ഇത്തവണത്തെ സംസ്ഥാനബജറ്റിൽ സർവകലാശാലകളുടെ പശ്ചാത്തലസൗകര്യവികസനത്തിന് രണ്ടായിരം കോടി രൂപയുടെ ധനസഹായം വകയിരുത്തുകയും മുപ്പതു മികവിെൻറ കേന്ദ്രങ്ങൾകൂടി കലാശാലകളിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ദിവസംതന്നെയാണ് കൊച്ചി കലാശാലയിലെ തരിശായിക്കിടന്ന പത്തോളം ഏക്കർ ഭൂമിയിൽ നാഷനൽ സർവിസ് സ്കീം കൃഷിവകുപ്പുമായി കൈകോർത്തു ജൈവപച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചത്.
കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറാണ് 'Idle to Ideal' എന്ന ബൃഹദ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ജനകീയമായ ഒരു സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങൾ നടത്തുകയും അതേസമയത്തു സർവകലാശാല കാലേക്കൂട്ടി മാതൃകാപരമായ വലിയ ചുവടുവെപ്പ് നടത്തുകയും ചെയ്യുന്ന ആശാവഹമായ സംസ്കാരത്തിനാണ് അവിടെ തുടക്കം കുറിച്ചത്.
ഉന്നതവിദ്യാഭ്യാസരംഗത്തിന് ഈ സർക്കാർ മുമ്പെങ്ങുമില്ലാത്ത പ്രാധാന്യവും പിന്തുണയും നൽകിയിട്ടുണ്ട്. സർവകലാശാലയിൽ ഇതുമായി ബന്ധപ്പെട്ട ഓരോ പുതിയ ചുവടുവെപ്പിലും സർക്കാറിെൻറ പിന്തുണ നിസ്സീമമായിരുന്നു. കഴിഞ്ഞവർഷം ആദ്യം 'അസാപ്' കൊച്ചി കലാശാലയിൽ സംഘടിപ്പിച്ച പ്രഫഷനൽ മീറ്റിൽ സംസ്ഥാനെത്ത വിവിധരംഗങ്ങളിലെ പ്രഫഷനലുകളുടെ അഭിപ്രായം ആരായുകയും ക്രോഡീകരിക്കുകയും ചെയ്ത സർക്കാർ വിവിധ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു.
ഇൗ ഫെബ്രുവരിയിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളുമൊത്ത് മുഖ്യമന്ത്രി നേരിട്ടുള്ള മുഖാമുഖം നടത്താൻ പോകുന്നു. അടുത്ത അഞ്ചുവർഷത്തേക്കുള്ള പ്രകടനപത്രിക തയാറാക്കുന്നതിെൻറ ഭാഗമായാണ് വിദ്യാർഥിസംഗമം. എ.സി മുറികളിൽ ഇരുന്ന് ഗൂഗിളിൽ തിരഞ്ഞും മുൻ പ്രകടനപത്രികകൾ എഡിറ്റ് ചെയ്തും ഓർമകളിൽ ചികഞ്ഞും എഴുതിയുണ്ടാക്കാതെ, ജനങ്ങളിലേക്കിറങ്ങി അവരുടെ യഥാർഥപ്രശ്നങ്ങൾ മനസ്സിലാക്കി പത്രികക്കു രൂപം നൽകുന്ന സർവസാധാരണമല്ലാത്ത രീതി അവലംബിക്കുകയാണല്ലോ ഇടതുപക്ഷസർക്കാർ.
സർവകലാശാലകളിൽ മുപ്പത് മികവിെൻറ കേന്ദ്രങ്ങൾ സ്ഥാപിക്കും എന്ന പ്രഖ്യാപനം ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമായി കാണണം.
ഉന്നതവിദ്യാഭ്യാസരംഗത്തു കാലഹരണപ്പെട്ട കോഴ്സുകൾ ഇന്നും അവശേഷിക്കുന്നു എന്ന ആക്ഷേപത്തിൽ ശരിയുണ്ട്. ഇവയൊക്കെ ഒറ്റയടിക്ക് നിർത്തലാക്കി, വ്യക്തമായ പ്ലാനിങ് ഇല്ലാതെ പുതിയ കോഴ്സുകൾ കെട്ടിയിറക്കാനാവില്ല. ആ അവസരങ്ങളിൽ പുതിയ കാലത്തിെൻറ വിഷയങ്ങളുമായി, മികവിെൻറ കേന്ദ്രങ്ങൾ സ്ഥാപിക്കുകവഴി വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കാതെതന്നെ പുതിയകാല ആവശ്യങ്ങളെ അഭിസംബോധനചെയ്യാൻ കഴിയും. പ്രകൃതിദുരന്തങ്ങളും ദുരന്തനിവാരണവും ഫോറൻസിക് സയൻസും ശാസ്ത്ര-സമൂഹ ശാസ്ത്രങ്ങളും ഉൾപ്പെടെ വിവിധ രംഗങ്ങളിൽ മികവിെൻറ കേന്ദ്രങ്ങൾക്ക് വലിയ സാധ്യതയുണ്ട്.
പ്രകൃതിദുരന്തങ്ങളും കോവിഡും കാലാവസ്ഥവ്യതിയാനവുമൊക്കെ ഇക്കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ സാമ്പത്തിക, സാമൂഹികരംഗങ്ങളിൽ വരുത്തിയ ആലസ്യത്തിൽനിന്നു നാമിതുവരെ മുക്തരായിട്ടില്ല. ഇത്തരം ദുരന്തങ്ങൾ വിരുന്നുവരുമ്പോൾ അതിനെ കൈകാര്യം ചെയ്യാൻ നാമെത്ര സജ്ജരാണ് എന്നതിെൻറ വളരെ പരിതാപകരമായ മുഖം പ്രളയവും നിപയും കോവിഡുമൊക്കെ വന്നപ്പോൾ കണ്ടറിഞ്ഞതാണ്.
ഇനിയും വരും വർഷങ്ങളിൽ ഇവയോരോന്നും പലവിധത്തിൽ, പലരീതിയിൽ കടന്നുവരും. അപ്പോൾ അതിനെ അതിജീവിക്കാൻ നാം എന്ത് മുന്നൊരുക്കമാണ് നടത്തിയിട്ടുണ്ടാവുക? കണ്ടും കേട്ടും അറിഞ്ഞ ശത്രുവിനെ ഒരു പക്ഷേ, നമുക്ക് മനസ്സിലായേക്കാം. പക്ഷേ, കേവലം ദുർബലമായ പ്രതിരോധം ആവർത്തിക്കുകയല്ലാതെ ക്രിയാത്മകമായി അതിനെ പ്രതിരോധിക്കാൻ നമ്മുടെ ആവനാഴിയിൽ അസ്ത്രങ്ങൾ അവശേഷിക്കുന്നുണ്ടാവില്ല.
സർവകലാശാലകളിൽ ദുരന്തനിവാരണത്തിൽ മികവിെൻറ കേന്ദ്രങ്ങൾ ഉണ്ടാവേണ്ടതിെൻറ ആവശ്യകത ഇവിടെയാണ്. മറ്റു വികസിതരാജ്യങ്ങളിലൊക്കെ ഒട്ടുമിക്ക സർവകലാശാലകളും അത്തരം വിഷയങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട്. ഇവിടെയും ഇത്തരം കേന്ദ്രങ്ങൾ ഉണ്ടാവുകവഴി ദുരന്തനിവാരണം ശാസ്ത്രീയമായി പഠിക്കാനും ഇനിയും അത്തരം ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ക്രിയാത്മകമായി ഇടപെടാനും കഴിവുള്ള ഒരു ഗ്രൂപ് ഉണ്ടാവുകയും അവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയും. ഇങ്ങനെയൊരു വിദഗ്ധസമൂഹം ഉള്ളപ്പോൾ ഇനിയൊരു നിപയോ പ്രളയമോ കോവിഡോ വന്നാലും അതിനെ ക്രിയാത്മകമായി പ്രതിരോധിക്കാനാവും.
അതുപോലെയാണ് ഫോറൻസിക് സയൻസ് വിഷയങ്ങൾ. ഇപ്പോൾ ഏറെ ജോലിസാധ്യതയുള്ള വിഷയം ആയിരുന്നിട്ടും സ്വകാര്യമേഖലയിൽ മാത്രമാണ് ഇത് പഠിക്കാനുള്ള സൗകര്യമുള്ളത്. എന്നാൽ, സർവകലാശാലകളിൽ ഇത്തരം വിഷയങ്ങളിൽ മികവിെൻറ കേന്ദ്രങ്ങൾ സ്ഥാപിക്കുകവഴി കുറ്റാന്വേഷണരംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാകാം.
ശാസ്ത്രസമൂഹകേന്ദ്രം നിലവിൽ കൊച്ചി സർവകലാശാലയിൽ മാത്രമാണുള്ളത്. ശാസ്ത്രസാങ്കേതിക സർവകലാശാലകളിലെ നേട്ടങ്ങൾ സമൂഹത്തിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാൻ ഇന്ന് സംവിധാനങ്ങളില്ല. എന്നാൽ, മികവിെൻറ കേന്ദ്രങ്ങൾക്ക് ഇവയൊക്കെ കൃത്യമായും അൽപംപോലും ചോരാതെയും സമൂഹത്തിെൻറ താഴേക്കിടയിലേക്ക് എത്തിക്കാൻ കഴിയും. ശാസ്ത്രജ്ഞന്മാരുടെയും പ്രഫഷനലുകളുടെയും അറിവുകൾ താഴേക്കിടയിലെ ജനങ്ങളിലേക്കെത്തിക്കാൻ ഇതിനേക്കാൾ പ്രായോഗികമായ മറ്റൊരു സംവിധാനവുമില്ല.
ആശാ വർക്കർമാർക്കു ആയിരം രൂപ കൂട്ടുകയും, ക്ഷേമപെൻഷനുകൾ ഉയർത്തുകയും ചെയ്യുന്ന സർക്കാർ അതേസമയം തന്നെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ പരിപോഷിപ്പിക്കുകയും കൃത്യമായ കാഴ്ചപ്പാടോടെ കൈപിടിച്ചുയർത്തുകയും ചെയ്യുകവഴി സമൂഹത്തിലെ അറിവുള്ളവരും അറിവ് നേടേണ്ടവരും തമ്മിലുള്ള അകലം കുറക്കാൻ സഹായിക്കുകയാണ്.
കുട്ടികളെ പഠിപ്പിക്കാൻ സ്മാർട്ട് ക്ലാസുകൾ, എ.സി ലൈബ്രറികൾ, കമ്പ്യൂട്ടർ ലാബുകൾ ഇതിനപ്പുറം ഒന്നും ഒരു സർവകലാശാലയിൽ പ്രതീക്ഷിക്കാത്ത നമ്മുടെ മുന്നിലേക്കാണ് കുസാറ്റ് എൻ.എസ്.എസ് സംഘം ജൈവകൃഷിയുമായി വരുന്നത്. സർവകലാശാലയിൽ തരിശായിക്കിടന്ന പത്തോളം ഏക്കറിലാണ് പൊന്നുവിളയിക്കാൻ സർവകലാശാല മുന്നോട്ടുവന്നത് അധ്വാനിക്കാനുള്ള മനസ്സും ശരീരവും കൈമുതലാക്കി മാത്രമായിരുന്നു. രാസവളങ്ങൾ തെല്ലുമില്ലാതെ, ജൈവപച്ചക്കറികൾ ഇനി സർവകലാശാലയുടെ വിരിമാറിൽ വിരിയും.
ഇത്തരത്തിൽ സർക്കാർ സാമ്പത്തിക സഹായവും മികവിെൻറ കേന്ദ്രങ്ങളും െവച്ചുനീട്ടുമ്പോൾ അതിനുമുമ്പുതന്നെ വിവിധ മികവിെൻറ വഴികാട്ടിയായി സർവകലാശാലതന്നെ മുന്നോട്ടുവരുന്നത് സ്വാഗതാർഹവും നല്ലൊരു സംസ്കാരത്തിെൻറ തുടക്കവുമാവുകയാണ്. സർക്കാറും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ഒരേ മനസ്സോടെ നീങ്ങുമ്പോഴാണ് വിദ്യാഭ്യാസത്തിെൻറ കൃത്യമായ ഫലം താഴേക്കിടയിലെ ജനങ്ങളിലേക്ക് എത്തുന്നത്.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസി. പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.