ആരോഗ്യപ്രവർത്തകർക്കു നേരെ പാഞ്ഞടുക്കും മുമ്പ്

ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള രോഗിയുടെ ബന്ധുക്കളുടെ കൈയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം വരുന്നുണ്ട്. ബഹുജനങ്ങളിൽ ഒരുവിഭാഗമെങ്കിലും ഈ കൈയേറ്റങ്ങളെ ചെറിയ തോതിലെങ്കിലും ന്യായീകരിക്കാവുന്നതാണ് എന്ന പക്ഷക്കാരുമാണ്.

ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജനുനേരെയുണ്ടായ അതിക്രമം. ഏതൊരു തൊഴിലിടത്തിലും ജോലിചെയ്യുന്ന വ്യക്തിയുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ജനാധിപത്യ സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്.

എന്നാൽ, നമ്മുടെ നാട്ടിൽ ആരോഗ്യപ്രവർത്തകർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മാത്രം പലരീതിയിൽ ന്യായീകരിക്കപ്പെടുന്നു. ഒരുപക്ഷേ രോഗിയുടെ ബന്ധുക്കൾ അവർക്ക് സംഭവിച്ച നഷ്ടത്തിന് പുറത്ത് വികാരവിക്ഷോഭത്താൽ ചെയ്തുപോകുന്നതാവാം എന്നൊരു ന്യായം പൊതുവെ ഈ വിഷയത്തിൽ ഉണ്ടാകാറുണ്ട്.

ഇവിടെ മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. വളരെയധികം സങ്കീർണമായ, ഓരോ നിമിഷവും പുതിയ പുതിയ അറിവുകൾ ഉണ്ടായി വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ആധുനിക വൈദ്യശാസ്ത്രം. മനുഷ്യരെയാണ് പഠിക്കുന്നത്, ചികിത്സിക്കുന്നത് എന്നുള്ളതുകൊണ്ടുതന്നെ വലിയ അപകടസാധ്യതകളുള്ള മേഖലയാണിത്.

ഓരോ മനുഷ്യശരീരവും അതിന്റെ സമാനതകൾ നിലനിർത്തുമ്പോൾതന്നെ ഒട്ടനവധി വ്യതിയാനങ്ങളും പേറുന്നുണ്ട്. ഒരു മരുന്നിനോടുതന്നെ ഓരോ രോഗിയുടെയും ശരീരം പ്രതികരിക്കുക വ്യത്യസ്ത രീതിയിലായിരിക്കും. ചില മരുന്നുകളോട് ചിലർക്ക് അലർജി ഉണ്ടാകാം.

അതിന്റെ തോത് പോലും ഓരോ വ്യക്തിയിലും മാറിയിരിക്കും. അങ്ങനെ നിരവധി സങ്കീർണതകളെയും അപകടസാധ്യതകളെയും മുന്നിൽകണ്ട് മാത്രമേ ഒരു ചെറിയ ജലദോഷപ്പനിയെ പോലും ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽതന്നെ ഡോക്ടർ-രോഗി ബന്ധത്തിൽ പരസ്പരവിശ്വാസം എന്നത് ഒഴിച്ച് കൂടാനാവാത്തതാണ്.

അതില്ലാതെയായാൽ വൈദ്യശാസ്ത്രത്തിന്റെ നൂതന മാർഗങ്ങൾ ഒന്നും മനുഷ്യർക്ക് ഉപയോഗിക്കാനാവില്ല. ഉദാഹരണത്തിന്, ഇന്ന് വളരെയധികം പരിചിതമായ താക്കോൽദ്വാര ശാസ്ത്രക്രിയ ഒരുകാലത്ത് പുതിയ പരീക്ഷണമായിരുന്നു. ഇന്നതെത്രയോ വലിയ ശസ്ത്രക്രിയകളുടെ ബുദ്ധിമുട്ടുകൾ മനുഷ്യസമൂഹത്തിന് കുറച്ചുകൊടുത്തു. അത് പരസ്പരവിശ്വാസത്തിൽ നിലകൊണ്ട ഡോക്ടർമാരും രോഗികളും തമ്മിലുള്ള ബന്ധത്തിൽനിന്നാണ് വളർന്നുവന്നത്.

രോഗിയെയും രോഗിയുടെ ബന്ധുക്കളെയും സംബന്ധിച്ചിടത്തോളം ഒരു വലിയ അനിശ്ചിതത്വവും അതുപോലെ നിരാശ്രയത്വവുമൊക്കെ തോന്നുക സ്വാഭാവികമാണ്. അവർ രോഗത്തിനുമുന്നിൽ നിസ്സഹായരാണ്. ആ നിസ്സഹായതയിൽ അവരുടെ ബന്ധുവിനെ രക്ഷിച്ചാൽ ആ ഡോക്ടർ ദൈവവും നഴ്സ് മാലാഖയുമാകും. അതല്ല അതിൽ ചികിത്സിക്കുന്നവർ പരാജയപ്പെട്ടാൽ അവർ ശത്രുക്കളുമാകും.

അറിവല്ലായ്മക്കും വൈകാരിക പൊട്ടിത്തെറികൾക്കുമിടയിൽനിന്നുകൊണ്ട് ബന്ധുക്കൾ ആരോപിക്കുന്നതെന്തും വസ്തുനിഷ്ടസത്യങ്ങളെക്കുറിച്ചറിയാൻ ശ്രമിക്കാതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും പിന്നീട് അത് കൃത്യമായി പിന്തുടർന്ന് ശരിയായ കാര്യം ജനങ്ങളെ അറിയിക്കാതിരിക്കുകയും ചെയ്യുന്നത് ഡോക്ടർ-രോഗി ബന്ധത്തെ വീണ്ടും വഷളാക്കുകയാണ്.

ആരോഗ്യമേഖലയെ സംബന്ധിക്കുന്ന ഒരു വിഷയം ഉണ്ടായാൽ വിഷയ വിദഗ്ധരോട് കാര്യങ്ങൾ അന്വേഷിച്ച് മനസ്സിലാക്കിയശേഷം ഉത്തരവാദിത്തപൂർണമായ വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ടതുണ്ട്. അതില്ലാത്തതിന്റെ ഒട്ടനവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

വൈദ്യശാസ്ത്ര മേഖലയിൽ മറ്റാരേക്കാളും ആധികാരികമായി ഒരു രോഗാവസ്ഥയെപ്പറ്റിയും അതിന്റെ ചികിത്സവിധിയെപ്പറ്റിയും അതിന്റെ സങ്കീർണതകളെപ്പറ്റിയും കൃത്യമായ ധാരണ നൽകാൻ സാധിക്കുക ഒരു ഡോക്ടർക്കുതന്നെയാണ്. അത് മാധ്യമങ്ങൾ പലപ്പോഴും മറന്നുപോകുന്നു.

ഇതിനൊക്കെ പിന്നിലുള്ള മറ്റൊരു വലിയ കാരണം കൂടെയുണ്ട്. ഒരുപക്ഷേ ഏറ്റവും പ്രധാന കാരണവും; ആരോഗ്യമേഖല ഒരു സേവനമേഖല ആയിരുന്നു ഒരുകാലത്ത്. പഴയ ഡോക്ടർമാരുടെ കഥകൾ കേൾക്കുമ്പോൾ നമുക്കറിയാം, സാമൂഹിക സേവനത്തിന് ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് പലരും ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുള്ളത്.

ആ മനുഷ്യരുടെ അധ്വാനത്തിന്റെ ഫലംതന്നെയാണ് ലോകം മുഴുവനും അറിയപ്പെട്ടിരുന്ന കേരള മോഡൽ ആരോഗ്യരംഗം. ഇന്നത് ഒരു വ്യവസായ മേഖലയായി മാറിയിരിക്കുന്നു. രോഗികൾ ഉപഭോക്താക്കളാണ് എന്നതാണ് പുതിയ സങ്കല്പം. കൂടുതൽ പണം നൽകാൻ പ്രാപ്തിയുള്ളവന് കൂടുതൽ സൗകര്യത്തിൽ ആരോഗ്യപരിരക്ഷ നടത്താം; ഇല്ലാത്തവന് കുറഞ്ഞ പരിരക്ഷ എന്ന രീതിയും സ്വാഭാവികമായും ഈ ഉപഭോക്തൃ സങ്കൽപത്തിൽനിന്ന് ഉരിത്തിരിഞ്ഞു വന്നതാണ്.

ഓരോ മനുഷ്യരുടെയും ആരോഗ്യം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമായിരിക്കണം. അതിൽനിന്ന് പിന്മാറിക്കൊണ്ടേയിരിക്കുന്ന സർക്കാറുകൾ പൊതുജനാരോഗ്യ സംവിധാനത്തെ പതിയെ കൊല്ലുകയാണ്. ആവശ്യത്തിന് സ്റ്റാഫ് ഇല്ലാതെ കൊള്ളാവുന്നതിലപ്പുറം രോഗികളെ വഹിച്ചുകൊണ്ടാണ് ഓരോ സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നത്.

ഊണും ഉറക്കവുമില്ലാതെ ആരോഗ്യപ്രവർത്തകർ ഈ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നു. ഒരു സർക്കാർ ആശുപത്രിയിലെ ഒ.പിയിൽ ഒരുദിവസം ഒരു ഡോക്ടർ നൂറുകണക്കിന് ആളുകളെ പരിശോധിക്കുന്നു, ചുരുങ്ങിയ സമയത്തിനുള്ളിൽ. ഒരു രോഗിയെ ഒരുമിനിറ്റ് പോലും പരിശോധിക്കാൻ സമയമില്ലാത്തവിധം തിരക്കാണ് അവിടങ്ങളിൽ.

വാർഡുകൾ തിങ്ങിനിറഞ്ഞ് കട്ടിലിലും താഴെയുമായി രോഗികൾ കിടക്കുന്ന അവസ്ഥ. അത്യാവശ്യ ശസ്ത്രക്രിയകൾക്കുപോലും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ സാധാരണക്കാരൻ കഷ്ടപ്പെടുന്നു. അതിന് ആരോഗ്യമന്ത്രി മാധ്യമപ്പടയുമായി വന്ന് ഫാർമസിസ്റ്റിനെ ശകാരിക്കുന്നു.

ആവശ്യത്തിന് മരുന്ന് ഉറപ്പാക്കേണ്ടത് സർക്കാറാണ്. ആവശ്യത്തിന് ഡോക്ടർമാരെയോ നഴ്സുമാരെയോ മറ്റു പാരാമെഡിക്കൽ സ്റ്റാഫിനെയോ നിയമിക്കുന്നുണ്ടോ സർക്കാർ? ഇതിന്റെയെല്ലാം കെടുതികൾ ആത്യന്തികമായി വന്നുപതിക്കുന്നത് സാധാരണ രോഗികളുടെ പുറത്താണ്.

പൊളിഞ്ഞുവീഴാറായ ആരോഗ്യസംവിധാനത്തെ ഇന്നും താങ്ങിനിർത്തിയിരിക്കുന്നത് മറ്റാരുമല്ല ഈ ആരോഗ്യപ്രവർത്തകരാണ്. അവരല്ല ജനങ്ങളുടെ ദുരിതത്തിന് കാരണക്കാർ. സമൂഹത്തിന്റെ ഒരു പകർപ്പ് എന്ന നിലക്ക് ഈ മേഖലയിലും മോശക്കാരുണ്ടാകാം.

പക്ഷേ, അതിനെ സാമാന്യവത്കരിക്കരുത്. ഏതെങ്കിലും തരത്തിലുള്ള മോശം പ്രവണതകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെതിരെ പരാതിപ്പെടാനും അതിനെ നിയമത്തിന്റെ വഴിക്ക് കൈകാര്യം ചെയ്യാനും സംവിധാനങ്ങൾ സർക്കാറിനുണ്ട്. അത് ഉണർന്ന് പ്രവർത്തിക്കട്ടെ. തൊഴിലിടം സുരക്ഷിതമായേ തീരൂ. അത് ഓരോ വ്യക്തിയുടെയും അവകാശമാണ്.

Tags:    
News Summary - Keep the workplace safe-health workers life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.