കവിഞ്ഞ അളവിൽ ഹിന്ദുത്വ കൊളോണിയൽ യുക്തിവാദ നിർമിതിയിലുള്ള കേരളീയ പൊതുബോധത്തിനകത്ത് ക്രൂരമായ സ്ത്രീപീഡനത്തേക്കാൾ സ്ത്രീവിരുദ്ധ പരാമർശം മേൽകൈ നേടുന്നത് വലിയ അത്ഭുതമല്ല. എന്നാൽ കേരളീയ സാമൂഹിക അടരിനെ അപായപ്പെടുത്തുന്ന ഈ മേൽകീഴ് മറിയൽ പ്രവണതയെ തുറന്നുകാട്ടാതെ സത്യാനന്തര കേരളീയ മതനിരപേക്ഷ ജനാധിപത്യത്തിന് മുന്നോട്ട് പോകാനാവില്ല. അതിൽ സോകോൾഡ് സാംസ്കാരിക തമ്പുരാക്കൻമാർ ആരൊക്കെ ഉണ്ടാകും എന്നതോ കാപട്യക്കാരായ ആരൊക്കെ വിവസ്ത്രരാക്കപ്പെടുമെന്നതോ ഇവരുണ്ടാക്കുന്ന സാമൂഹികാഘാതത്തിന്റെ തോത് വെച്ച് നോക്കുമ്പോൾ അപ്രസക്തമാണ്.
ഇസ്ലാമോഫോബിയ കേരളത്തിൽ തല്ലികൊല്ലലായോ ബുൾഡോസറായോ രൂപാന്തരപ്പെടുകയില്ലെന്നും മുസ്ലിം കർതൃത്വ പരിസരത്തെ മുഴുവൻ ആറാം നൂറ്റാണ്ടിലെ ഗോത്രപരിസരത്തിലേക്ക് ചുരുട്ടികെട്ടി അപരവത്കരിച്ച് സാമൂഹിക സംസ്കാരിക രംഗത്ത് പിശാചുവത്കരിക്കുകയാണ് ചെയ്യുകയെന്നും വായിച്ചെടുക്കാൻ അധികം വിയർക്കേണ്ടി വരില്ല.
അതുകൊണ്ടാണ് സഖാവ് കെ. വി ശശികുമാർ എന്ന ബാലപീഡകനെ (pedophile) പൊതുമറവിയിലേക്ക് തള്ളി അബ്ദുല്ല മുസ്ലിയാരുടെ തലപ്പാവിന് മുകളിൽ മാത്രം സാംസ്കാരിക/മാധ്യമകാരൻമാർ വട്ടമിട്ടു പറന്നത്.
കേരളത്തിന്റെ പൊതു സാമൂഹിക പ്രത്യേകതയെന്തെന്നാൽ, അത്രമേൽ പെൺമക്കളെ കുറിച്ച് ആധികൊള്ളുന്ന രക്ഷിതാക്കളും ജാഗ്രത്തായ ഒരു കുടുംബ വ്യവസ്ഥയും ധാർമിക പരിസരവും ഉള്ള നാടാണ്. അതോടൊപ്പം തന്നെ പുരോഗമനപരമായ സ്ത്രീ പക്ഷ നിലപാട് അതിന്റെ അടിസ്ഥാന സ്വഭാവവുമാണ്. അതിനാലാണ് ഒരു പതിനഞ്ചുകാരിക്കേറ്റ അപമാനത്തെ നാം വിമർശനവിധേയമാക്കിയതും അതിലടങ്ങിയ സ്ത്രീവിരുദ്ധതയെ ആധുനിക ജനാധിപത്യ പരിസരത്ത് വെച്ച് ചോദ്യം ചെയ്തതും. എന്നാൽ ഇസ്ലാമാഫോബിക്കായ കേരളത്തിലെ 'തീവ്ര ലിബറൽ ഇടം'എത്ര കൃത്യതയോടെയാണ് സെന്റ് ജെമ്മാസ് സ്കൂളും ശശിയും കൂട്ടുപ്രതിയായ,
കേട്ടാൽ അറപ്പു തോന്നുന്ന മൂന്നു ദശകം നീണ്ട സ്ത്രീ പീഡനത്തെ പ്രശ്നവത്കരിക്കാതെ രക്ഷിച്ചെടുക്കുന്നത് എന്നത് കേരളം ആർജിച്ച ആധുനിക ജനാധിപത്യ ഘടനക്ക് വലിയ വിള്ളലുണ്ടാക്കും. സെന്റ് ജമ്മാസ് പ്രതിനിധീകരിക്കുന്ന ചർച്ചും കൊളോണിയലിസവും അതിനോട്
ഒട്ടിനിൽക്കുന്ന സംഘ്പരിവാർ ഹിന്ദുത്വവും സ്ത്രീ പീഡന വിഷയത്തിൽ ഈ പീഡോഫൈലിനെ വിമർശിക്കുന്നതിൽ തൽപരരല്ല. ഇവരോടൊപ്പം ഇസ്ലാമിലെ സ്ത്രീ വിരുദ്ധതയിൽ മാത്രം മൈക്രോസ്കോപ്പ് തിരിച്ചുവെച്ച ലിബറലുകളും ഹിന്ദുത്വ രവിചന്ദ്രൻ യുക്തിവാദികളും അവരുടെ പിണിയാളുകളുമായ ചില മാധ്യമങ്ങളും ഒത്തുചേരുന്ന ഭീതിപ്പെടുത്തുന്ന കാഴ്ചയാണ് കുറച്ചു കാലമായി സമാന വിഷയങ്ങളിൽ കേരളം അഭിമുഖീകരിക്കുന്നത്.
പഴയ നക്സൽ വിപ്ലവത്തിന്റെ ഹാങ്ങോവറിൽ ജീവിക്കുന്ന സിവിക് ചന്ദ്രനടക്കമുളളവർ മുറതെറ്റാതെ അബ്ദുല്ല മുസ്ലിയാർ വിഷയത്തിൽ സാമൂഹിക വിമർശന എഴുത്തുകാരായ ഡോ. ഖദീജമുംതാസും എ.പി കുഞ്ഞാമുവുമൊക്കെ സമസ്ത ഫത്വയെ പിച്ചിചീന്തിയതിനെ ഉദ്ധരിച്ച് മുസ്ലിം പെൺകുട്ടികളെ വിമോചനപ്പെടുത്തേണ്ടതിനെ കുറിച്ച് മാത്രം ഓർമിപ്പിക്കുകയാണ്. പഴയ ജനകീയവേദിക്കാരിലെ പലരും ഇപ്പോൾ ഏതൊക്കെ ആത്മീയ ഫാസിസത്തിന്റെ തടവറയിലാണ് എന്ന് അറിയാവുന്നതിനാൽ സത്യാനന്തര കേരളീയ മതനിരപേക്ഷ ജനാധിപത്യത്തിന് ഇസ്ലാമാഫോബിക്കായ അതി വിപ്ലവകാരികളെ കൂടി വിചാരണ ചെയ്യപ്പെടേണ്ടതായി വരും. കാബറേക്കെതിരെ പഴയകാലത്ത് നടത്തിയ സമരം ഇപ്പോൾ വലിയ ലജ്ജയോടെ ഓർത്തെടുത്ത് ഫ്രീസെക്സിനെ വേദവാക്യമാക്കി വാർധക്യത്തെ ആഘോഷമാക്കുന്നവരെ, പിഡോഫൈലുകളല്ല മറിച്ച് സ്റ്റേജ് ഫത്വ മാത്രമേ അലോസരപ്പെടുത്തൂ എന്നത് ഒരു സ്വാഭാവിക പരിണാമ ഗുപ്തിയാണ്.
സമസ്തയുടെ 'ലജ്ജ' യെ ട്രോളുന്നവർ ശശി കാണിച്ച ക്രൂരതയെ കുറിച്ച് ലജ്ജിക്കുന്നില്ല എന്നത് ഇടതുമേൽനോട്ടത്തിൽ നിർമിച്ചെടുത്ത ഹിന്ദുത്വ പോതുബോധ കുളിമുറിയിൽ എല്ലാവരും നഗ്നരാണ് എന്നതിനാലാണ്. സാക്ഷാൽ നരേന്ദ്രമോദിയും ഇന്ത്യൻ ഫാസിസവും മുസ്ലിം സ്ത്രീകളെ കുറിച്ചുമാത്രമാണ് ആശങ്കപ്പെടുന്നതെന്ന വിരോധാഭാസവും ഇതിനോട് കൂട്ടിവായിക്കുക.
ഇവരെല്ലാവരും ചേർന്ന് ബോധപൂർവം ഉണ്ടാക്കിയെടുത്ത മഴവിൽ ഇസ്ലാമോഫോബിക് പൊതുബോധത്തിന്റെ പിൻബലത്തിലാണ് ശശിമാർ വലിയ പരിക്കുകളില്ലാതെ/ വിചാരണ ചെയ്യപ്പെടാതെ രക്ഷപ്പെടുന്നതും അബ്ദുല്ല മുസ്ല്യാർമാർ നിരന്തരം ദാക്ഷിണ്യരഹിതമായി അറുവഷളൻമാരായി ചാപ്പകുത്തപ്പെടുന്നതും. പി.കെ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് കേരളീയ സാംസ്കാരിക പരിസരത്ത് അത്രയൊന്നും സ്വീകാര്യനല്ലാതായിരിക്കുമ്പോഴും 'ഒരു വടി കിട്ടിയെന്ന് വെച്ച് നിരന്തരം മുസ്ലിം സ്വത്വത്തെ പ്രഹരിക്കുന്നതിനെ' കുറിച്ച് പറയുമ്പോൾ സത്യാനന്തര കേരളീയ ജനാധിപത്യ മതേതരത്വത്തിന് അതിൽ വസ്തുതയില്ലേ എന്ന് അന്വേഷിക്കേണ്ടിവരുന്നത് നടേ പറഞ്ഞ പൊതുബോധ ദൃശ്യത പ്രകടമായതിനാലാണ്.
കേരളീയ യുക്തിവാദ എസ്സൻസുമാരും ഫ്രീതിങ്കർമാരും ഏകപക്ഷീയമായാണ് ഇസ്ലാം വെറുപ്പും പിശാചുവത്കരണവും തുടരുന്നതെന്ന് ജസ്ല മാടശ്ശേരിയടക്കമുള്ളവരുടെ സാക്ഷ്യപത്രത്തിന് മുമ്പു തന്നെ ഇരകൾക്ക് ബോധ്യമായിട്ടുള്ളതാണ്.
പെൺകുട്ടിയെ സ്റ്റേജിൽ കയറ്റരുതെന്ന് പറഞ്ഞതിനെതിരെ വാളെടുത്തവർ, മുപ്പതുവർഷ പീഡകനെ തൊടാതെ തുടരുന്ന സെന്റ് ജെമ്മാസ് ഗംഭീര മൗനമാണ് നമ്മെ ശരിക്കും ഭയപ്പെടുത്തേണ്ടത്. സമസ്ത
കാണിച്ച സ്ത്രീവിരുദ്ധതക്കെതിരെ വേദിയിൽ പെൺകുട്ടികളെ നിറച്ച് സാംസ്കാരിക പ്രതിഷേധം തീർക്കുകയും അതിലടങ്ങിയ സെമിറ്റിക് ഗോത്രശാഠ്യത്തെ ആധുനിക ജനാധിപത്യ പരിസരത്ത് വെച്ച് വിമർശിക്കുകയുമാവാം. സമസ്തയുടെ പെൺമക്കളെ കുറിച്ചുള്ള സൂക്ഷ്മതയും കരുതലുമെന്ന വാദത്തെ ആറാം നൂറ്റാണ്ടിലെ പിന്തിരിപ്പൻ ഗോത്രീയതയെന്ന് മുദ്രചാർത്തിയവർ, പീഡിപ്പിക്കപ്പെട്ട സെന്റ്ജെമ്മാസിലെ രണ്ടുതലമുറ പെൺകുട്ടികളോട് 'കൊഞ്ചിക്കുഴയാൻ പോയിട്ടല്ലേ പീഡിപ്പിക്കപ്പെട്ടത്' എന്ന് നീണ്ട മുപ്പതു വർഷത്തോളം സ്ത്രീ സ്വത്വത്തിനു നേരെ ചർച്ച് നിരന്തരം നടത്തിയ അവഹേളനത്തെ ഒന്നാം നൂറ്റാണ്ടിലെ 'ഗോത്രഅശ്ലീലത' എന്ന് പറഞ്ഞ് ആരും വന്നില്ല. ഇതായിരുന്നില്ലേ വലിയ വായിൽ ജൻഡർ ന്യൂട്രാലിറ്റിയും സ്ത്രീവിമോചനവും സ്വതന്ത്ര ലോകവും ഉയർത്തിപിടിക്കുന്നവർ ശശിക്ക് കാപിറ്റൽ പണിഷ്മെന്റ് വാങ്ങിച്ചു കൊടുക്കുന്നതിനോടൊപ്പം പൊതു ചർച്ചയാക്കേണ്ടിയിരുന്നത്. 35 വർഷമായി സ്റ്റേജിൽ കയറി നിറഞ്ഞാടിയ കുഞ്ഞുങ്ങളെയാണ് ശശി ശാരീരികമായി തന്റെ രതിവൈകൃതത്തിന് ഇരയാക്കിയത്.
അന്നു മിണ്ടാതെ ഭയന്ന കുഞ്ഞുങ്ങൾ ഇന്ന് അമ്മമാരായി തങ്ങളുടെ പെൺമക്കളെ ഇത്തരം ക്രൂരരായ പീഡോഫൈലുകളിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തെ കേരളീയ പൊതുസമൂഹം ഒന്നിച്ചു പിന്തുണക്കേണ്ടതാണ്. ഇനിയും ശശിമാർ സെൻറ് ജെമ്മാസുകളിലുണ്ട്. അവർക്ക് ഭരണകൂട പിന്തുണയും പാർട്ടി പിൻബലവുമുണ്ടാകാം. അധ്യാപകലോകം ഇതിൽ തലകുനിക്കുകയോ ജാള്യതപ്പെടേണ്ടതായോ ഒന്നുമില്ല. പാനൂർ പാലത്തായി കുനിയിൽ പത്മരാജൻ എന്ന ആർ. എസ്. എസുകാരനായ മറ്റൊരു പീഡോഫൈലിനെയും നാം കേരളീയർ മറക്കരുത്.
സമരങ്ങളേയും വിദ്യാർത്ഥികളുടെ ജനാധിപത്യ ആവിഷ്കാരങ്ങളേയും ഇരുമ്പുമറയിൽ നിർത്തിയാണ് സെന്റ് ജമ്മാസിനെ പോലുള്ള സ്ഥാപനങ്ങൾ കപട ആത്മീയ കോയ്മാ ആഭിജാത്യ ഇടങ്ങൾ നിർമിക്കുന്നത്. അവിടെ പാർട്ടി/ഭരണകൂട തിണ്ണമിടുക്കാൽ കയറികൂടിയ ശശിമാർ പീഡകരാകുമ്പോൾ കർത്താവിനെ ഓർത്തെങ്കിലും തടയുകയല്ലേ മദർ സുപ്പീരിയർമാർ ചെയ്യേണ്ടിയിരുന്നത്. അതെങ്ങനെ, ഫാദർ ഫ്രാങ്കോയെ പോലുള്ള സ്ത്രീ പീഡകർക്ക് ഓശാന പാടുന്ന സ്ഥാപനാധികാര സ്വരൂപത്തിന് കീഴിലെ
ഇസ്ലാമോഫോബിക്കായ തീവ്ര ക്രിസ്ത്യൻ ആശയപരിസരം പതിനൊന്നാം നൂറ്റാണ്ടിലെ കുരിശുയുദ്ധ ജാള്യതയിൽ തന്നെയാണ്. അല്ലെങ്കിൽ ആരുടെ വക്കാലത്ത് ഏറ്റെടുത്താണ് സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ സരസ്വതീക്ഷേത്രമെന്ന് പരികൽപനയുള്ള വിദ്യാലയം ഒരുക്കി കൊടുത്തത് എന്ന് മലയാളിയോട് കുമ്പസരിക്കാൻ ചർച്ച് തയാറാവണം. തലമുറകളോട് ചെയ്ത അക്ഷന്തവ്യമായ ഈ അപരാധത്തിന് സെന്റ് ജെമ്മാസിനെ നിയന്ത്രിക്കുന്ന സഭ കേരളത്തോട് മാപ്പ് പറയണം.
ഭരണവർഗത്തിന്റെ കാലാകാലങ്ങളായുള്ള പരിലാളനയേറ്റ് വിദ്യാഭ്യാസ വ്യവസായത്തിന്റെ മേജർ ഷെയർ കരസ്ഥമാക്കിയ ക്രിസ്തീയ വർഗീയത മുസ്ലിം വിരുദ്ധതയുടെ കാര്യത്തിൽ സംഘ് പരിവാറിന്റെ സ്വാഭാവിക പാർട്ണർ കൂടിയാണ്. സെന്റ് ജെമ്മാസ് എപ്പിസോഡിൽ അഡ്വക്കേറ്റ് ബീന അടക്കമുള്ളവർ ഇതുവരെ പുറത്തുകൊണ്ടുവന്ന ആത്മഹത്യയുടെ വക്കോളമൊത്തിയ സ്ത്രീ അനുഭവങ്ങൾ കേട്ട് കേരള മനഃസാക്ഷി വിറങ്ങലിച്ചു നിൽക്കുകയാണ്.
ഇതിനെ മറച്ചുവെച്ച് അബ്ദുല്ല മുസ്ല്യാരുടെ പിന്നാലെ കൂടുന്ന കൊളോണിയൽ ഹിന്ദുത്വ യുക്തിവാദ ഇസ്ലാമോഫോബിക് പൊതുബോധത്തെ തകർത്താൽ മാത്രമേ മൂന്ന് ദശകത്തോളം സെന്റ്ജെമ്മാസും സഖാവ് ശശിയും നടത്തിയ സ്ത്രീ വിധ്വംസക പ്രവർത്തനം കേരളീയ പൊതുമണ്ഡലത്തിലെത്തൂ. അതിന് സത്യാനന്തര കേരളീയ മതേതരത്വ ജനാധിപത്യം 'ഒരു ദലിത് ആദിവാസി മുസ്ലിം പിന്നോക്ക പ്രതി പൊതുബോധം' (counter public consciousness ) അടിയന്തിരമായി രൂപപ്പെടുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.