അയോധ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പഴയ ഫൈസാബാദ് ജില്ലയിലെ താമസക്കാരായ നാലുലക്ഷം മുസ്ലിംകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പഴയ അയോധ്യ പട്ടണത്തിൽ അധിവസിക്കുന്നത്. അവർ കൂടുതലായി പാർക്കുന്ന ഇടങ്ങളിൽ ഭയാനകമായ നിശ്ശബ്ദത പ്രകടം
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ അയോധ്യയിലും പരിസരങ്ങളിലും ആവേശം പടരുന്നതിനിടെ നഗരത്തിലെ ഏതാനും തെരുവുകളിൽ പട്രോളിങ് നടത്തുന്ന തിരക്കിലാണ് യു.പിയിലെ പി.എ.സി പൊലീസ് സേനാംഗങ്ങൾ.
അയോധ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പഴയ ഫൈസാബാദ് ജില്ലയിലെ താമസക്കാരായ നാലുലക്ഷം മുസ്ലിംകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പഴയ അയോധ്യ പട്ടണത്തിൽ അധിവസിക്കുന്നത്. അവർ കൂടുതലായി പാർക്കുന്ന ഇടങ്ങളിൽ ഭയാനകമായ നിശ്ശബ്ദത പ്രകടമാണ്. ദൗരായ് കുവാൻ, ധരം കാന്ത പഞ്ജിതോല തുടങ്ങിയ പ്രദേശങ്ങളിൽ അസാധാരണമായ പൊലീസ് നിരീക്ഷണം ദൃശ്യമാണ്.
പുതിയ ക്ഷേത്രത്തിന്റെ പുറംവേലിക്ക് സമീപസ്ഥലമായതിനാലാണ് ഈ പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളായതിനാലാണ് മേഖലയിലെ വർധിത പൊലീസ് വിന്യാസമെന്ന് വിശ്വസിക്കാൻ ഇവിടത്തുകാർക്ക് മതിയായ കാരണങ്ങളുണ്ട്.
തലമുറകളായി താമസിച്ചുപോരുന്ന വീടുകൾ നഷ്ടപ്പെടുമോ എന്ന ഭീതിയും പലർക്കുമുണ്ട്. നഷ്ടപരിഹാരം നൽകി ഉടമകളെ കുടിയിറക്കി പ്രദേശത്തെ ഏതാനും വീടുകൾ ഈയിടെ നീക്കംചെയ്തിരുന്നു. കിട്ടുന്നത് വാങ്ങി നിരുപാധികം ഒഴിഞ്ഞുപോവുക എന്നതേ അവർക്കു മുന്നിൽ മാർഗമായുള്ളൂ. 1992 ഡിസംബറിൽ ബാബരി മസ്ജിദ് തകർത്ത അക്രമികൾ ഈ പ്രദേശങ്ങളിലെ ചില മസ്ജിദുകളും ന്യൂനപക്ഷ സമുദായാംഗങ്ങളുടെ വാണിജ്യ സ്ഥാപനങ്ങളും തകർത്തതോടെ കുറെ പേർ നാടുവിട്ടുപോയിരുന്നു.
ഇപ്പോഴും അവിടെ താമസിക്കുന്ന മുസ്ലിം കുടുംബങ്ങളുടെ മനസ്സുകളിൽ ഭയം നിഴലിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. പ്രായമായവർ അനുഭവത്തിന്റെ വെളിച്ചത്തിൽ നിശ്ശബ്ദത പുലർത്തുമ്പോൾ, പുതുതലമുറ ഇത് തുറന്നുപറയുന്നു.
‘ഞങ്ങളുടെ ഒരു അയൽവാസിയുടെ വീട് കുറച്ചു ദിവസം മുമ്പ് പൊളിച്ചു, അടുത്ത ഊഴം ഞങ്ങളുടെതായാലും അത്ഭുതപ്പെടാനില്ല; ഞാനും എന്റെ മാതാപിതാക്കളും എവിടേക്ക് പോകുമെന്ന് ഒരു പിടിയുമില്ല’- അടുത്തിടെ പൊളിച്ചിട്ട വീടിന്റെ അവശിഷ്ടങ്ങൾക്കരികിൽനിന്ന് ഒരു പതിനാറുകാരൻ പറയുന്നു.
‘പുറത്തുനിന്ന് വരുന്ന അതിഥികളെ വീടുകളിൽ അനുവദിക്കരുതെന്ന് നിർദേശം ലഭിച്ച കാര്യം അറിയിച്ച വയോധികക്ക് പേര് വെളിപ്പെടുത്താൻ വിസമ്മതം. ഞങ്ങളോടൊപ്പം താമസിക്കാൻ ഏതെങ്കിലും അതിഥികൾ വന്നാൽ ഇക്കാര്യം പൊലീസിനെ അറിയിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ, അധികൃതർ സമ്പൂർണ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പ്രദേശത്തെ സമുദായ പ്രമുഖരിൽ ഒരാൾ വ്യക്തമാക്കുന്നു. ‘ജനങ്ങളുടെ ആശങ്ക ഐ.ജിയെ രേഖാമൂലം അറിയിച്ചുവെന്നും ഇവിടെ താമസിക്കുന്ന ഒരു മുസ്ലിമിനും പ്രയാസമുണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് കമ്മിറ്റിയുടെ ഭാരവാഹി മുഹമ്മദ് അഅ്സം ഖാദ്രി പറഞ്ഞു.
ഏറ്റെടുത്ത ഭൂമിക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകിയെന്ന് വ്യക്തമാക്കിയ അദ്ദേഹം പണം നൽകുന്നതിൽ മതപരമായ വിവേചനം ഉണ്ടായിട്ടില്ലെന്നും വിലയിരുത്തുന്നു. ‘ഭരണകൂടവും പൊലീസും പക്ഷപാതമില്ലാതെ കർശന ജാഗ്രത പുലർത്തുകയാണെങ്കിൽ, ഭയപ്പെടാനൊന്നുമില്ല’എന്നുപറയുന്ന ഖാദ്രിയെ അലട്ടുന്നത് 1992ൽ ഭരണകൂടം പുലർത്തിയ നീതികേടാണ്.
പഞ്ജിതോളയിൽ മെതിയടികൾ ഉണ്ടാക്കി വിൽക്കുന്ന മിറാജ് എന്ന 36കാരന്റെ വീടും പണിശാലയുമിരിക്കുന്നത് പുതിയ രാമക്ഷേത്രത്തിന്റെ പുറംവേലികൾക്കും പൊലീസിന്റെ നിരീക്ഷണ ടവറിനുമരികിലായാണ്. നാട്ടിൽ കുഴപ്പങ്ങളൊന്നുമുണ്ടാകാതിരിക്കാൻ നിരന്തരം പ്രാർഥിച്ചു കൊണ്ടിരിക്കുകയാണ് എഴുപതു പിന്നിട്ട ഉമ്മ മെഹ്റുന്നിസ.
പ്രദേശത്തെ പ്രധാന പാതയോരത്തുള്ള പഴയ പള്ളികളിലൊന്നിൽ ഉന്നമിട്ടിരിക്കുന്ന വിശ്വഹിന്ദുപരിഷത്ത് അത് പിടിച്ചെടുക്കാനായി പണികൾ പലതും നോക്കിയതാണ്. പള്ളി ഭാരവാഹികളിലൊരാൾ ഒപ്പിച്ച കച്ചവട കരാർ പോലും സംഘടിപ്പിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ആ നീക്കം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്- അവർ പറയുന്നു.
അതിനിടയിൽ, പ്രദേശത്തെ ചില പ്രമുഖ മുസ്ലിംകളെ ഒപ്പം നിർത്താൻ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. ബാബരി മസ്ജിദിനു വേണ്ടി നിയമപോരാട്ടം നടത്തിയ ഹാഷിം അൻസാരിയുടെ മകൻ ഇഖ്ബാൽ അൻസാരിയാണ് അതിലൊരാൾ. ‘ബാബരി കേസിലെ മുസ്ലിം പക്ഷ ഹരജിക്കാരന്റെ മകൻ’എന്നനിലയിൽ മാത്രം വാർത്തപ്രാധാന്യം നേടിയ ഇഖ്ബാൽ, പിതാവിന്റെ നിലപാടുകൾ കൈയൊഴിഞ്ഞ മട്ടാണ്.
രാമക്ഷേത്രം യാഥാർഥ്യമാക്കിയതിന് യോഗി ആദിത്യനാഥിനെയും പ്രകീർത്തിക്കുന്ന അദ്ദേഹത്തെ അയോധ്യയിൽനിന്നുള്ള മുസ്ലിംകളുടെ പ്രതീകമായി ബി.ജെ.പിയും വി.എച്ച്.പിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ഉയർത്തിക്കാട്ടുന്നതിൽ അത്ഭുതമില്ല.
പക്ഷേ, ക്ഷേത്രനഗരിയിലെ ഭൂരിഭാഗം മുസ്ലിംകളുടെയും ചിന്തയും നിലപാടും അൻസാരിയുടേതിന് സമാനമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.