കാര്യങ്ങൾ ലളിതമായി, വളച്ചുകെട്ടില്ലാതെ പറയുന്നതല്ലേ നല്ലത്. നരേന്ദ്ര മോദി ഒഴിഞ്ഞേ മതിയാവൂ, അമിത് ഷായും മാറണം, യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന അജയ് മോഹൻ ബിഷ്തും ഒഴിയണം. മന്ത്രിമാരെന്ന പേരിൽ മോദി ചുറ്റും നിർത്തിയിരിക്കുന്ന ആത്മാർഥതയില്ലാത്ത സകല എണ്ണങ്ങളും മാറണം. നേരിടുന്ന കേടുപാട് നേരെയാക്കുന്നതിനും രാജ്യത്തിെൻറ അതിജീവന പ്രയത്നം എന്ന വമ്പൻ പ്രക്രിയ ആരംഭിക്കുന്നതിനും ഈ ആളുകൾ മുഴുവൻ ഉടനടി അധികാര പദത്തിൽനിന്ന് ഒഴിഞ്ഞേ മതിയാവൂ. അത് അടുത്ത ദിവസമായാൽപോലും ഒരുപാട് വൈകിപ്പോകും, ഇന്നലെത്തന്നെ ഒഴിഞ്ഞിരുന്നെങ്കിൽ അത്ര നന്നായേനെ.
2014ൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ പ്രതീക്ഷയുടെ വർണത്തലപ്പാവുകളും പട്ടുടയാടകളും കൊണ്ട് മൂടുന്ന തിരക്കിലായിരുന്നു മോദിയുടെ ആരാധകരും അനുയായികളും. മതേതരത്വത്തിലും മനുഷ്യാവകാശങ്ങളിലും സാമ്പത്തിക നീതിയിലും ചുറ്റുപിണഞ്ഞു കിടക്കുന്ന പഴഞ്ചന്മാരുടെ സംശയങ്ങളെയും എതിർപ്പുകളെയും തള്ളിപ്പറഞ്ഞ അവർ തങ്ങളുടെ പുതുരക്ഷകൻ തലയെടുപ്പോടെ ഉയർന്നുവന്നതിൽ അഭിമാനംകൊണ്ടു. ആവേശത്തേരിലേറി അവർ മുഴക്കിയ വീരവാദങ്ങളോർക്കുക. മോദി മോഷ്ടിക്കുകയില്ല, മറ്റുള്ളവരെ അതിനനുവദിക്കുകയുമില്ല എന്നായിരുന്നു അതിൽ പ്രധാനം. ശല്യക്കാരായ ന്യൂനപക്ഷങ്ങളുടെ മേൽ പാഞ്ഞുകയറുമെങ്കിലും അദ്ദേഹം യഥാർഥ വികസനം കൊണ്ടുവരുമെന്നായിരുന്നു വീമ്പു പറച്ചിൽ. മനുഷ്യാവകാശ മുറവിളികളും പരിസ്ഥിതി സംരക്ഷണ വാദങ്ങളും സുഗമമായ വ്യവസായ നടത്തിപ്പിനും ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും തടസ്സമാണെന്നും അവർ വിശ്വസിച്ചു, ദശലക്ഷക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തിൽനിന്ന് കൈപിടിച്ചുയർത്തുേമ്പാൾ യഥാർഥ മനുഷ്യാവകാശങ്ങൾ പുലരുമെന്നും.
ആദ്യനാളുകളിൽ പുകഴ്ത്തുപാട്ടിെൻറ കുത്തൊഴുക്കായിരുന്നു. 'അദ്ദേഹത്തിന് വിദ്യാഭ്യാസം കുറവായിരിക്കും എന്നാൽ, കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ വല്ലാത്ത പാടവമാണ്', 'നിങ്ങളെന്തൊക്കെ പറഞ്ഞാലും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഗുജറാത്തി സാമർഥ്യം അപാരമാണ്', 'എന്ത് കരുത്താണ് ആ മനുഷ്യന്, അദ്ദേഹം സദാ ജാഗരൂകനായാണ്, അതുകൊണ്ട് ഉദ്യോഗസ്ഥരുടെ കളികളൊന്നും നടക്കുന്നില്ല, ഫയലുകൾ അതിവേഗം നീങ്ങുന്നത് കണ്ടില്ലേ', ' നോക്കൂ എന്ത് ഉഷാറായാണ് അദ്ദേഹം ലോക നേതാക്കളുമായി ബന്ധങ്ങളുണ്ടാക്കുന്നത്', 'പാകിസ്താനെയും ചൈനയെയും വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് പറ്റും. പണ്ടത്തെ പേടിത്തൊണ്ടന്മാരോട് കളിച്ചതുപോലെ കയറി കളിക്കാൻ പറ്റില്ലെന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞു...' അങ്ങനെ എന്തൊക്കെ വാഴ്ത്തലുകളായിരുന്നു.
ഏഴു വർഷങ്ങൾക്കിപ്പുറം പേരെഴുതിയ കോട്ടും കിന്നരിത്തലപ്പാവുകളും ഉൾപ്പെടെ ചമയങ്ങളെല്ലാം ഒന്നൊന്നായി ഉരിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. പ്രതിച്ഛായ കെട്ടിപ്പടുക്കൽ നടപടികൾ ഊർജിതമായി തുടരുേമ്പാഴും നൽകിയ വാഗ്ദാനങ്ങളെല്ലാം പൊട്ടിത്തകർന്ന് തകിടം മറിഞ്ഞിരിക്കുന്നു.
ആ ഭരണത്തിനു കീഴിൽ മറ്റൊരു തലത്തിലേക്ക് കുതിച്ചുയർന്നിരിക്കുന്നു അഴിമതി. അതിെൻറ ആഴവും പരപ്പുമളക്കാൻ ഈ ലോകം തന്നെ തികയാതെ വരും. അത്രമാത്രം വ്യവസ്ഥാപിതമായ ക്രിമിനൽ രീതിയിലാണ് പെരുംനുണകൾ പരത്തുന്നതും നിയമങ്ങൾ അട്ടിമറിക്കുന്നതും. ഈ ഏഴാണ്ടുകൾ ഉന്മത്തമായ പാദസേവയുടെയും മുതലാളിത്ത താൽപര്യ സംരക്ഷണങ്ങളുടേതുമായപ്പോൾ നമ്മുടെ സമ്പദ്വ്യവസ്ഥയാണ് സംഹരിക്കപ്പെട്ടത്. മോദിയുടെ നായകത്വത്തിനു കീഴിൽ പാകിസ്താനു മുന്നിൽപോലും തമാശ കഥാപാത്രങ്ങളായി മാറിയ നമ്മൾ ചൈനയാൽ അടിക്കടി അവമതിക്കപ്പെട്ടു. ഇപ്പോഴിതാ സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ കെടുതിക്കെതിരെ പ്രതിരോധം തീർക്കാൻ ഒരു വർഷത്തിലേറെ സമയം ലഭിച്ചിട്ടും നമ്മൾ ശാരീരികമായും മാനസികമായും മുട്ടിലിഴയേണ്ട ഗതികേടിലായി. ബോധപൂർവവും അല്ലാതെയും നടമാടിയ ദുർഭരണവും ഭരണരാഹിത്യവും ചരിത്രത്തിലെ ഭയപ്പെടുത്തുന്ന ഏടുകളായി രേഖപ്പെട്ടു കിടക്കും.
അന്തസ്സുറ്റ ഏെതാരു ജനാധിപത്യക്രമത്തിലാണെങ്കിലും ഭരണകൂടത്തിെൻറ പതനത്തിന് വഴിയൊരുക്കാൻ പോന്ന കൊടിയ പാളിച്ചകളായിരുന്നു നോട്ടുനിരോധത്തിെൻറ നാണംകെട്ട പരിണതിയും ചൈനീസ് അധിനിവേശത്തിനു മുന്നിലെ പതർച്ചയും. അതിനേക്കാൾ വലിയൊരു ദുഷ്ക്രിയ ചെയ്തുവെച്ചതുകൊണ്ടു മാത്രമാണ് ഇവിടെയത് സംഭവിക്കാതെ പോയത്. നമ്മുടെ ജനാധിപത്യത്തെ നിഷ്ഠുരമായി തുരന്നില്ലാതാക്കി എന്നതാണ് മോദിയും ഷായും കരുതലും താൽപര്യമെടുത്ത് ചെയ്ത ഒരേയൊരു കാര്യം. മോദിയും ശിങ്കിടിയും 2014ൽ അധികാരത്തിൽ കയറിപ്പറ്റിയത് ഇന്ത്യയെ ഏതാനും ചില വമ്പൻ വ്യവസായശക്തികൾക്കു മാത്രം ഗുണപ്പെടുന്ന ഒരു ഏകാധിപത്യ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. സദാ പ്രവർത്തനോന്മുഖമായ ജനാധിപത്യക്രമം നിലനിൽക്കുന്നുവെന്ന വ്യാജ പ്രതീതി കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഇതു ചെയ്തു കൂട്ടിയത്.
ഒരു ഏകാധിപതി കൈയാളുന്ന കളിക്കളത്തിൽ രണ്ടു ടീമുകൾ തമ്മിൽ കളിക്കുന്നതായി തോന്നിയാലും ഏകാധിപതിയുടെ ടീം മാത്രമേ എപ്പോഴും വിജയിക്കുകയുള്ളൂ. അധികാരത്തിൽ കയറിയ ആദ്യ നാൾ മുതൽ ഇന്ത്യൻ ജനാധിപത്യം എന്ന സ്റ്റേഡിയം പിടിച്ചടക്കാനുള്ള പരിശ്രമത്തിലായിരുന്നു മോദി-ഷാ മാർ. ഈ പദ്ധതിക്ക് സഹായമരുളാൻ വലിയ ഒരു സംഘം മാധ്യമങ്ങളുണ്ടായിരുന്നു. പകൽ വെളിച്ചത്തിൽ കൊള്ളയടി നടത്താനുതകുംവിധം ഇലക്ടറൽ ബോണ്ടുകളുണ്ടായിരുന്നു. പിന്നെ പണ്ടൊരിക്കലും കേട്ടുകേൾവിയില്ലാത്ത വിധം അന്വേഷണ ഏജൻസികൾ ഇത്ര പരസ്യമായി ഭരണപ്പാർട്ടിക്കു വേണ്ടി സദാ സേവനസന്നദ്ധമായി നിന്നു. കേന്ദ്ര ഭരണകൂടവും അതിെൻറ ഏജൻസികളും ചെയ്തുകൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി പുലർത്തിയ ദുരൂഹമായ വിമ്മിട്ടം കൂടിയായതോടെ എല്ലാം അവർ ഉദ്ദേശിച്ചതുപോലെ സാധ്യമായി.
വ്യത്യസ്ത മതങ്ങൾക്കിടയിൽ വിദ്വേഷവും അവിശ്വാസവും പരത്തിയും ജനായത്തത്തെ പിടിച്ചെടുത്തും കശ്മീരിനെ പൂട്ടിയിട്ടും ജുഗുപ്സാജനകമായ എൻ.ആർ.സി-സി.എ.എ നീക്കങ്ങൾ കൊണ്ടും അയോധ്യ രാമക്ഷേത്ര 'വിധിന്യായം' വഴിയും ഭീമ കൊറേഗാവ് അറസ്റ്റുകൾ മുഖേനെയുമെല്ലാം ഭരണകൂടം വിഷക്കുമിൾ കണക്കെ പടർന്നുപിടിച്ചു.
ഈ വിഷക്കുമിളുകൾ പക്ഷേ, അതി മാരകമായ ഒരു വൈറസിൽനിന്ന് ഇതുപോലൊരു അക്രമമുണ്ടാകുമെന്ന് മാത്രം പ്രതീക്ഷിച്ചില്ല. വിമർശന അഭിപ്രായങ്ങളുയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ തടഞ്ഞുവെക്കാൻ കാരണം ഉത്തരവാദിത്തം നിറവേറ്റുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്ന തിരിച്ചറിവാണെന്ന് എവിടെയോ വായിക്കാനിടയായി. പക്ഷേ, ദശലക്ഷക്കണക്കിന് വരുന്ന രാജ്യത്തെ ജനത പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഒരുവേളപോലും ഈ സർക്കാർ ഉദ്ദേശിച്ചിരുന്നില്ല എന്ന് തീർത്തുപറയാൻ കഴിയും. ഈ മാരക പകർച്ചവ്യാധിക്കാലവും തങ്ങളുടെ അജണ്ടകളെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുവാൻ സഹായകമാവുന്ന ഒരു ദൈവിക വരദാനമായാണ് അവർ കരുതുന്നത്. എതിരഭിപ്രായങ്ങളെ കഴുത്തു ഞെരിച്ച് ഇല്ലാതാക്കാനും പ്രതിപക്ഷ സർക്കാറുകളെ അട്ടിമറിക്കാനും തെരഞ്ഞെടുപ്പ് 'വിജയിക്കാനും' എല്ലാമുള്ള ഒരു ഉത്തമ ഉപകരണം. പനി കുറക്കാൻ തെർമോമീറ്റർ പൊട്ടിച്ചു കളയുക എന്നൊരു ഫ്രഞ്ച് പഴമൊഴിയുണ്ട്. നമ്മളിന്ന് ഇവ്വിധം ദുരിതത്തിലായത് ഈ പൊട്ടിയ തെർമോമീറ്ററുകൾ മൂലമാണ്. മറ്റു കാരണങ്ങളൊന്നും പോരെങ്കിലും ശരി ഈ തോൽവിയുടെ പേരിൽ മോദിയും ഷായും ഇറങ്ങിപ്പോയേ മതിയാവൂ.
(എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.