പൊതുമേഖല ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിന് കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെയും നികുതിവെട്ടിച്ചും രാജ്യത്തെ കബളിപ്പിച്ച ശേഷം വിദേശരാജ്യങ്ങളിൽ സുഖവാസം നടത്തുന്ന ഇന്ത്യൻ കോർപറേറ്റുകൾ നിരവധിയുണ്ടല്ലോ. അതിൽപ്പെട്ട മെഹുൽ ചോക്സി, അനന്തരവൻ നീരവ് മോദി,കിങ്ഫിഷർ ഗ്രൂപ് ഉടമ വിജയ് മല്യഎന്നിവർ ഏറക്കുറെ ഇന്ത്യൻ ഗവൺമെൻറിെൻറ കസ്റ്റഡിയിലാക്കപ്പെട്ട നിലയിലായിട്ടുണ്ട്. എന്നിരിക്കിലും അവർക്കെന്തു സംഭവിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും. ഇത്തരം വൻ വെട്ടിപ്പുകാർക്ക് വഴികാട്ടിയായി, അതിലേറെ വിദഗ്ധമായ പ്രവർത്തനമാതൃകകളിലൂടെ രാജ്യംവിട്ട മറ്റൊരു കോർപറേറ്റ് വമ്പനെപ്പറ്റി ഇപ്പോൾ അധികമൊന്നും പറഞ്ഞുകേൾക്കാറില്ല. സു രാജ് ഡയമണ്ട് എന്ന രത്നവ്യാപാര കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജതിൻ മേത്തയെപ്പറ്റി!. ഓഹരിവിപണികളിൽ വലിയ സ്വാധീനം നേടിയെടുക്കുന്നതിൽ വിജയം കണ്ട ഈ രത്നവ്യാപാരി ഡയമണ്ട് നിർമാണത്തിൽ പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കിയെന്ന് പ്രചരിപ്പിച്ചാണ് ഈ പ്രാമുഖ്യമെല്ലാം കൈവരിച്ചത്.
സ്വന്തം പരീക്ഷണശാലകളിലെ മനുഷ്യനിർമിത രത്നങ്ങൾ, പ്രകൃതിയിൽനിന്ന് ഖനനം ചെയ്തെടുക്കുന്നവയേക്കാൾ ചെലവുകുറഞ്ഞതും ആകർഷകവുമാണെന്നും അവയുടെ വൻതോതിലെ 'നിർമാണം' അമേരിക്കയിലെയും ഫിലിപ്പീൻസിലെയും ഫാക്ടറികളിൽ നടന്നുവരുന്നുണ്ടെന്നുമായിരുന്നു പ്രചാരണം. ഇതിനെല്ലാം നേതൃത്വം വഹിച്ചിരുന്നത് 1985ൽ സ്ഥാപിതമായ, ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയിരുന്ന, വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി ലിമിറ്റഡ് എന്ന രജിസ്ട്രേഡ് സ്ഥാപനമായിരുന്നു. പബ്ലിക് ലിമിറ്റഡ് കമ്പനിയെന്ന നിലയിൽ സു രാജ് ഡയമണ്ട് (ഇന്ത്യ) ലിമിറ്റഡ് സ്വന്തം മകെൻറ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
2001ൽ ഇതിെൻറ പേര് സുരാജ് ഡയമണ്ട്സ് ആൻഡ് ജ്വല്ലറി ലിമിറ്റഡ് എന്നാക്കി മാറ്റി. എന്തിനുവേണ്ടിയാവും ഈ പേരുമാറ്റം എന്ന് അക്കാലത്തുതന്നെ സംശയമുയർന്നിരുന്നെങ്കിലും അധികാരികൾ ഗൗനിച്ചില്ല. ബെൽജിയത്തിലെ ആൻഡ്വെർപ് ആസ്ഥാനമായ ഇൻറർനാഷനൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇതിനിടെ അവർക്ക് കിട്ടിയ 1000 രത്നങ്ങളടങ്ങിയ പാക്കേജ് പരീക്ഷണവിധേയമാക്കിയപ്പോൾ കണ്ടെത്തിയത്, പ്രകൃതിലഭ്യമായ ഡയമണ്ട്സ് എന്ന ലേബലോടും അതിനനുസരിച്ചുള്ള വിലയോടുമുള്ള ഇവയിലേറെയും മനുഷ്യനിർമിതമായിരുന്നെങ്കിലും മോശമില്ലാത്ത ഗുണമേന്മയുള്ളവയായിരുന്നു എന്നായിരുന്നുവത്രെ. ഈ കൃത്രിമ രത്നങ്ങൾ അയച്ചിരുന്നത് മേത്തയുടെ സുരാജ് ഡയമണ്ട്സ് ആൻഡ് ജ്വല്ലറിയുെട ന്യൂയോർക് ഓഫിസിൽനിന്നായിരുന്നു. ആ സമയത്ത് അതിെൻറ പേര് വിൻസം ഡയമണ്ട്സ് എന്നായിരുന്നു. ഈ സ്ഥാപനം കുറേക്കാലം നല്ലനിലയിൽ പ്രവർത്തനം നടത്തിവന്നിരുന്നതുമാണ്.
രത്നവ്യാപാരത്തിൽ ആഗോളപ്രശസ്തി നേടാൻ കഴിഞ്ഞിരുന്ന വിൻസം ഡയമണ്ട്സിെൻറ ആസ്തി 2008ൽ 2200 കോടി രൂപയായിരുന്നത് 2012ൽ 6000 കോടിയായി കുതിച്ചുയരുകയും ചെയ്തു. എന്നാൽ, ഈ വജ്രത്തിളക്കം ഏറെനാൾ നീണ്ടുനിന്നില്ല. ജതിൻ മേത്തയുടെ വ്യവസായ-വ്യാപാര സാമ്രാജ്യം പൊടുന്നനെ കടക്കെണിയിലായി. 2013ൽ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷനൽ ബാങ്കും സെൻട്രൽ ബാങ്കും വിൻസം ഡയമണ്ട്സിെനയും അതിെൻറ സഹോദരസ്ഥാപനമായി അപ്പോഴേക്ക് പ്രശസ്തമായിരുന്ന ഫോർ എവർ പ്രെഷ്യസ് ജ്വല്ലറിയെയും 'വിൽഫുൾ ഡിഫാൾട്ടേഴ്സ്' വിഭാഗത്തിൽ ഉൾപ്പെടുത്തുകയും കടം വാങ്ങിയ മുതലും പലിശയും തിരിച്ചടക്കാതിരുന്നതിെൻറ പേരിൽ നിയമനടപടികൾക്ക് നോട്ടീസ് അയക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. വിൽഫുൾ ഡിഫാൾട്ടേഴ്സ് പട്ടികയിൽ ഒരു സ്ഥാപനം ഉൾപ്പെടുന്നത് കടം വാങ്ങിയ പണവും പലിശയും മനപ്പൂർവം തിരിച്ചടക്കാതിരിക്കുകയോ വായ്പ മൂലധനം ദിശമാറ്റം വരുത്തി ദുരുപയോഗം ചെയ്തെന്ന് കണ്ടുപിടിക്കപ്പെടുേമ്പാഴോ ആണ്. യഥാർഥത്തിലുള്ളതിലുമേറെ ലാഭമുെണ്ടന്ന് കൃത്രിമ കണക്കുണ്ടാക്കി ബാങ്കിങ് സ്ഥാപനത്തെ അധിക വായ്പ വാങ്ങി കബളിപ്പിച്ചാലും ഈ പട്ടികയിൽപ്പെടാം.
മൂന്നു പൊതുമേഖല ബാങ്കുകളടക്കം 15 വായ്പദാതാക്കളുടെ വക നിയമപരമായ നടപടികൾക്കും തുടക്കംകുറിക്കപ്പെട്ടു. 2013 മാർച്ച് മാസമായതോടെ, വിൻസം ഡയമണ്ട്സിെൻറ വിദേശ ഇടപാടുകാരും കുടിശ്ശിക തിരിച്ചടവിൽ വീഴ്ചവരുത്തി. ഇന്ത്യൻ ബാങ്കുകൾക്ക് ഇതുവഴിയുണ്ടായ കിട്ടാക്കടം 3800 കോടി രൂപേയാളമായിരുന്നു. ഫോർ എവർ പ്രെഷ്യസ് ജ്വല്ലറി തിരിച്ചടവ് വീഴ്ച വരുത്തിയത് 1700 കോടി രൂപയോളമായിരുന്നു എന്നും രേഖപ്പെടുത്തിക്കാണുന്നു.
ജതിൻ മേത്ത ഇൗ സമയമൊന്നും വെറുതെയിരിക്കുകയായിരുന്നില്ല. സിംഗപ്പൂരിൽ ലോകത്തിലേക്ക് ഏറ്റവും വലിയൊരു രത്നനിർമാണ ലാബും ബന്ധപ്പെട്ട ആന്തരഘടന സൗകര്യങ്ങളും സജ്ജമാക്കുകയും യു.എസ് ആസ്ഥാനമായി പ്രവർത്തനം നടത്തിവന്നിരുന്ന സമാനമായൊരു സ്ഥാപനത്തിെൻറ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയും ചെയ്തിരുന്നുവത്രെ. സ്വന്തം സാമ്രാജ്യം വ്യാപിക്കുന്നതോടൊപ്പം അദ്ദേഹം കരീബിയൻ സ്റ്റേറ്റുകളായ സെൻറ്കിറ്റ്സിലും നെവിസിലും പൗരത്വം സ്വീകരിക്കുകയും അതിനുശേഷം ദുബൈയിലേക്ക് കുടിയേറിപ്പാർക്കുകയും ചെയ്തു. വിദേശത്ത് പുത്രൻ വിശാൽ മേത്തയുടെ പേരിൽ രത്നനിർമാണ ലാബും ഇതിനിടെ സ്ഥാപിച്ചിരുന്നു.
രത്ന, രത്നവ്യവസായ മേഖലയിലെ പ്രമുഖ എക്സിക്യൂട്ടിവായ അനിൽ പ്രഭാകർ സുരാജ് ഡയമണ്ട്സിൽ ജോലിക്കു പ്രവേശിച്ചപ്പോൾ ഈ സ്ഥാപനം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിൽ ഒന്നാമതായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അക്കാലത്ത് ജതിൻ മേത്ത ധനകാര്യ മേഖല മാനേജ്മെൻറിൽ അങ്ങേയറ്റം അംഗീകാരം നേടിക്കഴിഞ്ഞിരുന്നതുമാണ്. അതുകൊണ്ടുതന്നെയായിരിക്കണം രത്ന, രത്നാഭരണ കയറ്റുമതി പ്രോത്സാഹന കൗൺസിൽ ചെയർമാൻ സ്ഥാനത്ത് നിയമിതനായതും. സമകാലീനനായി രംഗത്തുവന്ന മെഹുൽ ചോക്സിയേക്കാൾ ബുദ്ധിമാനായൊരു തട്ടിപ്പുകാരനായിരുന്നു ജതിൻ മേത്ത. മെഹുൽ ചോക്സിയുടെ ഡയമണ്ട്സ് നിർമാണ കമ്പനിയായ കാർബൺ എന്ന പ്രമുഖ സ്ഥാപനത്തെ സ്വന്തം ഉടമസ്ഥതയിലാക്കാൻ കഴിഞ്ഞ മേത്ത അത്ര നിസ്സാരനൊന്നുമല്ലെന്ന് വ്യക്തമല്ലേ?
ബംഗളൂരു കയറ്റുമതി സംസ്കരണ മേഖലയിലും മുംബൈയിലെ ഓപറാ ഹൗസിലും ഉണ്ടായിരുന്ന മേത്തയുടെ സ്ഥാപന സമുച്ചയങ്ങൾ തീർത്തും ജയിലുകൾക്ക് സമാനൈശലിയിലാണ് പ്രവർത്തനം നടത്തിവന്നിരുന്നതെന്ന് പറയപ്പെടുന്നു. ഇവിടേക്ക് പ്രവേശനത്തിനായി നിരവധി മുൻകൂർ പാസുകൾ നിർബന്ധമായിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികൾക്കും മാനേജർമാർക്കും ഒരേസമയം ഭക്ഷണം കഴിക്കാൻ പോലും അനുമതിയും ലഭിക്കുമായിരുന്നില്ലത്രെ. ഒറ്റവാചകത്തിൽ പറഞ്ഞാൽ, ഒട്ടുംതന്നെ സുതാര്യതയില്ലാതെ പ്രവർത്തനം നടത്തിവന്നിരുന്ന സ്ഥാപനങ്ങളെന്ന പേരിലായിരുന്നു ജതിൻ മേത്തയുടെ വ്യവസായ-വ്യാപാര സാമ്രാജ്യം മൊത്തത്തിൽ അറിയപ്പെടേണ്ടിയിരുന്നത്. അതേസമയം, കാര്യങ്ങൾ ഇതിനുനേരെ വ്യത്യസ്തമായ വിധത്തിലായിരുന്നു. അധികൃത സ്ഥാനത്തുള്ളവർക്കുപോലും ഇതേപ്പറ്റിയൊന്നും വ്യക്തമായ ധാരണയില്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ. അപ്പോൾപിന്നെ പൊതുജനശ്രദ്ധയിൽ ഇതൊന്നും ഒരിക്കലും വരാനിടയില്ലല്ലോ. അത്രയേറെ വൈദഗ്ധ്യത്തോടെയാണ് ജതിൻ മേത്ത തെൻറ വ്യവസായ-വ്യാപാര സാമ്രാജ്യം നിയന്ത്രിച്ചുവന്നിരുന്നത്. ഒരിക്കൽപോലും അദ്ദേഹത്തെ ഒരു തട്ടിപ്പുകാരനായി കാണാൻ അവസരം ലഭിച്ചിരുന്നതുമില്ല.
അതേ അവസരത്തിൽ മേത്തയുടെ തട്ടിപ്പുകൾ സംബന്ധമായ വിവരങ്ങൾ നേരിയതോതിൽ ചോർന്നുവരാൻ തുടങ്ങിയതോടെ പരാതികളുടെ ഒരു കുത്തൊഴുക്കാണുണ്ടായത്. 2014ൽ വിൻസം ഡയമണ്ട്സിേൻറതായൊരു വാർത്തക്കുറിപ്പ് പുറത്തുവന്നിരുന്നു. തീർത്തും അടിസ്ഥാനരഹിതമായ നിലയിൽ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങൾ ഒരു ഗൂഢാലോചനയുടെ ഫലമാണെന്നായിരുന്നു ഇതിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. ഇതിനു പിന്നിൽ ഒരു കോർപറേറ്റ് റിസ്ക് അഡ്വൈസറി സ്ഥാപനമാണെനും മേത്തക്ക് വിദേശ വായ്പ നൽകിയ ഒരു സ്ഥാപനവും ഈ കോർപറേറ്റ് സ്ഥാപനവും ചേർന്നാണ് ഈ വ്യാജകഥ മെനഞ്ഞെടുക്കുന്നതെന്നുമായിരുന്നു വാദഗതി. എന്നാൽ, 2017 ആയതോടെ, മേത്തക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ ഓഹരിവിപണിയിൽനിന്ന് പിൻവാേങ്ങണ്ടതായി വന്നു
ജതിൻ മേത്ത ഇന്ത്യയിൽ എവിടെയും ഇല്ല എന്നു മാത്രമേ നമുക്കിപ്പോൾ അറിയാവൂ. കടബാധ്യതകളൊന്നും കൊടുത്തുതീർത്തിട്ടുമില്ല. പൊതുമേഖല ബാങ്കുകൾക്ക് കോർപറേറ്റ് സ്ഥാപനങ്ങൾ വരുത്തിയിരിക്കുന്ന കടബാധ്യതകൾ െകാടുത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട ഒരു കടം പുനഃസംഘടന പദ്ധതിക്ക് രൂപം നൽകിവരുന്നതിലാണിപ്പോൾ ആർ.ബി.ഐ ഏർപ്പെട്ടിരിക്കുന്നത്. ഈ പദ്ധതി പ്രയോഗത്തിലാക്കണമെങ്കിൽ ആർ.ബി.ഐയുടെ നിലവിലെ നിയമവ്യവസ്ഥകളിൽ ഭേദഗതി അനിവാര്യമാണ്. ഇത്തരമൊരു േഭദഗതിവരുത്താൻ എന്തേ ഇത്രകാലതാമസം വേണ്ടിവരുന്നു എന്നതാണ് ഉത്തരം കിട്ടാത്തൊരു ചോദ്യമായി ഇന്നും അവശേഷിക്കുന്നത്. മാത്രമല്ല, വിജയ് മല്യയെയും നീരവ് മോദിയെയും െമഹുൽ ചോക്സിയെയും ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തിവരുന്ന നീക്കങ്ങൾ എന്തേ ജതിൻ മേത്തയുടെ കാര്യത്തിൽ സ്വീകരിക്കാതിരിക്കുന്നു എന്ന സംശയവും അവശേഷിക്കുകയാണ്.
അപരന്റെ കണ്ണീരൊപ്പുവാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഉയർത്തിപ്പിടിക്കുവാനും രാജ്യത്ത് നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ചാരവലയത്തിൽ നിർത്തി വിവരങ്ങൾ ചൂഴ്ന്നെടുക്കുന്ന തിരക്കിൽ സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യത്തെ ഞെരുക്കുന്നവരെക്കുറിച്ച് അന്വേഷിക്കുവാൻ ഭരണകൂടത്തിന് താൽപര്യമുണ്ടാവില്ല. പക്ഷേ, ഇത്തരക്കാരെവിടെയെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാത്തതെന്തേയെന്നും നമ്മൾ ഈ രാജ്യത്തെ ജനങ്ങൾ ചോദ്യമുയർത്തിക്കൊണ്ടേയിരിക്കണം.
(ധനതത്വശാസ്ത്ര വിദഗ്ധനും ആക്ടിവിസ്റ്റുമാണ് മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലായ ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.