്ത്രത്തിന്‍െറ ബാലപാഠംപോലും അറിയില്ല എന്നാണര്‍ഥം. ലോകത്തിലെ ഏറ്റവും മികച്ച മുതലാളിത്തരാജ്യമായ അമേരിക്കയില്‍പോലും സാമ്പത്തിക വ്യവഹാരങ്ങളില്‍ പകുതിയോളം നടക്കുന്നത് കറന്‍സിയുടെ സഹായത്താലാണ്. ഇന്ത്യയെക്കാള്‍ എത്രയോ മടങ്ങ് വികസിച്ച ചൈനയില്‍ 90 ശതമാനം സാമ്പത്തിക വ്യവഹാരങ്ങളിലും പണമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ എട്ടു ശതമാനം ജനങ്ങള്‍ക്കാണ് ഡെബിറ്റ് കാര്‍ഡുള്ളത്. കേവലം മൂന്നുശതമാനം ആളുകള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡുള്ളത്. ഗ്രാമീണ മേഖലയില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടുള്ളത്. സാമ്പത്തിക വ്യാപാരങ്ങള്‍ പണരഹിതമാക്കണമെങ്കില്‍ ആദ്യമായി വേണ്ടത് മെച്ചപ്പെട്ട സമ്പദ്ഘടന വളര്‍ത്തിയെടുക്കുക എന്നതാണ്. അതിനു ശ്രമിക്കാതെ അധികാരം ഉപയോഗിച്ച് പണരഹിത സമ്പദ്ഘടന ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയാവും ഫലം.
 
Tags:    
News Summary - indian economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.