കാലു കഴുകിച്ചൂട്ടുന്ന കേരളം

കേരളത്തിലെ കാലു കഴുകിച്ചൂട്ടലിന് നൂറ്റാണ്ടുകളുടെ ചരിത്രപരമായ വേരുകളുണ്ട്. ക്ഷേത്രത്തെ ബാധിക്കുന്ന അശുദ്ധികൾ പരിഹരിക്കുന്നതിനും പാപമോചനത്തിനുമുള്ള പ്രായശ്ചിത്തം എന്ന പേരിലാണ്​ ബ്രാഹ്മണരെ കാലു കഴുകിച്ചൂട്ടുന്ന പ്രക്രിയ അനുഷ്ഠിക്കപ്പെട്ടിരുന്നത്. കേരളത്തിൽ ഇന്നും കാലുകഴുകിച്ചൂട്ട് നിലനിൽക്കുന്നു എന്നത് പ്രബുദ്ധ മലയാളി ആത്മവിമർശനപരമായി പരിശോധിക്കേണ്ട സന്ദർഭവുമിതാണ്.

ക്ഷേത്രത്തിനുള്ളിൽ അയിത്തജാതി വിഭാഗങ്ങളോ അശുദ്ധരോ പ്രവേശിക്കുക, ക്ഷേത്രത്തിന്​ അശുദ്ധി ബാധിക്കുക തുടങ്ങിയ സന്ദർഭങ്ങളിലാണ്​ പാപ പരിഹാരാർഥവും അശുദ്ധിയുടെ നിവാരണത്തിനുമായി കാലു കഴുകിച്ചൂട്ട് തന്ത്ര ഗ്രന്ഥങ്ങൾ നിർദേശിക്കുന്നത്. അശുദ്ധിവന്ന സ്ഥാനം / സ്ഥലം ബ്രാഹ്മണ​ന്റെ കാലു കഴുകിയ ജലത്താൽ തളിച്ച് ശുദ്ധി വരുത്തണമെന്ന് കേരളീയ തന്ത്ര ഗ്രന്ഥമായ 'പ്രയോഗമഞ്ജരി' നിർദേശിക്കുന്നു (21. 22). മറ്റൊരു കേരളീയ തന്ത്ര ഗ്രന്ഥമായ 'വിഷ്ണുസംഹിത', ബ്രാഹ്മണനെ ഭുജിപ്പിച്ചതി​ന്റെ ഉച്ഛിഷ്ടം അശുദ്ധമായ സ്ഥാനത്ത് സ്പർശിച്ച്, (അത് ബിംബമോ ക്ഷേത്ര ഭാഗങ്ങളോ ആവാം) അശുദ്ധി നീക്കണമെന്ന് വ്യക്തമായി നിർദേശിക്കുന്നു (25. 16-17, 19-20). അശുദ്ധിക്ക് പരിഹാരമായി 'വിപ്രോച്ഛിഷ്ടം' പ്രധാനമായ ഒന്നായിട്ടാണ് 'തന്ത്രസമുച്ചയം' (10. 6) രേഖപ്പെടുത്തുന്നത്. പുസ്​തകത്തി​ന്റെ മലയാള വ്യാഖ്യാനത്തിൽ 'ബ്രാഹ്മണരെ കാലു കഴുകിച്ചൂട്ടിയ എച്ചിലിടൽ' എന്നുതന്നെ കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് അർഥ വിശദീകരണം നൽകുന്നു.

'കുഴിക്കാട്ടു പച്ച' എന്ന മലയാള തന്ത്ര ഗ്രന്ഥത്തിൽ അശുദ്ധി നാശനത്തിനായി 'വിപ്രോച്ഛിഷ്ടം എടുത്തു ബിംബത്തിൽ സ്പർശിക്കണമെന്ന് 'അർഥശങ്കക്കിടമില്ലാത്തവണ്ണം രേഖപ്പെടുത്തുന്നു. ബ്രാഹ്മണരെ ഇരുത്തി ഭുജിപ്പിച്ച് അവരുടെ കാലു കഴുകിയ ജലവും ഭക്ഷണാവശിഷ്ടവും (എച്ചിൽ) ശുദ്ധിക്കായി ഉപയോഗിക്കുന്ന പ്രക്രിയയാണ് കാലു കഴുകിച്ചൂട്ടൽ. തന്ത്രസമുച്ചയത്തിലെ പ്രായശ്ചിത്ത പടലത്തിൽ ബ്രാഹ്മണ​ന്റെ കാലിലെ പൊടി ശുദ്ധിക്കായി ഉപയോഗിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. എഴുത്തച്ഛൻ,

''കാരണഭൂതന്മാരായ ബ്രാഹ്മണരുടെ കാലിലെ പൊടി ത​ന്റെ ചേതോ ദർപ്പണത്തിന്റെ മാലിന്യം തീർക്കാൻ ഇടയാവട്ടെ'' എന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ പ്രാർഥിക്കുന്നതിന്റെ കാരണം തന്ത്രസമുച്ചയത്തിൽനിന്നും കണ്ടെത്താവുന്നതാണ്.

മധ്യകാല ഗ്രന്ഥവരികളിൽ ബ്രാഹ്മണരുടെ കാലു കഴുകിച്ചൂട്ടി​ന്റെ നിരവധി രേഖകൾ ലഭ്യമാണ്. കൊല്ലവർഷം 684 മേടം 27 ന് ശേഷം (സി.ഇ 1509) എഴുതപ്പെട്ട തിരുവല്ല ഗ്രന്ഥവരിയിൽ 36 ബ്രാഹ്മണരെ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് കാലും കഴുകിച്ചൂട്ടി പായസവും ഭുജിപ്പിച്ച് ദക്ഷിണയും കൊടുത്ത്​ അശുദ്ധ സ്ഥാനം ബ്രാഹ്മണരുടെ എച്ചിലിട്ട് ശുദ്ധി ചെയ്തതായി വിവരിക്കുന്നുണ്ട്. ബ്രാഹ്മണരെ ദൈവമായി, പാപം പോക്കാൻ ശക്തിയുള്ള വിഭാഗമായി കാണുന്ന ഈ പ്രക്രിയയിൽ ബ്രാഹ്മണേതര ശരീരങ്ങളെ ആത്മാവില്ലാത്ത ഹീന / അധമ ശരീരങ്ങളാക്കി നിലനിർത്തുന്ന അനുഷ്ഠാന വ്യവഹാരങ്ങളാണ് ഉള്ളടങ്ങിയിട്ടുള്ളത്. കാലു കഴുകിച്ചൂട്ടുന്നതിലൂടെ ജാതി ബ്രാഹ്മണൻ മനുഷ്യവംശത്തിൽതന്നെ ഏറ്റവും ശ്രേഷ്ഠനും മറ്റു മനുഷ്യരെല്ലാം നിന്ദ്യരുമാണെന്ന സന്ദേശമാണ്‌ നൽകുന്നത്.

ചരിത്ര പണ്ഡിതനായ ഡോ. കെ.എസ്. മാധവ​ന്റെ നിരീക്ഷണം ഈ സന്ദർഭത്തിൽ പ്രധാനമാണ്. അദ്ദേഹം എഴുതുന്നു: ''തീറ്റയുടെ ധാരാളിത്തത്തിൽ, അതായത് ബ്രാഹ്മണൻ തിന്ന് ഒഴിവാക്കുന്ന എച്ചിലിൽ ബ്രാഹ്മണന്റെ ശുദ്ധിയെ അത്യാരോപിക്കുന്നു. എച്ചിൽ എന്ന വസ്തു ദൈവത്തെ ബിംബത്തിൽ അത്യാരോപിക്കുന്ന മാധ്യമമാകുന്നു. അത് ആചാരവും വിധിക്രമവുമാകുന്നു. പിന്നീട് തന്ത്രവിധികളാകുന്നു. അതുകൊണ്ട് തന്നെ ദൈവത്തെ വിശുദ്ധമാക്കുന്ന തീറ്റ സംസ്കാരത്തിലാണ് ബ്രാഹ്മണ്യം ദൈവത്തെ നിലനിർത്തുന്നത്.

അതായത്, ദൈവത്തിനതീതമായ ഒരു ശുദ്ധ ശരീരം സ്വയം നേടിയെടുത്തുകൊണ്ടാണ് ബ്രാഹ്മണൻ ക്ഷേത്രത്തിനും ദൈവത്തിനും മുകളിൽ വരുന്ന പുരോഹിതനാകുന്നത്. ബ്രാഹ്മണ പൗരോഹിത്യത്തി​ന്റെ പരാന്ന തീറ്റ സംസ്കാരമാണ് ബ്രാഹ്മണ്യ ശുദ്ധിയുടെ ഭൗതികതലം.'' ജനാധിപത്യ സങ്കല്പങ്ങൾ ഉൾവഹിക്കുന്ന മനുഷ്യശരീരങ്ങളായി പരിണമിക്കണമെങ്കിൽ ഇത്തരം ആചാരങ്ങളിൽനിന്ന്​ മോചനം ലഭിക്കേണ്ടതുണ്ട്. ബ്രാഹ്മണരുടെ കാലു കഴുകിച്ചുട്ടുന്ന പ്രത്യയശാസ്ത്ര മൂല്യങ്ങളിൽ നിന്നും പുറത്തു കടന്നാൽ മാത്രമേ മലയാളിക്ക് പ്രബുദ്ധ മനുഷ്യരായും സമത്വത്തെയും സാഹോദര്യത്തെയും അംഗീകരിക്കുന്നവരായും അത് ജീവിതമൂല്യമായി പരിവർത്തിപ്പിക്കാനും സാധിക്കുകയുള്ളൂ.

(സംസ്​കൃത അധ്യാപകനും വേദശാസ്​ത്ര വിദഗ്​ധനുമാണ്​ ലേഖകൻ)

Tags:    
News Summary - Kaalkazhukichootu ritual in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.