'വിഡ്ഢിക്കിഴവന്മാർ' എന്നു തലക്കെട്ട്, ഒപ്പം പരമോന്നത നീതിപീഠത്തിലെ മൂന്ന് ജഡ്ജിമാരുടെ തല കുത്തനെയുള്ള ചിത്രവും! 1987ൽ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മിറർ, പ്രസിദ്ധമായ സ്പൈക്യാച്ചർ വിധി ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്.
ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനയിൽനിന്നു വിരമിച്ച പീറ്റർ റൈറ്റിെൻറ ആത്മകഥ ദേശസുരക്ഷാ രഹസ്യങ്ങൾ പരസ്യപ്പെടുത്തി എന്ന പേരിൽ നിരോധിച്ച ഗവൺമെൻറ് നടപടിയെ ശരിെവച്ച വിധിയെ വിമർശിക്കുകയായിരുന്നു പത്രം. റിപ്പോർട്ട് ശ്രദ്ധയിൽപെടുത്തിയപ്പോൾ ന്യായാധിപനായിരുന്ന ടെംപിൾടൺ ഡെയ്ലി മിററിനെതിരെ കോടതിയലക്ഷ്യ നടപടികളൊന്നും സ്വീകരിച്ചില്ല.
2016ൽ െബ്രക്സിറ്റ് വിധിവന്നപ്പോൾ 'ഡെയ്ലി മെയിൽ' പത്രം ന്യായാധിപരെ വിശേഷിപ്പിച്ചത് 'ജനവിരുദ്ധർ' എന്നാണ്. അതിനും നടപടിയുണ്ടായില്ല. നാം കോടതിയലക്ഷ്യനിയമം കടംകൊണ്ട രാജ്യത്തെ കാര്യമാണ് പറയുന്നത്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി ലിബറൽ ജനാധിപത്യ രാജ്യങ്ങളിലൊന്നുംതന്നെ കോടതിയലക്ഷ്യം പ്രയോഗിക്കപ്പെടുന്നില്ല.
സ്വാഭിപ്രായം പങ്കുെവച്ച രണ്ടു ട്വീറ്റുകളുടെ പേരിൽ പരമോന്നത നീതിപീഠം മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷണിനെ ശിക്ഷിച്ചു. അദ്ദേഹത്തോട് ഒരു രൂപ പിഴയടക്കാനാണ് ആവശ്യപ്പെട്ടത്. പിഴയുടെ വലുപ്പമല്ല കുറ്റക്കാരനാണ് എന്ന കണ്ടെത്തലും ആ വിധിയിലേക്കെത്തിച്ച നാൾവഴികളുമാണ് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടത്.
കോടതികളുടെ മഹത്ത്വവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനാണ് കോടതിയലക്ഷ്യ നിയമവൈജ്ഞാനികത നിലവിലുള്ളത്. രാജാവിെൻറ ദൈവികാധികാരവുമായി ബന്ധപ്പെട്ടാണ് അതിെൻറ ഉത്ഭവം. ന്യായാധിപൻ രാജാവിെൻറ ന്യായബോധത്തിെൻറ പ്രതിപുരുഷൻതന്നെയായിരുന്നു.
അദ്ദേഹത്തെ അധികാരസ്ഥാനത്തുള്ളവർ അനുസരിക്കാതെ വരുമ്പോൾ കോടതിയലക്ഷ്യമാകുന്നു. അതു പ്രധാനമായും അധികാരവും സ്വാധീനവുമുള്ള ആളുകളെ ഉദ്ദേശിച്ചാണ്. അവരാണല്ലോ കോടതികളോട് അനാദരവ് കാണിക്കാനും ഉത്തരവുകൾ അവഗണിക്കാനും സാധ്യതയുള്ളത്. ആ അർഥത്തിൽ പൊതുജനത്തെ സംരക്ഷിക്കാനുള്ളതുകൂടിയായിരുന്നു കോടതിയലക്ഷ്യം.
കൊളോണിയൽ കാലത്തെ പിൻപറ്റി രണ്ടു തരം കോടതിയലക്ഷ്യങ്ങളാണ് നാട്ടിലുള്ളത്. ഒന്ന്, സിവിൽ കോടതിയലക്ഷ്യം. രണ്ട്, ക്രിമിനൽ കോടതിയലക്ഷ്യം. കോടതിയലക്ഷ്യനിയമത്തിലെ വകുപ്പ് 2(ബി) അനുസരിച്ച് കോടതി ഉത്തരവുകൾ മനഃപൂർവം അനുസരിക്കാതിരിക്കുന്നതാണ് സിവിൽ കണ്ടംപ്റ്റ്.
പി.ആർ.എസ് റിവ്യൂ നൽകുന്ന കണക്ക് അനുസരിച്ച് 2018 വരെ വിവിധ ഹൈകോടതികളിലും സുപ്രീംകോടതിയിലുമായി ഇത്തരത്തിലുള്ള 96,993 സിവിൽ കോടതിയലക്ഷ്യ കേസുകൾ നിലവിലുണ്ട്. അതിൽ ബഹുഭൂരിപക്ഷത്തിലും പ്രതിസ്ഥാനത്ത് ഗവൺെമൻറ് തന്നെയായിരിക്കും.
കോടതിയലക്ഷ്യത്തിൽ ഏറ്റവും ഗൗരവസ്വഭാവമുള്ളത് ഉത്തരവുകൾ അനുസരിക്കാതിരിക്കലാണ് എന്നിരിക്കെ ഈ കേസുകൾ എത്രമാത്രം തിടുക്കത്തോടെ തീർപ്പാക്കപ്പെടുന്നുണ്ട് എന്ന ചോദ്യം പ്രധാനമാണ്. ഇതിൽ ഇല്ലാത്ത താൽപര്യം ക്രിമിനൽ കോടതിയലക്ഷ്യത്തിന് ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ, അനതിസാധാരണമായ വേഗത്തിലാണ് ഈ ലോക് ഡൗൺ കാലത്തുപോലും പ്രശാന്ത് ഭൂഷണിനെതിരെയുള്ള കേസുകൾ പരിഗണിക്കപ്പെട്ടത്.
കോടതിയലക്ഷ്യനിയമത്തിലെ വകുപ്പ് 2(സി) ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അവിടെ കോടതിയെ അപകീർത്തിപ്പെടുത്തുന്ന, നീതിനിർവഹണത്തിൽ മുൻവിധിയോ ഇടപെടലോ ഉണ്ടാക്കാൻ സാധ്യതയുണ്ടാകുന്ന കോടതിയെ തടസ്സപ്പെടുത്തുന്ന വാക്കോ പ്രവൃത്തിയോ രചനകളോ സങ്കേതങ്ങളോ ചിഹ്നങ്ങളോ ഒക്കെ കോടതിയലക്ഷ്യമാണെന്നാണ്. ഇതിൽ ഏറ്റവും അവ്യക്തവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ വകുപ്പാണ് 2(സി)(1). അപകീർത്തിപ്പെടുത്തുക എന്നതാണ് കുറ്റം.
അഭിഭാഷകനും നിയമഗവേഷകനുമായ ഗൗതം ഭാട്ടിയ എഴുതിയത് ഈ വിധിയെക്കുറിച്ച് വിശകലനം നടത്താൻ ഒന്നുമില്ല, കാരണം ഇതിൽ യുക്തിയേയില്ല എന്നാണ്. 108 പേജ് ദൈർഘ്യമുള്ള വിധിയിൽ 98 പേജും പഴയ വിധികളുടെ ഉദ്ധരണികളാണ്. ബാക്കിയുള്ള ചുരുക്കം പേജുകളിൽ ഈ ട്വീറ്റ് മേൽപ്രസ്താവിച്ചപ്രകാരമുള്ളതാണ് എന്നു പറഞ്ഞിരിക്കുന്നു. സാധാരണഗതിയിൽ വിധികളിൽ കൃത്യമായ റീസണിങ് ഉണ്ടാകും.
ഉദാഹരണത്തിന് പണ്ട്, ഇന്ദിര ഗാന്ധി മന്ത്രിസഭാംഗമായിരുന്ന ശിവശങ്കർ, സുപ്രീംകോടതി കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാണ് എന്നു പറഞ്ഞതിനെതിരെയുള്ള കോടതിവിധിയിൽ 34 പേജ് അദ്ദേഹത്തിെൻറ പ്രസ്താവന എന്തുകൊണ്ട് കോടതിയലക്ഷ്യമാകുന്നു എന്നു വിശദീകരിക്കാനാണ് ഉപയോഗിക്കുന്നത്. ശിക്ഷ വിധിക്കുന്നതിനുള്ള ഹിയറിങ് വേളയിൽ അഡ്വക്കറ്റ് ജനറൽ കെ.കെ. വേണുഗോപാൽപോലും ഇത് ശിക്ഷ നല്കേണ്ടത്ര ഗൗരവമുള്ള വിഷയമല്ല എന്നും കോടതിയെക്കുറിച്ച് സമാനമായ വിമര്ശനങ്ങളുന്നയിച്ചിട്ടുള്ള അഞ്ചു മുൻ സുപ്രീംകോടതി ജഡ്ജിമാരുടെയെങ്കിലും പട്ടിക കൈവശമുണ്ടെന്നും കോടതിയെ അറിയിച്ചു.
പ്രധാനപ്പെട്ട പല സിവിൽ കോടതിയലക്ഷ്യ കേസുകളും തീർപ്പാക്കാതെ അവശേഷിക്കുന്നുണ്ട് സുപ്രീംകോടതിയിൽ. മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങിനെതിരായ കേസ് ഉദാഹരണം. 1992ൽ ബാബരി മസ്ജിദിന് ഒരു പോറൽപോലും ഏൽക്കാൻ അനുവദിക്കില്ല എന്നു സുപ്രീംകോടതിയിൽ ഉറപ്പുനൽകിയശേഷം കർസേവകർക്കു മുന്നിൽ നിഷ്ക്രിയത പാലിച്ചതിനാണ് കേസ്. പള്ളിപൊളിക്കാൻ കൂട്ടുനിന്നതിന്. 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതുവരെ കോടതി തീർപ്പുകൽപിച്ചിട്ടില്ല.
''കോടതിയലക്ഷ്യന്യായാധികാരത്തിെൻറ ലക്ഷ്യം കോടതിയുടെ മഹിമയും അന്തസ്സും ഉയർത്തിപ്പിടിക്കുക എന്നതാണ്'' എന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത് കോടതിയലക്ഷ്യ നടപടികളിലൂടെയല്ല.
ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ, രാജ്യത്തിെൻറ ഭരണഘടനയും പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കോടതി സ്വീകരിക്കുന്ന നടപടികളും നിഷ്പക്ഷവും ധീരവുമായ തീരുമാനങ്ങളും ആകണം കോടതിയുടെ അന്തസ്സും മഹിമയും ഉയർത്തിപ്പിടിക്കേണ്ടത്.
മനുഷ്യെൻറ ജീവിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തിയ കുപ്രസിദ്ധമായ എ.ഡി.എം ജബൽപുർ വിധി ഇനിയൊരിക്കലും തിരിച്ചുവരാത്തത്ര ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി തിരുത്തിയത് 2017ലെ സ്വകാര്യത വിധിയിലാണ്. പ്രശാന്ത് ഭൂഷൺ കേസിലെ നടപടികൾ കോടതിയുടെ അന്തസ്സും വിശ്വാസ്യതയും ഉയർത്തുകയുണ്ടായോ എന്ന കാര്യം പുനഃപരിശോധിക്കപ്പെടും എന്നുതന്നെ കരുതാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.