എം.വി. രാഘവൻ, വി.കെ. ശ്രീകണ്ഠൻ

പാലക്കാട് കോട്ടയിൽ ഏത് കൊടി ഉയരും?

2019ൽ ആ വോട്ടെണ്ണൽ ദിനത്തിലെ മീനച്ചൂടിൽ ഉരുകിത്തീർന്നത് ഇടതുപക്ഷത്തിന് മറന്നേ പറ്റൂ. കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠൻ, സി.പി.എം നേതാവ് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയ ദിനം. ആ മുറിവുണക്കാനാണ് അതിശക്തനായ എ. വിജയരാഘവനെത്തന്നെ ഇത്തവണ പാലക്കാട്ടേക്ക് തിരിച്ചെത്തിച്ച് ഇടതുപക്ഷം പട നയിക്കുന്നത്. പാലക്കാട് യു.ഡി.എഫിന്റെ കുത്തക മണ്ഡലമാക്കിയ വി.എസ്. വിജയരാഘവൻ എന്ന കോൺഗ്രസ് നേതാവിനെ 1989ലെ ​ലോക്സഭ തെരഞ്ഞെടുപ്പിൽ തറപറ്റിച്ച് അത്ഭുതം സൃഷ്ടിച്ച വിജയരാഘവൻ രാഷ്ട്രീയത്തിന്റെ അടിതടവുകളെല്ലാം പഠിച്ച പരിണതപ്രജ്ഞനാണ്. നിലവിൽ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം.

അതേസമയം, കഴിഞ്ഞവിജയം ഒരു ‘ഓള’ത്തിന് സംഭവിച്ചതല്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ​ശ്രീകണ്ഠനും തെളി​യിച്ചേ തീരൂ. പാലക്കാട് മണ്ഡലത്തിലെ നിത്യസാന്നിധ്യമായ ശ്രീകണ്ഠന് അതത്ര വലിയ പണിയൊന്നുമല്ല. അഞ്ചുവർഷം ഈ എം.പി പാലക്കാട്ടുകാരുടെ കൺമുന്നിലുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷിനെ തറപറ്റിച്ച പോരാട്ടവീര്യം ഒട്ടും കുറഞ്ഞിട്ടില്ല. വൈകിയാണ് പ്രഖ്യാപനമെത്തിയതെങ്കിലും ശ്രീകണ്ഠൻ കളം നിറഞ്ഞുകഴിഞ്ഞു.


 ഇടത്തോട്ട് ചാഞ്ഞ്

മ​​ല​​മ്പു​​ഴ ഡാ​​മും ശി​​രു​​വാ​​ണി​​യും അ​​ട്ട​​പ്പാ​​ടി മ​​ല​​നി​​ര​​ക​​ളും സൈ​​ല​​ന്‍റ് വാ​​ലി​​യും നി​​ളാ​​ത​​ട​​വു​​മു​​ൾ​​പ്പെ​​ടു​​ന്ന​​ പാലക്കാട്, മലമ്പുഴ, മണ്ണാർക്കാട്, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് ലോക്സഭ മണ്ഡലം.​​ രൂ​​പ​​വ​ത്​​ക​​ര​​ണ​​​ശേ​​ഷം നടന്ന 16 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ 11​​ലും ഇ​​ട​​ത് പ്ര​​തി​​നി​​ധി​​ക​​ൾ ജ​​യി​​ച്ചു​​ക​​യ​​റി​​യതിന്റെ വീ​​ര​​ഗാ​​ഥ​​ മണ്ഡലത്തിൽ പാടിപ്പതിഞ്ഞ് കിടക്കുന്നു. 1991 വ​​രെ ന​​ട​​ന്ന അ​​ഞ്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ നാ​​ലി​​ലും പിന്നെ കഴിഞ്ഞ തവണത്തെ വി.കെ. ശ്രീകണ്ഠനിലും ഒ​​തു​​ങ്ങു​​കയാണ് യു.​​ഡി.​​എ​​ഫി​ന്റെ നേ​​ട്ട​​ക്ക​​ണ​​ക്ക്.

മണ്ഡലപ​​രി​​ധി​​യി​​ൽ വ​​രു​​ന്ന ഏ​​ഴ് നിയമസഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ര​​ണ്ടി​​ട​​ത്ത് മാ​​ത്ര​​മേ യു.​​ഡി.​​എ​​ഫ് പ്ര​​തി​​നി​​ധിയുള്ളൂ. 2014ൽ ​​മ​​ണ്ണാ​​ർ​​ക്കാ​​ടും പാലക്കാടുമൊ​​ഴി​​കെ ബാ​​ക്കി അഞ്ച് നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും എം.​​ബി.​​ രാ​​ജേ​​ഷി​​നാ​​യി​​രു​​ന്നു ലീ​​ഡ് എങ്കിൽ 2019ൽ പട്ടാമ്പികൂടി ശ്രീകണ്ഠൻ യു.ഡി.എഫിനൊപ്പം ചേർത്തു. 2021 മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട്, പാലക്കാട്​ ഒഴിച്ച് ബാക്കിയുള്ളവ ഇടതുപക്ഷം നിലനിർത്തുകയായിരുന്നു.

ഇ.കെ. നായനാരും എ.കെ.ജിയും

1967ൽ ഇ.കെ. നായനാരാണ് ഇടതു സ്ഥാനാർഥിയായി പാലക്കാട്ടുനിന്ന് പാർലമെന്റിലെത്തിയത്. ഏറെ രാഷ്ട്രീയസംഭവവികാസങ്ങൾക്കു ശേഷം നടന്ന 1971ലെ തെരഞ്ഞെടുപ്പിൽ എ.കെ.ജി പാലക്കാട്ടുനിന്ന് ജയിച്ചുകയറി. 1977ൽ പാലക്കാട് കോട്ട എ. സുന്നാസാഹിബിലൂടെ കോൺഗ്രസ് കൈയടക്കി. 1980ൽ സി.പി.എമ്മിലെ ടി. ശിവദാസ മേനോനെ പരാജയപ്പെടുത്തി വി.എസ്. വിജയരാഘവൻ മണ്ഡലത്തിൽ കോൺഗ്രസ് സാന്നിധ്യമായി സ്ഥാനമുറപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും വിജയരാഘവൻ വിജയം നിലനിർത്തി. എന്നാൽ, 1989ലെ കടുത്ത മത്സരത്തിൽ, ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ അദ്ദേഹത്തെ അട്ടിമറിച്ചു. 1826 വോട്ടുകൾക്കായിരുന്നു ജയം. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായിരിക്കെയാണ് വിജയരാഘവൻ സ്ഥാനാർഥിയായത്. 1971ൽ വിജയിച്ച എ.കെ.ജിക്കു ശേഷം പാലക്കാട് ലോക്​സഭ മണ്ഡലം തിരിച്ചുപിടിച്ച വ്യക്തിയെന്ന ഖ്യാതിയും അത്തവണത്തെ വിജയത്തിനുണ്ടായിരുന്നു. 1991ൽ മടങ്ങിയെത്തിയ വി.എസ്. വിജയരാഘവൻ സീറ്റ് തിരിച്ചുപിടിച്ചത് ബാക്കിപത്രം.

ഇരു മുന്നണികൾക്കും അഭിമാനപ്പോരാട്ടം

കോൺഗ്രസിനെയും സി.പി.എമ്മിനെയും ജയിപ്പിച്ച ചരിത്രമുള്ള മണ്ഡലം 1996 മുതൽ ഇടതുകോട്ടയായാണ് അറിയപ്പെടുന്നത്. 2014ൽ യു.ഡി.എഫ് സ്ഥാനാർഥി എം.പി. വീരേന്ദ്രകുമാറിനെതിരെ 1,05,300 വോട്ടുകളുടെ വിജയം നേടിയ സി.പി.എമ്മിലെ എം.ബി. രാജേഷിനെ 11,637 വോട്ടുകൾക്ക് ശ്രീകണ്ഠൻ തറപറ്റിച്ച​പ്പോൾ രാഷ്ട്രീയലോകം അത്ഭുതപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം, മോദിക്കെതിരെ എതിർക്കുന്ന കോൺഗ്രസിനെ ശക്തിപ്പെടുത്തൽ, സി.പി.എമ്മിലെ വിഭാഗീയത എന്നിവ കാരണങ്ങളായി വിശദീകരിക്കപ്പെട്ടു. സി.പി.എമ്മിലെയും സി.പി.ഐയുടെയും വിഭാഗീയത തീർത്ത് പതിന്മടങ്ങ് ശക്തിയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടുന്നത്. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങളെല്ലാം വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നത് ഇടതുപക്ഷത്തിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു. 2014ൽ പാലക്കാട് മണ്ഡലത്തിൽ 45.35 ശതമാനം വോട്ട് നേടിയിരുന്ന ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ 37.7 ശതമാനമായിരുന്നു വോട്ടുവിഹിതം. 2019ല്‍ 3,99,274 വോട്ട് വി.കെ. ശ്രീകണ്ഠന് ലഭിച്ചപ്പോള്‍ 3,87,637 വോട്ട് എം.ബി. രാജേഷും 2,18,556 വോട്ട് ബി.ജെ.പിയുടെ സി. കൃഷ്ണദാസും കരസ്ഥമാക്കി.

2014ൽ 34.21 ശതമാനം വോട്ടാണ് യു.ഡി.എഫ് നേടിയിരുന്നത്. കഴിഞ്ഞ തവണ 38.83 ശതമാനം വോട്ടും നേടി- 11,637 വോട്ട് ഭൂരിപക്ഷം. രാഷ്ട്രീയസാഹചര്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെങ്കിലും നിലവിലെ സംഭവവികാസങ്ങൾ ഗുണകരമാവുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. മാസങ്ങൾക്കു മുമ്പേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നാണ് ബി.ജെ.പി ഒരുങ്ങിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തിയതിന്റെ ആവേശം അണികളിലുണ്ട്. കഴിഞ്ഞതവണ ലോക്സഭയിലേക്ക് മത്സരിച്ച് 2,18,556 ലക്ഷം വോട്ട് നേടിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. 2014ൽ 15.09 ശതമാനമായിരുന്ന വോട്ടുവിഹിതം കഴിഞ്ഞതവണ കൃഷ്ണകുമാർ 21.26 ശതമാനമാക്കി ഉയർത്തി മണ്ഡലത്തിന്റെ ബി.ജെ.പി ചായ്‍വിന്റെ ദിശാസൂചകം വിളിച്ചറിയിച്ചു. 

 

Tags:    
News Summary - Lok sabha elections at palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.