ആലപ്പുഴ ചേർത്തലയിലെ 35 വയസ്സുള്ള വീട്ടമ്മയാണ് മരിയ. ലോക്ഡൗൺ അവരുടെ ഭർത്താവിനെ തൊഴിൽ രഹിതനാക്കി. അതയാളെ മാനസിക സമ്മർദത്തിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും നയിച്ചു. ഒപ്പം, കടുത്ത മദ്യപാനവുമായി. നിരാശയും സമ്മർദവുമെല്ലാം ഭാര്യയുടെ മേൽ തീർക്കാൻ തുടങ്ങി. തുടക്കത്തിൽ കുറ്റപ്പെടുത്തലുകളും ചീത്തവിളിയുമെല്ലാമായിരുന്നെങ്കിൽ ഏറെ വൈകാതെ കൈയേറ്റത്തിലേക്കും മർദനത്തിലേക്കും നീങ്ങി. പതിവായ ഈ അക്രമങ്ങൾ മരിയയുടെ മാനസികനിലയെ സാരമായി ബാധിച്ചു. ഭർത്താവിനോടുള്ള ദേഷ്യം അവർ മക്കളുടെ മേൽ പ്രയോഗിച്ചു. അവരെ ശ്രദ്ധിക്കാതെയായി, തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടാൻ തുടങ്ങി.
മരിയയെ ഒന്നു ഗുണദോഷിക്കാൻ പറഞ്ഞ് അമ്മയാണ് ഇടവകയിലെ പുരോഹിതെൻറ അരികിലെത്തിച്ചത്. മരിയയുടെ മാറ്റത്തിനു കാരണം അവൾ തന്നെയാണെന്ന വിധിയെഴുത്തിലായിരുന്നു സ്വന്തം അമ്മ. അവനിപ്പോ ചെറിയൊരു ബുദ്ധിമുട്ടു വന്നു, അത് പ്രകടിപ്പിക്കുന്നു. അതിനനുസരിച്ച് അവള് നോക്കീം കണ്ടുമൊക്കെ നിൽക്കണ്ടേ, എന്നായിരുന്നു അവരുടെ പക്ഷം. സംഭവത്തിെൻറ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട പുരോഹിതൻ പ്രമുഖ മനഃശാസ്ത്ര വിദഗ്ധനുമായി ഓൺലൈനിൽ കൂടിക്കാഴ്ചയൊരുക്കി. ഇതൊരു ഗൗരവതരമായ പ്രശ്നമാണെന്ന് അമ്മയെയും മകളെയും ഒരുപോലെ പറഞ്ഞുമനസ്സിലാക്കിക്കാൻ ഏറെ പാടുപെടേണ്ടിവന്നു ഡോക്ടർക്ക്.
ലോക്ഡൗൺ മൂലം ഗാർഹിക പീഡനങ്ങളുടെ തോതിൽ വലിയ വർധനവാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിച്ചത് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമയാണ്.
എറണാകുളത്തെ ഐ.ടി കമ്പനിയിൽ ജോലിക്കാരാണ് ദമ്പതികളായ സൂരജും അക്ഷരയും. ലോക്ഡൗണായതോടെ മറ്റെല്ലാ ടെക്കികളെയും പോലെ ഇരുവർക്കും കമ്പനി വർക് ഫ്രം ഹോം നൽകി. ഇരുവർക്കും രണ്ടു വ്യത്യസ്ത സമയങ്ങളിലായാണ് ജോലി ക്രമീകരണം. അതായത്, സൂരജ് ജോലിചെയ്യുമ്പോൾ അക്ഷര ഫ്രീയാണ്, അതുപോലെത്തന്നെ അക്ഷര ജോലിത്തിരക്കിലമരുമ്പോൾ സൂരജും ഫ്രീയാകും. തൊഴിൽ ക്രമീകരണം അങ്ങനെയായിരുന്നെങ്കിലും അവരുടെ വീട്ടിലെ ക്രമീകരണം ഒത്തുപോകുന്നതായിരുന്നില്ല. മറ്റൊന്നുമല്ല, ഫ്രീ ടൈമിലാണെങ്കിൽ പോലും സൂരജ് വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കില്ല. കുഞ്ഞ് കിടന്നു കരഞ്ഞാൽപോലും നോക്കില്ല. ജോലി തീർത്താലുടൻ ചെറുതായൊന്ന് മിനുങ്ങി, ടി.വിയൊക്കെ വെച്ച് സ്വന്തം ലോകത്തായിരിക്കും. വീട് വൃത്തിയാക്കിയും കുഞ്ഞിെൻറ കാര്യങ്ങളെല്ലാം നോക്കിയും ഭർത്താവിന് വെച്ചുവിളമ്പിയുമൊക്കെ വേണം അക്ഷരക്ക് ജോലി ചെയ്യാൻ. ഭർത്താവ് ജോലിചെയ്യുന്ന സമയത്ത് കുഞ്ഞെങ്ങാനും കരയുകയോ അതുവഴി വരുകയോ ചെയ്താൽ മതി, അതിനും കുറ്റം അക്ഷരക്കാണ്. ഒരു വാക്കുകൊണ്ടുപോലും പിന്തുണയോ കരുതലോ ഇല്ല. കുറ്റപ്പെടുത്തലും വഴക്കും താമസിയാതെ ദേഹോപദ്രവത്തിലേക്കും നീങ്ങി.
ജോലിസ്ഥലത്ത് മിസ്റ്റർ പെർഫെക്ട് ആണെങ്കിലും വീട്ടിലെത്തിയാൽ നേരെ വിപരീത സ്വഭാവം കാണിക്കുന്ന ഭർത്താവിനെ കുറിച്ചാണ് വീട്ടമ്മയായ ഹസീനക്കു പറയാനുള്ളത്. ജോലിക്കാര്യമെല്ലാം കൃത്യതയോടെ ചെയ്യുന്ന ഭർത്താവിന് വർക് ഫ്രം ഹോം കിട്ടിയതോടെ ആകെ മാറി. വ്യക്തിപരമായ ഇടമായി വീടിനെ കണ്ടിരുന്ന അയാൾക്കുമുന്നിൽ തൊഴിലിടമായി വീടുമാറിയത് സ്വഭാവത്തിലും പ്രതിഫലിച്ചു. ചെറിയ മാനസിക സമ്മർദത്തിൽ തുടങ്ങി വിഷാദത്തിലേക്കും പാനിക് അറ്റാക്കിലേക്കുംവരെ അയാളെത്തി.
ഭർത്താക്കന്മാർക്ക് വർക് ഫ്രം ഹോം കിട്ടിയാലും തങ്ങൾക്ക് വർക് ഫ്രം ഹോം കിട്ടിയാലും ദുരിതം മുഴുവൻ ഭാര്യമാർക്കാണ്. വീട്ടിലിരുന്നല്ലേ ജോലി എന്നതിനാൽ പ്രത്യേക സമയക്രമമൊന്നും പല കമ്പനിയും നൽകാറില്ല, ഓഫിസ് സമയത്തെക്കാൾ ഏറെസമയം ജോലിക്കായി ഇരിക്കേണ്ടി വരുമെന്നർഥം. വീട്ടിലിരുന്ന് മലമറിക്കുകയൊന്നുമല്ലല്ലോ എന്ന ഭാവത്തിൽ തോന്നുമ്പോഴെല്ലാം പ്രോജക്ടുകളും അസൈൻമെൻറുകളും നൽകുന്ന കമ്പനികളുണ്ട്. അതുകൊണ്ടുതന്നെ പല ജീവനക്കാരികളും മേലുദ്യോഗസ്ഥരെ വിളിച്ചു ചോദിക്കുന്നത് സർ, എങ്ങനെയെങ്കിലും ഓഫിസിലെത്തിക്കോളാം, ഈ വർക് ഫ്രം ഹോം ഒന്ന് മാറ്റിത്തരുമോ എന്നാണ്.
ദമ്പതികൾ പങ്കാളിത്തത്തോടെ വീട്ടുജോലി ചെയ്യുന്ന വീടുകളിൽ സ്ത്രീകൾക്ക് വലിയ അധ്വാനഭാരം ഉണ്ടാവുന്നില്ല. ലോക്ഡൗൺ കാലം പല വീടുകളിലും ഇതിനു തുടക്കമിട്ടു. എന്നാലിന്നും പുരുഷാധിപത്യത്തിെൻറ ചാരുകസേരയിൽ ചാഞ്ഞിരുന്ന് അടുക്കളയിലേക്ക് നോക്കി ചായ എന്നു വിളിച്ചുകൂവുന്ന യാഥാസ്ഥിതിക ഭർത്താക്കന്മാർ നമുക്കിടയിൽ ഏറെയുണ്ട്.
എല്ലാവരും ലോക്ഡൗണിൽ വീടകങ്ങളിൽ തളക്കപ്പെട്ടതോടെ പൊതുവെ അടുക്കളയിൽ യന്ത്രം പോലെ നോൺസ്റ്റോപ്പായി പ്രവർത്തിച്ചിരുന്ന വീട്ടമ്മക്ക് പേരിനുപോലും വിശ്രമമില്ലാതെയായി. പ്രഷർ കുക്കറിലെ സമ്മർദം പോലെ ഏറെ നേരം അടക്കിപ്പിടിച്ച ആ ഹൃദയങ്ങൾ പലപ്പോഴും പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു, ആരും കാണാതെ.
കഴിഞ്ഞ ഏപ്രിലിൽ എറണാകുളത്ത് കുടുംബശ്രീക്കു കീഴിലെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് തുടങ്ങിവെച്ച സമ്മർദപ്പെട്ടി എന്ന കൗൺസലിങ് സംരംഭത്തിൽ ഒരാഴ്ചക്കകം അഭയം തേടിയത് 350ഓളം സ്ത്രീകളാണ്. ഹെൽപ്ലൈൻ നമ്പറിൽ 257 പേർ വിളിച്ച് തങ്ങളുടെ സങ്കടങ്ങളും ഉത്കണ്ഠകളും പങ്കുവെച്ചപ്പോൾ 89 പേർ സന്ദേശങ്ങളയച്ച് സമ്മർദം ലഘൂകരിച്ചു. വീട്ടിൽ അടച്ചുപൂട്ടപ്പെട്ടവർക്ക് ഏതെങ്കിലും തരത്തിൽ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സമ്മർദപ്പെട്ടിയിലേക്ക് വിളിച്ചവരേറെയും കുടുംബപ്രശ്നങ്ങളാണ് പങ്കുവെച്ചത്.
വീട്ടിൽതന്നെയിരിക്കുകയാണെങ്കിലും കോവിഡ് വരുമോയെന്ന ആശങ്കയും ജോലി നഷ്ടമാകുമോയെന്ന പേടിയും ചിലർ പങ്കുവെച്ചു. ലോക്ഡൗൺ മൂലം സ്വന്തം വീട്ടിൽ തിരിച്ചെത്താനാവാതെ കുടുങ്ങിക്കിടന്നവരും സമ്മർദപ്പെട്ടിയെ ആശ്രയത്തിനായി വിളിച്ചിരുന്നു. ഈ പ്രതികരണം സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല, അത്രകണ്ട് വീട്ടമ്മമാർ പലവിധ സമ്മർദങ്ങളിൽ പെട്ടുഴറുകയാണെന്നും സാന്ത്വനത്തിനായി ആഗ്രഹിക്കുന്നുവെന്നുമാണ്. സാന്ത്വനവാക്കുകളൊന്നും വേണ്ട, പകരം തങ്ങളുടെ പ്രശ്നങ്ങൾ ആരെങ്കിലും ഒന്ന് കേട്ടാൽ മതിയായിരുന്നു എന്ന സ്ഥിതിയിലായിരുന്നു ചിലർ.
ഈ അനുഭവങ്ങളെല്ലാം ആവർത്തിക്കാതിരിക്കാനെന്തു ചെയ്യണം? അതേകുറിച്ച് നാളെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.