മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത ആമയൂർ എന്ന നാട്ടിൻപുറത്തുകാരിയാണ് ഞാൻ. മൂന്നു വർഷം മുമ്പ് യു.കെയിൽ ജനിച്ചു വളർന്ന ഒരു സുഹൃത്തിനോട് സോഷ്യൽ മീഡിയയിൽ സംസാരിക്കവെ നാടുകളുടെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. യു.കെയിലെ മലകളെക്കുറിച്ചും നദികളെക്കുറിച്ചും വിഖ്യാതമായ തെരുവുകളെക്കുറിച്ചും ആ സുഹൃത്ത് പറയുേമ്പാൾ എന്നെങ്കിലുമൊരിക്കൽ അതൊക്കെ ചെന്ന് കാണണം എന്ന് സ്വപ്നം കാണാൻപോലും ധൈര്യമില്ലായിരുന്നു. സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും അത്രയേറെ അകലമുണ്ടായിരുന്നു എനിക്ക്.
പക്ഷേ, ഇപ്പോൾ ഈ കുറിപ്പെഴുതുന്നത് രണ്ടു വർഷമായി താമസിക്കുന്ന ഇംഗ്ലണ്ടിലെ പ്രസ്റ്റൺ നഗരത്തിലിരുന്നാണ്. ഇവിടെയുള്ള യൂനിവേഴ്സിറ്റി ഓഫ് സെൻട്രൽ ലാങ്ക്വഷറിൽ ഇൻറർ കൾച്ചറൽ ബിസിനസ് കമ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദം വിജയകരമായി പൂർത്തിയാക്കി, അതിനോടനുബന്ധിച്ച് ഒരു മനോഹരമായ ജോലിയിലും പ്രവേശിച്ചു.
ഇവിടേക്കുള്ള യാത്ര ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. ഒരു സ്കോളർഷിപ്പ് പരീക്ഷയെഴുതാൻ ഒരു ദിവസം ക്ലാസിപോകാതിരുന്നാൽ നിന്നെയിപ്പോൾ ക്ലാസിലേക്ക് കാണുന്നേയില്ലല്ലോ എന്ന് പറഞ്ഞിരുന്ന അധ്യാപകരും അപേക്ഷ നൽകാനും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി കോഴിക്കോട്ടോ കൊച്ചിയിലേക്കോ പോകുന്നതു കണ്ടാൽ മകൾ അഴിഞ്ഞാടി നടക്കുകയാണല്ലോ എന്ന് വീട്ടുകാരെ വിളിച്ച് ആവലാതി പറയുന്ന ആളുകളുമുൾപ്പെടെ ഒരുപാട് മുള്ളുകളുണ്ടായിരുന്നു ഈ വഴിയിൽ.
ചുറ്റുപാടും നെഗറ്റീവ് എനർജിയുടെ കടുത്ത വലയമായിരുന്നു, അതിൽ കുരുങ്ങരുതെന്ന് തീരുമാനിച്ചുറപ്പിച്ചു. ആ കുത്തുവാക്കുകൾ കേട്ട് തളർന്നിരുന്നെങ്കിൽ, എെൻറ കുടുംബം വിലക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഈ അന്താരാഷ്ട്ര അനുഭവം ഉണ്ടാവുമായിരുന്നില്ല. ഒരു വിദേശ സർവകലാശാലയിൽനിന്നുള്ള ബിരുദവും ജോലിയും ലക്ഷ്യങ്ങളുടെ പരകോടിയാണെന്ന വിശ്വാസമൊന്നുമില്ല,
എല്ലാ പ്രതിസന്ധികളെയും തരണംചെയ്തു എന്ന് കരുതുന്നുമില്ല. പക്ഷേ, ഇനി ജീവിതവഴിയിൽ വന്നു ചേരുന്ന പ്രതിസന്ധികളെ നേരിടുവാനുള്ള കരുത്ത് പകർന്നു തന്നിരിക്കുന്നു ഞാൻ നടന്ന മുള്ളുപാതകൾ. അതെെൻറ കാലുകളെ ശക്തിപ്പെടുത്തി, ദൈവ കാരുണ്യത്തിലും പൊരുതാനുള്ള എെൻറ കരുത്തിലും വിശ്വാസം വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ മാസം ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്റ്റേജിലേക്ക് നടന്നു കയറവെ എെൻറ മനസ്സ് ഓർമപ്പെടുത്തി -മൂന്നു വർഷം മുമ്പ് തീർത്തും അചിന്ത്യവും അപ്രാപ്യവുമായിരുന്ന ഒരു ലക്ഷ്യമിപ്പോൾ ഒരു കൈപ്പാട് അകലത്തിലെത്തിയിരിക്കുന്നുവെന്ന്.
സ്വപ്നം കാണാൻ ഭയപ്പെട്ട ഒരു നേട്ടമാണ് സ്വന്തമായിരിക്കുന്നത്. ഇനി സ്വപ്നം കാണാൻ ഭയമില്ല. ഒരാൾക്കു മുന്നിലും അടിയറവ് പറയില്ല എന്ന ഉറപ്പിന് കൂടുതൽ തിടം വെച്ചിരിക്കുന്നു. എെൻറ നാട്ടിലെ ഗ്രാമ്യമലയാളത്തിൽ വർത്തമാനം പറഞ്ഞ് കടന്നുപോകുന്ന കൂടുതൽ കുട്ടികളെക്കൊണ്ട് ഇവിടത്തെയും മറ്റ് ലോക സർവകലാശാലകളുടെയും കാമ്പസുകൾ നിറയുമെന്ന് മനസ്സ് പറയുന്നു.
ഈ കുറിപ്പ് വായിക്കുന്ന ഓരോരുത്തരോടും, പ്രത്യേകിച്ച് പെൺകുട്ടികളോടും യുവജനങ്ങളോടും ഒരേ ഒരു കാര്യമേ ഈ പുതുവർഷ ദിനത്തിൽ ഓർമിപ്പിക്കാനുള്ളൂ–അസാധ്യമെന്ന് കരുതി നിങ്ങൾ സ്വപ്നങ്ങളെ കുഴിച്ചുമൂടരുതെന്ന്; മറ്റുള്ളവർ നമുക്കായി നിശ്ചയിച്ചു വെച്ചിരിക്കുന്ന വരകളിലൂടെ നടക്കരുതെന്ന്.
യു.കെയിലെ സ്റ്റാൻലി ഹൗസിൽ സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്‌സിക്യൂട്ടിവാണ് ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.