ഹൈകോടതി നിരോധനവും മക്ക മസ്ജിദ് ശരീഅത്ത് സമിതിയും

ചെന്നൈ നഗരത്തിന്‍െറ ഹൃദയതാളമായ കൂവം നദിക്കരയിലെ സയ്യിദ് മൂസാ ഷാ ഖാദിരി ഖബറിടമുറ്റത്ത് വെള്ളരിപ്രാവുകള്‍ക്ക് അന്നം നല്‍കാന്‍ തമിഴ് മക്കള്‍ വര്‍ഷം മുഴുവന്‍ ഒഴുകിയത്തെും. ദര്‍ഗയിലെ മഹാനോടുള്ള പ്രാര്‍ഥനക്കൊപ്പം പറന്നിറങ്ങുന്ന പ്രാവിന്‍കൂട്ടത്തെ ഊട്ടുന്നത് നീറുന്ന വിഷയങ്ങളിലെ പരിഹാരംകൂടിയത്രെ. മൗണ്ട് റോഡ്, അണ്ണാശാലക്കു സമീപത്തെ മക്ക മസ്ജിദിലേക്ക് ദിവസം കുറഞ്ഞത് 5000 പേരെങ്കിലും ശാന്തി തേടി എത്തുമെന്നാണ് സുരക്ഷാജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. ജാതിമത ഭേദം ഇവിടെ കാണാനാകില്ല. പള്ളിപരിസരത്ത് തങ്ങള്‍ ഉണ്ണുന്ന ഇലയില്‍നിന്ന് പക്ഷികളെയും ഊട്ടുന്ന പച്ചമനുഷ്യരെ കാണാം. കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതിയുടെ വിധിയില്‍ പരാമര്‍ശിച്ച  സമാന്തര കോടതി പ്രവര്‍ത്തിച്ചിരുന്നത് ഇതിനുള്ളിലാണോ എന്നൊന്നും ഇവര്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല.

കോടതി പരാമര്‍ശത്തോടെ പുറം ലോകത്തുള്ളവരുടെ സംശയത്തിന്‍െറ നിഴലിലായി ഈ ആരാധനാലയം. ഇങ്ങനെയൊരു കോടതിയുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടെ  ഉച്ചപ്രാര്‍ഥനക്കുള്ള ബാങ്കുവിളി മുഴങ്ങി. ബാങ്കുവിളി കേട്ട് സ്ത്രീകള്‍ സാരിത്തലപ്പുകൊണ്ടും പുരുഷന്മാര്‍ തൂവാലകൊണ്ടും  ബഹുമാനസൂചകമായി തലമറയ്ക്കുന്നു. കോടതിവിധി വായിച്ചവര്‍ പതിവില്ലാതെ പള്ളിയിലേക്ക് ഉറ്റുനോക്കുന്നതായി പള്ളിയിലെ സഹായി ഈമാനുല്ല പറയുന്നു.

‘ചെന്നൈ ഉയിര്‍ നീതി മണ്‍ട്രം മുടിവു കവലൈ അളിക്കിരുത്’ (മദ്രാസ് ഹൈകോടതി വിധി ദു$ഖകരമായി) എന്നാണ് പള്ളി പരിപാലന സമിതി സെക്രട്ടറി ഹാജി മുഹമ്മദ് ആദ്യം പറഞ്ഞത്. പരാതിക്കാരന്‍െറ വാദങ്ങള്‍ മാത്രം മുഖവിലക്കെടുത്താണ് കോടതിയുടെ തീരുമാനം. പരാതിക്കാരന്‍ ഉന്നയിച്ചതും കോടതി തീര്‍പ്പിലത്തെിയതുമായ സമാന്തര കോടതി ആരാധനാലയ പരിസരത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. പല മുസ്ലിം മഹല്ലുകളിലും പ്രദേശത്തെ മുസ്ലിംകള്‍ക്കിടയിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളും തീര്‍ക്കാന്‍ നിലവിലുള്ള മസ്ലഹത്ത് (അനുരഞ്ജന) സമിതികള്‍ക്ക് സമാനമായ ശരീഅത്ത് പഞ്ചായത്താണ് ഇവിടെയുമുണ്ടായിരുന്നത്. വിശ്വാസികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്ന അനുരഞ്ജന സമിതികള്‍ നീതിന്യായപീഠങ്ങളുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട്.  കോടതികള്‍ക്ക് താങ്ങാനാകാത്തവിധം കോടിക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യത്ത് ഏതു തലത്തിലുള്ള അനുരഞ്ജന കൂട്ടായ്മകളും പ്രശംസാര്‍ഹമാണെന്ന ന്യായാധിപന്മാരുടെ അഭിപ്രായം മുഹമ്മദ് എടുത്തുപറഞ്ഞു. മുഖ്യ ഇമാം മൗലാനാ മൗലവി ശംസുദ്ദീന്‍ ഖാസിമി വിവിധ വിഷയങ്ങളിലുള്ള മതപരമായ അഭിപ്രായങ്ങള്‍ വിശ്വാസികളുമായി പങ്കുവെക്കാറുണ്ട്. തീരുമാനങ്ങള്‍ ആരുടെയും മേല്‍ അടിച്ചേല്‍പിക്കാറില്ളെന്നും കോടതികളില്‍ എത്തിയ തര്‍ക്കങ്ങളില്‍  ഇടപെടലുകള്‍ നടത്താറില്ളെന്നും മുഹമ്മദും മറ്റ് കമ്മിറ്റി അംഗങ്ങളും പറയുന്നു.

തമിഴ്നാട്ടില്‍ മുസ്ലിം പള്ളികളില്‍ പരിപാലന സമിതികളും ഇമാമും ഉള്‍പ്പെട്ട അനുരഞ്ജന സമിതികള്‍ (ശരീഅത്ത് പഞ്ചായത്ത്) സര്‍വസാധാരണമാണ്. മധുര, തിരുച്ചിറപ്പള്ളി, രാമനാഥപുരം തുടങ്ങിയ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് എത്തുമ്പോള്‍ ശരീഅത്ത് പഞ്ചായത്തുകളുടെ തീരുമാനം വിവിധ മതസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും. നാനാ ജാതി വിശ്വാസികളായ ഗ്രാമത്തിലെ പൗരപ്രമുഖരെ ഒരു വിവേചനവും കൂടാതെ ഇതില്‍ പങ്കെടുപ്പിക്കാറുണ്ട്.
തമിഴ്നാട്ടിലെ ആരാധനാലയങ്ങള്‍ക്കൊപ്പം ശരീഅത്ത് കോടതികള്‍ എന്ന രൂപത്തില്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ളെന്ന് ഇന്ത്യന്‍ യൂനിയന്‍ ദേശീയ ജനറല്‍സെക്രട്ടറിയും മുന്‍ പാര്‍ലമെന്‍റ് അംഗവുമായ പ്രഫ. ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കുന്നു. വിവാഹമോചനക്കേസുകളാണ് പലപ്പോഴും വിവാദം സൃഷ്ടിക്കുന്നത്. ദമ്പതികള്‍ക്കിടയിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അനുരഞ്ജനസമിതികള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഇത് സമാന്തരകോടതികളായി ചിത്രീകരിക്കാനാകില്ളെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ഏതെങ്കിലുമൊരു വിഷയം എടുത്ത് സാമാന്യവത്കരിക്കുന്നത് ശരിയല്ളെന്നുമാണ്  ഖാദര്‍ മൊയ്തീന്‍െറ അഭിപ്രായം.

അമേരിക്കന്‍ പ്രവാസിയും തമിഴ്നാട് സ്വദേശിയുമായ അബ്ദുറഹ്മാന്‍ നല്‍കിയ പൊതുതാല്‍പര്യഹരജിയിലാണ് തമിഴ്നാട്ടിലെങ്ങും ശരീഅത്ത് കോടതി നിരോധിച്ചതായുള്ള മദ്രാസ് ഹൈകോടതി വിധി വന്നത്.  ആരാധനാലയങ്ങള്‍ക്ക് കോടതികളാകാനാകില്ളെന്നും നിയമനടപടികള്‍ സ്വീകരിക്കാന്‍ അനുവാദമില്ളെന്നും മതകേന്ദ്രങ്ങളും ആരാധനാലയങ്ങളും മതപരമായ കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കണം എന്നുമാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍െറ വിധി. അനധികൃത കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് ഉറപ്പാക്കി നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോടും  ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈ അണ്ണാശാലയിലെ മക്ക മസ്ജിദ് പരിസരത്ത് ശരീഅത്ത് കൗണ്‍സില്‍ എന്ന പേരില്‍ അനധികൃത ശരീഅത്ത് കോടതി പ്രവര്‍ത്തിക്കുന്നതായി ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. വിവാഹ മോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും  കക്ഷികളെ നോട്ടീസ് അയച്ച് വരുത്തി വിചാരണ ചെയ്യുന്നുണ്ടെന്നും ഏകപക്ഷീയമായി വിവാഹമോചന ഉത്തരവുകള്‍ നല്‍കുന്നുണ്ടെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു. ശരീഅത്ത് കോടതിയുടെ ഇടപെടലുകള്‍ക്ക് താനൊരു ഇരയാണെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. വേറിട്ടുകഴിഞ്ഞ ഭാര്യയുമായി ഒരുമിക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീഅത്ത് കോടതി നിര്‍ബന്ധപൂര്‍വം തലാഖ് പേപ്പറില്‍ ഒപ്പിടുവിക്കുകയും വിവാഹമോചനം പ്രഖ്യാപിക്കുകയുമായിരുന്നു. വിധി പറയുന്ന ഇമാം കോടതികളില്‍ ജഡ്ജിമാര്‍ ധരിക്കുന്നതുപോലുള്ള  നിറമുള്ള കോട്ടാണ് ധരിച്ചിരുന്നതെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു. പരാതിക്കാരന്‍െറ ഈ വാദങ്ങളെല്ലാം വിധിയില്‍ ഇടംപിടിച്ചു.

ഈ വിഷയത്തിലെ അനുരഞ്ജന സമിതിയുടെ വാദം ഇതാണ്: പരാതിക്കാരനായ അബ്ദുല്‍ റഹ്മാന്‍ 2011ലാണ് വിവാഹിതനായത്. മക്ക മസ്ജിദ് പള്ളിയിലാണ് നിക്കാഹ് നടന്നത്. ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടായതോടെ വിഷയം പള്ളിക്കമ്മിറ്റിക്ക് മുന്നിലത്തെിയെന്ന് സെക്രട്ടറി ഹാജി മുഹമ്മദ് വ്യക്തമാക്കുന്നു. പലതരത്തിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ 2013ല്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. വീണ്ടും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതോടെ വിവാഹമോചനം നല്‍കണമെന്ന് പള്ളിക്കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു. ഇസ്ലാമിക  നിയമപ്രകാരം നിശ്ചിത കാലത്തില്‍ ഇരുവരെയും മാറ്റിപ്പാര്‍പ്പിച്ചു  വീണ്ടും ഒരുമിക്കണമെന്ന ആവശ്യം പെണ്‍കുട്ടി നിരസിച്ചു.  വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കാന്‍ അബ്ദുറഹ്മാന്‍ തയാറായില്ല. പെണ്‍കുട്ടിക്ക് വിവാഹമോചനരേഖ കൈമാറാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. വിവാഹമോചനരേഖ ലഭിക്കാത്ത പരാതിക്കാരന് മറ്റൊരു വിവാഹം കഴിക്കാന്‍ തടസ്സം നേരിട്ടു. രേഖ നല്‍കണമെന്ന ആവശ്യവുമായി അബ്ദുറഹ്മാന്‍ തങ്ങളെ സമീപിച്ചപ്പോഴും സ്ത്രീധനം തിരികെ നല്‍കുന്ന മുറക്ക് രേഖ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മക്ക മസ്ജിദ് സെക്രട്ടറി മുഹമ്മദ് രേഖകള്‍ കാണിച്ച് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്നാണ് അബ്ദുറഹ്മാന്‍ സമാന്തര കോടതി പ്രവര്‍ത്തിക്കുന്നതായ ആരോപണവുമായി കോടതിയില്‍ എത്തിയത്. ഹരജിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വാദംകേട്ട കോടതി ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ചെന്നൈ സിറ്റിപൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.  പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി ഏകപക്ഷീയമായി തള്ളിയെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.     

നിരപരാധികളായ നിരവധി മുസ്ലിംകളുടെ താല്‍പര്യം സംരക്ഷിക്കുന്ന വിധിയാണ് പുറത്തുവന്നതെന്ന് ഹരജിക്കാരനുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. എ. സിറാജുദ്ദീന്‍ വ്യക്തമാക്കുന്നു. ഇത്തരം കോടതികളുടെ തീര്‍പ്പുകളില്‍ നിശ്ശബ്ദരായി വീര്‍പ്പുമുട്ടുന്ന നിരവധി മുസ്ലിംകളുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് നിര്‍വചിച്ചാണ് മുസ്ലിംകള്‍ക്കിടയില്‍ ഇവര്‍ മതിപ്പ് നേടുന്നത് -സിറാജുദ്ദീന്‍ പറഞ്ഞു. അതേസമയം, മക്ക മസ്ജിദിലെ ശരീഅത്ത് കൗണ്‍സില്‍ അനധികൃത ശരീഅത്ത് കോടതി കണക്കെ ആധികാരികമായ മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മഹല്ലുവാസികളില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ട്. നിലവിലെ ഇമാം എത്തിയ ശേഷമാണ് ഇത്തരത്തിലുള്ള പുതിയ ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കിയതെന്നാണ് അവര്‍ പറയുന്നത്.

Tags:    
News Summary - makkah masjid sariatu committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.