റിപ്പബ്ലിക്ദിന പരേഡിൽ കേരളം നൽകിയ നിശ്ചലദൃശ്യത്തിന്റെ മോഡലിൽ സ്ത്രീ സുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപാറയിലെ പക്ഷിശിൽപവും ചുണ്ടൻവള്ളവും നാരായണഗുരുവിന്റെ ശിൽപവുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഗുരുവിന്റെ സ്ഥാനത്ത് ശങ്കരാചാര്യരുടെ പ്രതിമ ഉൾപ്പെടുത്താനാണ് അധികൃതർ നിർദേശിച്ചത്. കേരള നവോത്ഥാനത്തിന്റെ വിപ്ലവാത്മകമായ ചരിത്രസംഭവങ്ങളുടെ പതാകാവാഹകനായ നാരായണഗുരുവിനെ ഒഴിവാക്കി ശങ്കരാചാര്യരെ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കുന്നതിന്റെ സാംസ്കാരിക രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഗുരു പ്രതിമയുടെ സ്ഥാനത്ത് അദ്വൈത സംസ്ഥാപകനായ ശങ്കരാചാര്യരെ പ്രതിഷ്ഠിക്കുന്നതിനുപിന്നിൽ ഹിന്ദുത്വ-ബ്രാഹ്മണ്യത്തിന്റെ സാംസ്കാരികയുക്തിയാണ് ഉള്ളടങ്ങിയിരിക്കുന്നത്. പ്രസ്ഥാനത്രയങ്ങളെന്നറിയപ്പെടുന്ന ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ദശോപനിഷത്തുക്കൾ എന്നിവകൾക്ക് വ്യാഖ്യാനം രചിച്ച ശങ്കരാചാര്യർ ചാതുർവർണ്യാധിഷ്ഠിതമായ ജാതിവ്യവസ്ഥക്ക് സാധൂകരണം ചമക്കുകയാണുണ്ടായത്. 'ബ്രഹ്മ വാ ഇദമഗ്ര ആസീത്' എന്ന ബൃഹദാരണ്യകോപനിഷത് വാക്യം വ്യാഖ്യാനിക്കുമ്പോൾ, 'ബ്രാഹ്മണജാതിയുടെ അഭിമാനം ഹേതുവായി ബ്രഹ്മമെന്നു പറയുന്നു' എന്നാണ് ബ്രഹ്മത്തെ ശങ്കരൻ വ്യാഖ്യാനിക്കുന്നത്. കർമാന്തത്തിൽ ബ്രഹ്മം യോനിയായ ബ്രാഹ്മണജാതിയെ തന്നെ ആശ്രയിക്കുന്നു എന്നും ശങ്കരൻ പ്രസ്താവിക്കുന്നു. 'ബ്രഹ്മം മനുഷ്യരുടെ ഇടയിൽ ബ്രാഹ്മണ ജാതിയായിത്തീർന്നുവെന്നും' ബൃഹദാരണ്യകോപനിഷത് ഭാഷ്യത്തിൽ (1.4.11) ശങ്കരൻ രേഖപ്പെടുത്തുന്നു. മനുസ്മൃതി ഉദ്ധരിച്ചാണ് ശങ്കരൻ ഇതെല്ലാം സാധൂകരിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ബ്രഹ്മസങ്കൽപത്തെ ബ്രാഹ്മണ ജാതിയോട് തുലനം ചെയ്യുന്ന സങ്കുചിതമായ ഒന്നായാണ് ശങ്കരന്റെ അദ്വൈതവാദമെന്നാണ് ഇതു തെളിയിക്കുന്നത്.
'കൃഷി ഗൗരക്ഷ്യ വാണിജ്യം...' (ഗീത 18.44) എന്നു തുടങ്ങുന്ന ഗീതാഭാഗം വ്യാഖ്യാനിച്ചുകൊണ്ട് ശങ്കരൻ പ്രസ്താവിക്കുന്നത്, വർണാശ്രമ ധർമമനുസരിച്ചും അതിന് കീഴ്പ്പെട്ടും ചാതുർവർണ്യ വ്യവസ്ഥാക്രമത്തിനനുസൃതമായി സാമൂഹികജീവിതം ചിട്ടപ്പെടുത്തിയാൽ മാത്രമേ കർമം സമ്പൂർണമാവൂ എന്നാണ്. ശൂദ്രർക്ക് അടിമതുല്യമായ ദാസത്വവും തദനുബന്ധമായ കർമങ്ങളും ജന്മായത്തമാണെന്നും അതു നിർവഹിക്കാത്തവർക്ക് നരകാദിശിക്ഷകൾ ഉറപ്പാണെന്നും ശങ്കരാചാര്യർ ഗീതയെ വ്യാഖ്യാനിച്ചു സ്ഥാപിക്കുന്നു. ചുരുക്കത്തിൽ, അസമത്വത്തെ ന്യായീകരിക്കുന്ന സിദ്ധാന്തമാണ് ശങ്കരാദ്വൈതം. ത്രൈവർണികർ എല്ലാവിധ സുഖഭോഗങ്ങളും അനുഭവിക്കുന്നതിന് കാരണം പൂർവജന്മകൃതമായ പുണ്യമാണെന്നും ബ്രാഹ്മണേതരരും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളും കീഴോർ സമൂഹങ്ങളും സാമൂഹിക അസമത്വത്തിന്റെ പരകോടിയിൽ നിർലജ്ജം ചെന്നുപതിക്കുന്നതിന് കാരണം പൂർവകൃതപാപമാണെന്നും ശങ്കരൻ സിദ്ധാന്തിക്കുന്നു. മനുഷ്യരെ ഇങ്ങനെ പാപികളായി നിലനിർത്തി അടയാളപ്പെടുത്തുന്നതിലൂടെ ജാതിവ്യവസ്ഥയെ സാധൂകരിക്കുന്നതിനും അത് സനാതനമായി നിലനിർത്താനുമാണ് ശങ്കരൻ പരിശ്രമിക്കുന്നത്. മനുഷ്യരെ സമന്മാരായി ദർശിക്കുന്ന ഒന്നല്ല ശാങ്കരദർശനമെന്നും ജാതിസ്ഥാപന യുക്തികളാണ് അതിലുള്ളടങ്ങിയിട്ടുള്ളതെന്നും സുവ്യക്തം.
'ചാതുർവർണ്യം മയാ സൃഷ്ടം' (ഗീത 4.13 എന്നു തുടങ്ങുന്ന ഗീതാഭാഗം വ്യാഖ്യാനിച്ചുകൊണ്ട് സഹജമായ കർമമെന്നത് ജന്മത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമാവുന്നതാണെന്ന് ശങ്കരൻ രേഖപ്പെടുത്തുന്നു. (സഹജം സഹ ജന്മനൈവ ഉൽപന്നം).' 'കർമബ്രാഹ്മണ്യം' എന്ന അഭിനവ വേദാന്തികളുടെ വാദം ശങ്കരൻ അംഗീകരിക്കുന്നേയില്ല. 'ബ്രാഹ്മണ്യം' ജന്മംകൊണ്ട് മാത്രം ലഭ്യമാവുന്നതാണെന്നാണ് ശങ്കരൻ വാദിച്ചുറപ്പിക്കുന്നത്. ശൂദ്രന് വേദാധികാരമില്ലെന്നും ശങ്കരൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട് (ശൂദ്രാണാം അസമാസകരണം ഏകജാതിത്വേ സതി വേദാനധികാരാത്, ഗീത 18.41, ശാങ്കരഭാഷ്യം). സ്ത്രീകളും ശൂദ്രരും പാപയോനികളാണെന്നും ഗീതാഭാഷ്യത്തിൽ (ഗീത 9.32ന്റെ ഭാഷ്യം) ശങ്കരൻ സ്പഷ്ടമാക്കുന്നു. മനുഷ്യരെ അസമത്വ സിദ്ധാന്തത്തിലധിഷ്ഠിതമായി ശ്രേണീകരിച്ച് പുറന്തള്ളുന്ന വർണാശ്രമ-ചാതുർവർണ്യ-മനുയുക്തിയാണ് ശാങ്കരദർശനത്തിന്റെ അകക്കാെമ്പന്ന് ശാങ്കരരചനകൾ പരിശോധിച്ചാൽ വ്യക്തമാവും. അസമത്വത്തിന്റെ ആര്യവത്കരണ യുക്തിയുടെ സംസ്ഥാപകനായ ശങ്കരാചാര്യരുടെ പ്രതിമ തന്നെ ഉൾപ്പെടുത്തണമെന്ന് വാദിക്കുന്നതിലൂടെ വർണാശ്രമ-അസമത്വയുക്തിയാണ് പ്രധാനമെന്നാണ് പറയാതെ പറയുന്നത്. ജാതിയുടെ ഇത്തരം അസമത്വ സിദ്ധാന്തങ്ങളെ നിശിതമായ വിമർശനത്തിന് വിധേയമാക്കിയ നാരായണ ഗുരുവിനെ അയിത്തം കൽപിച്ചത് അദ്ദേഹം ദർശനംകൊണ്ടും ജീവിതംകൊണ്ടും പ്രയോഗം കൊണ്ടും ബ്രാഹ്മണ്യത്തെ പിഴുതെറിയാൻ പരിശ്രമിച്ചതിനാലാണ്. 'ജാതി മനുഷ്യരിൽ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻ തന്നെ ചാതുർവർണ്യത്തെ കുറിച്ച് രണ്ടുവിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം.
അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ, ആ നില വരത്തക്കവണ്ണം ജാതിയെ ഉപേക്ഷിക്കണം'-സാക്ഷാൽ നാരായണഗുരു വിളംബരം ചെയ്തു. 'ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ' എന്നും 'നാം ജാതിമതഭേദങ്ങൾ വിട്ടിട്ട് ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു' എന്നും 'നമുക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്' എന്നും തുടങ്ങിയ സ്ഫോടനാത്മകവും ബ്രാഹ്മണ്യവാദികളെ നിശിതവിമർശനത്തിന് വിധേയമാക്കുന്നതുമായ ഗുരുമൊഴികൾ തന്നെയാണ് ഇപ്പോൾ ഗുരുവിനെ അസ്പൃശ്യവത്കരിച്ച് അകറ്റിനിർത്തുന്നതിനാധാരം.
'ശങ്കരനും തെറ്റുപറ്റി' എന്ന് പ്രസ്താവിച്ചതിലൂടെ ബ്രാഹ്മണ്യവ്യവസ്ഥയുടെയും ചാതുർവർണ്യ ശുദ്ധാശുദ്ധി സാമൂഹികക്രമങ്ങളുടെയും നീതീകരണ യുക്തികളെയാണ് ഗുരു ചോദ്യം ചെയ്തത്. സമത്വത്തിനെതിരായി ഉയർന്ന വേലിക്കെട്ടുകളെ പിഴുതെറിയാൻ പരിശ്രമിച്ച ഗുരുവിനെ മാറ്റിനിർത്തുകയും തൽസ്ഥാനത്ത് അസമത്വത്തിന്റെ സാധൂകരണ യുക്തികളെ ദാർശനികവത്കരിച്ച് ശങ്കരൻ അവരോധിക്കപ്പെടുകയും ചെയ്യുന്നതിലൂടെ മനുസ്മൃതിയുടെയും ശാങ്കരസ്മൃതിയുടെയും ആചാരാനുഷ്ഠാന ജീവിതവ്യവസ്ഥകളാണ് രാജ്യത്തിന്റെ പൊരുളായി തീരേണ്ടതെന്നാണ് വാദിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത്.
നാരായണഗുരുവിന്റെ ചിന്തയും ജീവിതവും മുൻനിർത്തിയുള്ള ജനാധിപത്യ സംവാദങ്ങളെ തുറന്നിടുക എന്നത് കാലം കൂടുതൽ ആവശ്യപ്പെടുന്ന സന്ദർഭവും കൂടിയാണിത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.