സൗഹൃദം അഭിവൃദ്ധിയുടെ പാത

അപമാനകരവും ഉത്കണ്ഠാകുലവും ലജ്ജാകരവുമായ സംഭവവികാസങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ  അഭിമാനകരമായ മതേതര പ്രതിച്ഛായക്ക് ആഘാതമേല്‍പിക്കുന്ന, വിഭാഗീയ കക്ഷിരാഷ്ട്രീയത്തിന് കര്‍തൃത്വം ലഭിക്കുന്ന നീക്കങ്ങളും നടപടികളുമാണ് ഈയിടെ അരങ്ങേറിയത്. ഏ ദില്‍ഹേ മുശ്കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിന്‍െറ പ്രദര്‍ശനാനുമതിക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ നാണംകെട്ട കീഴടങ്ങലാണ് ഒടുവിലത്തെ സംഭവം.

ഉദ്ധവ് താക്കറെയെ പ്രീണിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിന്‍െറ യഥാര്‍ഥ ലക്ഷ്യം. അതേസമയം, ഭരണഘടനാ ബാഹ്യമായ ഇത്തരമൊരു ശക്തിക്കു മുന്നില്‍ കീഴടങ്ങിയത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചത് തെല്ല് അഭിമാനത്തോടെ തന്നെയായിരുന്നു. സൈനിക മേഖലക്ക് കരണ്‍ ജോഹര്‍ അഞ്ചു കോടി നല്‍കുക, ഭാവിയില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ ചിത്രങ്ങളില്‍ അവസരം നല്‍കാതിരിക്കുക എന്നീ ഉപാധികളോടെ ചിത്രം റിലീസ് ചെയ്യാമെന്ന് ഉദ്ധവ് ടെലിഫോണ്‍ സംഭാഷണത്തില്‍ സമ്മതിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഒരു കക്ഷിയുടെ സങ്കുചിത ശാഠ്യത്തിനു മുന്നില്‍ കെഞ്ചിയാചിക്കാന്‍ ഒരു മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്ന സാഹചര്യം പരിതാപകരമാണ്. അതേസമയം, അര്‍ഥശൂന്യമായ ഇത്തരം രാഷ്ട്രീയ കേളികളിലേക്ക് നമ്മുടെ മഹത്തായ സൈനികരെ വലിച്ചിഴക്കുന്നതിനെ ശക്തമായി അപലപിച്ച് ഒരു വിമുക്തഭടന്‍ രംഗപ്രവേശം ചെയ്തത് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ നേതാക്കളെക്കാള്‍ സാമാന്യബോധവും വിവേകവും ഇന്ത്യയിലെ സാധാരണ പൗരന്മാരില്‍പോലും കുടികൊള്ളുന്നു എന്നതാണ് പരമാര്‍ഥം. ഒരു തെമ്മാടിയുടെ അവസാന അഭയകേന്ദ്രമാണ് രാഷ്ട്രീയമെന്ന ജോര്‍ജ് ബര്‍ണാഡ് ഷായുടെയും ദേശസ്നേഹം തെമ്മാടികളുടെ അവസാന സങ്കേതമാണെന്ന സാമുവല്‍ ജോണ്‍സിന്‍െറയും നിരീക്ഷണങ്ങള്‍ സമകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ അര്‍ഥപൂര്‍ണത കൈവരിക്കുകയാണ്.

ദുഷ്ടരാഷ്ട്രീയത്തിന് കീഴ്പ്പെടുന്നവര്‍ക്കേ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ ചിത്രങ്ങളില്‍ മേലില്‍ അവസരം നല്‍കില്ളെന്ന രീതിയിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനാകൂ. അപമാനകരമാണ് ഈ കീഴടങ്ങല്‍. മഹാരാഷ്ട്രയില്‍ ദിനേന ആത്മാഹുതി നടത്തുന്ന ദരിദ്ര കര്‍ഷകരുടെ ആശ്രിതര്‍ക്കുവേണ്ടി ആ അഞ്ചു കോടി കൈമാറാന്‍ കരണ്‍ ജോഹറും ഇതര സംവിധായകരും തയാറാകുമോ?
കൂടുതല്‍ അപമാനകരമായ മറ്റൊരു നിര്‍ദേശവും ഉയരുകയുണ്ടായി. പാക് ഭീകരാക്രമണങ്ങളെ തളിപ്പറയുന്ന പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ അവസരം നല്‍കാമെന്നതാണ് ആ നിര്‍ദേശം.

ഇത്തരം ദുര്‍ന്യായങ്ങള്‍ നിരത്തി പാക് താര ഉപരോധം പ്രഖ്യാപിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിവേകശൂന്യതയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യ-പാക് വ്യാപാരം എട്ടു മടങ്ങാണ് വര്‍ധിച്ചത്. നാം പാകിസ്താനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന്‍െറ നാലിരട്ടി അങ്ങോട്ട് കയറ്റുമതി നടത്തുന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പാകിസ്താന്‍. കപട ദേശസ്നേഹത്തിന്‍െറ പേരില്‍ പാകിസ്താനുമായുള്ള വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുന്നത് ഒരുപക്ഷേ, കനത്ത നഷ്ടമാകും ഇന്ത്യക്ക് സമ്മാനിക്കുക. ഇന്ത്യന്‍ ടെലിവിഷന്‍ -റേഡിയോ പരിപാടികള്‍ക്ക് പാകിസ്താന്‍ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു.

പാക്വിരുദ്ധ വികാര നിര്‍മിതി എന്ന ദുഷ്പ്രവണതയുടെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ പ്രതിരോധ മന്ത്രി മനോഹര്‍ പരീകറിനോ കൈ കഴുകാനാവില്ല. സര്‍ജിക്കല്‍ സ്ട്രൈക് എന്ന നിയന്ത്രണരേഖ ലംഘിച്ച് നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ വിശേഷിച്ചും. പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ സംഭ്രാന്തിയുണ്ടാക്കി. കൂടുതല്‍ വിലക്ഷണതയുമായാണ് പ്രതിരോധ മന്ത്രി രംഗപ്രവേശം ചെയ്തത്.

ആര്‍.എസ്.എസ് സേവന കാലത്തെ പരിശീലനമാണ് തനിക്ക് സൈനികരെ പ്രചോദിപ്പിക്കുന്നതിനുള്ള ഊര്‍ജം പകര്‍ന്നത് എന്നായിരുന്നു പരീകറിന്‍െറ വാദം. പാകിസ്താനെതിരെ ഇന്ത്യ ഐതിഹാസിക വിജയം നേടിയ 1965ലെ യുദ്ധത്തെ അദ്ദേഹം എങ്ങനെയാകും വിലയിരുത്തുക. ആര്‍.എസ്.എസിനോട് ശക്തമായ വിയോജിപ്പുള്ള ലാല്‍ ബഹാദുര്‍ ശാസ്ത്രി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി.

ഇസ്രായേല്‍ സേന മുമ്പേ ചെയ്തുവരുന്ന രീതികളാണ് ഇന്ത്യന്‍ സേന അവലംബിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായ പ്രകടനവും വിചിത്രമായിരുന്നു.  വിദേശമന്ത്രാലയത്തോട് ആലോചിക്കാതെയാവണം പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടിരിക്കുക. ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിന്‍െറ പേരില്‍ ഓരോ യു.എന്‍ സഭാസമ്മേളനങ്ങളിലും ഭൂരിപക്ഷം രാഷ്ട്രങ്ങളും  ഇസ്രായേലിനെ അപലപിക്കാറുണ്ട് എന്ന വസ്തുത വിദേശകാര്യ വിഭാഗം അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയായിരുന്നു.

സര്‍ജിക്കല്‍ സ്ട്രൈക്കിന് പ്രചോദനം പകര്‍ന്നതിന്‍െറ അംഗീകാരം ആര്‍.എസ്.എസിന് നല്‍കുന്നത് നെപ്പോളിയനെ പരാജയപ്പെടുത്തിയ വാട്ടര്‍ലൂ യുദ്ധത്തിലെ ഇംഗ്ളീഷ് വിജയം ഈറ്റണ്‍ സ്കൂളിലെ കളിമൈതാനങ്ങളിലെ വിദ്യാര്‍ഥി പരിശീലനം വഴയാണെന്ന വീമ്പുപറച്ചിലിനു സമാനമായ വങ്കത്തം വ്യക്തമായിരിക്കും.
മേലില്‍ പാക്താരങ്ങള്‍ക്ക് അവസരം നല്‍കില്ളെന്ന ഋഷി കപൂറിന്‍െറ പ്രസ്താവന അത്യധികം വേദന ഉളവാക്കുന്നതാണ്. തന്‍െറ  മികച്ച ചിത്രമായ ഹെന്നയിലെ (1991) നായിക പാകിസ്താന്‍കാരി സേബ ബെക്തിയാര്‍ ആയിരുന്നു എന്ന കാര്യം അദ്ദേഹം പാടേ വിസ്മരിച്ചതായി തോന്നുന്നു. പാകിസ്താനില്‍നിന്ന് ഝലം നദി മുറിച്ചുകടക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് പാകിസ്താന്‍ കാരായിരുന്നു. എന്ന വസ്തുതയും ഋഷി കപൂര്‍ വിസ്മരിച്ചു.

രണ്ടാം ലോകയുദ്ധാനന്തരം സെനറ്റര്‍ മക്കാര്‍ത്തി അവലംബിച്ച വേട്ടയെ അനുസ്മരിപ്പിക്കുന്ന തന്ത്രങ്ങള്‍ക്ക് സമാനമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ നീക്കങ്ങള്‍. യു.എസ് സൈനികരെപ്പോലും മക്കാര്‍ത്തി സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ അദ്ദേഹം പാഴ്വസ്തുപോലെ തിരസ്കൃതനായി. പാകിസ്താനുമായി നല്ലബന്ധം സ്ഥാപിക്കണമെന്നാഗ്രഹിക്കുന്ന ജനങ്ങളെ അവഗണിച്ച് രാജ്യത്ത് ഭീകരത സംഭ്രാന്തി വളര്‍ത്തുന്ന നിസ്സാര രാഷ്ട്രീയക്കാരുടെ അപവാദ പ്രചാരണവേലകള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ചലച്ചിത്രം, സൂഫിസംഗീതം, ഖവാലി തുടങ്ങിയ ഇന്ത്യ-പാക് പൊതു പൈതൃകങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ പാക് പ്രതിഭകള്‍ക്കും അവസരം ലഭ്യമാക്കണം. നിര്‍ഭാഗ്യവശാല്‍ അതിര്‍ത്തിയില്‍ പരസ്പരം നടത്തുന്ന വെടിവെപ്പുകളിലെ ജീവഹാനികളെ ധീര സാഹസികമായ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി ഇന്ത്യയും പാകിസ്താനും വീരസ്യം പ്രകടിപ്പിക്കുകയാണ്. ഹോക്കി മത്സര സ്കോറുകളെന്ന പോലെയുള്ള ഈ വീരവാദങ്ങള്‍ യഥാര്‍ഥത്തില്‍ എന്തൊരു നാണക്കേടാണെന്ന് ആലോചിച്ചുനോക്കുക.

വലിയ സിനിമ ഭ്രാന്തന്‍ അല്ളെങ്കിലും ചലച്ചിത്രാസ്വാദനശീലം എനിക്ക് പണ്ടേയുണ്ട്. എന്നാല്‍, ഇപ്പോഴത്തെ വിശേഷ സാഹചര്യത്തില്‍ ഒരു പ്രായശ്ചിത്ത നടപടി എന്ന നിലയില്‍ ചലച്ചിത്രം കാണുന്നത് നിര്‍ത്തിവെക്കാന്‍ തയാറാണ് ഞാന്‍. അതേസമയം 25 വര്‍ഷം ലാഹോറില്‍ ജീവിച്ച എനിക്ക് സിനിമ, സംഗീതം  തുടങ്ങിയവ ഇന്ത്യയുടെയും പാകിസ്താന്‍െറയും പൊതു പൈതൃകം മാത്രമായേ ഉള്‍ക്കൊള്ളാനാകൂ.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള സഹര്‍  മനുഷ്യാവകാശ ഗ്രൂപ്പിന്‍െറ അധ്യക്ഷയും പാക് പൗരാവകാശ ആക്ടിവിസ്റ്റുമായ ഹിന  ജീലാനി പുറത്തുവിട്ട പ്രസ്താവന ഹൃദയ സ്പര്‍ശിയായിരുന്നു. ‘നിയന്ത്രണ രേഖയുടെ പവിത്രത പാലിക്കാന്‍ ഇനിയും പാകിസ്താനും തയാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ആത്മാര്‍ഥതയോടെ നടപ്പാക്കാനും ഇരു സര്‍ക്കാറുകളും സന്നദ്ധമാകേണ്ടതുണ്ട്.
(ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

Tags:    
News Summary - karan johar's film dil he mushkil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.