2008 ലെ ക്രൈസ്​തവ വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമക്ക്​ ഒഡിഷ തിയാങ്ങിയ കത്തോലിക്ക പള്ളി മുറ്റത്ത്​ ഉയർത്തിയ കുടീരം

ചിത്രം: പ്രിയ രമണി

വിദ്വേഷമല്ല, സ്​നേഹമാണേശു

ഇന്ത്യ ബ്രിട്ടീഷ്​ അധിനിവേശത്തിനു കീഴിൽ ഞെരിഞ്ഞമരുന്ന 1930 കാലഘട്ടത്തിൽ ആർ.എസ്​.എസി​‍െൻറ മുഖ്യ താത്ത്വികാചാര്യൻ അവരുടെ നിലപാട്​ വ്യക്തമാക്കി പറഞ്ഞിരുന്നു ''നമുക്ക്​ മൂന്നു​ കൂട്ടം ശത്രുക്കളാണുള്ളത്​. മുസ്​ലിംകൾ, ക്രൈസ്​തവർ, കമ്യൂണിസ്​റ്റുകൾ'' എന്ന്​. സോഷ്യലിസ്​റ്റുകളും കോൺഗ്രസുകാരും കമ്യുണിസ്​റ്റുകളും മുസ്​ലിംകളും ദലിതരും ആദിവാസികളും ക്രൈസ്​തവർപോലും ബ്രിട്ടീഷ്​ കൊളോണിയൽ വാഴ്​ചക്കെതിരെ പൊരുതുന്ന കാലമായിരുന്നു അത്​. അന്ന്​ ​ആർ.എസ്​. എസ്​ നിലപാട്​ ബ്രിട്ടീഷുകാർക്കെതിരെയല്ല മുൻചൊന്ന മൂന്നു​ ശത്രുക്കൾക്കെതിരെയാണ്​ പോരാട്ടം വേണ്ടത്​ എന്നായിരുന്നു. അക്കാലം മുതൽ തന്നെ ഇസ്​ലാം ഭീതിയും ക്രൈസ്​തവ ഭീതിയും സൃഷ്​ടിക്കാൻ ബോധപൂർവമായ ശ്രമവും അവർ നടത്തുന്നു.

മുസ്​ലിം ജനസംഖ്യ അതിവേഗം വർധിക്കുന്നു എന്നതായിരുന്നു മുസ്​ലിംകൾക്കെതിരിൽ താഴെത്തട്ടിൽ തുടർച്ചയായി നടത്തുന്ന രാഷ്​ട്രീയ പ്രചാരണം. ക്രൈസ്​തവർ ഹിന്ദുക്കളെ മതംമാറ്റിയെടുക്കുന്നു എന്നതാണ്​ അടുത്ത പരാതി. 1930 മുതൽ ഇന്നു വരെ ആർ.എസ്​.എസും അവരുടെ സംഘകുടുംബവും ഹിന്ദുത്വശക്​തികളും പിന്നീട്​ ബി.ജെ.പിയും ഒരുപാട്​ പെരും നുണകൾ പടച്ചുവിടുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഈ കാഴ്​ചപ്പാടിലൂന്നി വർഗീയ ഫാഷിസ്​റ്റ്​ അതിക്രമങ്ങൾക്കും വിദ്വേഷ രാഷ്​ട്രീയത്തിനും അവർ ഇടം കണ്ടെത്തി. മുസ്​ലിംകളെ അടിച്ചൊതുക്കാൻ പ്രയോഗിക്കുന്ന 'ലവ്​ ജിഹാദ്​' എന്ന ആരോപണം ഒരു പുതിയ പ്രതിഭാസമല്ല. സ്വാത​ന്ത്ര്യ സമരവേളയിലും ഇത്തരം പ്രചാരണമുണ്ട്​. അന്ന്​ ഉപയോഗിച്ചിരുന്ന പദാവലി മറ്റൊന്നായിരുന്നു. ഇതേ പ്രചാരവേലയുടെ മറ്റൊരു ഭാഷ്യം കണ്ഡമാലിലും മറ്റു പലയിടങ്ങളിലും ക്രൈസ്​തവർക്കെതിരെ പൊതുവിദ്വേഷം വളർത്തിയെടുക്കാൻ ഹിന്ദുത്വ ശക്തികൾ പയറ്റിപ്പോരുന്നു. ഒരു സമുദായത്തിനെതിരെ പൊതുസമൂഹത്തിൽ വിദ്വേഷം പരത്തിക്കഴിഞ്ഞാൽ അവർക്കെതിരായ അതിക്രമങ്ങളും സാധൂകരിക്കപ്പെടും എന്നതാണ്​ തത്ത്വം.

ഹിന്ദു പയ്യന്മാരെ പ്രലോഭിപ്പിച്ച്​ മയക്കി കെണിയിൽപ്പെടുത്താൻ ക്രൈസ്​തവർ യുവതികളെ ഉപയോഗിക്കുന്നു എന്ന മട്ടിലെ കള്ളക്കഥകൾ പ്രചരിപ്പിച്ച ശേഷമാണ്​ അവർക്കെതിരായ അതിക്രമങ്ങൾ ആരംഭിക്കാറ്​. ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്രൈസ്​തവർക്കെതിരെ അരങ്ങേറിയ നൃശംസനീയമായ അതിക്രമങ്ങളുടെ രേഖപ്പെടുത്തിവെച്ചിരിക്കുന്ന കണക്ക്​ പാലാ ബിഷപ്​​ ഒന്നു നോക്കണം. ഏറെ ശ്രമകരമായ ഡോക്യുമെ​േൻറഷൻ നിർവഹിച്ച ഉറച്ച ക്രൈസ്​തവ വിശ്വാസിയായ ആ മനുഷ്യാവകാശ​േപ്പാരാളി അതു ചെയ്​തതി​‍െൻറ പേരിൽ രാജ്യദ്രോഹക്കുറ്റത്തെ നേരിടുകയാണ്​. സ്വസമുദായത്തിലെ അത്തരം മനുഷ്യാവകാശ സംരക്ഷകരോട്​ ഐക്യപ്പെടാൻ പാലായിലെ പിതാവോ അദ്ദേഹത്തിനൊപ്പമുള്ളവരോ ഒരു ചെറുവിരൽ പോലുമനക്കിയിട്ടില്ല.

ഇന്ത്യയിലെ ക്രൈസ്​തവർക്കും മുസ്​ലിംകൾക്കുമെതിരെ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുന്ന ആർ.എസ്​.എസ്​- സംഘ്​പരിവാർ രാഷ്​ട്രീയം എന്ന്​ എല്ലാവർക്കും മനസ്സിലാവും. പക്ഷേ, ബിഷപ്​​ കല്ലറങ്ങാട്ട്​ ഇത്തരമൊരു വ്യാജപ്രചാരണ യുദ്ധവുമായി ഇറങ്ങിയതെന്തിനാവും? രണ്ടു​ വർഷം മുമ്പ്​​ മറ്റൊരു വൈദിക ശ്രേഷ്​ഠൻ ആർ.എസ്​.എസിൽനിന്ന്​ കടംകൊണ്ട ലവ്​ ജിഹാദ്​ ആരോപണം മുസ്​ലിംകൾക്കെതിരെ പ്രയോഗിച്ചിരുന്നു. പാലായിൽനിന്നുള്ളത്​ തീർത്തും പുതിയ ഒരു വ്യാജ യുദ്ധമുറയാണ്​. നാർകോട്ടിക്​ ജിഹാദ്​ എന്ന അസംബന്ധ പ്രയോഗത്തിന്​ കേരള ബിഷപ്​സ്​ കൗൺസിൽ പിന്തുണ പ്ര​ഖ്യാപിച്ചതോടെ വിഷയം കൂടുതൽ ഗൗരവതരമാവുന്നു.

എല്ലാ വിശ്വാസ ധാരകളിലുള്ളവരും ഒരു വിശ്വാസവും കാത്തുസൂക്ഷിക്കാത്തവരും മയക്കുമരുന്ന്​ ഉപയോഗിക്കുന്നവരിലുണ്ട്​ എന്നിരിക്കെ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ചൂണ്ടിപ്പറയുന്നതിനു പിന്നിൽ ആത്​മീയ ചിന്തയല്ല, മറിച്ച്​ കടുത്ത രാഷ്​ട്രീയ താൽപര്യങ്ങൾ തന്നെയാണ്​. കേരളത്തിലെ സഭാ നേതൃത്വം ആർ.എസ്​.എസിനെയാണോ അതോ ആർ.എസ്​.എസ്​ സഭ​ാ നേതൃത്വത്തെയാണോ പോഷിപ്പിക്കുന്നത്​ എന്ന കാര്യം വേറിട്ട്​ ചർച്ച ചെയ്യേണ്ടതാണ്​.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ വിദേശനാണയ നിയന്ത്രണ നിയമം (FCRA) മറയാക്കി രാജ്യത്തെ ക്രൈസ്​തവ സ്​ഥാപനങ്ങളുടെ പിറകെ കൂടിയിട്ടുണ്ട്​. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ വലിയ സാന്നിധ്യമുള്ള സഭകളെയും സർക്കാറിതര സംഘടനകളെയും ഇതു കാര്യമായി പ്രയാസപ്പെടുത്തുന്നുമുണ്ട്​. സർക്കാറി​‍െൻറ ഈ പേടിപ്പെടുത്തി വശത്താക്കൽ നീക്കത്തെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഉയർത്തി ചെറുക്കുന്നതിനുപകരം ബി.ജെ.പിയോട്​ ദാസ്യമനോഭാവത്തിൽനിന്ന്​ പരിഹാരം തേടാനാണ്​ പലരുടെയും നോട്ടം. ബി.ജെ.പി അവർ ലക്ഷ്യമിട്ടത്​ നേടി എന്നു തന്നെ പറയാം.

നേതൃത്വം ഇത്തരത്തിലെ വെറുപ്പി​‍െൻറ വിഷവിത്തുകൾ പാകു​േമ്പാഴും വിഷത്തെ വിഷമെന്ന്​ വിളിക്കാനും കളയും കറ്റയു​മേതെന്ന്​ തിരിച്ചറിയാനുമുള്ള വിവേകം ക്രൈസ്​തവ സമൂഹവും കേരളത്തി​‍െൻറ മതേതര മനഃസാക്ഷിയും പ്രകടിപ്പിക്കുന്നു എന്നതാണ്​ ആശ്വാസകരമായ കാര്യം.മാർത്തോമ സഭയുടെ മെത്രാപ്പോലീത്ത ബിഷപ്പി​‍െൻറ പ്രസ്​താവന വർഗീയ ധ്രുവീകരണത്തിന്​ വഴിമരുന്നിടുമെന്ന്​ ചൂണ്ടിക്കാട്ടിയപ്പോൾ മലങ്കര ഓർ​ത്ത​േഡാക്​സ്​ സഭയിലെ ബിഷപ്​​ ഡോ. യുലിയോസ്​ ഗീവർഗീസ്​ പാലാ ബിഷപ്​പൊതു മാപ്പ്​ പറയണമെന്നാവശ്യപ്പെട്ടു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമാധാന യോഗത്തിന്​ മുൻകൈയെടുക്കുകയും മയക്കുമരുന്നിന്​ മതമില്ല എന്ന്​ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്​തു.യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ബിഷപ്​ ഡോ. ഗീവർഗീസ്​ കൂറിലോസ്​ അൾത്താരയും ആരാധനയും വെറുപ്പി​‍െൻറ രാഷ്​ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുതെന്ന്​ ഓർമപ്പെടുത്തി.

സംഘ്​പരിവാർ വിരിച്ചുവെച്ചിരിക്കുന്ന വലയിൽ ചെന്ന്​ ചാടരുതെന്ന്​ ഗുജറാത്തിലെ വർഗീയ രാഷ്​ട്രീയത്തിനെതിരെ എന്നും നിലകൊണ്ട മനുഷ്യാവകാശ പ്രവർത്തൻ ഫാ. സെഡ്രിക്​ പ്രകാശ്​ തുറന്നടിച്ചു. ദേശീയോദ്​ഗ്രഥന കൗൺസിൽ അംഗവും മുതിർന്ന മനുഷ്യാവകാശ- മാധ്യമ പ്രവർത്തകനുമായ ഡോ. ജോൺ ദയാൽ ഇത്തരമൊരു പ്രസ്​താവന മതേതര സഹവർത്തിത്വത്തിന്​ വരുത്തിത്തീർക്കുന്ന പരിക്കുകളെക്കുറിച്ച്​ ചൂണ്ടിക്കാട്ടി. രാജ്യമൊട്ടുക്കുമുള്ള നിരവധി കാത്തലിക്​ വനിതകളും വിദ്വേഷ പ്രസ്​താവനക്കെതിരെ നിലപാടുമായി രംഗത്തുവന്നു. ലവ്​ ജിഹാദ്​, നാർകോട്ടിക്​ ജിഹാദ്​ തുടങ്ങിയ ആഖ്യാനങ്ങൾ സ്​ത്രീകൾക്ക്​ അപമാനകരമാണെന്നും അവർ തുറന്നടിച്ചു. ​

അൾത്താരയിൽ നിന്ന്​ വിദ്വേഷ പ്രസംഗം നടത്തുന്ന പിതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ സംഘ്​പരിവാർ ആശയങ്ങൾക്ക്​ അടിക്കുറിപ്പെഴുതുന്ന സഹയാത്രികരും രാജ്യത്ത്​ ക്രൈസ്​തവ ജനത വേട്ടയാടപ്പെട്ടതി​‍െൻറ നേർക്കാഴ്​ചകൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ​? മതം മാറ്റമാരോപിച്ച്​ സേവന പ്രവർത്തകരായ വൈദികരെയും കന്യാസ്​ത്രീകളെയും ദ്രോഹിക്കുന്നതിനെയും കേസിൽ കുടുക്കുന്നതിനെയും കുറിച്ച്​ അവർക്ക്​ എന്തെങ്കിലും ധാരണയു

ണ്ടോ? ഒഡിഷയിലെ കണ്ഡമാലിൽ സംഘ്​പരിവാർ നടത്തിയ സംഘടിതമായ ക്രൈസ്​തവ വിരുദ്ധ വർഗീയ ലഹളയും അതി​‍െൻറ ജീവിക്കുന്ന രക്​തസാക്ഷികളെയും നേരിൽ കാണേണ്ടി വന്നിട്ടുണ്ടെനിക്ക്​. ഇതു സംബന്ധിച്ച്​ തയാറാക്കിയ 'Voices From the Ruins - Kandhamal in Search of Justice' എന്ന ഡോക്യുമെൻററി യൂട്യൂബിൽ കാണാം. കഴിഞ്ഞ ഏഴുവർഷത്തിനിടെ രാജ്യത്തി​‍െൻറ വിവിധ ഭാഗങ്ങളിൽ നടന്ന ക്രൈസ്​തവ വിരുദ്ധ അതിക്രമങ്ങളിലെ ഇരകളുമായും അവർക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പോരാളികളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്​ ഞാൻ. കണ്ഡമാലിൽ വേട്ടയാടപ്പെട്ട ക്രൈസ്​തവ സമൂഹത്തി​​നായി മലയാളി മനഃസാക്ഷിയെ ഉണർത്തുവാനും അവരുമായി ഐക്യപ്പെടുവാനും കേരളത്തിലെമ്പാടും മുന്നിട്ടിറങ്ങിയത്​ ഇവിടത്തെ മുസ്​ലിം യുവ സമൂഹമായ സോളിഡാരിറ്റിയാണെന്ന കാര്യം ഇവിടെയെങ്കിലും രേഖപ്പെടുത്താതെ പോകുന്നത്​ അനീതിയാവും.

രണ്ടായിരം വർഷങ്ങൾക്കിപ്പുറവും യേശുദേവൻ ലോകമൊട്ടുക്കും പ്രേരണയും പ്രചോദനവുമായുണ്ട്​. പതിനായിരക്കണക്കിന്​ സേവകരും കലാകാരും എഴുത്തുകാരും സിനിമ പ്രവർത്തകരും പാട്ടുകാരും ചിത്രകാരും സ്​ഥാപനങ്ങളുമെല്ലാം യേശുവി​‍െൻറ സ്​നേഹത്തിൽ നിന്നാണ്​ ​ഉദയമെടുത്തത്​. വിദ്വേഷവും വെറുപ്പുമല്ല സ്​നേഹമാണ്​ അവരെ പ്രചോദിപ്പിച്ചത്​.

(ചലച്ചിത്ര പ്രവർത്തകനും ആക്​ടിവിസ്​റ്റുമാണ്​ ലേഖകൻ)

Tags:    
News Summary - Jesus is love, not hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.