ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ എഴുത്തുകാരൻ എം.സി. വടകര മുസ്ലിം ലീഗിന്റെ പ്രസക്തിയെക്കുറിച്ച് പറയുന്നു
1948 മാർച്ച് 10ന് ചെന്നൈയിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പിറക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകളുടെ അഭിമാനകരമായ നിലനിൽപ് ലക്ഷ്യമിട്ടാണ് പാർട്ടി നിലവിൽവന്നത്. സമുദായത്തിന് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്.
കേരളത്തിൽനിന്ന് മുസ്ലിം ലീഗിന്റെ ഏഴരപ്പതിറ്റാണ്ടിനെ വിലയിരുത്തുേമ്പാൾ ഏറെ അഭിമാനകരമായ അന്തരീക്ഷമാണുള്ളത്. 1939ൽ മദ്രാസ് സർവകലാശാല നടത്തിയ സർവേ പ്രകാരം ചാവക്കാട് മുതൽ മഞ്ചേശ്വരം വരെ നീളുന്ന മലബാർ മേഖലയിലെ ലക്ഷക്കണക്കിന് മുസ്ലിം കുടുംബങ്ങളിൽനിന്ന് വെറും 2000 വിദ്യാർഥികളേ ഉണ്ടായിരുന്നുള്ളൂ. അതിൽ പെൺകുട്ടികളാവട്ടെ 16 പേർ മാത്രം.
ഇന്ന് ഏതു സർവകലാശാലയെടുത്താലും പ്രഫഷനൽ കോളജുകളിലും മുസ്ലിം കുട്ടികളുടെ വർധിത സാന്നിധ്യം കാണാം, അതിൽ തന്നെ ഏറെയും പെൺകുട്ടികളാണ്. ഇത്തരമൊരു ഗുണകരമായ മാറ്റത്തിലേക്ക് നയിച്ചത് ലീഗിന്റെ രാഷ്ട്രീയ ഇടപെടലാണ്. സമുദായത്തിന് ഗുണപരമായി പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രീയമായ പിന്തുണ അനിവാര്യമാണ്. ഇത്, സംഘടിച്ച് നേടിയെടുക്കേണ്ട ഒന്നാണ്. അതാണ് ലീഗ് നിർവഹിച്ചത്.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ രാജ്യത്തെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള മുസ്ലിംകൾ ഏറെ മുന്നേറിയിട്ടുണ്ടെന്നു പറയുന്നു. ഇതിനിടയാക്കിയത് രാഷ്ട്രീയ ശാക്തീകരണമാണെന്നും എടുത്തുപറയുന്നുണ്ട്. ഇവിടെ ലീഗ് ഏറ്റെടുത്ത രാഷ്ട്രീയ ദൗത്യം വ്യക്തമാണ്. ലീഗ് പിരിച്ചുവിടണമെന്നും തൊട്ടുകൂടാൻ പറ്റാത്തതാണെന്നും വാദിച്ചവർക്ക് മുന്നിലാണ് ഇത്രയുംകാലം അഭിമാനപൂർവം, നിർഭയം നിലകൊണ്ടത്.
വിഭജനത്തിന് തൊട്ട് മുമ്പ് ഓൾ ഇന്ത്യ മുസ്ലിം ലീഗ് പ്രവർത്തനം നിർത്തിവെച്ചിരുന്നു. മുതിർന്ന നേതാവ് എച്ച്.എസ്. സുഹർവർധി വിളിച്ചുചേർത്ത കൽക്കത്ത കൺവെൻഷനിൽ മദ്രാസിനെ പ്രതിനിധാനംചെയ്ത് സംബന്ധിച്ച മുഹമ്മദ് ഇസ്മയിൽ സാഹിബും കെ.എം. സീതി സാഹിബും സംഘടനയുടെ ആവശ്യകത വേണമെന്ന് കാര്യകാരണസഹിതം സമർഥിച്ചു.
അങ്ങനെ പ്രവർത്തനം നിർത്തിവെച്ച ഓൾ ഇന്ത്യ മുസ്ലിം ലീഗിെ ൻറ കൗൺസിൽ ഉടനെ വിളിച്ചുചേർക്കാൻ തീരുമാനമായി. കറാച്ചിയിൽ നടന്ന അവസാന കൗൺസിലിൽ ഓൾ ഇന്ത്യ മുസ്ലിം ലീഗ് രണ്ടായി വിഭജിക്കപ്പെട്ടു. ഒന്ന്, പാകിസ്താൻ മുസ്ലിം ലീഗും മറ്റൊന്ന് ഇന്ത്യൻ മുസ്ലിം ലീഗും. ഇന്ത്യൻ മുസ്ലിം ലീഗിെ ൻറ കൺവീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിനെയും പാകിസ്താൻ ലീഗിെ ൻറ കൺവീനറായി ലിയാഖത്തലിഖാനെയും തീരുമാനിച്ചു.
അന്ന്, കറാച്ചിയിലെ ഹബീബ് ബാങ്കിൽ പാർട്ടിക്ക് ഫണ്ട് ഉണ്ടായിരുന്നു. ഇന്ത്യൻ ലീഗിന് ഒരു പങ്കുനൽകാൻ അവർ തയാറായിരുന്നു. എന്നാൽ, ആ ഫണ്ട് വാങ്ങി ഇന്ത്യയിൽ ലീഗ് വളർത്തണ്ട എന്നായിരുന്നു തീരുമാനം. ഇതിന്റെ തുടർച്ചയായാണ് അവശേഷിക്കുന്ന ലീഗുകാരെ വിളിച്ച് ചെന്നൈയിൽ ചേർന്ന യോഗത്തിൽ സ്വതന്ത്ര ഇന്ത്യയുടെ നിലപാടിന് അനുയോജ്യമായ ഭേദഗതി വരുത്തി ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് രൂപവത്കരിക്കുന്നത്.
മുസ്ലിം ലീഗിനെ കൊടിലുകൊണ്ടുപോലും തൊടില്ലെന്ന് പ്രഖ്യാപിച്ച നേതാക്കളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ആ വേളയിലാണ് ലീഗുമായി സഖ്യത്തിന് തയാറാണെന്ന് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രഖ്യാപിക്കുന്നത്. ഇത്, ലീഗിന് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് പ്രവേശനം ലഭിക്കാൻ വഴിതെളിച്ചു.
അന്ന്, ലീഗുകാരുടെ വീടുകളിൽ അരങ്ങിൽ ശ്രീധരന്റെയും സി.എച്ച്. മുഹമ്മദ് കോയയുടെയും ഫോട്ടോ ഉണ്ടാവുമായിരുന്നു. ഇരുവരും അത്രമാത്രം ആവേശമായിരുന്നു. അധികാരമുള്ളപ്പോൾ മാത്രമല്ല, പ്രതിപക്ഷത്ത് നിൽക്കുമ്പോഴും ഏറെ വിഷയങ്ങളിൽ ഇടപെടാനും തിരുത്തൽ വരുത്താനും ലീഗിന് കഴിഞ്ഞിട്ടുണ്ട്.
ഒരു ഉദാഹരണം മാത്രം പറയാം. ’57ലെ സർക്കാർ പള്ളികളിൽ മദ്റസകൾ നടത്തുന്നതിന് പ്രത്യേക അനുമതി വേണമെന്ന് നിയമമുണ്ടാക്കി. ഇതിനെതിരെ വലിയ പ്രതിഷേധം ലീഗ് ഉയർത്തി. അന്ന്, നിയമസഭയിൽ സി.എച്ച്. മുഹമ്മദ് കോയ തുറന്നടിച്ചു- ‘വെടിമരുന്ന് ശാലക്ക് ലൈസൻസ് വേണമെന്നു പറഞ്ഞാൽ എനിക്ക് മനസ്സിലാകും, കുട്ടികളെ സദാചാരം പഠിപ്പിക്കുന്നതിന് ലൈസൻസ് വേണമെന്നു പറഞ്ഞാൽ എന്ത് അർഥമാണുള്ളതെ’ന്ന്; ഇ.എം.എസിന് ഇതിനു മറുപടിയുണ്ടായിരുന്നില്ല.
1952ലെ തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച് ജയിച്ചു. മദ്രാസിൽ രാജഗോപാലാചാരി മുഖ്യമന്ത്രിയായി. എന്നാൽ, അദ്ദേഹത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ലീഗിന്റെ പിന്തുണ തേടുന്നത്. ലീഗ് പിന്തുണ കൊടുത്തു. ഉടനെ മന്ത്രിസ്ഥാനം വേണോയെന്നായി ചോദ്യം.
മന്ത്രിസ്ഥാനം വേണ്ട പകരം, ഫാറൂഖ് കോളജിന് അംഗീകാരവും കുറ്റിപ്പുറത്ത് പാലവും മതിയെന്നാണ് ലീഗ് നേതൃത്വം പറഞ്ഞത്. രണ്ടു ലക്ഷം രൂപ കെട്ടിവെച്ചാണ് കോളജ് ഉണ്ടാക്കിയത്. ഇത്തരം പ്രവർത്തനങ്ങളിലുടെ കടന്നുപോയത് ചെറിയകാലമല്ലെന്ന് ആർക്കും ബോധ്യപ്പെടും.
ഇന്ത്യയിൽ ലക്ഷണമൊത്ത ഫാഷിസമാണിന്നുള്ളത്. ഇത്, സംഘ്പരിവാർ ശക്തികൾക്ക് പാർലമെന്റിൽ ഇടം ലഭിച്ചതുമുതൽ ആരംഭിച്ചതല്ല. ഈ രാജ്യത്തുനിന്ന് ബുദ്ധമതത്തെയും ജൈനമതത്തെയും ഉന്മൂലനം ചെയ്തത് ഇതേ മനഃസ്ഥിതിക്കാരാണ്, മനുസ്മൃതിയാണ് അവരുടെ അടിസ്ഥാന ആശയം.
1923ൽ സവർക്കറിലൂടെയാണ് ഹിന്ദുത്വരാഷ്ട്രീയം പുതിയ രൂപം കൈവരിക്കുന്നത്. രാജ്യം സ്വതന്ത്രമായതോടെ ഉപബോധ മനസ്സിൽ ഉറങ്ങിക്കിടന്ന ഹിന്ദുത്വം പുറത്തുചാടുകയായിരുന്നു. രാമരാജ്യ പരിഷത്ത്, ഹിന്ദു മഹാസഭ, ഭാരതീയ ജനസംഘം എന്നിങ്ങനെ പല പേരുകളിലാണ് ഇതിന്റെ പ്രവർത്തനം നടന്നത്. ഇതിനൊക്കെ പ്രചോദനം ആർ.എസ്.എസാണ്.
പടിപടിയായി ഇന്ത്യൻ സമ്പദ്വ്യവസ്ഥ, സൈന്യം, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയിലെല്ലാം പിടിമുറുക്കിയ ശക്തികൾ ഒടുവിൽ പാലർമെന്റിലും ആധിപത്യം നേടി. അതാണിപ്പോൾ കാണുന്നത്. പക്ഷേ, ഈ കെട്ടകാലത്തും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. കാരണം, ഹിന്ദു സമുദായത്തിലെ മഹാഭൂരിപക്ഷവും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്.
ബാബരി മസ്ജിദ് മുസ്ലിംകൾക്ക് തുറന്നുകൊടുക്കണമെന്നുപറഞ്ഞ് മരണംവരെ നിരാഹാരം കിടക്കുമെന്ന് പ്രഖ്യാപിച്ച ഫൈസാബാദിലെ കോൺഗ്രസ് നേതാവ് മുസ്ലിം അല്ല, ഒരു ഹിന്ദുവായിരുന്നു. അതാണ് ഇന്ത്യയുടെ പ്രത്യേകത. ഇന്ത്യയുടെ മനസ്സ് മതസൗഹാർദത്തിന്റേതാണ്. ഏതു കൂരിരുളിനെയും കീറിമുറിച്ച് വെളിച്ചം വരുമെന്ന് പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്. അതിനായി മുസ്ലിം ലീഗ് മാത്രമല്ല, എല്ലാ മതേതരകക്ഷികളും ഒരു കുടക്കീഴിൽ വരുകതന്നെ ചെയ്യും. കാലം ആവശ്യപ്പെടുന്നതും അതാണ്.
(അനൂപ് അനന്തനുമായി പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.