കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് മുറിയിൽ യാദൃച്ഛികമായി കയറിച്ചെന്നതായിരുന്നു ഇന്നലെ. അവിടെ ഭംഗിയുള്ള ചെറിയ ബാഗും കൈയിലേന്തി പിങ്കുടുപ്പിട്ട ഒരു അഞ്ചുവയസ്സുകാരി ഊഴത്തിനായി കാത്തിരിപ്പാണ്. മുഖഭാവത്തിൽ പോലും ഒരു വ്യത്യാസവുമില്ലാതെ കുത്തിവെപ്പിനെ നേരിട്ടശേഷം അവൾ പറഞ്ഞു-കുറെ കുട്ടികൾക്ക് മുണ്ടിനീര് (Mumps) ആയതുകൊണ്ട് ഞങ്ങളുടെ സ്കൂളടച്ചു. എനിക്ക് മുണ്ടിനീർ വരാതിരിക്കാനാ ഈ സൂചിവെച്ചത്. അവൾ പറഞ്ഞത് ശരിയാണ്, ഈയിടെയായി കേരളത്തിലെ വിവിധ ജില്ലകളിൽ മുണ്ടിനീർ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരീക്ഷക്കാലം അടുത്തിട്ടും പല സ്കൂളുകളും അടച്ചിടേണ്ടിവരുന്നുമുണ്ട്.
പാരാമിക്സോ വൈറസ് വിഭാഗത്തിൽപെടുന്ന വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് മുണ്ടിനീർ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഈ അസുഖം ബാധിച്ചേക്കാം. പനി, തലവേദന, ഛർദി, ദേഹവേദന ഒക്കെയാവാം തുടക്കത്തിലെ ലക്ഷണങ്ങൾ. രണ്ടു ദിവസം കഴിയുമ്പോഴേക്കും ചെവിയുടെ പിറകിൽനിന്നുതുടങ്ങി കവിളിലേക്ക് പടരുന്ന രീതിയിൽ പരോട്ടിഡ് ഗ്രന്ഥിയിൽ (Parotid gland) വീക്കമുണ്ടാവുന്നു. വീക്കം ആദ്യം ഒരു വശത്തു മാത്രമായിരിക്കുമെങ്കിലും താമസിയാതെ 70 ശതമാനം കുട്ടികളിലും രണ്ടുവശത്തേക്കും വ്യാപിക്കുന്നു. നീരുള്ള ഭാഗത്തും ചെവിയിലുമായി ശക്തമായ വേദനയുമുണ്ടാകും. ഭക്ഷണം കഴിക്കാനും വെള്ളമിറക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
അസുഖ ബാധിതർ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയാണ് കൂടുതലായും രോഗപ്പകർച്ചയുണ്ടാകുന്നത്. വായുവിലൂടെ വേഗത്തിൽ പടരുന്ന രോഗമാണെന്ന് ചുരുക്കം. ഒരാളുടെ ശരീരത്തിൽ രോഗാണു കയറി ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിന്റെ ഏഴു ദിവസംമുമ്പ് മുതൽ ഉമിനീർ ഗ്രന്ഥി വീക്കമുണ്ടായതിനുശേഷം അഞ്ചു ദിവസം വരെയും രോഗം മറ്റൊരാളിലേക്ക് പകർന്നേക്കാം.
തലച്ചോറിനെ ബാധിക്കുന്ന ജ്വരം (മെനിൻജൈറ്റിസ്, എൻകെഫലൈറ്റിസ്), ഹൃദയത്തെ അലട്ടുന്ന മയോകാർഡൈറ്റിസ് എന്നിവ കൂടാതെ പരോട്ടിഡ് ഗ്രന്ഥിയോട് അടുത്തുകിടക്കുന്ന മറ്റു ഗ്രന്ഥികൾ, പാൻക്രിയാസ് (ആഗ്നേയ ഗ്രന്ഥി), ആൺ കുട്ടികളിൽ വൃഷണങ്ങൾ, തൈറോയ്ഡ് ഗ്രന്ഥി, വൃക്കകൾ, സന്ധികൾ എന്നിവയെല്ലാം വീക്കം ബാധിച്ച് സങ്കീർണതകൾക്ക് വിധേയമായേക്കാം. കൂടാതെ ഗർഭിണികളിൽ ആദ്യത്തെ മൂന്നു മാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസിപ്പോകാനും സാധ്യതകളേറെയാണ്.
വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ സാമൂഹിക സുരക്ഷാ മിഷൻ വഴി പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ മംപ്സ്, മീസിൽസ്, റുബെല്ല എന്നീ അസുഖങ്ങൾക്കെതിരെയുള്ള എം.എം.ആർ കുത്തിവെപ്പ് ഉണ്ടായിരുന്നു. സർക്കാർ ആശുപത്രികളിൽ ഇപ്പോൾ ഈ വാക്സിൻ ലഭ്യമല്ലെങ്കിലും മിക്ക സ്വകാര്യ ആശുപത്രികളിലും നൽകിവരുന്നുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നമ്മുടെ രാജ്യത്തിനുവേണ്ടി എം.എം.ആർ വാക്സിൻ നിർമിക്കുന്നത്.
ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഐ.പി.എ (Indian Academy of Pediatrics)യുടെ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം ഒമ്പതാം മാസത്തിനുശേഷം ഒരു കുത്തിവെപ്പും ആറുമാസം കഴിഞ്ഞു ഒന്നേകാൽ വയസ്സാകുമ്പോൾ രണ്ടാമത്തെ ഡോസും എടുക്കാം. തുടർന്ന് അഞ്ചാം വയസ്സിൽ മൂന്നാമത്തെ ഡോസും. കുട്ടിക്കാലത്തു എം.എം.ആർ ലഭിക്കാത്തവർക്ക് കൗമാര പ്രായത്തിലും അതിനു ശേഷവും ആറുമാസം ഇടവിട്ട് രണ്ടു ഡോസുകൾ എടുക്കാം. കുത്തിവെപ്പ് എടുത്തതിനുശേഷം മുണ്ടിനീർ വരുകയാണെങ്കിൽ തന്നെ ലക്ഷണങ്ങളും സങ്കീർണതകളും വളരെ കുറവായിരിക്കും. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 22 വരെ ചുരുങ്ങിയത് 7078 കുട്ടികൾക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കുത്തിവെപ്പ് ലഭിക്കാത്ത മക്കളുണ്ടെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അച്ഛനമ്മമാർ തന്നെ മുൻകൈയെടുത്ത് എം.എം.ആർ നൽകുന്നത് ഉത്തമമായിരിക്കും.
കോഴിക്കോട്ടെ ശിശുരോഗ വിദഗ്ധയാണ് ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.