ഇന്ത്യ ഭാഷാവൈവിധ്യങ്ങളുടെയും നാടാണ്. സംസ്ഥാനങ്ങളുടെ രൂപവത്കരണംപോലും ഇവിടെ നടന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഒരേ സംസ്ഥാനത്തുതന്നെ വ്യത്യസ്ത മാതൃഭാഷകൾ സംസാരിക്കുന്നവരുണ്ട്. പ്രാദേശിക ഭാഷകളും ഗോത്രഭാഷകളും ലിപിരഹിത ഭാഷകളും ഇന്ത്യയിലുണ്ട്. ഭാഷകൾ മനുഷ്യനൊപ്പവും മനുഷ്യൻ ഭാഷകൾക്കൊപ്പവും വികാസംപ്രാപിക്കുകയും പ്രാപിച്ചുകൊണ്ടുമിരിക്കുന്നു. ലോകം വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഇക്കാലത്ത് ഒന്നിലധികം ഭാഷ സ്വായത്തമാക്കിയവർക്കേ കൂടുതൽ മുന്നോട്ടുപോകാൻ കഴിയൂ എന്നിടത്താണ് കാര്യങ്ങളുള്ളത്. ഏകഭാഷാ വ്രതത്തിെൻറ (Mono Language) കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ലോകരാജ്യങ്ങൾ ഒട്ടുമിക്കവയും ബഹുഭാഷാ വിദ്യാഭ്യാസത്തെ (Multi Language Education) ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്.
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ നയം (2020) ബഹുഭാഷാപരതയെ (Multi Lingualism) ഒരു അടിസ്ഥാന തത്ത്വമായി സ്വീകരിച്ചത് ലോകത്തിെൻറ സമകാലിക പ്രവണത തിരിച്ചറിഞ്ഞുകൊണ്ടാവും. പഠനബോധന (teaching and learning) പ്രക്രിയയിൽ ഭാഷയുടെ ശക്തിധർമത്തെയും ബഹുഭാഷാപരതയെയും പ്രോത്സാഹിപ്പിക്കും എന്നാണ് അടിസ്ഥാന തത്ത്വങ്ങൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ വിദ്യാഭ്യാസ നയരേഖ സൂചിപ്പിക്കുന്നത്.
പഠിതാക്കൾക്ക് അവരുടെ താൽപര്യവും അഭിരുചിയുമനുസരിച്ച് ഇഷ്ടാനുസരണം വ്യത്യസ്ത ഭാഷകൾ തിരഞ്ഞെടുക്കാനും പഠിക്കാനും വിവേചനരഹിതമായി അവസരമൊരുക്കും എന്നതാണ് ബഹുഭാഷാപരത (multi Lingualism) എന്ന ആശയത്തിെൻറ യഥാർഥ താൽപര്യം. എന്നാൽ, ബഹുഭാഷാപരത അടിസ്ഥാന തത്ത്വങ്ങളിലൊന്നായി എണ്ണിപ്പറഞ്ഞ ദേശീയ വിദ്യാഭ്യാസ നയരേഖ ഈയൊരു താൽപര്യം പ്രയോഗത്തിൽ തിരസ്കരിക്കുന്നതായി, നയരേഖ വിശകലനം ചെയ്തു നോക്കിയാൽ മനസ്സിലാവും.
വേണോ മാതൃഭാഷാ ശാഠ്യം?
എട്ടാം ക്ലാസ് വരെ വേണമെങ്കിൽ മാതൃഭാഷ പഠനമാധ്യമമാക്കാം എന്ന് നയരേഖ നിർദേശിക്കുന്നുണ്ട്. മാറിയ ദേശീയ സാഹചര്യത്തിൽ ഈയൊരു നിർദേശം യുക്തിസഹമല്ല. ഓരോ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റം വ്യാപകമായിക്കഴിഞ്ഞ പശ്ചാത്തലത്തിൽ, ഒരേ വിദ്യാലയത്തിൽ വ്യത്യസ്ത മാതൃഭാഷകൾ സംസാരിക്കുന്ന കുട്ടികൾ പഠിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിർദേശം പ്രായോഗികമല്ല എന്നല്ല വിദ്യാർഥിവിരുദ്ധംകൂടിയാണ്. കേരളം മാത്രമെടുക്കുക. ഇവിടെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡിഷ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. ഒരേ ക്ലാസിൽ ഈ കുട്ടികൾ മലയാളി കുട്ടികളോടൊപ്പം ഇരിക്കുന്നുണ്ട്. അങ്ങനെയുള്ളൊരു ക്ലാസിൽ ഒരേയൊരു ഭാഷയെ പഠനമാധ്യമമാക്കുക എന്നത് എങ്ങനെയാണ് പ്രായോഗികമാവുക? ജവഹർ നവോദയ വിദ്യാലയങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലുമൊക്കെ ഇതേ സാഹചര്യമുണ്ട്. കുറച്ചു മുമ്പ്, പഠന-ബോധന മാധ്യമം മാതൃഭാഷയിൽ എന്ന ആശയം പ്രസക്തമായിരുന്നു. പക്ഷേ, കാലം മാറി. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ ഒരേ പ്രദേശത്ത് താമസിക്കാൻ ആരംഭിച്ച പശ്ചാത്തലത്തിൽ, കാലോചിതമായി ഭാഷാനയങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്.
ഭാഷ അടിച്ചേൽപിക്കലിനു പിന്നിൽ
ഇന്ത്യൻ വിദ്യാലയങ്ങളിൽ സംസ്കൃത ഭാഷാ വിദ്യാഭ്യാസത്തിന് തീർച്ചയായും കൂടുതൽ അവസരങ്ങളുണ്ടാകേണ്ടതുണ്ട്. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം സംസ്കൃത ഭാഷയിലാണ് എന്നതിനേക്കാൾ, സംസ്കൃതം തങ്ങളുടെ സാംസ്കാരിക ജീവിതത്തിെൻറ ഭാഗമാക്കിയ നല്ലൊരു ജനവിഭാഗവും ഈ രാജ്യത്തുണ്ട്. സംസ്കൃതഭാഷാ പഠനത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതും സംസ്കൃതഭാഷാ പഠനം നിർബന്ധമാക്കുക എന്നതും രണ്ടാണ്. ആദ്യത്തേത് ജനാധിപത്യപരവും രണ്ടാമത്തേത് ഏകാധിപത്യപരവുമാണ്. ദേശീയ വിദ്യാഭ്യാസ നയരേഖയിൽ സംസ്കൃതത്തിന് അപ്രമാദിത്വം കൽപിക്കുന്നു എന്നു മാത്രമല്ല, ആ ഭാഷ വിദ്യാർഥികൾ പ്രീപ്രൈമറി തലം മുതൽ നിർബന്ധമായും പഠിക്കേണ്ട ഭാഷയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യൻ ജനസംഖ്യയിൽ സംസ്കൃതം സംസാരിക്കുന്നവർ 0.002 ശതമാനമാണ്. അയ്യായിരത്തോളം പേർ താമസിക്കുന്ന കർണാടകയിലെ മത്തൂരാണ് ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്. ഇതിനു പുറമെ ഒഡിഷ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി ആറു ഗ്രാമങ്ങളിലും സംസ്കൃതവ്യാപനമുണ്ട്. ഇന്ത്യക്കാരുടെ സംസാരഭാഷയല്ല സംസ്കൃതം. ലോകത്തൊരിടത്തും ഒരു സംസ്കൃത രാജ്യവുമില്ല. എന്നിട്ടും വിദ്യാർഥികളിൽ സംസ്കൃതം അടിച്ചേൽപിക്കാനുള്ള ശ്രമം ബഹുഭാഷാപരത എന്ന ആശയത്തിെൻറ തിരസ്കാരമല്ലേ. പ്രീപ്രൈമറി തലം മുതൽ സംസ്കൃതത്തിന് പാഠപുസ്തകം വികസിപ്പിക്കുക, ദേശവ്യാപകമായി സംസ്കൃതാധ്യാപകരെ വിദ്യാലയംതോറും നിയമിക്കുക, സംസ്കൃതം പഠിക്കുന്നവർക്ക് സ്കോളർഷിപ് നൽകുക, സംസ്കൃതഭാഷയിൽ പ്രത്യേക പരിശീലനം നൽകുക തുടങ്ങിയവ സംസ്കൃതത്തിന് അപ്രമാദിത്വം കൽപിക്കുന്നതിെൻറ നേർസൂചനകളാണ്. ഹിന്ദുത്വ രാഷ്ട്രീയം ഉന്നംവെക്കുന്ന സാംസ്കാരിക അജണ്ട വിദ്യാർഥികളിൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് ഇതെന്ന് രാജ്യത്തെ മതനിരപേക്ഷ വിദ്യാഭ്യാസ വിചക്ഷണർ അഭിപ്രായപ്പെട്ടത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു.
ഒരു ജനതയെ സാംസ്കാരികമായി അടിമകളാക്കാനും വിരുദ്ധ സാംസ്കാരിക വിചാരങ്ങൾ അവരിൽ അടിച്ചേൽപിക്കാനും ലോകത്ത് പലയിടങ്ങളിലും കൊളോണിയൽ ശക്തികൾ ഭാഷകളെ സമർഥമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ വക്താക്കളും ആ ദിശയിലൂടെ സഞ്ചരിക്കുന്നു എന്നതിെൻറ അപകടസൂചന വിദ്യാഭ്യാസ നയരേഖയിൽ പ്രതിഫലിക്കുന്നു.
തന്നെയുമല്ല, നയരേഖയിൽ അടിവരയിട്ടു പറയുന്ന മൗലിക തത്ത്വങ്ങളിലെ വഴക്കം (flexibility), സർഗാത്മകത (creativity), വൈവിധ്യങ്ങളോടുള്ള സമാദരം (respect to diversity) തുടങ്ങിയ ആശയങ്ങളുടെ വ്യക്തമായ തിരസ്കാരമാണ് സംസ്കൃതം അടിച്ചേൽപിക്കുന്നതിലൂടെ സംഭവിക്കുക. സാംസ്കാരിക ബഹുത്വം ഒരു സവിശേഷതയായിട്ടുള്ള നമ്മുടെ രാജ്യത്ത് വ്യത്യസ്ത ജീവിതപശ്ചാത്തലവും വിശ്വാസപരിസരവുമുള്ള വിദ്യാർഥികളുണ്ട്. അവരുടെ സാംസ്കാരിക ജീവിതവുമായി ഇഴചേർന്നുനിൽക്കുന്ന ഭാഷകളുമുണ്ടാകും. അത്തരം ഭാഷകൾ തിരഞ്ഞെടുക്കാൻ ആ വിദ്യാർഥികളെ അനുവദിക്കുമ്പോഴാണല്ലോ വൈവിധ്യങ്ങളോടുള്ള സമാദരം യാഥാർഥ്യമാകുക.
മറനീക്കുന്ന ഭാഷാവിരുദ്ധത
വിദ്യാഭ്യാസ നയരേഖ ഊന്നിപ്പറയുന്ന ത്രിഭാഷാ പദ്ധതിയും ബഹുഭാഷാപരതയുടെ വിശാല താൽപര്യത്തോട് ഏറ്റുമുട്ടുന്നതാണ്. മൂന്നു ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. ഭരണഘടനാപരമായി ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായതിനാൽ ഇപ്പറഞ്ഞ രണ്ടെണ്ണത്തിൽ ഒരെണ്ണം ഇംഗ്ലീഷ് ആവുമോ എന്ന് കൃത്യതയില്ല.
സെക്കൻഡറി തലത്തിൽ കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഇവയിൽ ഏതെങ്കിലുമൊരു ഭാഷ പഠിക്കുന്നതിനെയും നയരേഖ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇവിടെയാണ് മറ്റൊരു ഭാഷാവിരുദ്ധത മറനീക്കി പുറത്തുവരുന്നത്. എട്ടു വിദേശ ഭാഷകളെ എടുത്തുപറഞ്ഞ കൂട്ടത്തിൽ പേരിനുപോലും അറബി ഭാഷയെ പരാമർശിച്ചില്ല. നൂറു മില്യണിൽ താഴെ വരുന്ന ആളുകൾ സംസാരിക്കുന്ന കൊറിയൻ, തായ് ഭാഷകളെ ഉയർത്തിക്കാട്ടിയപ്പോൾ 467 മില്യൺ ജനങ്ങൾ സംസാരിക്കുന്ന അറബി ഭാഷയെ പടിക്കു പുറത്ത് നിർത്തിയതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്.
സഹസ്രാബ്ദങ്ങൾക്കുമുമ്പേ ഇന്ത്യക്ക് അറബി രാജ്യങ്ങളുമായും അറബി ഭാഷയുമായും ബന്ധമുണ്ട്. അറബി ഭാഷ ഇന്ത്യൻ സംസ്കൃതിയെയും ഇന്ത്യൻ സംസ്കൃതി അറേബ്യൻ സംസ്കൃതിയെയും പല നിലക്ക് സമ്പന്നമാക്കിയിട്ടുണ്ട്. അന്തർദേശീയ ഭാഷ എന്ന നിലയിൽ അറബിയുടെ പ്രാധാന്യം വർധിച്ചുവരുന്നത് നിഷേധിക്കാൻ കഴിയില്ല. എത്രയോ തൊഴിൽസാധ്യതകൾ ലോകത്തുടനീളം അറബിഭാഷാ വൈദഗ്ധ്യം നേടിയവരെയും കാത്തുകിടക്കുന്നുണ്ട്. വിദേശ സർവകലാശാലകളിൽ അറബി ഭാഷയിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും നിരവധിയാണ്. എന്നിട്ടുമെന്തേ, ദേശീയ വിദ്യാഭ്യാസ നയരേഖയിൽ അറബി ഭാഷ ഒഴിച്ചുനിർത്തപ്പെട്ടു?
മാതൃഭാഷകളും പ്രാദേശിക ഭാഷകളും ഇന്ത്യൻ ഭാഷകളുമെല്ലാം അർഹിക്കുന്ന പ്രാധാന്യത്തോടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കപ്പെടണം. ഇംഗ്ലീഷ്, അറബി പോലുള്ള അന്തർദേശീയ ഭാഷകളും കൂടുതൽ പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ട സാഹചര്യമാണ് സമകാലിക ലോകത്ത് രൂപപ്പെട്ടുവന്നിട്ടുള്ളത്. അതൊന്നും യാഥാർഥ്യബോധത്തോടെ തിരിച്ചറിയാൻ ശ്രമിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഒരു തലമുറയോട് ചെയ്യുന്ന വഞ്ചനയാണ്. ഒരു രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യങ്ങളും ജനാഭിരുചികളും മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളും പ്രതിഫലിക്കുന്നതായിരിക്കണം അവിടത്തെ വിദ്യാഭ്യാസ ഉള്ളടക്കം. നിക്ഷിപ്തവും സങ്കുചിതവുമായ രാഷ്ട്രീയ താൽപര്യങ്ങളിലേക്ക് ചുരുങ്ങേണ്ടതല്ല ഒരിക്കലും ഇന്ത്യപോലുള്ള ഒരു രാജ്യത്തെ വിദ്യാഭ്യാസം.
(വിദ്യാഭ്യാസ പ്രവർത്തകനും ഗ്രന്ഥകാരനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.