മുന്‍പേ പറന്ന പക്ഷി

പത്തറുപതുകൊല്ലം മുമ്പ് തിരൂര്‍ക്കാരനായ ഒരു കുട്ടിയെ വായനയിലേക്ക് വഴിനടത്തിക്കാന്‍ സ്കൂളിലെ മലയാളം മാഷ് കൊടുത്തത് മഹാകവി ഉള്ളൂരിന്‍െറ ബൃഹദ്ഗ്രന്ഥമായ കേരള സാഹിത്യചരിത്രമാണ്. കുട്ടി വായിച്ചത് എഴുത്തച്ഛനെക്കുറിച്ചുള്ള ലേഖനം. കാല്‍നീട്ടിയിരുന്ന് നാമം ജപിക്കുന്ന മുത്തശ്ശിയുടെ മടിയില്‍ പുസ്തകംവെച്ച് കമഴ്ന്നുകിടന്നാണ് വായന. അമ്മ അകത്ത് അടുക്കളപ്പണിയിലാണ്. കുട്ടി ഉറക്കെ വായിക്കുന്നത് മുത്തശ്ശി ചെവിയോര്‍ത്തു. ഈ തറവാട്ടിലെ പൂര്‍വികനായ ഒരു വല്യമ്മാമനെപ്പറ്റിയാണല്ളോ കുട്ടി വായിക്കുന്നത് എന്ന് അമ്മ ജാനകിയോട് മുത്തശ്ശി അദ്ഭുതം കൂറി. തറവാട്ടില്‍ താവഴിയായി കൈമാറിപ്പോന്ന കാരണവരുടെ കഥ മുത്തശ്ശി പേരക്കുട്ടിക്ക് പറഞ്ഞുകൊടുത്തു. തുഞ്ചത്താചാര്യനെക്കുറിച്ച് കേട്ടറിഞ്ഞ കഥകളില്‍നിന്നും ഐതിഹ്യങ്ങളില്‍നിന്നും വ്യത്യസ്തമായ കഥ. എന്തുകൊണ്ട് അങ്ങനെ എന്ന സ്വാഭാവികമായ ചോദ്യം ഒരു ആജീവനാന്ത അന്വേഷണമായി. കോളജില്‍ പഠിക്കുന്ന കാലത്ത് ഇതേക്കുറിച്ച് അധ്യാപകന്‍ എം.ജി.എസ് നാരായണനോട് ചോദിച്ചു. കേരളചരിത്രത്തില്‍ തുഞ്ചത്ത് എഴുത്തച്ഛനെപ്പറ്റി ഒരക്ഷരമില്ളെന്നു പറഞ്ഞ എം.ജി.എസ്, നാടോടിവിജ്ഞാനീയത്തില്‍നിന്ന് ഭാഷാപിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം ജീവിച്ചിരുന്നു എന്നു പറയുന്നിടങ്ങളില്‍ പോയി അന്വേഷിച്ച് അറിവുകള്‍ തേടുക. അതില്‍ നേരെന്ന് നിശ്ചയമുള്ളത് ആറ്റിക്കുറുക്കുക. അതാണ് ഫോക് ഹിസ്റ്ററി എന്ന് എം.ജി.എസ് പറഞ്ഞു. അങ്ങനെ താനൂരും തൃക്കണ്ടിയൂരും വെട്ടത്തും അലഞ്ഞ് നാലഞ്ചുനൂറ്റാണ്ടിനു പിന്നിലേക്ക് സഞ്ചരിച്ചു.  

ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്ന ആ കുട്ടി മുതിര്‍ന്നപ്പോള്‍ മലയാളത്തിനു പ്രിയപ്പെട്ട എഴുത്തുകാരന്‍ സി. രാധാകൃഷ്ണനായി. ശാസ്ത്രജ്ഞനും പത്രപ്രവര്‍ത്തകനും ചലച്ചിത്രസംവിധായകനുമൊക്കെയായി. ഒരായുഷ്കാലംകൊണ്ട് അധ്വാനിച്ച് കിട്ടിയ കാര്യങ്ങള്‍ അറുപതാം വയസ്സിലാണ് കടലാസിലേക്കു പകര്‍ത്തുന്നത്.  ധ്യാനിച്ചുണ്ടാക്കിയ ആ പുസ്തകത്തിന്‍െറ പേര് ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം.’ പുസ്തകം പുറത്തിറങ്ങി ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ എഴുത്തച്ഛന്‍െറ പേരിലുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പരമോന്നത സാഹിത്യപുരസ്കാരം സി. രാധാകൃഷ്ണനെ തേടിവന്നിരിക്കുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ മാറുന്ന ഇന്ത്യയുടെ സമഗ്രമായ വൈകാരികചരിത്രമാണ് അദ്ദേഹം തന്‍െറ ബൃഹദാഖ്യാനങ്ങളില്‍ രേഖപ്പെടുത്തിവെച്ചത്. രാഷ്ട്രീയവും ദാര്‍ശനികതയും സ്വത്വസംഘര്‍ഷങ്ങളും അവക്ക് പ്രമേയമായി. അമ്പതുകള്‍ മുതലുള്ള കേരളത്തില്‍ ഇന്ത്യയെന്ന അനുഭവം ഉള്‍ക്കൊണ്ട് ജീവിച്ച മലയാളിയെയാണ് വാക്കുകളില്‍ അദ്ദേഹം വരച്ചിട്ടത്. രാഷ്ട്രവും ആധുനിക ശാസ്ത്രവും മനുഷ്യനും അവന്‍െറ പൈതൃകവും തമ്മിലുള്ള പൊരുത്തപ്പെടലുകളില്‍നിന്നും അവയുടെ സംഘര്‍ഷങ്ങളില്‍നിന്നും അദ്ദേഹം കഥ കണ്ടെടുത്തു. അങ്ങനെ അരനൂറ്റാണ്ടിന്‍െറ സാമൂഹിക സാംസ്കാരിക വൈകാരിക ചരിത്രത്തെ നോവലിന്‍െറ രൂപശില്‍പത്തില്‍ സംഗ്രഹിച്ചു. ‘മുന്‍പേ പറക്കുന്ന പക്ഷികളും’ ‘സ്പന്ദമാപിനികളേ നന്ദി’യും ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളു’മൊക്കെ ആധുനിക ശാസ്ത്രാനുഭവങ്ങളും പാരമ്പര്യത്തില്‍നിന്നുള്ള വ്യതിയാനങ്ങളുമായി പൊരുത്തപ്പെടുത്തി സമഗ്രമായ ജീവിതദര്‍ശനമുണ്ടാക്കാനുള്ള സര്‍ഗാത്മക സംരംഭങ്ങളായിരുന്നു. അതുകൊണ്ടുതന്നെ സി. രാധാകൃഷ്ണന്‍െറ രചനകള്‍ക്ക് മലയാളത്തില്‍ സമാന്തരങ്ങളില്ല.

മലയാള നോവല്‍സാഹിത്യത്തില്‍ അതിന് പൂര്‍വമാതൃകകളുമില്ല. സമാനതകളില്ലാത്ത ഈ സര്‍ഗപരതക്കുകൂടിയുള്ളതാണ് ഭാഷാപിതാവിന്‍െറ പേരിലുള്ള ഈ പുരസ്കാരം. അത് അല്‍പം വൈകിപ്പോയി എന്നു പറയാം. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. അന്ന് അദ്ദേഹം പറഞ്ഞു, ഇതിനര്‍ഹന്‍ സി. രാധാകൃഷ്ണനാണ് എന്ന്. എഴുത്തച്ഛന്‍െറ ജാതി അവകാശപ്പെടുന്നവരാണ് അംഗീകാരം വൈകിച്ചത് എന്ന് ഉപശാലാസംസാരം.

1939 ഫെബ്രുവരി 15ന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്ത് ജനനം. പിതാവ് പി. മാധവന്‍ നായര്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അമ്മ സി. ജാനകി അമ്മ. ചമ്രവട്ടം എല്‍.പി സ്കൂള്‍, പൊന്നാനി അച്യുതവാര്യര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. മികച്ച വിദ്യാര്‍ഥിക്കുള്ള സ്വര്‍ണമെഡലുമായി കോളജിലേക്ക്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ പഠിക്കുമ്പോള്‍ മദ്രാസ് സര്‍വകലാശാലയുടെ സ്കോളര്‍ഷിപ്,  ഫിസിക്സ് ബിരുദത്തിന് ഒന്നാംറാങ്കും സ്വര്‍ണമെഡലും. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് അപൈ്ളഡ് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം.

എം.എസ്സിക്കു പഠിക്കവെ ഓണാവധിക്ക് വീട്ടില്‍ വന്നപ്പോള്‍ ഒരു നോവലിന്‍െറ ആശയം മനസ്സില്‍ മുളപൊട്ടി. തട്ടിന്‍പുറത്തു കയറിയിരുന്ന് പത്ത് അധ്യായങ്ങള്‍ എഴുതിത്തീര്‍ത്തു. മാതൃഭൂമി സാഹിത്യമത്സരം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ ‘നിഴല്‍പ്പാടുകള്‍’ എന്നു പേരിട്ട് അത് അയച്ചുകൊടുത്തു. ആദ്യം ആ പുരസ്കാരവും പിന്നീട് കേരള സാഹിത്യ അക്കാദമി അവാര്‍ഡും നോവലിനെ തേടിവന്നു.  21ാം വയസ്സിലാണ് സംസ്ഥാനത്തെ സമുന്നത സാഹിത്യപുരസ്കാരം കരസ്ഥമാക്കുന്നത്. അക്കാദമി അവാര്‍ഡുകളുടെ ചരിത്രത്തില്‍ ഇന്നോളം ആ റെക്കോഡ് ഭേദിക്കപ്പെട്ടിട്ടില്ല. 1960 മുതല്‍ 62 വരെ കൊടൈക്കനാലിലെ ആസ്ട്രോ ഫിസിക്കല്‍ ഒബ്സര്‍വേറ്ററിയിലെ സയന്‍റിഫിക് അസിസ്റ്റന്‍റായിരുന്നു. തെക്കുകിഴക്കേ ഏഷ്യയിലെ ഏറ്റവും വലിയ ദൂരദര്‍ശിനിയുള്ള നിരീക്ഷണാലയം. അവിടത്തെ അനുഭവങ്ങളില്‍നിന്ന് ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ പിറന്നു.

പിന്നീട് 1962 മുതല്‍ 64 വരെ പൂനയിലെ സൈസ്മോളജി സെന്‍ററിന്‍െറ ചുമതലക്കാരന്‍. ഭൂകമ്പമാപിനിയുമായുള്ള സഹവാസത്തില്‍നിന്ന് ‘സ്പന്ദമാപിനികളേ നന്ദി’ ഉണ്ടായി. പിന്നീട് പത്രപ്രവര്‍ത്തനം. 1964 മുതല്‍ 68 വരെ ടൈംസ് ഓഫ് ഇന്ത്യയുടെ സയന്‍സ് ടുഡേ പുറത്തിറക്കുന്ന മുഖ്യചുമതലക്കാരില്‍ ഒരാളായി ബോംബെയില്‍. 1968 മുതല്‍ 72 വരെ ലിങ്ക് മാസികയുടെയും പാട്രിയറ്റ് പത്രത്തിന്‍െറയും സയന്‍സ് എഡിറ്റര്‍. 1980 മുതല്‍ 84 വരെ വീക്ഷണത്തിന്‍െറ പത്രാധിപര്‍. 1994 മുതല്‍ മൂന്നുകൊല്ലം ഭാഷാപോഷിണിയില്‍.

പിന്നീട് മാധ്യമം ദിനപത്രത്തിനൊപ്പം ദീര്‍ഘകാലം. പൂനയില്‍ ജോലി ചെയ്യുമ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തായിരുന്നു താമസം. ആര്‍ക്കൈവ്സിന്‍െറ ചുമതലക്കാരനായ പി.കെ. നായരുമായുള്ള അടുപ്പം കൊണ്ട് കുറെ സിനിമകള്‍ അവിടെനിന്ന് കാണാന്‍ കഴിഞ്ഞു. അടൂരിന്‍െറയും അസീസിന്‍െറയും സഹവാസിയായി. അസീസിന്‍െറ ‘അഞ്ചുമിനിറ്റ് അസൈന്‍മെന്‍റ്’ സിനിമക്ക് തിരക്കഥ രചിച്ചു. പിന്നീട് നടന്‍ മധുവിന്‍െറ ആദ്യ സംവിധാനസംരംഭമായ ‘പ്രിയ’ക്ക് തിരക്കഥ രചിച്ചു. അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകള്‍ എന്നീ സിനിമകള്‍ സംവിധാനംചെയ്തു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി തേടിയത്തെിയ അംഗീകാരങ്ങള്‍ നിരവധി. ഭാര്യ വത്സല. മകന്‍ കൊച്ചിയില്‍ റേഡിയോളജിസ്റ്റായ ഡോ. ഗോപാല്‍. മൂന്നു പേരക്കുട്ടികള്‍.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.