ജീവിതത്തിലേക്കു ചിതറിപ്പരന്ന വാക്കുകളിൽനിന്ന് അവശ്യം വേണ്ടതിനെ അളന്നുമാത്രം ഉപയോഗപ്പെടുത്താനുള്ള കരുതൽ എം.ടി എക്കാലത്തും എഴുത്തിൽ പുലർത്തിയിരുന്നു
എം.ടിയുടെ പ്രശസ്തമായ മൗനത്തെയും ഇടക്കുമാത്രം പുറത്തെത്തുന്ന അളന്നുമുറിച്ച വാക്കുകളെയും അദ്ദേഹത്തിന്റെ കൃതികളെന്നപോലെ ഞാൻ ചിലപ്പോഴൊക്കെ വായിച്ചിരുന്നു. അപ്പോഴെല്ലാം ജീവിതത്തോടുള്ള അദമ്യമായ തൃഷ്ണയും ജീവിച്ചിരിക്കുക എന്ന ആയാസകരമായ അവസ്ഥയും തമ്മിലുള്ള നിരന്തരമായ സമരമാണ് അവയുടെയെല്ലാം ഉള്ളടക്കം എന്നു തോന്നിയിട്ടുണ്ട്.
എങ്കിലും ജീവിതത്തെ അദ്ദേഹം എഴുത്തിൽ മഹത്ത്വവത്കരിച്ചില്ല; ജീവിതത്തെ ആയാസകരമാക്കുന്ന സംഘർഷങ്ങളുടെ നൈരന്തര്യത്തെ നിരവധി കഥാസന്ദർഭങ്ങളായി വിന്യസിക്കുകയും ചെയ്തു. കഥകളിലും നോവലുകളിലും അതിനുള്ള പ്രധാന ഉപാധിയായി വാക്കിനെ തിരിച്ചറിഞ്ഞു. ഒരു മരണത്തിന്റെ പശ്ചാത്തലത്തിൽ, പരേതന്റെ നാലു മക്കളുടെയും മനോനിലകളിലൂടെ സഞ്ചരിക്കുന്ന വിലാപയാത്ര (1978) എന്ന നോവൽ ഓർമവരുന്നു.
പരേതന്റെ ജീവിതത്തിലെ അർഥാനർഥങ്ങൾ മാത്രമല്ല, ജീവിച്ചിരിക്കുന്നവരുടെ പൊള്ളയായ പ്രകടനങ്ങളും മരണത്തെ അരികിലേക്കുതള്ളി ജീവിതം തുടരാനുള്ള തിടുക്കവുമെല്ലാം തീക്ഷ്ണമായ ഐറണിയുടെ ബലത്തിൽ എം.ടി വെളിപ്പെടുത്തുന്നു. വൈകാരികനിലകളെ പ്രതിനിധാനം ചെയ്യുന്ന ഭാഷപോലും ഇവിടെ വിചാരണക്ക് വിധേയമാകുന്നു.
പാക്കുപൊടിയുടെകൂടെ ചവച്ചുതുപ്പുന്ന സേട്ടുവിന്റെ വാക്കുകൾ, തെറിവാക്കുകൾ, മന്ത്രംപോലെയുള്ള വാക്കുകൾ, അടിഞ്ഞുകിടക്കുന്ന ബലൂൺതുണ്ടുകളും കടലാസുകഷ്ണങ്ങളും പോലെയുള്ള വാക്കുകൾ... ഇങ്ങനെ ജീവിതത്തിലേക്കു ചിതറിപ്പരന്ന വാക്കുകളിൽനിന്ന് അവശ്യം വേണ്ടതിനെ അളന്നുമാത്രം ഉപയോഗപ്പെടുത്താനുള്ള കരുതൽ എം.ടി എക്കാലത്തും എഴുത്തിൽ പുലർത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തെയും കലയെയും വേർപിരിക്കുന്നതുതന്നെ ദുഷ്കരമാക്കി.
1954ൽ ലോക ചെറുകഥാമത്സരത്തിലെ മലയാളവിഭാഗത്തിൽ എം.ടിയുടെ ‘വളര്ത്തുമൃഗങ്ങൾ’ ഒന്നാം സമ്മാനം നേടുന്നതോടെയാണ് അദ്ദേഹം സാഹിത്യലോകത്തു സജീവമാകുന്നത്. ഒരു സർക്കസ് കമ്പനിയിലെ ട്രപ്പീസ് കളിക്കാരിയായി, അവിടത്തെ വളർത്തുമൃഗങ്ങളിലൊന്നായി ജീവിച്ച്, ഒടുവിൽ തിരസ്കൃതയാകുന്ന ജാനമ്മയുടെ കഥ എം.ടിയുടെ പിന്നീടുള്ള കഥാജീവിതത്തിന്റെ ദിശാസൂചിയാകുന്നുണ്ട്.
1958ൽ ‘നാലുകെട്ട്’ എന്ന നോവലും പുറത്തുവന്നു. ‘‘ഈ നാലുകെട്ടു പൊളിക്കാൻ ഏർപ്പാടു ചെയ്യണം; ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടു മതി’’ എന്നു തീരുമാനിക്കുന്ന അതിലെ അപ്പുണ്ണി മാറിയ കാലത്തിന്റെ പ്രതീകവുമായി. കാരണവന്മാർ തിരസ്കരിച്ച പാറുക്കുട്ടിയുടെ മകൻ അപ്പുണ്ണി തനിക്കു നഷ്ടപ്പെട്ട നാലുകെട്ട് വീണ്ടെടുക്കുന്നുവെങ്കിലും അതൊരു പിൻമടക്കമല്ലാതായിത്തീരുന്നത് ആ കഥാപാത്രത്തിന്റെ ഇത്തരം മനോനിലകളിലൂടെയാണ്.
ജീവിതത്തിലുടനീളം അപകർഷതാബോധവും നഷ്ടപ്പെട്ടതു വെട്ടിപ്പിടിക്കാനുള്ള വാശിയും പ്രതികാരവാഞ്ഛയും ചിലപ്പോൾ ആത്മനിന്ദയുമൊക്കെ പ്രകടിപ്പിക്കുന്ന അപ്പുണ്ണി മുമ്പുള്ള കഥാനായകന്മാരിൽനിന്നു വ്യത്യസ്തനാകുന്നു. ‘അസുരവിത്തി’ലെ (1962) ഗോവിന്ദൻകുട്ടിയും ‘കാല’ത്തിലെ (1969) സേതുവും അയാളുടെ പല മട്ടിലുള്ള തുടർച്ചകളായി.
എം.ടിയുടെ നാടായ കൂടല്ലൂരിനെത്തന്നെ ഓർമപ്പെടുത്തുന്ന ഗ്രാമപശ്ചാത്തലം, പഴയൊരു കാലത്തിന്റെ അന്ത്യമായി അവശേഷിക്കുന്നുവെങ്കിലും ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട്, അതിൽ പഴയ മൂല്യങ്ങളെ നിരസിക്കാനൊരുമ്പെടുന്ന നായകകഥാപാത്രങ്ങളുടെ സംഘർഷങ്ങൾ –എം.ടി കൃതികളുടെ മുഖമുദ്രയായി അവതരിപ്പിക്കാറുള്ള ഇങ്ങനെയൊരു കഥാഭൂമിക രൂപപ്പെടുന്നത് പ്രധാനമായും ഈ നോവലുകളിലൂടെയാണ്. ജീവിതത്തിലെ നിർണായകസന്ധികളിൽ ജാത്യഭിമാനവും സ്വാർഥതയും അലസതയും ചതിയും പകയുമൊക്കെ അവരിലും പ്രകടമാകുന്നു.
‘കാലം’ എന്ന നോവലിലെപ്പോലെ അവർക്കു പ്രണയവും കാമവും തോന്നുന്ന സ്ത്രീകൾ പലപ്പോഴും അവരാൽത്തന്നെ ചതിക്കപ്പെടുന്നു. ‘അസുരവിത്തി’ലെന്നപോലെ അവരും ചിലപ്പോൾ തെറ്റിദ്ധാരണക്കു വിധേയരാകുന്നു. ‘നാലുകെട്ടി’ൽ അപ്പുണ്ണിയുടെ പിതാവിനെ വിഷം കൊടുത്തു കൊന്നയാൾ എന്നാരോപിക്കപ്പെട്ടയാളാണ് സെയ്താലിക്കുട്ടി.വിഷമഘട്ടങ്ങളിൽ അപ്പുണ്ണിയെ സഹായിക്കുന്നതും അയാൾതന്നെ.
തറവാട്ടിലേക്കു തിരിച്ചുചെല്ലാൻ ധൈര്യം പകരുകയും ജോലിനൽകുകയും ചെയ്യുന്ന അയാളോടാണ് അപ്പുണ്ണി കടപ്പെട്ടിരിക്കുന്നത്. നന്മ-തിന്മകളുടെ പതിവു നിർവചനങ്ങൾക്കു വഴങ്ങാത്ത കഥാപാത്രങ്ങൾ, നായകത്വത്തിന്റെ പതിവുഗുണങ്ങളൊന്നുമില്ലാത്ത നായകൻമാർ, നിർണായക സന്ദർഭങ്ങളിൽ സഹായികളായിത്തീരുന്ന പ്രതിയോഗികൾ –എം.ടിയുടെ കഥാലോകം അതിനാധാരമായ യഥാർഥജീവിതലോകത്തുനിന്ന് ഏറെയൊന്നും വേറിട്ടുനിൽക്കുന്നില്ല.
ഇവിടെയാണ് എം.ടിയുടെ രചനകൾ മുൻകാലകൃതികളിൽനിന്നു വ്യത്യസ്തമാകുന്നത്. മലയാളത്തിലെ നവോത്ഥാനകഥാകൃത്തുകൾക്ക് ചില മൂല്യങ്ങളോടു പ്രതിജ്ഞാബദ്ധതയും സമൂഹത്തോട് സ്വയമേൽപിച്ച ഒരുതരം ഉത്തരവാദിത്തവുമുണ്ടായിരുന്നു. സമത്വം എന്ന മൂല്യത്തെ മുൻനിർത്തി സാമൂഹികമായി അവഗണിക്കപ്പെട്ടവരുടെ ജീവിതത്തെ അലങ്കാരഭാരമില്ലാതെ എഴുതുന്നതിനാണ് അവരിലേറെയും ശ്രമിച്ചത്.
ഈ റിയലിസ്റ്റ് രചനകളിലെ സാമൂഹികബോധത്തെക്കാൾ ജീവിതത്തിൽ ഏതു വിധേനയും അതിജീവിക്കാൻ ശ്രമിക്കുന്നവരുടെ വ്യക്തിബോധമാണ് എം.ടി കൃതികളിൽ മുന്നിട്ടുനിൽക്കുന്നത്. ഏകാകികളും അവഗണിക്കപ്പെട്ടവരും നിസ്സഹായരുമൊക്കെയായ അത്തരം കഥാപാത്രങ്ങളുടെ മനോനിലകളെയാണ് എം.ടിയുടെ കൃതികൾ ആഖ്യാനം ചെയ്യുന്നത്.
സംഭവങ്ങളെക്കാൾ മനോനിലകൾക്കു പ്രാധാന്യം നൽകുന്ന വിധത്തിൽ ആഖ്യാനശൈലിയിൽത്തന്നെ അദ്ദേഹം കൊണ്ടുവന്ന മാറ്റം എടുത്തുപറയേണ്ടതുണ്ട്. ഞാൻ എന്ന് ഉത്തമപുരുഷരീതിയിലായാലും അയാൾ എന്ന് പ്രഥമപുരുഷരീതിയിലായാലും കർത്തൃസ്ഥാനങ്ങൾ ഒഴിവാക്കി അപൂർണവാചകങ്ങളിലൂടെ ആഖ്യാനം നിർവഹിക്കുക എന്നതാണ് അതിന്റെ സ്വഭാവം. ആഖ്യാതാവിന്റെ അദൃശ്യതയിൽ ആ മനോനിലകൾ തത്സമയംതന്നെ വായനക്കാരുടേതുകൂടിയായി.
കഥാപാത്രത്തിന്റെ വ്യക്ത്യനുഭവം വായനക്കാരുടെ സാമാന്യാനുഭവമായി. നിരന്തരം ചഞ്ചലമാകുന്ന മനോവ്യാപാരങ്ങളിൽ വായനക്കാരെക്കൂടി പങ്കാളികളാക്കുന്ന ഈ മട്ട് കോവിലനും പോഞ്ഞിക്കര റാഫിയും മറ്റും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആവർത്തനത്തിലൂടെ അതിനു സ്ഥിരത ലഭിച്ചത് എം.ടിയുടെ കൃതികളിലാണ്. പുതിയ ‘അടവുകൾ’, ‘നീർപ്പോളകൾ’ മുതലായ ആദ്യകാല കഥകളിൽത്തന്നെ കാണുന്ന ഈ ആഖ്യാനരീതി ഏറെ സഫലമാകുന്നത് ‘മഞ്ഞ്’ (1964) എന്ന നോവലിലാണ്.
അതിലെ വിമല സ്വന്തമായ വീക്ഷണവും സവിശേഷമായ അനുഭവമണ്ഡലവുംകൊണ്ട് എം.ടിയുടെ ആദ്യകാലസ്ത്രീകഥാപാത്രങ്ങളിൽനിന്നു വേറിട്ടുനിൽക്കുന്നു. നിശ്ചലതയോടടുത്ത മന്ദമായ കാലവും അതിന്റെ സ്ഥലരൂപമായ മഞ്ഞും ഈ നോവലിന്റെ ശ്രുതിയും ഭാവവുമാകുന്നു. വിമലയുടെയും സർദാർജിയുടെയും തോണിക്കാരൻ ബാലന്റെയും കാത്തിരുപ്പുകൾ മഞ്ഞിന്റെ ഈ അനുഭൂതിതലത്തിന് അനുപൂരകമാകുന്നു.
എം.ടിയുടെ കൃതികളില് നർമത്തിന്റെ സ്ഥാനം പരിമിതമാണ്. ആദ്യകാല കഥയായ ‘രാജി’യിലും മറ്റും പ്രകടമായ നർമസാന്നിധ്യമുണ്ടെങ്കിലും ക്രമേണ രചനകളിൽ പ്രസന്നസ്വഭാവം കുറഞ്ഞുവരുന്നതു കാണാം. ഐറണികൾ ധാരാളമുണ്ടെങ്കിലും അവക്കു പ്രസാദത്തെക്കാൾ അടുപ്പം വിഷാദത്തോടാണ്.
ആദ്യകാല രചനകളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയധ്വനികൾക്കു കൂടുതൽ ഇടംകിട്ടുന്ന ഷെർലക്ക് എന്ന കഥയിൽ, “അമേരിക്കയും ഞാനും തമ്മിൽ ഒരൊത്തുതീർപ്പിനു ശ്രമിക്കുകയാണ്” എന്നു വായിക്കുമ്പോൾ നാം ഒന്നു പുഞ്ചിരിച്ചേക്കാം. നഖങ്ങൾ ഓപറേറ്റു ചെയ്തു മാറ്റിയ ഷെർലക്ക് എന്ന പൂച്ചയുടെ നഖങ്ങൾ പെട്ടെന്നു വെളിപ്പെടുകയും അതു രക്ഷാമാർഗം തേടി അമേരിക്കയിലെത്തിയ ബാലുവിനെ ആശ്വസിപ്പിച്ചുകൊണ്ട്, “ഞാനിവിടെയുണ്ട്, പേടിക്കാതെയുറങ്ങ്” എന്ന് ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ നർമം നിസ്സഹായതക്കും സന്ത്രാസത്തിനും വഴിമാറുന്നു.
എം.ടിയുടെ സിനിമകളെപ്പറ്റി ആലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ജീവിതസന്ദർഭം ഓർമവരുന്നു. ‘അടിയൊഴുക്കുകൾ’ എന്ന ചലച്ചിത്രത്തിന്റെ രചനയിലേക്കെത്തിച്ച സാഹചര്യമാണത്. നടൻ മമ്മൂട്ടി എം.ടിയോട് തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ എഴുതിനൽകണമെന്ന് അഭ്യർഥിക്കുന്നു. തുറമുഖത്തല്ല ജീവിതം കാണേണ്ടത്, തുറമുഖത്തിന്റെ പിൻവശത്താണ് എന്നുമുണ്ട്, നിഷ്കർഷ. മമ്മൂട്ടി പറഞ്ഞ മറ്റൊരു വാചകം ഇതായിരുന്നു:
“നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾക്കു പഴയ ചായമൊക്കെ പോയി ഒരു തവിട്ടുനിറമുണ്ടാകും. ആ പരുക്കൻനിറമുള്ള ഒരു ചിത്രം ഉണ്ടാക്കാൻ പറ്റില്ലേ?”
ചിത്രത്തിന്റെ ടോണിനെക്കുറിച്ചുള്ള ഈ സൂചന മതിയായിരുന്നു എം.ടിക്ക് ആ സിനിമയുടെ രചനയിലേക്കെത്താൻ. വാസ്തവത്തിൽ എം.ടിയുടെ കഥകളും നോവലുകളുംതന്നെ ദൃശ്യങ്ങൾകൊണ്ടു സമൃദ്ധമാണ്. അതുകൊണ്ടുതന്നെ ആ രചനകളുടെ ചലച്ചിത്രരൂപാന്തരം അത്ര സ്വാഭാവികവുമായിരുന്നു. അദ്ദേഹത്തിന്റെ എത്രയെത്ര സാഹിത്യകൃതികളാണ് പിന്നീടു ചലച്ചിത്രരൂപം പ്രാപിച്ചത് എന്നോർത്തുനോക്കുക.
‘ഇരുട്ടിന്റെ ആത്മാവ്’, ‘അസുരവിത്ത്’, ‘ഓളവും തീരവും’, ‘കുട്ട്യേടത്തി’, ‘പാതിരാവും പകൽവെളിച്ചവും’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വളർത്തുമൃഗങ്ങൾ’, ‘ഓപ്പോൾ’, ‘മഞ്ഞ്’ എന്നിങ്ങനെ നീളുന്നു അവ. അദ്ദേഹത്തിന്റെ കഥകളിൽ ‘പള്ളിവാളും കാൽച്ചിലമ്പും’, ‘ശത്രു’, ‘വാനപ്രസ്ഥം’ എന്നിവയും പേരുമാറി യഥാക്രമം ‘നിർമ്മാല്യം’, ‘സദയം’, ‘തീർഥാടനം’ എന്നീ സിനിമകളായി. മനോസഞ്ചാരസ്വഭാവമുള്ള സാഹിത്യകൃതികൾ ചലച്ചിത്രഭാഷക്കു വഴങ്ങാൻ ബുദ്ധിമുട്ടാണ്. എന്നാൽ, എം.ടിയുടെ രചനകളിലെ ദൃശ്യസമൃദ്ധിയും ഭാവാത്മകതയുമാണ് അവയുടെ ദൃശ്യഭാഷ്യങ്ങൾക്കു തുണയായത് എന്നു വ്യക്തം.
പ്രസിദ്ധകഥകളിലെ കഥാപാത്രങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കുന്നതിലും എം.ടിക്ക് തന്റേതായ ഒരു വഴിയുണ്ട്. മഹാഭാരതത്തിലെ വീരനായകന്മാരിലൊരാളായ ഭീമസേനൻ കഥകളിയിലും മറ്റും നായകത്വം നിലനിർത്തുമ്പോൾ, എം.ടിയുടെ ‘രണ്ടാമൂഴ’ത്തിൽ (1984) കേശഭാരവും ഉടുത്തുകെട്ടുമഴിച്ചുവെച്ച് ആദ്യസ്ഥാനം നഷ്ടപ്പെടുന്നതിന്റെ അപകർഷതയും ആത്മനിന്ദയും പേറുന്ന ആധുനികവ്യക്തിയാകുന്നു.
വടക്കൻപാട്ടിലെ ചതിയൻചന്തു നായകസ്ഥാനത്തെത്തുന്ന ‘ഒരു വടക്കൻ വീരഗാഥ’ ഇതിന്റെ തുടർച്ചയാണ്. ഇവർ രണ്ടുപേരും എം.ടിയുടെ സാഹിത്യരചനകളിലെ മറ്റു നായകരോടു ചേർന്നുനിൽക്കുമ്പോൾ കേരളവർമ പഴശ്ശിരാജ ആകാരസൗഷ്ഠവത്തിലുംകൂടി വീരനായകപരിവേഷമണിയുന്ന ജനപ്രിയനായകനാകുന്നു. ആ ചലച്ചിത്രം അതുകൊണ്ടുതന്നെ ഒന്നു വേറിട്ടുനിൽക്കുന്നു.
തന്റെ സിദ്ധികളെയും അവയുടെ സാധ്യതകളെയുംപറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്നയാളാണ് എം.ടി. ‘കാഥികന്റെ കല’, ‘കാഥികന്റെ പണിപ്പുര’ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ രചനാതന്ത്രമെന്തെന്നു ധാരണ തരുന്നു. മറ്റു നാടുകളിലെ സാഹിത്യ-കലാസൃഷ്ടികളുമായുള്ള ഗാഢപരിചയത്തിലൂടെ അദ്ദേഹം നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. ഒരു നൂറ്റാണ്ടോളം നീണ്ട ജീവിതത്തെ സർഗാത്മകമായും ബൗദ്ധികമായും ആവിഷ്കരിക്കുമ്പോഴും തന്റേതായ ഒരു നില അദ്ദേഹം എന്നും സൂക്ഷിച്ചിട്ടുണ്ട്. എം.ടിയുടെ മൗലികമായ ജീവിതത്തിന്റെയും കലയുടെയും വേരുകൾ പൊടിച്ചുവളർന്നത് ഒരേ മണ്ണിൽനിന്നുതന്നെയാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.