ഈ വാക്കുണ്ടാക്കിയത് കാഴ്ചയുള്ള ഏതോ വ്യക്തിയാകണം. അതുകൊണ്ടാവും വരുംകാലങ്ങളെക്കുറിച്ച് ധാരണയും ചിന്തയുമുള്ള മനുഷ്യരെ Visionary- ദീർഘവീക്ഷണമുള്ളയാൾ എന്നു വിശേഷിപ്പിച്ചത്. വാക്കുണ്ടാക്കിയത് ആരുമാവട്ടെ, ഈ ലോകത്ത് ജീവിച്ച സുപ്രധാന വിഷനറികളിലൊരാൾ കാഴ്ചശക്തിയില്ലാത്ത ഒരു മനുഷ്യനായിരുന്നു- ലൂയി ബ്രെയിൽ. അദ്ദേഹം ആവിഷ്കരിച്ച ബ്രെയിൽ ലിപി ലോകത്തെ ഏറ്റവും വിശേഷപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നുമാണ്. കാഴ്ചയില്ലാഞ്ഞിട്ടും അക്ഷരങ്ങളുടെയും അറിവിന്റെയും തീരത്തേക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ സഹായിച്ചതിന് ഞാനുൾപ്പെടെ ദശലക്ഷക്കണക്കിന് മനുഷ്യർ ആ മഹാപ്രതിഭയോട് കടപ്പെട്ടിരിക്കുന്നു. ലൂയി ബ്രെയിലിന്റെ 213ാമത് ജന്മദിനമാണിന്ന്.
1809ൽ ഇതുപോലൊരു ജനുവരി നാലിന് ഫ്രാൻസിലെ കുവ്രേ ഗ്രാമത്തിൽ തികഞ്ഞ കാഴ്ചശക്തിയോടെയും ആരോഗ്യത്തോടെയുമാണ് അദ്ദേഹം ജനിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് പിതാവിന്റെ ലെതർ വർക്ഷോപ്പിൽ കയറി കളിക്കവെ കണ്ണിൽ ഇരുമ്പുകമ്പി തുളച്ചുകയറിയതാണ് ലൂയിയുടെ കോർണിയക്ക് ക്ഷതം സംഭവിക്കാനും അഞ്ചു വയസ്സായപ്പോഴേക്കും കാഴ്ച പൂർണമായി നഷ്ടപ്പെടാനും കാരണമായത്. ഫാ. പാളുയി എന്ന വൈദികന്റെ പ്രേരണയിൽ കുടുംബം അദ്ദേഹത്തെ സ്കൂളിൽ ചേർത്തു. മിടുക്കനായിരുന്നു ലൂയി. മികച്ച കലാകാരൻകൂടിയായിരുന്ന പിതാവ് മകന് പഠിക്കാനുള്ള സൗകര്യത്തിന് ഒരു മരക്കഷ്ണത്തിൽ ആണികൾ തറച്ച് അക്ഷരരൂപങ്ങൾ നിർമിച്ചുനൽകി. അവയിൽ സ്പർശിച്ച് അദ്ദേഹം അക്ഷരമാല പഠിച്ചു.
തുടർപഠനത്തിന് ചേർന്ന റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈൻഡ്സിൽ സന്ദർശനത്തിനെത്തിയ ഒരു മുൻ പട്ടാള ക്യാപ്റ്റൻ യുദ്ധവേളയിൽ സന്ദേശങ്ങൾ കൈമാറുന്നതിന് താൻ ഉണ്ടാക്കിയെടുത്ത കുത്തുകളും വരകളും ചേർന്ന ഒരു അക്ഷരമാല പരിചയപ്പെടുത്തി. ഇത് ലൂയിയെ വല്ലാതെ സ്വാധീനിച്ചു. അച്ഛനും ക്യാപ്റ്റനും നൽകിയ അക്ഷരസഹായങ്ങളിൽനിന്ന് ഊർജമുൾക്കൊണ്ട് അദ്ദേഹം സ്വന്തമായി ലിപി വികസിപ്പിച്ചു. രണ്ടു കോളങ്ങളിലായി ക്രമീകരിച്ച ആറ് കുത്തുകളാണ് അക്ഷരങ്ങളും അക്കങ്ങളും സിംബലുകളുമെല്ലാമായി മാറുന്നത്. ഇടതുവശത്ത് മുകളിലായി ഒരു കുത്ത് മാത്രം ഉയർന്നുനിൽക്കുന്നതാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ എ, അല്ലെങ്കിൽ 1 എന്ന അക്കം. ഈ ലിപി ആവിഷ്കരിക്കുമ്പോൾ ഉപജ്ഞാതാവിന് പ്രായം 15 മാത്രമായിരുന്നു. അദ്ദേഹമന്ന് തന്നെക്കുറിച്ച് മാത്രമല്ല ചിന്തിച്ചത്, കാഴ്ചയില്ലാത്തതിന്റെ പേരിൽ അക്ഷരലോകത്തുനിന്ന് അകറ്റിനിർത്തപ്പെട്ട ആയിരക്കണക്കിന് സഹജീവികളെക്കുറിച്ചായിരുന്നു. 24ാം വയസ്സിൽ പ്രഫസർ പദവി ലഭിച്ചു. ഗണിതം, ഹിസ്റ്ററി, ജ്യോമട്രി എന്നിവയിൽ മികച്ച അധ്യാപകനായിരുന്നു.
അതിലേറെ മികച്ച ഒരു സംഗീതജ്ഞനും. കാഴ്ചയില്ലാത്ത മുഴുവൻ ആളുകൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ലിപിയെ സ്വീകരിക്കണമെന്ന് ലൂയിയും അദ്ദേഹത്തിന്റെ ഗുണകാംക്ഷികളും ഫ്രഞ്ച് അധികൃതരോട് അഭ്യർഥിച്ചിരുന്നു. ഫ്രാൻസിലെ അന്നത്തെ ചക്രവർത്തിയുടെ ശ്രദ്ധയിൽപെട്ടിട്ടും ഫലമുണ്ടായില്ല. കാഴ്ചയുണ്ടായാൽ പോരല്ലോ, മനുഷ്യരുടെ കഴിവുകളെ അംഗീകരിക്കാനും ആവശ്യങ്ങളെ തിരിച്ചറിയാനും മനസ്സിന് വലുപ്പവും വേണം. അപേക്ഷ നിരസിക്കപ്പെട്ടു. ലിപി പരിഷ്കരിക്കാനും കൂടുതൽ മനോഹരമാക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ക്ഷയരോഗ ബാധിതനായി 1852ൽ 43ാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.
ഒട്ടുമിക്ക പ്രതിഭകൾക്കും സംഭവിക്കുന്ന ദുര്യോഗംതന്നെ അദ്ദേഹത്തിന്റെ കാര്യത്തിലും സംഭവിച്ചു. ജീവിച്ചിരിക്കെ അംഗീകരിക്കാൻ മടിച്ച ഫ്രഞ്ച് സർക്കാർ ലൂയി ബ്രെയിൽ മരിച്ച് രണ്ടു വർഷം പിന്നിട്ടതും ഈ ലിപി മഹാ സംഭവമാണെന്ന് അംഗീകരിച്ചു, ഉപജ്ഞാതാവിനോടുള്ള ആദരസൂചകമായി ബ്രെയിൽ ലിപി എന്ന പേരും നൽകി.
ഒരു കൂർത്ത സൂചികൊണ്ട് കടലാസിൽ കുത്തുകളിട്ടാണ് ബ്രെയിൽ ലിപിയിൽ എഴുതിയിരുന്നത്. പിന്നീട് ബ്രെയിൽ ടൈപ്റൈറ്ററും കമ്പ്യൂട്ടറിൽനിന്ന് പ്രിന്റ് എടുക്കാവുന്ന എംബോസറുമെല്ലാം നിലവിൽവന്നു.
പുസ്തകം വായിക്കാൻ മാത്രമല്ല ബ്രെയിൽ ഉപയോഗപ്പെടുക. ഭിന്നശേഷിക്കാരായ ജനങ്ങളെ മാനിക്കുന്ന നാടുകളിൽ ലിഫ്റ്റുകളിലും ഓഫീസുകളുടെയും ഹോട്ടൽമുറികളുടെ ഡോറിലുമെല്ലാം നമ്പറുകൾ ബ്രെയിലിൽ രേഖപ്പെടുത്തിവെക്കാറുണ്ട്. ദുബൈയിലും ഷാർജയിലുമെല്ലാം ബഹുനില കെട്ടിടങ്ങളിലെ കൂറ്റൻ ലിഫ്റ്റിൽ കയറി പരസഹായം കൂടാതെ ആവശ്യമുള്ള ഓഫിസുകളിലേക്ക് പോകാൻ അത് സഹായിച്ചിരുന്നു. ഇന്ന് ബ്രെയിൽ അറിയില്ലെങ്കിലും കമ്പ്യൂട്ടർ സൗകര്യമുള്ളവർക്ക് സ്ക്രീൻ റീഡർ, ടെക്സ്റ്റ് സ്പീച്ച് സോഫ്റ്റ്വെയർ സൗകര്യമുപയോഗിച്ച് വായിക്കാൻ കഴിയും.
ആയിരക്കണക്കിന് ഓഡിയോ ബുക്കുകൾ വഴി വിശ്വസാഹിത്യ കൃതികൾ ആസ്വദിക്കാൻ കഴിയും. എന്നിരിക്കിലും എന്തെങ്കിലും പുതിയ അറിവുകൾ നേടുമ്പോൾ, ആശിച്ചു കൊതിച്ചുകിട്ടിയ ഒരു പുസ്തകം മനുഷ്യനെ പേനകൊണ്ടെഴുതാൻ പഠിപ്പിച്ച നാഥന്റെ നാമത്തിൽ വായിക്കുമ്പോൾ കണ്ണുള്ളവർ കാണാതെപോയ ഈ മഹാമനീഷിയെക്കുറിച്ചോർക്കും. ആറാം വയസ്സിൽ ആദ്യമായി അക്ഷരം വായിക്കാൻ പഠിപ്പിച്ച വഴുതക്കാട് അന്ധവിദ്യാലയത്തിലെ ഷാഹിദ ടീച്ചറും വിജയൻ സാറും ബ്രെയിൽ പഠിപ്പിച്ചുതരുന്നത് മനസ്സിൽ വരും, ആരോ വായിച്ചുകൊടുക്കുന്ന കേരള പാഠാവലിയിലെ പാഠങ്ങൾ അച്ചടി യന്ത്രത്തിന്റെ വേഗതയിൽ ബ്രെയിൽ ആയി രേഖപ്പെടുത്തിക്കൊണ്ടിരുന്ന ഗിരിജ ടീച്ചറെയും വ്യക്തിപരമായി ആവശ്യമില്ലാഞ്ഞിട്ടും എന്റെ പഠനത്തിനുവേണ്ടി മാത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകളുടെ ബ്രെയിൽ പഠിച്ച ഉമ്മയെയും ഓർക്കും. ഇവർക്കെല്ലാം വേണ്ടി മനസ്സിൽ നന്ദി പറയും.
ഷാർജ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ആലപ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫ ഹിലാൽ ഇപ്പോൾ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.