നൂറ്റാണ്ടുകളായി പുറത്തുനിന്ന സ്ത്രീകൾ തുലാമാസം ഒന്നാം തീയതിയായ ഒക്ടോബർ 18 മുതൽ ശബരിമലയിലേക്ക് കടന്നുവരുന് നതിന് വഴിതെളിഞ്ഞിരിക്കുകയാണ്. ആചാരാനുഷ്ഠാനങ്ങളാണ് ശബരിമലയിൽ ഇത്രകാലവും സ്ത്രീപ്രവേശനം തടഞ്ഞിരുന്നത്. സ്ത്രീകളെ തടയാനാവില്ല എന്ന സുപ്രീംകോടതി ഉത്തരവോടെ പഴയ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റംവരുത്തേണ്ടതുണ്ട്. 41 ദിവസത്തെ വ്രതമാണ് ശബരിമല ദർശനത്തിെൻറ പ്രധാന ആചാരം. വ്രതമെടുക്കുേമ്പാൾ പഞ്ചശുദ്ധി അനുഷ്ഠിക്കണം. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി എന്നിവയാണവ. ഇവയത്രയും അനുഷ്ഠിച്ച് ശബരിമലക്കു പോകുന്നയാൾ വെറും ഭക്തനല്ല. ദേവൻതന്നെയായി മാറുകയാണ്. അതായത്, അയ്യപ്പൻതന്നെയായി മാറുകയാണ്. അതിനു ശേഷമാണ് ശബരിമലയിൽ പോകുന്നത്.
അതാണ് ശബരിമലയുടെ സങ്കൽപം. തത്ത്വമസി ദർശനം. അതിൽ മാറ്റം വരുത്തുക എങ്ങനെയെന്നതാണ് പ്രശ്നം. സ്ത്രീകൾക്ക് ആർത്തവമുള്ളതിനാൽ പഞ്ച ശുദ്ധിയിൽപെടുന്ന ശരീര ശുദ്ധി പാലിക്കാനാവില്ല എന്നതാണ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രങ്ങളിൽനിന്ന് അകറ്റിനിർത്താൻ കാരണമായി പറഞ്ഞിരുന്നത്. സുപ്രീംകോടതി വിധിയോടെ, ശരീരശുദ്ധി പാലിക്കുന്നില്ല എന്ന കാരണത്താൽ ഇനിയും യുവതികളെ വിലക്കാനാവില്ല.
പമ്പ ഗണപതി ക്ഷേത്രംവരെയാണ് ഇപ്പോൾ സ്ത്രീകൾക്ക് പ്രവേശനമുള്ളത്. ഗണപതിക്ഷേത്രം കഴിഞ്ഞ് അഞ്ച് കിലോമീറ്റർ മലകയറിയാണ് സന്നിധാനത്ത് എത്തുക. സന്നിധാനത്തേക്കുള്ള വഴി തുടങ്ങുന്ന ഗണപതിക്ഷേത്രത്തിന് പിന്നിൽ പൊലീസ് എയ്ഡ് പോസ്റ്റിലാണ് യുവതികളെ തടഞ്ഞിരുന്നത്. ട്രാൻസ് ജൻഡർ വിഭാഗക്കാരെപോലും ഇവിടെ തടഞ്ഞിരുന്നു. തുലാമാസ പൂജക്കായി നടതുറക്കുന്ന 17 മുതൽ സ്ത്രീകൾ എത്തിയാലും ഇെല്ലങ്കിലും വനിത പൊലീസുകാരടക്കം യുവതികളായ ഉദ്യോഗസ്ഥർ സന്നിധാനത്തേക്ക് കടന്നുചെല്ലും. കോടതിവിധി പഞ്ച ശുദ്ധിയുടെ പേരിൽ സ്ത്രീകളെ ഇനിമുതൽ തടയാനാവില്ല എന്ന് വന്നിരിക്കെ പുതിയ ആചാരങ്ങൾ ശബരിമലയിൽ രൂപപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. അതിെൻറ സാധ്യതകളെയും പ്രായോഗികതകളെയും കുറിച്ച് തന്ത്രിയടക്കമുള്ളവർ പ്രതികരിക്കുകയാണിവിടെ.
ദേവഹിതം നോക്കാതെയുള്ള വിധി വിഷമിപ്പിക്കുന്നു
ശബരിമലയിൽ സ്ത്രീകൾ കടന്നുവരുന്നതിന് പുതിയ ആചാരം സൃഷ്ടിക്കൽ എങ്ങനെയെന്നതിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അതിനാൽ, കോടതി വിധിയിൽ മാറ്റംവരണേ എന്ന് പ്രാർഥിക്കുകയാണ്. സ്ത്രീ പ്രവേശ വിഷയത്തിൽ ദേവഹിതം നോക്കിയിട്ടില്ല. ദേവഹിതം നോക്കാതെ വിധി പറഞ്ഞതാണ് വിഷമിപ്പിക്കുന്നത്. അയ്യപ്പൻ യോഗാവസ്ഥയിലാണ് അവിടെ കുടികൊള്ളുന്നത്. ധ്യാനത്തിലാണിരിക്കുന്നത്. അതിന് ഭംഗം വരുന്നത് തെറ്റാണ്. ആചാരം തെറ്റുന്നത് ക്ഷേത്ര ൈചതന്യത്തെ ബാധിക്കും. ഉന്നതമായ ചൈതന്യമാണ് ശബരിമലയുടെ പ്രത്യേകത. അതാണ് ഇത്രത്തോളം തീർഥാടകർ വരാൻ ഇടയാക്കുന്നത്. ഒാരോ ക്ഷേത്രത്തിലും ഒാരോ സങ്കൽപമാണ്. ചെങ്ങന്നൂരിൽ ദേവി തൃപ്പൂത്താകുന്ന സങ്കൽപമുണ്ട്. അതനുസരിച്ചാണ് അവിടത്തെ ആചാരം. ശാസ്താ ക്ഷേത്രങ്ങൾ നിരവധിയുണ്ട്. അവിടങ്ങളിൽ പലയിടത്തും പല ആചാരങ്ങളാണ്. കേരളത്തിൽ തന്ത്രവിധി പ്രകാരമാണ് പ്രതിഷ്ഠ നടത്തുന്നത്. പ്രതിഷ്ഠ ജീവ സ്വരൂപമായി കണ്ട് സമയാസമയം നിവേദ്യംവരെ അർപ്പിക്കുന്നതാണ് നമ്മുടെ ആചാരം. വടക്കേ ഇന്ത്യയിൽ അങ്ങനെയല്ല. അവിടെ ഭക്തർക്ക് ശ്രീകോവിലുകളിൽ കയറി പ്രതിഷ്ഠയിൽ അഭിഷേകം നടത്താനാകും.
-കണ്ഠരര് മോഹനര് തന്ത്രി, ശബരിമല
------------------------------------------------------------
പുതിയ ആചാരം ഉണ്ടാകണം
ശബരിമലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും 41 ദിവസം നീളുന്ന പഞ്ച ശുദ്ധിയാണ് ശബരിമല ദർശനത്തിന് നിഷ്കർഷിച്ചിട്ടുള്ള ആചാരം. കോടതി വിധി വന്നതുകൊണ്ട് 41 എന്നതിനെ 21 ആക്കിമാറ്റാൻ ഇന്നത്തെ നിലയിൽ സാധ്യമല്ല. എല്ലാ മത വിഭാഗങ്ങൾക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ സമുദായ നേതാക്കൾ, ആചാര്യന്മാർ, തന്ത്ര വിദ്യാ പീഠങ്ങൾ, സമുദായ സംഘടന നേതാക്കൾ, ക്ഷേത്രകാര്യങ്ങളിൽ വിശ്വാസവും താൽപര്യവുമുള്ള പണ്ഡിതർ എന്നിവരെല്ലാം ചേർന്ന് ആചാര സഭ കൂടി ഇതിനെക്കുറിച്ച് തീരുമാനമെടുക്കണം. അയപ്പ ഭക്തരുടെ സജീവ സംഘടനകളാണ് അതിന് മുൻകൈ എടുക്കേണ്ടത്. പന്തളം കൊട്ടാരവും അതിനായി ശ്രമിക്കും.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കൽ എന്നതു മാത്രമല്ല ഇൗ വിധികൊണ്ട് ഉണ്ടാകുന്ന അപകടം. വിധി ഏകീകൃത സിവിൽകോഡ് എന്ന ആശയത്തിന് ആക്കം പകരുന്നതുമാണ്. ദേവസ്വം ബോർഡ് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ഒരു സമിതിയാണ്. അതിന് അവർക്ക് കഴിയാത്ത സ്ഥിതി ഉണ്ടായത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യം നിയമജ്ഞരുമായി േചർന്ന് ആലോചിക്കും. വിജയസാധ്യത ഉറപ്പുണ്ടെങ്കിൽ മാത്രമേ അതിന് ശ്രമിക്കുകയുള്ളൂ.
-പി.ജി. ശശികുമാര വർമ,
പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ്
---------------------------------------------------------------
പുതിയ ആചാരം ചിന്തിക്കാനേ പാടില്ല
ക്ഷേത്രങ്ങൾക്ക് തന്ത്ര ശാസ്ത്രപരമായ ഒരു നിയമമുണ്ട്. പ്രതിഷ്ഠ നടത്തിക്കഴിഞ്ഞാൽ ഉടനെ ഇങ്ങനെയെല്ലാം ആചരിച്ചുകൊള്ളാം എന്ന് ആചാര്യൻ പറയുന്ന കാര്യമുണ്ട്. അതാണ് ആ ക്ഷേത്രത്തിെൻറ ആചാരം. അത് മാറ്റാവുന്നതല്ല. അതാണ് ആ ക്ഷേത്രത്തിെൻറ അസ്തിത്വം. ശബരിമലയുടെ നിലനിൽപുതന്നെ അതിെൻറ ആചാരങ്ങളിൽ അധിഷ്ഠിതമാണ്. അവിടെ ആചാരം മാറ്റി പുതിയ ആചാരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ പാടില്ല. ആചാരം മാറ്റിയാൽ ആരാധനാലയങ്ങൾ കാഴ്ച ബംഗ്ലാവുകൾ പോലെയാകും. ശബരിമലയെ വിനോദസഞ്ചാര ഇടമാക്കാൻ നടക്കുന്ന ശ്രമത്തിെൻറ ഭാഗമാണ് ഇതെല്ലാമെന്ന് തോന്നിപ്പോകുന്നു. ഇതിനെ സാമൂഹിക പരിഷ്കരണമായി കാണാനാവില്ല. ശാസ്താ ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. അവിടെല്ലാം ഒാരോരോ ആചാരങ്ങളാണ്.
ശബരിമലയുടെ ആചാരമാണ് യുവതികൾക്ക് പ്രവേശനമില്ല എന്നത്. അത് മാറ്റിയാൽ ശബരിമലയുടെ അസ്തിത്വം പോയി. തമിഴ്നാട്ടിൽ ജല്ലിക്കെട്ട് കോടതി തടഞ്ഞപ്പോൾ അതിനെ മറികടക്കാൻ അവിടെ നിയമം നിർമിച്ചു. സമാന രീതിയിൽ നിയമ നിർമാണം ഇവിടെയും ആവശ്യമാണ്. അതിന് സംസ്ഥാന സർക്കാർ തയാറാവണം. കോടതിയെ കുറ്റം പറയുകയല്ല വേണ്ടത്. സംസ്ഥാന സർക്കാറിെൻറ നിലപാടിനെയാണ് എതിർക്കേണ്ടത്. സർക്കാർ ആവശ്യമില്ലാത്ത സ്പീഡ് കാണിക്കുകയാണ്.
-അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻറ്
----------------------------------------------------------
തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡ്
കോടതി തീരുമാനം എടുത്തു എങ്കിലും സ്ത്രീകൾ പോകും എന്ന് കരുതുന്നില്ല. രജസ്വലയാകുന്ന സമയത്ത് ഹിന്ദു സ്ത്രീകൾ വീടുകളിൽ പോലും നിലവിളക്ക് തെളിയിക്കാറില്ല. കോടതി അനുമതി നൽകിയെങ്കിലും അതൊരു അനുഗ്രഹമായി കണ്ട് സ്ത്രീകൾ ശബരിമല ദർശനത്തിന് പോകും എന്ന് കരുതുന്നില്ല. കോടതി വിധി അംഗീകരിക്കുന്നു. എങ്കിലും വിധിയിൽ നിരാശയുണ്ട്. അത് പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ല. അതിെൻറ പേരിൽ പ്രക്ഷോഭം നടത്താനും എസ്.എൻ.ഡി.പിയോഗത്തിന് താൽപര്യമില്ല.
-വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി
------------------------------------------------------------
പുരുഷെൻറ ആചാരമാണ് സ്ത്രീകൾക്കും വേണ്ടത്
പുരുഷൻ എെന്തല്ലാമാണോ ചെയ്യുന്നത് അതുതന്നെയാവണം ശബരിമലയിൽ സ്ത്രീയുടെയും ആചാരങ്ങൾ. സ്ത്രീകൾ ഏകാദശിയടക്കം എത്രയോ വ്രതങ്ങൾ നോക്കുന്നവരാണ്. അതിനാൽ, വ്രതശുദ്ധി എന്താണെന്ന് അവർക്ക് അറിയാം. വ്രതങ്ങൾ മനസ്സിനെയാണ് ശുദ്ധീകരിക്കുക. ആർത്തവം ശരീരത്തിനാണുള്ളത്. അതിനാൽ, അതൊരു ന്യൂനതയായി കാണേണ്ടതില്ല. ശബരിമല വ്രതത്തിലെ പഞ്ച ശുദ്ധിയിൽ ശരീര ശുദ്ധി എന്നത് കുളിക്കലാണ്. ആർത്തവം ശരീരത്തെ അശുദ്ധമാക്കുന്നു എന്നാണ് പറയുന്നതെങ്കിൽ ഒരു ശരീരവും ശുദ്ധമാകില്ല. വിയർപ്പ് അടക്കം ശരീരത്തിൽനിന്ന് പലതും പുറത്തേക്ക് വരുന്നുണ്ട്. അതെല്ലാം ശരീരത്തെ അശുദ്ധമാക്കുന്നതാണ്. അതിൽനിന്നെല്ലാം ശരീരത്തെ ശുദ്ധമാക്കുന്നത് സ്നാനമാണ്. അതാണ് പുരുഷൻ നിർവഹിക്കുന്നത്. അതുതെന്നയാണ് സ്ത്രീയും നിർവഹിക്കേണ്ടത്. മനസ്സ് ശുദ്ധമാണെങ്കിൽ മറ്റൊന്നും നോക്കാനില്ല. മറ്റെല്ലാ ആചാരങ്ങളും പൗരോഹിത്യം അടിച്ചേൽപിക്കുന്നവയാണ്. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയപ്പോഴും ആചാരം ലംഘിച്ചുവെന്ന് ആരോപിച്ച് കലാപം ഉയർത്തിയവരാണ് പുരോഹിതർ.
-സ്വാമി സന്ദീപാനന്ദ ഗിരി
--------------------------------------------------------
സ്ത്രീകൾ തീരുമാനിക്കെട്ട
2000 വർഷങ്ങൾക്കു മുേമ്പ നിലനിൽക്കുന്ന നിരുപദ്രവപരമായ ആചാരമാണ് ശബരിമലയിലേത്. നിലവിലെ ആചാരത്തെ മാറ്റി പുതിയത് വേണമെന്നു പറഞ്ഞ് പോകുന്നവർക്ക് പിന്നിൽ പല താൽപര്യങ്ങളുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. പഴയ ആചാരം പാലിക്കണമെന്നാണ് എൻ.എസ്.എസ് നിലപാട്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മ ചാരിയാണ്. സ്ത്രീകളെ കാണരുത് എന്നതാണ് ശബരിമലയിലെ തത്ത്വം. അങ്ങനെയുള്ള അയ്യപ്പനിൽ വിശ്വാസമുള്ള സ്ത്രീകൾ അവിടേക്ക് പോകുമെന്ന് കരുതുന്നില്ല. വിഷയത്തിൽ പ്രതികരിക്കാനില്ല. പോകണമോ വേണ്ടയോ എന്നത് സ്ത്രീകൾ തീരുമാനിക്കെട്ട.
-പി.എൻ. നരേന്ദ്രനാഥൻ നായർ
നായർ സർവിസ് െസാൈസറ്റി, പ്രസിഡൻറ്
---------------------------------------------------------
തത്ത്വമസി ദർശനം കോടതി വിധിയിലൂടെ ഉദയമാവില്ല
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതിെൻറ പിന്നിൽ ശാസ്ത്രീയതയുണ്ട്. വൈദികവും താന്ത്രികവുമായ ഋഷി ദർശനത്തെ ആസ്പദമാക്കിയാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഭൗതികമായ വിഷയ ത്യാഗത്തിലൂടെ ഈശ്വരപ്രാപ്തിക്കുതകുന്ന ത്യാഗ സമ്പൂർണമായ അനുഷ്ഠാനമാണ് അവിടെ നിലനിൽക്കുന്നത്. അത് 41 ദിവസത്തെ സന്യാസമാണ്. ലോകത്തൊരിടത്തും ഇങ്ങനെ ഒരു ആചാര പദ്ധതി ഇല്ല. മറ്റ് അയ്യപ്പക്ഷേത്രങ്ങളിലും ഇല്ല. ആത്യന്തികമായ ജന്മസാഫല്യത്തെ ലക്ഷ്യമാക്കി സത്യദർശികൾ നിർദേശിച്ച ഈ ആചാരം ഭരണഘടന ഉണ്ടാകുന്നതിനും മുമ്പേ ഉള്ളതാണ്. സർവവും ഒരേയൊരു ദൈവമാണ്, ഞാനും നീയും ഒന്നാണ് എന്ന തത്ത്വമസി ദർശനം ഒരു കോടതി വിധി മൂലം ഒരു വ്യക്തിയിൽ ഉദയമാവുകയില്ല. അത് ആചാരത്തിലൂടെ ഉണ്ടാകേണ്ടതാണ്. അതിനാൽ, ശബരിമലയെ സംരക്ഷിക്കേണ്ടത് ഏവരുടേയും ആവശ്യമാണ്.
-സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ,
ശ്രീ ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം, പത്തനംതിട്ട.
--------------------------------------------------------
പ്രത്യേക ക്രമീകരണം ഉണ്ടാവില്ല; അയ്യപ്പ സേവാസംഘം പതിവുപോലെ പ്രവർത്തിക്കും
ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനോട് തുടക്കം മുതൽ അയ്യപ്പ സേവാ സംഘത്തിന് യോജിപ്പില്ല. അതിനാലാണ് ഞങ്ങൾ കേസിൽ കക്ഷിചേർന്നത്. കോടതി അനുവദിച്ചാലും ഇൗശ്വര വിശ്വാസമുള്ള ഒരു സ്ത്രീപോലും ശബരിമലയിൽ ദർശനത്തിന് േപാകുമെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. അയ്യപ്പ സേവാ സംഘം ശബരിമലയിലെ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നവരല്ല. ദേവസ്വം ബോർഡും സർക്കാറുമാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നവർ. അയ്യപ്പ ഭക്തർക്ക് വേണ്ട സേവനങ്ങൾ ചെയ്യുകയാണ് ഞങ്ങൾ നടത്തിവരുന്നത്. അന്നദാനം, ചുക്കുവെള്ള വിതരണം, ഒാക്സിജൻ പാർലറുകൾ സജ്ജീകരിക്കൽ എന്നിവയാണ് ശബരിമലയിൽ അയ്യപ്പ സേവാസംഘം നടത്തിവരുന്നത്. അത് പൊതുവായി എല്ലാവർക്കും വേണ്ടിയുള്ളതാണ്. അത് അതുപോലെ തുടരും. സ്ത്രീകൾക്കായി പ്രത്യേക സൗകര്യം ഒരുക്കാൻ സേവാസംഘത്തിന് ഇപ്പോൾ കഴിയില്ല. സ്ത്രീകൾക്ക് കടന്നുവരുന്നതിന് ക്രമീകരണങ്ങൾ ഒരുക്കേണ്ടത് സർക്കാറും ദേവസ്വം ബോർഡുമാണ്. ആചാരാനുഷ്ഠാനങ്ങളെ തിരുത്താനും ലംഘിക്കാനും ഉള്ള ശാഠ്യം വിശ്വാസമുള്ളവർ ആരും കാണിക്കില്ല.
രജസ്വലയായ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ ആരും തടയാറില്ല. പക്ഷേ, ആ സമയത്ത് ഒരു സ്ത്രീയും ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല എന്നതാണ് തുടർന്നുവരുന്ന ആചാരം.
-തെന്നല ബാലകൃഷ്ണ പിള്ള
അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡൻറ്
-----------------------------------------------------------
ശബരിമലയിൽ മാത്രം പോരാ
സ്ത്രീകൾക്ക് സുരക്ഷിതമായി പോകാനും വരാനുമുള്ള സൗകര്യം ഏർെപ്പടുത്തുകയാണ് വേണ്ടത്. സ്ത്രീകളുടെ അവകാശം ശബരിമല പ്രവേശനത്തിൽ ഒതുങ്ങിയാൽ പോരാ. പൗരോഹിത്യത്തിൽ തന്നെ സ്ത്രീകൾക്ക് അവസരം നൽകണം. ബ്രാഹ്മണത്വത്തിൽ അധിഷ്ഠിതമായ പൗരോഹിത്യമാണിവിടെ നടമാടുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ശിവ, ഭദ്രകാളി ക്ഷേത്രങ്ങളാണ്. അത് ദ്രാവിഡ സംസ്കാരത്തിെൻറ ഭാഗമാണ്. ഇവയെല്ലാം ബ്രാഹ്മണർ കൈയടക്കുകയായിരുന്നു. ആചാരാനുഷ്ഠാനങ്ങൾ പറഞ്ഞാണ് ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും ക്ഷേത്രങ്ങളിൽനിന്ന് അകറ്റിനിർത്തിയിരുന്നത്. ആ ആചാരങ്ങൾ മാറ്റാനായി. സമാനമായ മാറ്റമാണ് സ്ത്രീകളുടെ കാര്യത്തിൽ ഉണ്ടാവേണ്ടത്.
-െഎ.കെ. രവീന്ദ്ര രാജ്
സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി സെൻറർ, സംസ്ഥാന പ്രസിഡൻറ്
------------------------------------------------------------
ക്ഷേത്രകാര്യങ്ങളിൽ തൽസ്ഥിതി തുടരും
സുപ്രീംകോടതി വിധി നടപ്പാക്കാൻ ബോർഡ് ബാധ്യസ്ഥമാണ്. വിധി നടപ്പാക്കുന്നതിന് എന്തു ചെയ്തു എന്ന് ഹൈകോടതി വിശദീകരണം േചാദിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് കടന്നുവരുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. പന്തളം കൊട്ടാരത്തിെൻറ അടക്കം അഭിപ്രായങ്ങൾ മാനിച്ചാണ് ബോർഡ് പ്രവർത്തിക്കുന്നത്. നിലവിലെ ആചാരം പാലിക്കണോ മാറ്റണോ എന്നത് ഭക്തർതന്നെ തീരുമാനിക്കെട്ട. നിലവിൽ തുടർന്നുവരുന്ന രീതിയിൽതെന്ന ക്ഷേത്രകാര്യങ്ങൾ നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനം.
-എ. പത്മകുമാർ
ദേവസ്വം ബോർഡ് പ്രസിഡൻറ്
-----------------------------------------------------------
നിർദേശം സമർപ്പിക്കേണ്ടത് ആചാരത്തെക്കുറിച്ച് ബോധമുള്ളവർ
ആചാരമാറ്റം രൂപപ്പെടുത്തേണ്ടത് സർക്കാറോ കോടതിയോ അല്ല. ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് ബോധമുള്ളവരും പഠിച്ചിട്ടുള്ളവരും തന്ത്രിമാരും ഒക്കെയാണ് അതിനുള്ള നിർദേശം സമർപ്പിക്കേണ്ടത്. സംസ്ഥാന സർക്കാർ നിലപാടാണ് ഇത്തരം സ്ഥിതി സംജാതമാക്കിയത്. സ്ത്രീ പ്രവേശനത്തിൽ സർക്കാറിന് എതിർപ്പില്ല എന്ന് കോടതിയിൽ പറഞ്ഞതോടെയാണ് ഇൗവിധം വിധിവരാൻ കാരണമായത്. തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകിയ വിധം നിയമ നിർമാണം നടത്തുകയാണ് േവണ്ടത്.
ആചാരസംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന സർക്കാറുകളാണ് മുൻകൈയെടുക്കേണ്ടത്. ഏതു മതം സ്വീകരിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിനുള്ള സംരക്ഷണം നൽകേണ്ടത് സർക്കാറാണ്. അതിന് തടസ്സമുണ്ടായാൽ നിയമ നിർമാണം നടത്തുകയാണ് വേണ്ടത്. ശബരിമല സ്ത്രീ പ്രവേശനം ൈഹന്ദവരുടെ മാത്രം വിഷയമല്ല. ഇത് ഏകീകൃത സിവിൽകോഡിനുള്ള മുന്നൊരുക്കമാണ്. അത് മുളയിലേ നുള്ളേണ്ടത് എല്ലാവരുടെയും കടമയാണ്.
-പ്രയാർ ഗോപാലകൃഷ്ണൻ
ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ്
----തയാറാക്കിയത് ബിനു. ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.