കോവിഡ്-19നെ നേരിടുന്നതു സംബന്ധിച്ച ഭരണപരമായ പാഠങ്ങളിൽനിന്ന് നാം മനസ്സിലാക്കുന്നത് പൊതുജനാരോഗ്യ മേഖലയിൽ ദീർഘകാല നിക്ഷേപവും ചുമതലബോധമുള്ള നേതൃത്വവുമില്ലാതെ ഒരു മഹാമാരിയെ നേരിടുക എന്നത് പൂന്തോട്ടം നനക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൊണ്ട് കാട്ടുതീ അണക്കാൻ ശ്രമിക്കുന്നതുപോലെ അർഥശൂന്യമാണ് എന്നതാണ്.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടയുടനെ സർക്കാറുകൾ പരിശോധനക്കും കണ്ടെത്തലിനുമാവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണം. മുൻനിര പ്രവർത്തകർക്ക് വ്യക്തിസുരക്ഷാ കിറ്റുകൾ (പി.പി.ഇ) എത്തിച്ചുകൊടുക്കണം, പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കണം.

ലോക്ഡൗണുകളും അടച്ചുപൂട്ടലും ജനങ്ങളുടെ ഉപജീവനത്തെയും ക്ഷേമത്തെയും ബാധിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കി അതിനു പരിഹാരം ഉറപ്പാക്കണം. വ്യാജമായ വിവരങ്ങൾക്കെതിരെ പൊരുതണം, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ ആവശ്യമായ വേദികൾ ഒരുക്കണം.

പല രാജ്യങ്ങളിലും സാമ്പത്തികവും നേതൃപരവുമായ അപര്യാപ്തത അതിഭയാനകമായിരുന്നു. തൽഫലമായി 62ലക്ഷം മനുഷ്യർക്ക് കോവിഡ്-19 മൂലം ജീവഹാനിയുമുണ്ടായി.

തിരിഞ്ഞുനോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറക്കുകയും സാമൂഹിക-സാമ്പത്തിക തകർച്ച പരിമിതമാക്കുകയുംചെയ്ത രാജ്യങ്ങൾക്ക് സുപ്രധാനമായ ചില സവിശേഷതകളുണ്ട്.

പൊതുജനാരോഗ്യമേഖലയിലെ ദീർഘകാല നിക്ഷേപം: ദക്ഷിണ കൊറിയയുടെ ഉദാഹരണം നോക്കുക. ചൈനക്ക് പുറത്ത് കോവിഡ് പടർച്ച തുടങ്ങിയ രാജ്യങ്ങളിലൊന്നാണ്. പക്ഷേ, അവർക്ക് അതിവേഗം വൈറസിനെ പിടിച്ചുകെട്ടാനായി. സാർവത്രിക പരിരക്ഷ ലക്ഷ്യമാക്കി ഏവർക്കും ലഭ്യമാവുന്ന, സകലർക്കും താങ്ങാൻ ശേഷിയുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനം 1950 മുതൽതന്നെ കെട്ടിപ്പടുത്ത രാജ്യമാണ് ദക്ഷിണ കൊറിയ.

2015ൽ മെർസ് (Mers-COV) രോഗം രാജ്യത്ത് പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയിരുന്നു. പരിശോധന കിറ്റുകൾ തയാറാക്കുന്നതിനും മരുന്ന് പരിശോധന നടത്തുന്നതിനും അംഗീകാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിരുന്നു. രാജ്യത്ത് പ്രവർത്തിച്ചിരുന്ന സെൻറർ ഫോർ ഡിസീസ് കൺട്രോൾ എന്ന സംവിധാനത്തെ ഒരു ഉപമന്ത്രാലയ തലത്തിലേക്ക് വികസിപ്പിച്ചെടുക്കുകയും ജൈവസാങ്കേതിക വ്യവസായങ്ങളുടെ വികസനത്തിനായി നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു.

2020 മാർച്ചിൽ കോവിഡ് വ്യാപിച്ചുതുടങ്ങിയ ഘട്ടത്തിൽ സ്വന്തം രാജ്യത്തെ പൗരജനങ്ങൾക്കാവശ്യമായ ശ്രദ്ധയൊരുക്കിയ ദക്ഷിണ കൊറിയ അടുത്ത മാസമായപ്പോഴേക്ക് അറുപതിലേറെ രാജ്യങ്ങളിലേക്ക് പരിശോധന കിറ്റുകൾ കയറ്റിയയക്കാനും ആരംഭിച്ചു.

കർത്തവ്യബോധമുള്ള നേതൃത്വം: അതിശക്തമായ പൊതുജനാരോഗ്യ സൗകര്യങ്ങളുടെ അഭാവത്തിൽപോലും ചലനാത്മകമായ ഒരു ഭരണകൂടം അതിന്റെ സകല ശേഷികളുമെടുത്തു പ്രയത്നിച്ചാൽ അത്യന്തം ദുരന്തപൂർണമായ സാഹചര്യത്തെ മറികടക്കാനാകും. വിയറ്റ്നാം അതിനൊരു ഉദാഹരണമാണ്. ജനുവരി 2020ൽതന്നെ അവർ പ്രാദേശികമായി പരിശോധന കിറ്റുകൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനും നിർദേശങ്ങൾ ക്ഷണിച്ചു. 2020 ജൂലൈ ആയപ്പോഴേക്കും രാജ്യത്തെ പരിശോധനയുടെ 80 ശതമാനത്തിനും ഇത് ഉപയുക്തമായി.

ടോഗോ സർക്കാർ 2020 ഏപ്രിലിൽ പത്തുദിവസംകൊണ്ട് വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് ഡിജിറ്റൽ പണമിടപാടിനുള്ള അടിയന്തര സംവിധാനമൊരുക്കി. ലോക്ഡൗൺ മൂലം പ്രതിസന്ധി അനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് പിന്തുണ ഒരുക്കുന്നതിനുവേണ്ടിയാണ് സർക്കാർ ആ തിടുക്കം കാണിച്ചത്.

ഒരു മഹാമാരിയെ ഫലപ്രദമായി കൈകാര്യംചെയ്യാനും അതിൽനിന്ന് കരകയറാനും ആവശ്യമായ സുപ്രധാന ഘടകം മതിയായ സാമ്പത്തിക നീക്കിയിരിപ്പാണ്. കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്ന സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ പല ദരിദ്രരാജ്യങ്ങൾക്കും മഹാമാരി ബാധ്യതയുടെ ഒരു പുതിയ ഭാരം കൂടി ചേർത്തു, കടബാധ്യതകൾ പെരുകി, വിദേശസഹായം കുറഞ്ഞു, അടുത്തിടെയായി പണപ്പെരുപ്പവും വർധിച്ചുവരുന്നു.

പല രാജ്യങ്ങളും അന്താരാഷ്ട്ര നാണയ നിധിയിൽനിന്ന് കർശന വ്യവസ്ഥകളോടെ അധിക അടിയന്തര വായ്പകൾ സ്വീകരിക്കാൻ നിർബന്ധിതരാണ്. സാമ്പത്തിക ഏകീകരണത്തിനും കടം കുറക്കുന്നതിനുമുള്ള കർശന ഉപാധികളോടെയാണ് വായ്പ ലഭ്യമാകുന്നതെന്നതിനാൽ ആ രാജ്യങ്ങൾ പൊതുചെലവ് വെട്ടിക്കുറക്കേണ്ടിവരും. തൽഫലമായി, സമ്പന്നരാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ നേരത്തേ തന്നെ വളരെ കുറച്ച് മാത്രം ചെലവിട്ടുപോന്ന സർക്കാറുകൾക്ക് പ്രതിസന്ധിഘട്ടത്തിലും ആരോഗ്യത്തിന് കാര്യമായ പരിഗണന നൽകാൻ കഴിയാതാകുന്നു.

സാമ്പത്തികവും ആരോഗ്യപരവുമായ വെല്ലുവിളികൾ കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അത്തരം തെറ്റുകൾ ആവർത്തിച്ചുകൂടാ. മഹാമാരി പോലുള്ള സാഹചര്യങ്ങളെ നേരിടുന്നതിനുവേണ്ടി ജി20 ഇപ്പോൾ ചർച്ചചെയ്യുന്ന ഫിനാൻഷ്യൽ ഇന്റർമീഡിയറി ഫണ്ട് പോലുള്ള സംവിധാനങ്ങൾ പൊതുജനാരോഗ്യ ശേഷി ഉയർത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കൂട്ടായ നിക്ഷേപം ആവശ്യമാണെന്നത് സംബന്ധിച്ച ദീർഘകാല തിരിച്ചറിവിൽനിന്ന് രൂപമെടുത്തതാണ്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി ചെലവിടുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ചുമത്തുന്ന സമ്മർദത്തിൽനിന്ന് ദരിദ്രരാജ്യങ്ങളെ മോചിപ്പിക്കാത്ത പക്ഷം ഈ സംവിധാനം ആരംഭത്തിൽതന്നെ ചരമമടയും.

താഴ്ന്ന/ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് സുപ്രധാന ആരോഗ്യ-കാലാവസ്ഥ സംവിധാനങ്ങൾ സജ്ജമാകാൻ ധനസഹായം നൽകുന്നതിനായി ഐ.എം.എഫ് പുതുതായി ആവിഷ്കരിച്ച റെസിലിയൻസ് ആൻഡ് സസ്‌റ്റൈനബിലിറ്റി ട്രസ്റ്റിന്റെ (RST) കാര്യത്തിലും ഇത് ബാധകമാണ്. ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്ന തുകതന്നെ വളരെ കുറവാണ്. മാത്രമല്ല, ഈ സഹായ വാഗ്ദാനം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഐ.എം.എഫിന് കീഴിലെ പദ്ധതികൾ നിലവിലുള്ള രാജ്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വായ്പക്ക് യോഗ്യരാവുന്നതിന് 'പ്രസക്തമായ നയ-പരിഷ്കരണ പാക്കേജ്' നടപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. കാഠിന്യമേറിയ ചെലവുനിയന്ത്രണമായി ഇത് പരിവർത്തിക്കപ്പെടുകയും കഷ്ടപ്പെടുന്ന പല രാജ്യങ്ങളെയും തുടങ്ങും മുമ്പുതന്നെ ഈ സൗകര്യത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വഴിതുറക്കുകയും ചെയ്യും.

ദരിദ്രരാജ്യങ്ങൾ കുറഞ്ഞ ശേഷി ഉപയോഗിച്ച് ആരോഗ്യം, കാലാവസ്ഥ പോലുള്ള മേഖലകളിൽ കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ നിൽക്കാതെ ഈ രാജ്യങ്ങളുടെ സാമ്പത്തിക കരുതൽവെപ്പിന് പിന്തുണയേകാൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ജി20, ജി7 കൂട്ടായ്മയും സമഗ്രമായ ഒരു സമീപനം കൈക്കൊള്ളേണ്ടതുണ്ട്.

കൂടുതൽ വിശദമാക്കിയാൽ, കോവിഡ് -19 ഏൽപ്പിച്ച ആഘാതത്തിൽനിന്ന് കരകയറാൻ ദരിദ്ര രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ഇടം സൃഷ്ടിക്കുന്നതിന് കടാശ്വാസവും പുനർനിർമാണവും അത്യന്താപേക്ഷിതമാണ്, മഹാമാരികളെ നേരിടാനുള്ള ആഗോള തയാറെടുപ്പുകൾ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനും അത് സഹായകമാണ്. രാജ്യങ്ങളുടെ ബാധ്യതകൾ റദ്ദാക്കുന്നതിനെ ആരോഗ്യമേഖലയിലെ നിക്ഷേപമാക്കി മാറ്റാൻ കഴിയണം.

മൂലധനം ഒരു രാജ്യത്തുനിന്ന് പുറത്തുപോകുന്നത് പൊതുചെലവുകൾക്ക് തടസ്സമാകുമോ എന്ന ആശങ്ക തടയുന്നതിന്, അതിർത്തി കടന്നുള്ള മൂലധന പ്രവാഹം സംബന്ധിച്ച് പുതിയ നിയമങ്ങൾ പ്രോത്സാഹിപ്പിക്കുകയും ദീർഘകാല പ്രവർത്തനക്ഷമത ലക്ഷ്യമിടുന്ന ഒരു ആഗോള പൊതു ക്രെഡിറ്റ് റേറ്റിങ് ഏജൻസി സൃഷ്ടിക്കുകയും വേണം.

ഈ സമയംതന്നെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ സഹായിക്കാൻ ഒരു പുതിയ കരുതൽ വിഹിതം ആവശ്യമാണ്. എങ്കിൽ മാത്രമേ, എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിന് പണം കണ്ടെത്താനുള്ള ദീർഘകാല വെല്ലുവിളിയുമായി മല്ലിടുന്നതിനിടയിൽ മുങ്ങിത്താഴാതെ തലയുയർത്തി നിൽക്കാൻ ആ രാജ്യങ്ങൾക്കാവൂ.

ജയതി ഘോഷ്: ലോകാരോഗ്യ സംഘടനയുടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സമിതിയിലെ അംഗവും മസാച്ചുസെറ്റ്സ് സർവകലാശാല പ്രഫസറും ജെ.എൻ.യുവിലെ മുൻ അധ്യാപികയും സാമ്പത്തിക ശാസ്ത്രജ്ഞയുമാണ്

മാരിയാന മസ്സുകാറ്റോ: ലോകാരോഗ്യ സംഘടനയുടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷയും ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പ്രഫസറുമാണ്

(കടപ്പാട്: സൗത്ത് ചൈന മോണിങ് പോസ്റ്റ്)

Tags:    
News Summary - Learned and must learn from Covid threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.