അഭൂതപൂർവമായ വിധത്തിൽ പശ്ചിമേഷ്യൻ മേഖല വാർത്തകളിൽ ഇടംപിടിച്ച ദിനങ്ങളുടെ ഒാർമകളോടെയാണ് 2017െൻറ വിടവാങ്ങൽ. ഉലഞ്ഞ ബന്ധങ്ങൾ പുതിയ സമവാക്യങ്ങൾ രചിച്ചതിെൻറയും കാലത്തിനൊപ്പം സഞ്ചരിക്കാനുതകുന്ന വിപ്ലവകരമായ സമീപനങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിെൻറയും വിഷാദഭരിതവും ആവേശനിർഭരവുമായ വ്യത്യസ്താനുഭവങ്ങൾ 2017നെ വേറിട്ടതാക്കിയിരിക്കുന്നു.സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഇറാൻ, തുർക്കി, സിറിയ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ മുമ്പില്ലാത്തവിധം ലോകശ്രദ്ധ കവർന്നതിെൻറ കാരണങ്ങൾ നിരവധിയായിരുന്നു. പുണ്യ ഹറമുകൾ സ്ഥിതിചെയ്യുന്ന ചരിത്രസ്ഥലം, എണ്ണ സമ്പത്തിെൻറ പ്രഭവകേന്ദ്രം എന്നീ നിലകളിൽ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായ സൗദി അറേബ്യ 2017ൽ പ്രഖ്യാപിച്ച സാമൂഹിക സാമ്പത്തിക പരിഷ്കരണങ്ങൾ ആഗോളതലത്തിൽ ചർച്ചാവിഷയമായി. വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകി സൽമാൻ രാജാവ് പുറത്തുവിട്ട ഉത്തരവ് പരക്കെ പ്രശംസിക്കപ്പെട്ടു. സമൂഹത്തിെൻറ ആചാരങ്ങളോടുള്ള കരുതൽ എന്ന നിലയിലായിരുന്നു സ്ത്രീകളുടെ ഡ്രൈവിങ്ങിന് നേരത്തേ വിലക്കേർപ്പെടുത്തിയത്. സൗദി അധികൃതരുടെ പുരോഗമനപരമായ നയനവീകരണങ്ങളെ യു.എസ് പ്രസിഡൻറ് മുതൽ യു.എൻ സെക്രട്ടറി ജനറൽവരെ വാനോളം പുകഴ്ത്തി. ദേശീയ സ്റ്റേഡിയങ്ങളിലെ കായിക മത്സരങ്ങൾ വീക്ഷിക്കാൻ വനിതകൾക്ക് അനുമതി നൽകുന്ന തീരുമാനവും സിനിമകൾ പ്രദർശിപ്പിക്കാനും സിനിമ തിയറ്ററുകൾ സ്ഥാപിക്കാനുമുള്ള തീരുമാനവും സാംസ്കാരിക ലോകത്ത് പുത്തനുണർവിന് കളമൊരുക്കി. നേരത്തേ അചിന്ത്യമായിരുന്ന നാടകീയമാറ്റങ്ങളായി സൗദിയുടെ പുതു സമീപനങ്ങൾ ലോകാംഗീകാരം നേടി.
അഴിമതിക്കെതിരെ സൗദി ഭരണകൂടം പ്രഖ്യാപിച്ച പോരാട്ടം ലോകത്തെ വീണ്ടും അമ്പരപ്പിച്ചു. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി മന്ത്രിമാരും രാജകുടുംബാംഗങ്ങളും വരെ അറസ്റ്റിലായി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ പ്രഥമ പര്യടനത്തിന് സൗദി അറേബ്യയെ തിരഞ്ഞെടുത്തുകൊണ്ട് അമേരിക്ക -സൗദി ബന്ധങ്ങൾക്ക് കൽപിക്കുന്ന നിർണായക പ്രാമുഖ്യം വിളംബരം ചെയ്യുകയുണ്ടായി. സൗദിയിൽ ലഭിച്ച ഉൗഷ്മള വരവേൽപിനെ തുടർന്ന് 110 ബില്യൺ ഡോളറിെൻറ ആയുധ ഇടപാടിനുള്ള ഉടമ്പടി ഒപ്പുവെച്ച ട്രംപ് താൻ ക്രിമിനലുകൾക്കെതിരാണെന്ന ആത്മവിശദീകരണവും പ്രഭാഷണ മധ്യേ നൽകിയിരുന്നു. വംശീയ വിദ്വേഷം ഉദ്ദീപിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ പ്രസംഗങ്ങൾ സ്വയം തമസ്കരിച്ചുകൊണ്ട് മുസ്ലിം ലോകത്തിെൻറ പിന്തുണ ഉറപ്പാക്കുകയായിരുന്നു അദ്ദേഹം. വിദേശനിക്ഷേപം കൂടുതൽ സ്വീകരിച്ച് സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കാമെന്ന പ്രത്യാശയാണ് സൗദി അധികൃതർ പങ്കുവെക്കുന്നത്. ടൂറിസ്റ്റ് വിസ സമ്പ്രദായം ഇതാദ്യമായി രാജ്യത്ത് നടപ്പാക്കുന്നതാണ് മറ്റൊരു നാഴികക്കല്ല്.
ശിഥിലീകരിക്കപ്പെട്ട സഖ്യം സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ ആറ് പ്രമുഖ രാജ്യങ്ങളുടെ സഹകരണ വേദിയായിരുന്നു ജി.സി.സി. എന്നാൽ, ഇൗ സഖ്യത്തിൽ വിള്ളലുണ്ടായ വർഷമായിരുന്നു 2017. ഖത്തറുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങൾ യു.എ.ഇയും സൗദി അറേബ്യയും വിച്ഛേദിച്ചതോടെ ഒറ്റപ്പെട്ട ഖത്തറിന് നിത്യോപയോഗ വസ്തുക്കൾക്ക് മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഏതാനും അംഗ രാജ്യങ്ങളുടെയും ഇൗജിപ്തിെൻറയും സഹകരണ ഉപരോധത്താൽ കടുത്ത ക്ഷാമത്തിലേക്ക് പതിക്കാതിരിക്കാൻ സഹായ ഹസ്തവുമായി ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളാണ് രംഗപ്രവേശം ചെയ്തത്. ഖത്തറുമായുള്ള അതിർത്തികൾ അടക്കപ്പെട്ടു. കപ്പലുകൾക്കും ജലയാനങ്ങൾക്കും വിലക്കുണ്ടായി. ഖത്തറിലെ സ്വതന്ത്ര ടെലിവിഷൻ ചാനലായ ‘അൽജസീറ’ക്ക് ചില ജി.സി.സി രാജ്യങ്ങളിൽ താഴുവീണു. പശ്ചിമേഷ്യയിലെ അറബ് വസന്തത്തിന് ഖത്തർ നൽകിയ പിന്തുണ, ഇറാനുമായുള്ള ബന്ധം തുടങ്ങിയവ ആരോപിച്ചായിരുന്നു ഖത്തറുമായുള്ള ബന്ധങ്ങൾ യു.എ.ഇയും മറ്റും വിച്ഛേദിച്ചത്. കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ പ്രതീക്ഷ ഉണർത്തിയെങ്കിലും ഒടുവിൽ പരാജയത്തിൽ കലാശിച്ചു. അതേസമയം, ഉപരോധത്തിെൻറ അനുകൂല പശ്ചാത്തലം മുതലെടുത്ത് ഒമാൻ ഖത്തറിലേക്കുള്ള കയറ്റുമതികൾ വർധിപ്പിച്ച് വ്യാപാര നേട്ടം കൊയ്തു.ഇൗജിപ്തിൽ ബ്രദർഹുഡിനെതിരായ നടപടികൾ വീണ്ടും ശക്തിപ്പെെട്ടങ്കിലും യൂസുഫുൽ ഖറദാവിയെ ഭീകരനായി പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്യാൻ കൈറോ നടത്തിയ നീക്കങ്ങൾ വിഫലമായി. ഖറദാവിയെ അറസ്റ്റ്ചെയ്യാൻ തെളിവുകൾ ഇല്ലെന്ന് ഇൗജിപ്തിനെ ഇൻറർപോൾ അറിയിക്കുകയായിരുന്നു.
തുർക്കി-സിറിയ ബന്ധം ആറുവർഷമായി വിച്ഛേദിക്കപ്പെട്ട തുർക്കി -സിറിയ ബന്ധങ്ങളിൽ മാറ്റം വരുത്താൻ പുതിയ സാഹചര്യങ്ങളും കാരണമായില്ല. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിന് ‘ഭീകരൻ’ എന്നായിരുന്നു തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ നൽകിയ വിശേഷണം. ബശ്ശാറിെൻറ രാജിയാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്നും ഉർദുഗാൻ പറയുന്നു. അതേസമയം, സിറിയയുമായി അതിർത്തി പങ്കിടുന്ന തുർക്കി, സിറിയൻ സഖ്യ രാഷ്ട്രങ്ങളായ ഇറാൻ, റഷ്യ എന്നിവയുമായുള്ള ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നതിൽ വിജയിച്ചു. സിറിയൻ പ്രതിസന്ധിക്കു പരിഹാരം തേടി തുർക്കിയും റഷ്യയും ദീർഘ സംഭാഷണങ്ങൾ നടത്തി.സ്വതന്ത്ര കുർദിസ്താനുവേണ്ടി നടത്തിയ ഹിതപരിശോധനയിലെ അനുകൂല വോട്ടുകൾ മേഖലയിൽ പുതിയ ആശങ്കകൾ വിതക്കുമെന്ന നിലപാടിലാണ് നിരീക്ഷകർ. അഭിപ്രായ സമന്വയത്തിെൻറയും സഹിഷ്ണുതയുടെയും വിശാല സമീപനങ്ങൾ വഴിയേ പശ്ചിമേഷ്യയിൽ സമാധാന ദിനങ്ങൾ സമാഗതമാകൂ എന്ന വിലപ്പെട്ട പാഠമാണ് പുതിയ പ്രതിസന്ധികൾ സ്പഷ്ടമാക്കുന്നത്. പുതിയ കൊളോണിയൽ താൽപര്യങ്ങൾക്ക് അടിയറവു പറയുന്നപക്ഷം അശാന്തികൾക്ക് അറുതിയുണ്ടാകില്ലെന്ന സൂചനയും അത് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.