സ്ഥലം ലോവർ അസമിലെ ഗോൽപാറ. റബർ തോട്ടങ്ങൾക്കും വയലുകൾക്കുമപ്പുറമുള്ള ചെറിയ പീടികയിൽ വന്ന് ആസിയ ഖാത്തൂൻ 20 രൂപ നോട്ടെടുത്ത് പീടികക്കാരനുനേരെ നീട്ടി. പകരമായി അയാളൊരു ഫോറം പൂരിപ്പിച്ച് കൊടുത്തു. ആ കടലാസുമായി അവർ നടന്നത് കുറച്ചകലെ കാണുന്ന മതിൽക്കെട്ടിന്റെ ഗേറ്റിൽ കാവൽ നിൽക്കുന്ന പൊലീസുകാർക്കരികിലേക്കാണ്. കമ്പിവേലികൾ പിടിപ്പിച്ച ആറടി ഉയരമുള്ള മൂന്ന് ചുറ്റുമതിലുകൾ താണ്ടി വേണം അവർക്ക് ആ കെട്ടിടത്തിനുള്ളിൽ കയറാൻ. സൂക്ഷ്മനിരീക്ഷണത്തിന് നാലുപാടും സി.സി ടി.വി കാമറകളുമുണ്ട്.
സുരക്ഷ ഉദ്യോഗസ്ഥർ കടലാസ് വാങ്ങി സൂക്ഷ്മമായി പരിശോധിച്ചു. ബൊംഗൈഗാവ് ജില്ലയിൽ ബ്രഹ്മപുത്ര തീരത്തുള്ള ഈശ്വർജാരി ഗ്രാമത്തിലെ താമസക്കാരൻ അബ്ദുൽകലാം എന്നയാളെ കാണാനാണ് ആസിയ വന്നിരിക്കുന്നത്, അത് അവരുടെ ഭർത്താവാണ്. അകത്തേക്ക് ചെല്ലാൻ ഉദ്യോഗസ്ഥർ അവരെ അനുവദിച്ചു. എന്നാൽ, ഭർത്താവിനായി കൊണ്ടുവന്ന മുറുക്കാൻപൊതി അനുവദിക്കപ്പെട്ടില്ല. അവിലോ പൊരിയോ പോലുള്ള സാധനങ്ങൾ മാത്രമേ കൊണ്ടുവരാവൂ എന്ന് ഉദ്യോഗസ്ഥൻ ഓർമിപ്പിച്ചു.
അവിടെയുള്ള ഗ്രില്ലിനരികിൽ ആസിയ ഖാത്തൂൻ കാത്തുനിന്നു. അൽപനേരം കഴിഞ്ഞ് ഗ്രില്ലിന്റെ മറുവശത്ത് അബ്ദുൽകലാമെത്തി; ഒപ്പം ഒരു പൊലീസുകാരനും. അയാളുടെ സാന്നിധ്യത്തിൽ അഴികളിലൂടെ വേണം അവർ സംസാരിക്കാൻ. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. തേങ്ങലിനിടയിൽ അബ്ദുൽകലാം പറഞ്ഞു: ‘‘കിബാ കൊയ്റാ ഹൊയ്ലീ അമർ ഇ എൻതിക ബാഇർ കരോ...’’ (എന്നെ ഏതെങ്കിലും വിധത്തിൽ ഇവിടെനിന്ന് പുറത്തെത്തിക്കൂ).
കൂലിവേല ചെയ്ത് കുടുംബം പോറ്റിവന്ന ആ 54 വയസ്സുകാരനെ ഫെബ്രുവരി ഒമ്പതുമുതൽ അതിനകത്തെ ഹാളിൽ അടച്ചിട്ടിരിക്കുകയാണ്. 20 അടി ഉയരമുള്ള മതിലോടുകൂടിയ കെട്ടിടത്തിൽ അയാളെപ്പോലെ വേറെയും കുറേപ്പേരെ അടച്ചിട്ടിട്ടുണ്ട്. ‘അനധികൃത കുടിയേറ്റക്കാരെ’ പാർപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കൽപാളയമാണത്.
തലസ്ഥാന നഗരിയായ ഗുവാഹതിയിൽനിന്ന് 120 കി.മീ. അകലെയുള്ള മതിയയിൽ പതിനഞ്ചര ഏക്കർ സ്ഥലത്ത് 46.51 കോടി രൂപ ചെലവിട്ട് കേന്ദ്രസർക്കാർ ഒരുക്കിയ ട്രാൻസിറ്റ് ക്യാമ്പിൽ 17 നാലുനില കെട്ടിടങ്ങളുണ്ട്. 3,000 അന്തേവാസികളെവരെ അതിനുള്ളിൽ പാർപ്പിക്കാനാവും. ജനുവരി 27ന് പ്രവർത്തനമാരംഭിച്ച അവിടെ ഇപ്പോൾ 69 പേരെ പാർപ്പിച്ചിരിക്കുന്നു. അവരിൽ അധികപേരും മ്യാന്മറിൽനിന്ന് ദുരിതം സഹിക്കാനാവാതെ അഭയാർഥികളായി എത്തിയ മനുഷ്യരാണ്. പിന്നെ അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ ‘വിദേശി’യെന്ന് വിധിച്ച അബ്ദുൽ കലാമിനെപ്പോലെ കുറച്ചുപേരും. മതിയയിലെ പാളയം തുറക്കുന്നതിനുമുമ്പ് സംസ്ഥാനത്തെ ജയിലുകൾക്കുള്ളിലെ കേന്ദ്രങ്ങളിലാണ് ഇവരെ പാർപ്പിച്ചിരുന്നത്.
ആസിയ ഖാത്തൂനൊപ്പം ഈ ലേഖകനും ഒരുവട്ടം കലാമിനെ സന്ദർശിച്ചു. ജയിലിനേക്കാൾ ഒട്ടും മെച്ചപ്പെട്ട സാഹചര്യമല്ലെന്ന് മാത്രമല്ല, അതിലേറെ കഷ്ടമാണ് ഈ കേന്ദ്രത്തിലെ ജീവിതമെന്നാണ് അയാൾ പറഞ്ഞത്. രാവിലെ ചായയും പ്രാതലും നൽകും. തലയെണ്ണലിനുശേഷം ഹാളിന് പുറത്തുവിടും. ആ വളപ്പിനുള്ളിൽ അലഞ്ഞുനടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നേരമിരുട്ടും മുമ്പേ അന്തേവാസികൾക്ക് അത്താഴം നൽകി വൈകീട്ട് അഞ്ചോടെ ഹാൾ അടച്ചുപൂട്ടും. പിറ്റേന്ന് രാവിലെ ഏഴുവരെ അതിനകത്തുതന്നെ.
വളപ്പിനുള്ളിൽ ഒരു സ്കൂളും ആശുപത്രിയുമുണ്ട്, കളിക്കാനായി കായിക ഉപകരണങ്ങളും നൽകുന്നുണ്ട്. ജയിലുകളിലേതുപോലെ അന്തേവാസികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ പറയുന്നു.
പക്ഷേ, ജയിലിലോ തടങ്കൽ പാളയത്തിലോ കഴിയേണ്ട ആളല്ല താനെന്നാണ് അബ്ദുൽ കലാമിന്റെ വാദം. ‘‘അമി തോ ബംഗ്ലാദേശി നാ’’ (ഞാൻ ബംഗ്ലാദേശുകാരനല്ല) -അദ്ദേഹം ആവർത്തിക്കുന്നു.
1985ൽ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ള കലാമിനെ 2017ലാണ് ഫോറിനേഴ്സ് ട്രൈബ്യൂണൽ ‘അനധികൃത കുടിയേറ്റക്കാരൻ’ ആയി പ്രഖ്യാപിച്ചത്. തന്റെ പിതാവെന്ന് കലാം പറയുന്നയാൾ അദ്ദേഹത്തിന്റെ പിതാവല്ലെന്നും അസമിൽ ഇന്ത്യൻ പൗരരായി പരിഗണിക്കപ്പെടാനുള്ള 1971 മാർച്ച് 24 എന്ന സമയപരിധിക്കുശേഷം ഇന്ത്യയിലേക്ക് വന്നയാളാണെന്നും ട്രൈബ്യൂണൽ വിധിയെഴുതി. രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പൊലീസ് സംഘം ഫെബ്രുവരി ഒമ്പതിന് ഇയാളെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.
‘‘ട്രൈബ്യൂണൽ വിധിയെ ചോദ്യംചെയ്യാനുള്ള സ്ഥിതി ഞങ്ങൾക്കില്ലായിരുന്നു. ഹൈകോടതിയിൽ അപ്പീൽ നൽകാൻ ഒരു വക്കീൽ 20,000 രൂപ ചോദിച്ചു. ഞാൻ എത്ര ശ്രമിച്ചിട്ടും ആ തുക സ്വരൂപിക്കാനായില്ല, അതുകാരണം അദ്ദേഹത്തിനിപ്പോഴും തടവിൽ കഴിയേണ്ടി വരുന്നു’’ -ആസിയ ഖാത്തൂന്റെ വാക്കുകളിൽ നിഴലിക്കുന്നത് നിസ്സഹായാവസ്ഥ മാത്രം.
(അസമിൽ നിന്നുള്ള മാധ്യമ പ്രവർത്തകനായ ലേഖകൻ scroll.in ൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.