സംസ്ഥാനത്തെ ടൂറിസം മേഖലയുടെ കുതിപ്പിനെകുറിച്ച് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതുന്നു
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച രംഗങ്ങളിലൊന്നാണ് ടൂറിസം മേഖല. സഞ്ചാരവും കൂടിച്ചേരലും നിലച്ചതോടെ ടൂറിസം കടുത്ത പ്രതിസന്ധിയിലായി. കേരളത്തിലും ഇത് ശക്തമായിരുന്നു. ഈ പ്രതിസന്ധിക്കിടയിൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കവെ ടൂറിസം മേഖലയെ പഴയ തിളക്കങ്ങളിലേക്ക് തിരിച്ചെത്തിക്കുക എന്ന ദൗത്യമാണ് മുന്നിലുണ്ടായിരുന്നത്. വിനോദസഞ്ചാര മേഖലയെ കൈപിടിച്ചുയർത്താൻ മൂന്ന് മേഖലകൾക്ക് ഊന്നൽനൽകി വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ചത്.
ടൂറിസം വ്യവസായത്തിന് ആത്മവിശ്വാസം നല്കുക എന്നതായിരുന്നു അതിൽ ഒന്നാമത്തേത്. ടൂറിസം കേന്ദ്രങ്ങളെ പൂർണമായും വാക്സിനേറ്റഡാക്കി സുരക്ഷിതമാക്കുന്ന പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചു. വയനാട്ടിൽ തുടക്കമിട്ട പദ്ധതി കേരളത്തിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു. സുരക്ഷിത ടൂറിസം എന്ന സന്ദേശത്തോടെ ബയോബബിൾ സംവിധാനം ഏർപ്പെടുത്തി കോവിഡ് കാലത്തുതന്നെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും നമുക്ക് കഴിഞ്ഞു.
ഈ സമയത്ത് ലോക ടൂറിസത്തിൽ നിലനിന്ന വർക്കേഷൻ എന്ന ട്രെൻഡിനെ ഉപയോഗപ്പെടുത്തി നാം. വയനാടിനെ വർക്കേഷനായി മാറ്റാനാകുന്നതരത്തിൽ വിപുല പ്രചാരണവും സംഘടിപ്പിച്ചു. അതിന്റെ പ്രതിഫലനമെന്നോണം വയനാട് ടൂറിസം അതിവേഗം പ്രചാരം നേടി. സഞ്ചാരികൾ വയനാട്ടിലേക്കും അതുവഴി മറ്റ് ഡെസ്റ്റിനേഷനുകളിലേക്കും എത്തി. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകൾ സജീവമായി.
പുത്തൻ ടൂറിസം ഉൽപന്നം
മൂന്നു പതിറ്റാണ്ടിനുശേഷം കേരള ടൂറിസം പുതിയ ഉൽപന്നം പുറത്തിറക്കിയതും പ്രതിസന്ധിയെ മറികടക്കാനുള്ള സമീപനമായിരുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്ന കാരവാൻ കേരള ടൂറിസത്തെ ആകർഷണീയമാക്കി. ലിറ്റററി ടൂറിസം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് തുടങ്ങിയ വ്യത്യസ്തങ്ങളായ പദ്ധതികളിലേക്കുള്ള ചുവടുവെപ്പുകളും നമ്മുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയും ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുക, ഒരു ജില്ലയിൽനിന്ന് മറ്റ് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകൾ പ്രോത്സാഹിപ്പിക്കുക, ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രകൾ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രത്യേക മാർക്കറ്റിങ് തന്ത്രങ്ങൾ നടപ്പാക്കി. കൂടുതൽ സഞ്ചാരികളെത്തുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശികമായ പ്രചാരണപരിപാടികൾ ഇത്തവണയൊരുക്കി. ഓണം, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയ ആഘോഷപരിപാടികൾ സഞ്ചാരികൾക്ക് ആകർഷണീയമാംവിധം പുനരാരംഭിച്ച് വ്യാപകമാക്കി.
ഫിനിക്സിനെപ്പോലെ ഉയിർത്തെഴുന്നേൽപ്
കോവിഡിന് ശേഷമുള്ള സഞ്ചാരികളുടെ വരവുതന്നെ കേരള ടൂറിസത്തിന്റെ കുതിപ്പിന്റെ സാക്ഷ്യപത്രമാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ സർവകാല റെക്കോഡ് കൈവരിച്ചു. 2022ലെ ആദ്യ മൂന്നു പാദത്തിനിടയിൽ 1,33,80,000 ആഭ്യന്തര സഞ്ചാരികളെത്തി. അതായത്, കോവിഡിന് മുമ്പുള്ള കാലത്തെക്കാൾ 1.49 ശതമാനം അധികം.
ജില്ലാടിസ്ഥാനത്തിൽ എറണാകുളത്താണ് ഈ വർഷം കൂടുതൽ സഞ്ചാരികളെത്തിയത്-28,93,961 പേർ. തിരുവനന്തപുരം (21,46,969), ഇടുക്കി (17,85,276), തൃശൂർ (15,07511), വയനാട് (10,93,175) ജില്ലകളാണ് തൊട്ടുപിറകെ. ഇടുക്കി (47.55 ശതമാനം), വയനാട് (34.57 ശതമാനം), പത്തനംതിട്ട (47.69 ശതമാനം) ജില്ലകളാണ് ശ്രദ്ധേയമുന്നേറ്റം സാധ്യമാക്കിയത്.
ഇതിനു പുറമെ അന്തർദേശീയതലത്തിൽ അംഗീകാരങ്ങളും കേരളത്തെ തേടിയെത്തി. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട അമ്പത് ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയപ്പോൾ അതിലൊന്ന് കേരളമാണ്. കാരവാൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളെ ടൈം മാഗസിൻ എടുത്തുപറഞ്ഞത് ടൂറിസം വകുപ്പിന്റെ ആശയത്തിനും പരിശ്രമങ്ങൾക്കുമുള്ള അംഗീകാരമായി. അടുത്തിടെ ലണ്ടനിൽ നടന്ന ലോക ടൂറിസം മാർക്കറ്റിൽ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി അംഗീകരിക്കപ്പെട്ടു. ജലാശയങ്ങളെ വീണ്ടെടുത്ത് സംരക്ഷിച്ച് അവയെ ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയ കോട്ടയം മറവന്തുരുത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിയാണ് ലണ്ടനിൽ അവാർഡിനർഹമായത്. ലോക ടൂറിസം മാർട്ടിൽ കേരള പവിലിയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ട്രാവൽ പ്ലസ് ലിഷർ മാഗസിന്റെ വായനക്കാർ മികച്ച വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതും കേരളത്തെ.
സാമ്പത്തിക സുസ്ഥിരതക്ക് ടൂറിസം
ഡിപ്പാർട്മെൻറ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സംസ്ഥാന ജി.ഡി.പി റിപ്പോർട്ടിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 12.07 ശതമാനമാണ്. ഇത് ദേശീയ ശരാശരിക്ക് മുകളിലാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിനിടയാക്കിയ ഒരുഘടകം 120 ശതമാനം വളർച്ച കൈവരിച്ച ടൂറിസം മേഖലയാണ്.
പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ ടൂറിസത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഫാം ടൂറിസത്തിന്റെ സാധ്യതകൾ തുറന്നിടുന്ന അഗ്രി ടൂറിസം നെറ്റ് വർക്, വനിത ടൂറിസത്തിലേക്ക് ചുവടുവെക്കുന്ന സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതി, പ്രാദേശിക വിഭവങ്ങളെ ഉപയോഗിച്ച് സ്ട്രീറ്റുകളെ സജ്ജമാക്കി സഞ്ചാരികളെ സ്വീകരിക്കുന്ന സ്ട്രീറ്റ് പദ്ധതി തുടങ്ങിയവ ഈ മേഖലയിലെ ചുവടുവെപ്പുകളാണ്. തൊഴിൽ-വരുമാന സാധ്യതകളെ വർധിപ്പിച്ച് നാടിന്റെ സമ്പദ് വ്യവസ്ഥക്ക് കുതിപ്പുനല്കാൻ വഴിയൊരുക്കുന്നവയാണ് ഈ പദ്ധതികളെല്ലാം.
ടൂറിസത്തിന്റെ കുതിപ്പിനുള്ള അംഗീകാരം നമ്മുടെ ജനങ്ങൾക്കുള്ളതാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും ആതിഥേയ മര്യാദയും ഐക്യവും നമ്മുടെ ടൂറിസം മേഖലക്ക് കരുത്തേകുന്ന ഘടകമാണ്. കൃത്യമായ ആസൂത്രണത്തോടെ പുതിയ പദ്ധതികൾ ആരംഭിച്ചും നിലവിലുള്ളവ വിപുലപ്പെടുത്തിയും കേരളത്തെ ടൂറിസം സ്റ്റേറ്റാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.