ജമ്മു-കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. ഏറ്റവുമൊടുവിൽ തുർക്കിയോടും ഇന്ത്യ ആവർത്തിച്ചത് അതുതന്നെ. ആഭ്യന്തരത്തിൽ പക്ഷേ, എന്തു തോന്ന്യാസവും പാടില്ല. മറ്റു രാജ്യ ങ്ങളുടെ കാര്യം നിൽക്കട്ടെ, ഇന്ത്യയിലെ പ്രതിപക്ഷവും അതാണ് മോദിസർക്കാറിനോട് പറയു ന്നത്. കശ്മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്താനുമായി സ്വാതന്ത്ര്യം മുതൽ നിലനിൽക്കുന്ന ത ർക്കം പരിഹരിക്കാൻ മൂന്നാമതൊരു കക്ഷിയുടെ മാധ്യസ്ഥ്യം ആവശ്യമില്ല. അക്കാര്യത്തിൽ ഭര ണ, പ്രതിപക്ഷപാർട്ടികൾക്ക് വേറിട്ടൊരു കാഴ്ചപ്പാടില്ല. എന്നാൽ, അവിടത്തെ സാഹചര്യ ങ്ങൾ ആർക്കും കയറി ഇടപെടാനും വിമർശിക്കാനും കഴിയുന്ന സ്ഥിതിയാണ് ഉണ്ടാക്കിവെച്ചിരി ക്കുന്നത്. 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞ് സംസ്ഥാനം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള ാക്കി മാറ്റിയശേഷമുള്ള എട്ടു മാസക്കാലമായി അവിടം തടങ്കൽ പാളയമാണ്. മൂന്നു മുൻമുഖ്യ മന്ത്രിമാർ അടക്കം രാഷ്ട്രീയനേതാക്കളും ഒട്ടേറെ ജനങ്ങളും കരുതൽ തടങ്കലിലാണ്. സിവിൽ സർവിസസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയ ഷാ ഫൈസലാണ് ഏറ്റവുമൊടുവിൽ പൊതുസുരക്ഷ നിയമത്തിെൻറ തടങ്കലിലായത്.
പുറംലോകത്തിെൻറ വെളിച്ചം കാണിക്കാതെ ജമ്മു-കശ്മീർ ഇനി എത്രനാൾ? ഈ അവസരം മുതലാക്കി ആഗോളതലത്തിൽ കശ്മീർ വിഷയം കൂടുതൽ ഉച്ചത്തിൽ ഉന്നയിക്കുകയാണ് പാകിസ്താൻ. ഇതുവരെയുള്ള സ്ഥിതിയിൽനിന്ന് ഭിന്നമായി, ലോകരാജ്യങ്ങൾ കശ്മീരിനെ വർധിച്ച ആശങ്കയോടെ കാണുന്നു. പല രാജ്യങ്ങളും പാകിസ്താനെ പിന്തുണക്കുന്നു. രണ്ടു കൂട്ടരെയും പിണക്കാൻ പ്രയാസമുള്ളവരും ഉത്കണ്ഠ പങ്കുവെക്കുന്നു. കുഴഞ്ഞുമറിഞ്ഞ കശ്മീരിെൻറ സാഹചര്യങ്ങളാണ് ഉഭയകക്ഷി വിഷയത്തേക്കാൾ, പുറംഇടപെടലും മധ്യസ്ഥതയും ആവശ്യമുള്ള വിഷയമാണെന്ന കാഴ്ചപ്പാട് ലോകരാജ്യങ്ങൾക്കിടയിൽ അരക്കിട്ടുറപ്പിക്കുന്നത്.
അതേസമയം, നയതന്ത്രതലത്തിൽ വലിയൊരു വെല്ലുവിളിയാണ് കേന്ദ്രസർക്കാർ നേരിടുന്നത്. ജമ്മു-കശ്മീരിലെ സാഹചര്യങ്ങളിൽ ആഭ്യന്തരമായും പുറംലോകത്തും കടുത്ത എതിർപ്പ് വളരുന്നത് മൂന്നാം കക്ഷി സഹായത്തിനുവേണ്ടിയുള്ള പാകിസ്താൻ വാദത്തിന് ശക്തി പകരുന്നു. നയതന്ത്രവഴിയിൽ അത് അടക്കിനിർത്താൻ കഴിഞ്ഞില്ലെങ്കിൽ സർക്കാറിനാണ് തിരിച്ചടി. ജമ്മു-കശ്മീരിലേക്ക് രണ്ടു ഘട്ടമായി നയതന്ത്ര പ്രതിനിധി സംഘത്തെ സർക്കാർ ചെലവിൽ അയച്ചത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, സർക്കാർ കാണിക്കുന്ന വഴികളിലൂടെ നടക്കാമെന്നല്ലാതെ പുറത്തിറങ്ങാനോ തടങ്കലിൽ കഴിയുന്ന നേതാക്കളെ കാണാനോ അവസരം കിട്ടിയില്ല. ഇതിനെല്ലാമിടയിലാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വരവ്.
ട്രംപിെൻറ
മാധ്യസ്ഥ്യമോഹത്തിനുപിന്നിൽ
കശ്മീർ മധ്യസ്ഥതക്ക് പലവട്ടം താൽപര്യം പ്രകടിപ്പിച്ചയാളാണ് ട്രംപ്. ലോകപൊലീസായാൽ കൂടി, ഇക്കാര്യത്തിൽ ബാഹ്യമായ ഒരു ഇടപെടലും മോദിസർക്കാറിന് അനുവദിക്കാൻ കഴിയില്ല. അമേരിക്ക ഇടപെടുന്നത് ഇന്ത്യക്ക് ഇഷ്ടമല്ലെന്ന് അറിയാതെയല്ല ട്രംപ് താൽപര്യം പലവട്ടം പരസ്യമായി പറഞ്ഞത്. ഈ മാസം 24, 25 തീയതികളിൽ ഇന്ത്യയിലേക്കു വിരുന്നുവരുേമ്പാഴും കശ്മീർ വിഷയം എടുത്തിടാതിരിക്കില്ല. അമേരിക്കകൂടി കശ്മീരിനെക്കുറിച്ച് ഉറക്കെപ്പറഞ്ഞാൽ, കാര്യങ്ങൾ പിടിവിടുമെന്ന് മൂന്നുതരം. അതറിഞ്ഞു തന്നെയാണ് ട്രംപിെൻറ കളി.
അതൊരു വിലപേശലാണ്. ഇന്ത്യ താൽപര്യപ്പെടാത്ത ഒരു വിഷയം ഇടക്കിടെ എടുത്തിട്ട് അസ്വസ്ഥപ്പെടുത്തുന്നത്, മറ്റു ചില ലക്ഷ്യങ്ങളിൽ മോദിസർക്കാറിനെ വരച്ചവരയിൽ നിർത്താനാണ്. മധുരത്തിൽ പൊതിഞ്ഞ വിരട്ടൽ കൊണ്ട് ഇന്ത്യയിൽനിന്ന് നേടിയെടുക്കാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് കച്ചവടം തന്നെ. അമേരിക്കൻ പക്ഷത്തേക്കു കൂടുതൽ ചേർത്തുനിർത്തുകയാണ് മറ്റൊന്ന്. 2019ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി വിളിച്ചിട്ട് ഒഴിഞ്ഞു മാറിയ ട്രംപ്, ഇപ്പോൾ പറന്നിറങ്ങുന്നത് ഈ ലക്ഷ്യങ്ങളോടെയാണ്. ട്രംപിന് സ്വന്തം താൽപര്യങ്ങൾക്കായി ഇന്ത്യയെ വളയ്ക്കാനും, മോദിക്ക് പിടിച്ചുനിൽപിന് വളഞ്ഞുകൊടുക്കാനും ഉപാധിയായിത്തീരുകയാണ് കശ്മീർ. കച്ചവടത്തിന് വഴങ്ങുന്നതനുസരിച്ച് അമേരിക്കയുടെ കശ്മീർ നിലപാട് മയപ്പെടും.
കരാറും ഇളവും നേടാൻ
അമേരിക്ക
മൂന്നു വർഷമായി നിലനിൽക്കുന്ന വ്യാപാരസംഘർഷങ്ങൾ മാറ്റിയെടുത്ത്, കോഴിക്കാൽ മുതൽ ഹെലികോപ്ടർ വരെ വിവിധ ഇനങ്ങളിൽ അമേരിക്കക്ക് മെച്ചപ്പെട്ട ഡീൽ ഉറപ്പിക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. സൈന്യത്തിനുവേണ്ട ഹെലികോപ്ടർ അമേരിക്കയിൽനിന്ന് വാങ്ങുന്ന 2.6 ബില്യൺ ഡോളർ ഇടപാട് മിക്കവാറും ഉറപ്പിച്ചു കഴിഞ്ഞു. കരാർ ഒപ്പിട്ടാൽ മതി. വ്യോമപ്രതിരോധ സന്നാഹങ്ങൾക്കായി മറ്റൊരു 1.86 ബില്യൺ ഡോളർ കരാറുമുണ്ട്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാറുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് അമേരിക്ക. അതിെൻറ ആദ്യപടിയായി ഇടക്കാല വ്യാപാര കരാർ സാധിച്ചെടുക്കുകയാണ് ഈ യാത്രയിെല മറ്റൊരു കാര്യപരിപാടി. ഉൽപന്ന കയറ്റിറക്കുമതിയിൽ ഇപ്പോൾ അമേരിക്കക്ക് ചില നഷ്ടങ്ങളുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുന്നതിനേക്കാൾ കൂടുതൽ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളാണ് കൂടുതൽ. അതുവഴി വ്യാപാരക്കമ്മി കൂടുന്നു. ഇന്ത്യ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ഒഴിവാക്കി വിപണി കൂടുതൽ തുറന്നുകിട്ടിയാൽ ഈ സ്ഥിതി മാറ്റിയെടുക്കാം.
അമേരിക്കയുടെ ഇളവുകൾ കുറക്കുകയാണ് മറ്റൊരു വഴി. വികസ്വര രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇളവുകളുണ്ട്. ഈ പ്രത്യേക പദവി പതിറ്റാണ്ടുകളായി ഇന്ത്യക്കുണ്ടായിരുന്നു. ഇന്ത്യ വികസിതരാജ്യമായിട്ടുമില്ല. പക്ഷേ, വികസ്വര രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ മാറ്റി ഇളവുകൾ നീക്കിയിരിക്കുകയാണ് അമേരിക്ക. ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുകയും ചെയ്തു. ഇതിലൊന്നും ഫലപ്രദമായ പ്രതിഷേധം പോലും ഉണ്ടായില്ല. മെഡിക്കൽ അനുബന്ധ ഉപകരണങ്ങൾക്കും മറ്റും അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഉയർന്ന തീരുവയാണ്. ഇതു കുറച്ചു കിട്ടാൻ അമേരിക്ക ശ്രമിക്കുന്നു.
ക്ഷീരോൽപന്നങ്ങൾ, കോഴിമാംസം, ഗോതമ്പ്, ആപ്പിൾ, വാൾനട്ട് തുടങ്ങി നിരവധി ഇനങ്ങളുടെ തീരുവ കുറച്ചു കിട്ടിയാൽ 42,000 കോടി രൂപയുടെ അമേരിക്കൻ ഉൽപന്നങ്ങൾ വർഷം തോറും ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് കണക്കാക്കുന്നത്. അത് ഇവിടത്തെ കർഷകന് പുതിയ പ്രഹരമാകും. ഈ വിഷയമുയർത്തി തിങ്കളാഴ്ച വിവിധ കർഷകസംഘടനകൾ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് വരുന്നത് സമ്മാനപ്പൊതിയുമായല്ല, കയ്ക്കുന്ന കുമ്മട്ടിക്കായുമായാണെന്നാണ് ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’ ഓർമപ്പെടുത്തുന്നത്. ഇറാൻ വിഷയത്തിൽ അമേരിക്കയുടെ നിർദേശങ്ങൾക്കൊത്ത് ഇന്ത്യയെക്കൊണ്ട് നിലപാട് എടുപ്പിക്കുക, ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ-അമേരിക്കൻ അച്ചുതണ്ടിനോട് ചേർത്തുനിർത്തുക, അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കൻ പടയെ പിൻവലിക്കുേമ്പാൾ ഇന്ത്യയെ ഊന്നുവടിയായി ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ട്രംപിനുണ്ട്.
കെം ചോ ട്രംപ്, അഥവാ
ഒരു പാലമിട്ടാൽ...
തലസ്ഥാനമായ ഡൽഹിക്കും മുേമ്പ ട്രംപ് ഭാര്യ മിലനിയക്കൊപ്പം പറന്നിറങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലാണെന്നതും ശ്രദ്ധേയം. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് മോദി അമേരിക്കയിൽ ചെന്നപ്പോൾ സംഘടിപ്പിച്ച ‘ഹൗഡി മോദി’ പരിപാടിയുടെ മാതൃകയിൽ അഹ്മദാബാദിലെ മോട്ടറ സ്റ്റേഡിയത്തിൽ ‘കെം ചോ ട്രംപ്’ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ‘ഹൗഡി’യുടെ ഗുജറാത്തി പരിഭാഷയായ ‘കെം ചോ’, ഇതിൽ ഒന്നേകാൽ ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് പുറപ്പാട്. ഈ വർഷാവസാനം യു.എസിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരുടെ വോട്ട് ആകർഷിക്കുകയെന്ന ലക്ഷ്യമാണ് ഈ പരിപാടിക്ക്. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളിൽ നല്ല പങ്ക് ഗുജറാത്തിൽ നിന്നുള്ളവരാണ്. സാമ്പത്തികമായും സ്വാധീന ശക്തിയാണ് അവർ. ഇതെല്ലാം മോദി വഴി ട്രംപ് അനുകൂലമാക്കുന്നു. മറുവശത്ത്, ഗുജറാത്തികളായ അമേരിക്കൻ പ്രവാസികൾക്ക് ട്രംപ് ഭരണകൂടവുമായി അടുക്കാൻ മോദി വഴിയൊരുക്കുന്നു.
ട്രംപിെൻറ വരവ് ട്രംപിനും അമേരിക്കക്കും വേണ്ടിയാണ്. അതിഥി വരുന്നത് സമ്മാനപ്പൊതിയുമായല്ല, കച്ചവടം പ്രതീക്ഷിച്ചാണ്. അമേരിക്കക്ക് ഗുണകരമായ വിധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാവുന്ന വളഞ്ഞ വഴികൾ പ്രയോഗിക്കാൻ അവർക്ക് മടിയില്ല. സാഹചര്യങ്ങൾ ഇവിടെത്തന്നെയുണ്ട്. അത് ട്രംപ് പ്രയോജനപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യരാജ്യങ്ങളാണ് എന്ന അഭിമാനം പങ്കുവെക്കുന്നവരാണ് ഇന്ത്യയും അമേരിക്കയും. ജനാധിപത്യ ധ്വംസനങ്ങളും വിലപേശാനുള്ള ഇനമാണ്. എന്നിരിക്കെ, ട്രംപിെൻറ വരവിൽ ഇന്ത്യ പ്രതീക്ഷിക്കേണ്ടത് ഗുണത്തേക്കാൾ, നഷ്ടങ്ങളാണ്. ആ നഷ്ടങ്ങൾക്ക് വൻകിട കരാറുകളുടെ ആവരണം ഉണ്ടാകുമെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.