നമ്മുടെ നാട്ടിലെ പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ ഇസ്ലാം മത വിശ്വാസികൾ മാത്രമല്ല ഫലസ്തീനിൽ. പതിനായിരത്തിലേറെ ക്രൈസ്തവ വിശ്വാസികളും അക്കൂട്ടത്തിലുണ്ട്. ക്രിസ്തുവിന്റെ കാലത്തോളം പൈതൃകം പേറുന്ന അറബ് വംശജരായ ആദിമ ക്രൈസ്തവർ. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സ്ഥാപകനേതാവ് യാസിർ അറഫാത്തിന്റെ പത്നി സുഹ ഇത്തരമൊരു കുടുംബത്തിലെ അംഗമായിരുന്നു
അഞ്ചുകൊല്ലം മുമ്പ് ഒക്ടോബറിലെ ഒരു വൈകുന്നേരം. ഹംഗറിയിലെ ബുഡപെസ്റ്റിൽനിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്കുള്ള വിമാനത്തിലായിരുന്നു ഞാനും എന്റെ മാപ്പിളയും. വിമാനത്തിലെ മിക്കവാറും സീറ്റുകൾ കാലിയാണ്. ടേക് ഓഫിനു മുമ്പ് ഒരുപറ്റം ചെറുപ്പക്കാർ തിരക്കിട്ടുവന്ന് കയറി. വിമാനത്തിൽ വിരസത മാറി; പൊട്ടിച്ചിരിയുടെ പ്രസരിപ്പ് പടർന്നു.
വലതുവശത്തെ മൂന്നു സീറ്റുകളും കൈയടക്കി സ്വകാര്യസ്വത്താക്കി വെച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് ഒരു സുന്ദരി പെൺകുട്ടിയുടെ വരവ്. ഞങ്ങളുടെ സീറ്റിലെ മൂന്നാമത്തെ അവകാശി. ‘‘ജനാലക്കരികിലെ സീറ്റിൽ ഇരുന്നോട്ടെ’’ എന്ന് ചോദിച്ചു അവൾ. മൂന്നേകാൽ മണിക്കൂർ ദൂരമുണ്ട് തെൽ അവീവിലേക്ക്. എന്നുമെന്റെ ബലഹീനതയാണ് വിൻഡോ സീറ്റുകൾ. പക്ഷേ, മാപ്പിള തലകുലുക്കി; ഞാൻ അനിഷ്ടത്തോടെ സീറ്റ് വിട്ടുനൽകി.
‘‘ഇന്ത്യയിൽനിന്നാണോ?’’ - അവൾ ചോദിച്ചു.
“ഇന്ത്യക്കാരിയാണ്; ഇപ്പോൾ ലണ്ടനിൽനിന്ന് വരുന്നു”- എന്റെ മറുപടി.
“എന്റെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇന്ത്യക്കാരാണ്, അതുകൊണ്ടു ചോദിച്ചതാ’’
കിലുക്കാംപെട്ടി പോലുള്ള അവളുടെ സംസാരത്തിൽ എന്റെ അനിഷ്ടവും മുഷിപ്പുമെല്ലാം അകന്നു. മുംബൈയിൽനിന്ന് കുടിയേറിയ യഹൂദ ദമ്പതികളുടെ പേരക്കിടാവാണ് അവൾ. പേര് മായ.
‘‘അത് ശരിക്കുമൊരു ഇന്ത്യൻ പേരാണല്ലോ?’’ - അവൾ ചിരിച്ചു.
െതൽ അവീവിൽ നിയമവിദ്യാർഥിനി ആയിരുന്നു അക്കാലം മായ. അറബ് വംശജനായ ചങ്ങാതിയുമായി പ്രണയത്തിലാണ്. രണ്ടുവർഷത്തെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞാണ് നിയമപഠനത്തിന് ചേർന്നത്. പതിനെട്ടാം വയസ്സിലെത്തുമ്പോൾ പെൺകുട്ടികൾ രണ്ടുവർഷവും ആൺകുട്ടികൾ മൂന്നുവർഷവും പട്ടാളസേവനം നടത്തണമെന്നത് ഇസ്രായേലിലെ ചട്ടമാണ്.
ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കാണുമ്പോഴൊക്കെ ഞാൻ മായയെ ഓർമിക്കും. ഇസ്രായേലിലെ ഞങ്ങളുടെ സുഹൃത്ത് ഏരിയലിന്റെ കൗമാരം കടക്കാത്ത മകൻ മോഷെയും ഇപ്പോൾ ഗസ്സയിലെ യുദ്ധഭൂമിയിലുണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണ് ഈ യുവാക്കൾ കലാഷ്നിക്കോവ് അസോൾട്ട് തോക്കുകളും പേറി യുദ്ധമുഖത്ത് നിൽക്കുന്നത്.
ഈ യുദ്ധത്തിന്റെ നൈതികതയും ന്യായാന്യായങ്ങളും അവർക്കറിയാനിടയില്ല! മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കിഴക്കേ തീരത്തുള്ള ഈ ഇത്തിരിപ്പോന്ന ഭൂവിടത്തിൽ ഇന്നോളം ചിന്തിയ ചോരക്കും ഒഴുകിയ കണ്ണുനീരിനും കണക്കില്ല! മെഡിറ്ററേനിയന്റെ കണ്ണീർതുള്ളിയാണ് ഗസ്സ. ലോകത്തെ ഏറ്റവും പ്രാചീനമായ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീനിലേത്; ഏറ്റവും സങ്കീർണമായ വംശീയ പ്രശ്നവും അതുതന്നെ.
ഇസ്രായേലിലും ഗസ്സയിലേതുൾപ്പെടെ ഫലസ്തീനി തെരുവുകളിലുമെല്ലാം സഞ്ചരിച്ചിട്ടുണ്ട് ഞാൻ; അവിടെ ദിവസങ്ങളോളം താമസിച്ചിട്ടുമുണ്ട്. കിഴക്കൻ ജറൂസലമിലൂടെ ഞങ്ങളുടെ വണ്ടി കടന്നുപോകുമ്പോൾ കണ്ട ഒരു കാഴ്ചയുണ്ട്; ഇന്നും മറക്കാത്ത ഒരു ദൃശ്യം. ഒരുവശത്ത് കുതിരപ്പുറത്ത് ഏതാനും ഇസ്രായേൽ ഭടന്മാർ; റോഡിന്റെ മറുവശത്ത് അവരെ കല്ലെറിയുന്ന ചെറുപ്പക്കാരുടെ ഒരു സംഘം.
ഞങ്ങൾക്ക് മുന്നിലുള്ള ബസ് അവർക്കിടയിലൂടെ സാവധാനം നീങ്ങി. തൊട്ടുപിന്നാലെ ഞങ്ങളുടെ വണ്ടിയും! സ്വിച്ചിട്ടതുപോലെ കല്ലേറ് നിലച്ചു. ഭയന്നുവിറച്ചുപോയ ഞാൻ ഞങ്ങളുടെ ഡ്രൈവർ അലി മുസ്തഫയെ നോക്കി. ഇതൊക്കെ എത്ര കണ്ടതാണ് എന്ന മട്ടിൽ നിസ്സംഗതയോടെ വണ്ടിയോടിക്കുകയാണ് അലി മുസ്തഫ. ഫലസ്തീനിൽനിന്ന് ‘അതിർത്തി’ കടന്ന് ഇസ്രായേലിൽ എത്തി ജോലിചെയ്ത് കുടുംബം പോറ്റുന്നയാളാണ് അറുപത് പിന്നിട്ട അലി മുസ്തഫ.
അലി മുസ്തഫ മാത്രമല്ല, ഫലസ്തീനിൽനിന്ന് ആയിരക്കണക്കിനാളുകൾ ഓരോ പ്രഭാതത്തിലും ഇസ്രായേലിൽ എത്തി ജോലിചെയ്ത് സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങുന്നത് നിത്യ കാഴ്ചയായിരുന്നു. അമേരിക്കയിലെ ഏത് വികസിത നഗരങ്ങളോടും കിടപിടിക്കുന്നതാണ് ഇസ്രായേലിലെ ഓരോയിടവും.
ദാരിദ്ര്യത്തിന്റെ സകല അടയാളങ്ങളും ദൃശ്യമാവുന്ന വഴിയോരക്കാഴ്ചകൾ ഫലസ്തീനിലും! എല്ലായിടത്തും അങ്ങനെയാണെന്ന് പറഞ്ഞാൽ അത് കളവാകും; കാരണം, ഫലസ്തീന് അനുവദിച്ച ഇത്തിരി മണ്ണിൽ യഹൂദർ ‘കൈയടക്കി’വെച്ചിരിക്കുന്ന 144 ഇടങ്ങളുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള മോഡേൺ ടൗൺഷിപ്പുകൾ ആണ് ഇവ. ഇസ്രായേലി സെറ്റിൽമെൻറ്സ് എന്നാണ് ഇവയുടെ വിളിപ്പേര്.
യഹൂദർ മാത്രമാണ് ഇവിടുത്തെ താമസക്കാർ. അവരുടെ നിയമവും സംവിധാനങ്ങളും വ്യത്യസ്തം. ഹെബ്രോണിൽ യാത്രപോയത് ഓർമിക്കുന്നു ഞാൻ. മിക്കവാറും സംഘർഷമുള്ള ഇടമാണ് വെസ്റ്റ് ബാങ്കിലെ ഇവിടം. പൂർവപിതാവായ ഏബ്രഹാമിന്റെ കല്ലറ ഇവിടെയാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഫലസ്തീനിയൻ വംശജർ; എന്നാൽ ആയിരത്തോളം യഹൂദരുടെ ഒരു ‘സെറ്റിൽമെന്റ്’ ഇവിടെയുമുണ്ട്.
യോർദാൻ നദിയുടെ പടിഞ്ഞാറെക്കരയിലുള്ള ഇത്തിരിപ്പോന്ന ഭൂപ്രദേശമാണ് ഫലസ്തീൻ എന്നോർക്കണം. മെഡിറ്ററേനിയൻ തീരത്തുള്ള ഗസ്സയുമായി ഫലസ്തീന് നൂറുകിലോമീറ്ററിൽ ഏറെയുണ്ട് ദൂരം. നടുവിലൂടെയുള്ളത് ഇസ്രായേലിന്റെ ഭൂമി.നമ്മുടെ നാട്ടിലെ പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ ഇസ്ലാം മത വിശ്വാസികൾ മാത്രമല്ല ഫലസ്തീനിൽ. പതിനായിരത്തിലേറെ ക്രൈസ്തവ വിശ്വാസികളും അക്കൂട്ടത്തിലുണ്ട്.
ക്രിസ്തുവിന്റെ കാലത്തോളം പൈതൃകം പേറുന്ന അറബ് വംശജരായ ആദിമ ക്രൈസ്തവർ. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സ്ഥാപകനേതാവ് യാസിർ അറഫാത്തിന്റെ പത്നി സുഹ ഇത്തരമൊരു കുടുംബത്തിലെ അംഗമായിരുന്നു. അറഫാത്തിനൊപ്പം പി.എൽ.ഒയിൽ പ്രവർത്തിച്ച സാമിയും അദ്ദേഹത്തിന്റെ പത്നി സമ്മറും ഞങ്ങളുടെ പരിചിതവലയത്തിലുണ്ട്.
കൊച്ചിയിൽ എന്റെ അമ്മയുടെ കൂട്ടുകാരിയായിരുന്ന മറിയം എന്നവരെയും ഇപ്പോൾ ഓർമിക്കുന്നു. മമ്മിയുടെ ‘ജൂദത്തി കൂട്ടുകാരി’യെന്നാണ് ഞങ്ങൾ കുട്ടികൾ അവരെ പറഞ്ഞിരുന്നത്. പിന്നീടെപ്പോഴോ ഏറെ വൈകി ഇസ്രായേലിലേക്ക് പോയ അവരെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഇസ്രായേൽ യാത്രകളിൽ ചില അന്വേഷണങ്ങൾ നടത്തിയെങ്കിലും വിഫലം. ഒരുപക്ഷേ, മമ്മിയെപ്പോലെ അവരും അതിർത്തികൾ അപ്രസക്തമായ ലോകത്തേക്ക് പറന്നുപോയിരിക്കാം!
എന്തായാലും ഈ യുദ്ധം എന്റെയുള്ളിലൊരു നെരിപ്പോടാണ്; ഒരിറ്റുവെള്ളത്തിനായി കൈക്കുമ്പിൾ നീട്ടുന്ന ഗസ്സയിലെ കുരുന്നുകൾ ഉറക്കം കെടുത്തുന്ന സങ്കടരാത്രികൾ! മായയും മോഷെയും അലി മുസ്തഫയും ആ ഭൂമിയിലെ മറ്റു പരിചയക്കാരും മനസ്സിലെത്തും , ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെ, കണ്ണുപോലും തുറക്കും മുന്നേ കുഞ്ഞുങ്ങളെ നഷ്ടമായവരുടെ വേദനകളെ സങ്കൽപ്പിക്കാൻ പോലും നമുക്കാവില്ലല്ലോ.
യുദ്ധവും വംശവെറികളും ആത്യന്തികമായി ഒന്നും നേടിത്തരുന്നില്ലെന്ന് ഭൂമിഗോളം മുഴുവൻ പിടിച്ചടക്കാൻ വെമ്പൽ പൂണ്ട് നടക്കുന്നവരോട് ആരാണ് സുഭാഷിതമോതുക? എന്നാണ്, ഈ ഇത്തിരിമണ്ണിലെങ്കിലും സമാധാനത്തിന്റെ സങ്കീർത്തന വചസ്സുകൾ ഉയരുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.