പ്രണയനഷ്ടവും പ്രവാസവും വിരഹവും വിപ്ലവവുമെല്ലാം ചോരകൊണ്ടെഴുതിയ വാക്കുകൾ കൊണ്ട് മലയാള ഹൃദയങ്ങളിൽ കൊത്തിവെച്ച കവിയായിരുന്നു അനിൽ പനച്ചൂരാൻ. ജീവിതത്തിൻെറ വൈകാരിക ഭാവങ്ങളെ പൊലിപ്പും തൊങ്ങലുമില്ലാതെ പച്ചയായി വരികളിൽ വിടർത്തിവെച്ചു. ''തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി'' എന്ന ഗാനത്തിലൂടെ ഗൃഹാതുരതയുടെ നാട്ടുപച്ചകൾ മലയാളികളുടെ മനസ്സിലേക്ക് കോരിയിട്ടു. നൊസ്റ്റാൾജിയ ഒരു അളിഞ്ഞ വികാരമാണെന്ന് പറഞ്ഞവർ പോലും ''വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പുകളിൽ'' അൽപനേരം നിശ്ശബ്ദമായി നിന്നു, നാട്ടുതണലും തണുപ്പും വരികളിൽ അനുഭവിച്ചു. ജീവിത പ്രാരാബ്ധങ്ങളുടെ കനംതൂങ്ങുന്ന മാറാപ്പുമായി കടലുകടന്നവർ ''തിര പുല്‍കും നാട് തിരികേ വിളിക്കുന്നത് ഇള വെയിലിലെ മധുരക്കിനാ‍വായ് കണ്ട് കണ്ണീരോട് ദിനങ്ങൾ തള്ളിനീക്കി.

നഷ്ട പ്രണയങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയിട്ടുള്ളവർ ''വലയിൽ വീണ കിളികളാണ് നാം'' (വിൽക്കുവാൻ വെച്ചിരിക്കുന്ന പക്ഷികൾ) എന്ന കവിത കണ്ണീരണിയാതെ കേട്ടുമുഴുമിപ്പിക്കില്ല. പാതിവഴിയിൽ വിടപറഞ്ഞലയുന്നവരുടെ വൈകാരിക തീവ്രതയെ അപ്പാടെ കൊത്തിവെക്കുന്ന വരികൾ. ഉള്ളുപിടച്ചിലിൻെറ മിടിപ്പുകൾ മുഴങ്ങുന്ന വാക്കുകൾ, നഷ്ടപ്രണയത്തിൻെറ വിങ്ങലുകൾ നിറയുന്ന വരികൾ, കണ്ണീർ നനവുള്ള നാവിൽ നിന്നും നിരാശയിൽ കുതിർന്ന സ്വരത്തിൽ പനച്ചൂരാൻ പാടിത്തീർക്കുേമ്പാൾ ആർക്കാണ് കണ്ണുനിറയാതിരിക്കുക. നഷ്ടപ്രണയങ്ങളുടെ ഇണമായി 90 കളിലെ കാമ്പസുകൾ പനച്ചൂരാനെ നെഞ്ചേറ്റി. പനച്ചൂരാനെ ആലപിക്കുന്നവരെല്ലാം താരങ്ങളായി. ഇൗ കവിതയുമായി മൈക്കിന് മുന്നിലെത്തിയാൽ എത്ര കോലാഹലം നിറഞ്ഞ് കോളജ് ഒാഡിറ്റോറിയമായും നിശ്ശബ്ദതയിലേക്ക് ഉൗളിയിടുമായിരുന്നു. '' തലയറഞ്ഞു ചത്ത് ഞാൻ വരും...നിൻെറ പാട്ടു കേൾക്കുവാനുയിർ...കൂട് വിട്ടു കൂട് പായുമെൻ, മോഹം ആരു കൂട്ടിലാക്കിടും...'' പ്രണയ തീക്ഷ്ണത തിളച്ച് മറിയുന്ന അതിജീവന സ്വപ്നങ്ങളും അറുത്തുമാറ്റാനാകാത്ത പ്രത്യാശകളായിരുന്നു തൊണ്ണൂറുകളിൽ 'വിൽക്കുവാൻ വെച്ചിരിക്കുന്ന പക്ഷികൾ' ഹൃദയങ്ങളിലേക്ക് പകർന്നത്.

അനാഥനിൽ തൊടുത്ത് തീ തുപ്പുന്ന വരികൾ...

'അനാഥ'നിൽ അനിൽ തൊടുത്തുവിട്ടത് രൂക്ഷമായ സാമൂഹ്യവിമർശനത്തിൻെറ തീ തുപ്പുന്ന വരികളായിരുന്നു. തെരുവിവലയക്കുന്ന ഭ്രാന്തിയിൽ പിറന്ന കുഞ്ഞിൻെറ നിസ്സഹായവസ്ഥ വിവരിച്ച് അനിൽ ക്ഷോഭം കൊണ്ടു. ''ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്, പാലില്ല പാല്‍‌നിലാവില്ലെ''ന്ന് വരച്ചിട്ട് അനിൽ ദയനീയത ചൂണ്ടിക്കാട്ടി. ''ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ ഉദരത്തിലെ രാസമാറ്റം,...ഉലകത്തിലെവിടെയും തകിടം‌മറിയുന്ന ഭരണത്തിലല്ലയോ നോട്ടം'' എന്ന് പരിഹസിച്ച് രാഷ്ട്രീയക്കാർക്ക് നേരെ അമ്പ് തൊടുത്തു. ഒടുവിലാകെട്ട ''ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ, ഈ കവിതയും ദുഃഖവും മാത്ര'' മെന്നെഴുതി സ്വന്തം നിസ്സഹായത പറയാൻ മടിച്ചില്ല.

ചേതനയിൽ പൂക്കളായി പൊലിച്ച പൂമരം പക്ഷേ...

ചോരവീണ മണ്ണിൽ നിന്നുയർന്ന വന്ന പൂമരം ചേതനയിൽ നൂറ് നൂറ് പൂക്കളായി പൊലിക്കവെ... ഇടതുസിരകളിൽ ആവേശത്തിരമാലകൾ തീർത്ത അറബികഥയിലെ വിപ്ലവഗാനത്തിൻെറ പിതാവാണെങ്കിലും പക്ഷേ 2019 ൽ ഇടതുപക്ഷത്തിന് വേണ്ടി പാട്ടെഴുതാനില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുന്നതിനും സാംസ്കാരിക കേരളം സാക്ഷിയായി. ശശി തരൂരിലും എൻ.കെ പ്രേമചന്ദ്രനും വേണ്ടി പാെട്ടഴുതാെമന്ന് കൂടി ചേർത്താണ് പനച്ചൂരാൻ തൻെറ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായ ചില കാഴ്ചപ്പാടുകളുടെ ഭാഗമാണ് തീരുമാനമെന്നാണ് അന്ന് വിശദീകരിച്ചത്. 'ചോരവീണ മണ്ണിൽ നിന്നുയർന്ന് വന്ന പൂമരം' എന്ന കവിത ഇനി താൻ ചൊല്ലില്ലെന്നും പനച്ചൂരാൻ ഒരിക്കെ പറഞ്ഞു. ആ കവിത ഇറങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായത്. ആ കൊലപാതകങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു കവിത ഇനി ചൊല്ലില്ല എന്ന് തീരുമാനമെടുത്തത്. ആളുകള്‍ക്ക് ചോര വീഴ്ത്താനുള്ള പ്രചോദനമാണ് കവിത നല്‍കുന്നതെന്ന് തെറ്റിദ്ധരിക്കാതെയിരിക്കാന്‍ വേണ്ടിയാണങ്ങനെ തീരുമാനിച്ചതെന്നായിരുന്നു അനിലിൻെറ പക്ഷം.

പിന്നീട് ബി.ജെ.പി നേതാവ് അമിത് ഷാ പങ്കെടുക്കുന്ന, കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥക്കു വേണ്ടി അനില്‍ പനച്ചൂരാന്‍ ഗാനം ചിട്ടപ്പെടുത്തുന്നതിലേക്കും കാര്യങ്ങളെത്തിയതും ചരിത്രം.

കവിതയിൽ നിന്ന് അഭിനയലോകത്തേക്ക് പലപ്പോഴും ക്ഷണം ലഭിച്ചപ്പോഴും സ്നേഹപൂർവം നിരസിച്ചു. ആ വഴിക്കേ ചിന്തിച്ചില്ല. കവി എന്ന നിലയിൽ ലഭിച്ചത്ര അഭിനേതാവ് എന്ന നിലയിൽ തന്നിൽ നിന്ന് ലഭിച്ചേക്കില്ലെന്നതായിരുന്നു ഇൗ കടുംപിടിത്തത്തിന് കാരണം.

'ജിമിക്കിക്കമ്മലി'ൽ സഫലമായത്..

'ഒാർക്കുവിൽ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ..' എെന്നഴുതിയ തൂലിയിൽ നിന്ന് 'എെൻറമ്മേടെ ജിമിക്കി കമ്മൽ' എന്ന തട്ടുപൊളിപ്പൻ വരികൾ പിറന്നു വീഴുതുന്നതിനും സിനിമ കേരളം സാക്ഷിയായി. പാട്ടിൻെറ ഉത്ഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്‍റെ അമ്മയുടെ നാടായ കൊല്ലം മൺട്രോ തുരുത്തിലെ ആളുകളുടെ മൂളിപ്പാട്ടാണ് ആദ്യവരികളെന്നായിരുന്നു അനിലിൻെറ വിശദീകരണം. ''പക്ഷെ ആദ്യത്തിൽ 'നിൻററമ്മേടെ' എന്നയാരുന്നു വാമൊഴിപ്പാട്ടിലുണ്ടായിരുന്നത്. സിനിമയിലേക്കായതിനാൽ 'നിൻറമ്മേടെ' എന്നത് മാറ്റി 'ഏൻറമ്മേടെ'എന്നാക്കുകയായിരുന്നു. അതാകുേമ്പാ ആർക്കും പ്രശ്നമില്ലല്ലോ..'' അനിൽ അന്ന് പറഞ്ഞതിങ്ങനെ.

''പിള്ളേരെ തുള്ളിക്കുന്നൊരു' പാട്ടെഴുതണമെന്ന കുറച്ച നാളായുള്ള മോഹം സഫലമായെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഏത് ഭാഷയാണെന്ന് പോലുമറിയാതെ പിള്ളാരെയെല്ലാം ഡാൻസ് കളിപ്പിക്കുന്ന ഗഗ്നം സ്‌റ്റൈല്‍ പാട്ടുക്കാരനായിരുന്നു പ്രചോദനം. സത്യത്തിൽ ഇദ്ദേഹത്തെ കാണുമ്പോൾ തനിക്ക് അസൂയ തോന്നിയിരുന്നുവെന്നും അനിൽ അഭിമുഖങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ''അങ്ങനെയൊരു പാട്ട് നമുക്കും ഉണ്ടാക്കണം. ലോകത്തുള്ള എല്ലാവരും മലയാള ഭാഷയില്‍ അത് പാടണം എന്നൊരു തോന്നല്‍. ആ പ്രാര്‍ത്ഥനയാണ് സഫലമായത്. ആവേശവും വാശിയുമൊക്കെ ചേര്‍ത്ത് ഒരൊറ്റ പൂശായിരുന്നു"-...'' ഒരു മലയാളത്തിലെ ഒരു മാസികയിൽ വന്ന അഭിമുഖത്തിൽ പാെട്ടഴുത്തിനെ കുറിച്ചുള്ള അനിലിൻെറ അനുഭവ കഥനം ഇങ്ങനെയായിരുന്നു. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ ഹാസ്യഭാവത്തിലും വാമൊഴിപ്പാട്ടിൻെറ ചേലിലും അനിൽ വരച്ചിട്ടു. 'കഥ പറയുമ്പോളും' അതിനു പിന്നാലെയെത്തിയ മുപ്പത്തോളം ഗാനങ്ങളും സർഗസമ്പന്നനായ എഴുത്തുകാരൻെറ പ്രതിഭയുടെ അടയാളപ്പെടുത്തലാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.