മുസ്ലിം ഉള്ളടക്കമുള്ള പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വസ്തുതകളെ ‘അവ്യക്തമാക്കി’ അവതരിപ്പിക്കുന്നതും മുസ്ലിം സൂചകമുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളെ ‘സംശയത്തിെൻറ നിഴലിൽ’ നിർത്തുന്നതും നിലനിൽക്കുന്ന അവകാശ നിഷേധങ്ങളെയും ഇസ്ലാമോഫോബിയയെയും ശക്തിപ്പെടുത്താനേ ഉപകരിക്കൂ
കൊളോണിയൽ ശക്തികൾക്കെതിരെ ചെറുത്തു നിൽക്കാനുള്ള ഫലസ്തീനികളുടെ ദേശീയ രാഷ്ട്രീയ അവകാശം എന്ന കേന്ദ്രപ്രമേയത്തിൽ യോജിക്കുന്നവർ പണ്ടുതൊട്ടുതന്നെ കേരളത്തിൽ ധാരാളമുണ്ട്. പക്ഷേ, മാറിയ കാലത്ത് മുസ്ലിം രാഷ്ട്രീയ പ്രശ്നങ്ങളെ സൂക്ഷ്മമായി പരിഗണിക്കാതെയുള്ള ഫലസ്തീൻ അനുകൂല പ്രമേയങ്ങൾ ഇസ്ലാമോഫോബിയയുടെ വഴുക്കുന്ന പ്രതലങ്ങളിൽ തെന്നിവീഴുന്ന കാഴ്ചയാണുള്ളത്.
ഭീകരത, ഹിംസ, രാഷ്ട്രീയം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽത്തന്നെ വികസിച്ച മുസ്ലിംവിരുദ്ധ വാർപ്പുമാതൃകകൾ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നതു കേരളത്തിൽ വ്യാപകമാകുന്നു.
മുസ്ലിംകളെയും അവരുടെ ലോകവീക്ഷണത്തെ നിര്‍മിക്കുന്ന ഇസ്ലാമിനെയും പഴിചാരി വംശീയതക്കു ന്യായീകരണം നിർമിച്ച് ഈ സാമൂഹിക വിഭാഗത്തിനു രാഷ്ട്രീയ അവകാശങ്ങൾ നിഷേധിക്കുന്ന ആധിപത്യ യുക്തിയായാണ് ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. ഫലസ്തീൻ പ്രശ്നത്തിൽ മുസ്ലിംകള് എന്തു പ്രവര്‍ത്തിക്കുന്നു, പറയുന്നു എന്നതല്ല മറിച്ച് സയണിസ്റ്റ് - സാമ്രാജ്യത്വ ആഖ്യാനങ്ങളുടെ പ്രവര്‍ത്തന വൈപുല്യമാണ് ഇസ്ലാമോഫോബിയയുടെ കാരണം.
അതായത്, ലോകത്തെ പല ദേശീയ വിമോചന പ്രസ്ഥാനങ്ങളും അതതു സാഹചര്യങ്ങളിലെ മത- സാംസ്കാരിക-പ്രാദേശിക-സാമൂഹിക സവിശേഷതകളെ ഉൾക്കൊണ്ടാണ് വികസിച്ചത്. ലോകം അതൊന്നും പരിശോധിച്ചല്ല ദേശീയ വിമോചന സമരങ്ങളെ പിന്തുണച്ചിരുന്നത്, അധിനിവേശം അവസാനിപ്പിക്കുക എന്നതാണ് മുഖ്യ പ്രശ്നം. അറബ് മുസ്ലിം ഉള്ളടക്കമുള്ളതിനാല്‍ ദേശീയവിമോചന പ്രക്ഷോഭം എന്ന ഫലസ്തീനികളുടെ രാഷ്ട്രീയ അവകാശം നിഷേധിക്കുന്നതിനുപിന്നിൽ വ്യക്തമായ ഇസ്ലാമോഫോബിയ പ്രകടമാണ്.
ശീതയുദ്ധാനന്തരം ശക്തിപ്പെട്ട ആഗോള മുസ്ലിം വിരുദ്ധതയുടെ വാർപ്പുമാതൃകകൾ കേരളീയ സാമൂഹിക ഭാവനയെ സ്വാധീനിച്ചതിന്റെ പ്രതിഫലനങ്ങൾ ഫലസ്തീൻ ഐക്യദാർഢ്യത്തെ വരെ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരുകാലത്തു ഉപാധികൾക്കപ്പുറം ഫലസ്തീനെ പിന്തുണച്ച മലയാളികൾക്കിടയിൽവരെ ആഗോള ഇസ്ലാമോഫോബിയ ഒരു സ്വാധീന ശക്തിയായി മാറിയിരിക്കുന്നു.
സി.പി.എം നേതാവ് കെ.കെ. ശൈലജയുടെ, പിന്നീട് തിരുത്തിയ, “ഹമാസ് ഭീകരർ” എന്ന പ്രയോഗത്തിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിന്റെ “ഹമാസിനെ നിരായുധീകരിക്കണം” എന്ന നിർദേശത്തിലും ഉള്ളടങ്ങിയ ലളിത വായനകൾ സോഷ്യൽ മീഡിയയിൽത്തന്നെ ഏറെ വിമർശിക്കപ്പെട്ടതാണ്.
ഒക്ടോബർ 26ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു സംസാരിച്ച കോൺഗ്രസ് നേതാവ് ശശി തരൂർ ഇസ്രായേലിൽ നടന്ന ഹിംസയെ (അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വ്യക്തമായി രണ്ടു തവണയെങ്കിലും) ‘‘ഭീകരവാദികൾ’’ നടത്തിയ പ്രവർത്തനമായി വിശദീകരിക്കുകയുണ്ടായി.
ഇസ്രായേൽ അധിനിവേശത്തെ വിമർശിക്കുന്ന തരൂർ പക്ഷേ ഇസ്രായേൽ ചെയ്ത ‘‘കാര്യങ്ങൾ’’ എന്നാണ് പറയുന്നത്. ഇസ്രായേലിനെ വിമർശിക്കുമ്പോൾ തരൂർ പ്രത്യേകിച്ചു വിശേഷണങ്ങളൊന്നും ഉപയോഗിക്കുകയുണ്ടായില്ല. ഹമാസ് എന്ന് ഒരു തവണ മാത്രമാണ് തരൂർ പ്രസ്തുത പ്രഭാഷണത്തിൽ പരാമർശിക്കുന്നത്. ‘‘ഹമാസ് ഭീകരവാദികൾ’’ എന്ന പ്രയോഗം തരൂർ നടത്തിയിട്ടില്ല. പകരം ‘‘ഭീകരവാദികൾ’’ എന്നു പൊതുവായി പറയുകയുണ്ടായി.
ഈ വാക്കാവട്ടെ ഫലസ്തീന്റെ കാര്യത്തിൽ മാത്രമാണ് അദ്ദേഹം ആവർത്തിച്ചത്. യാസർ അറാഫത്തിന്റെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെപ്പറ്റി പറയുമ്പോൾ അതൊരു “റെസിസ്റ്റൻസ്” മൂവ്മെന്റ് എന്ന തരത്തിലുള്ള സൂചന ശശി തരൂർ നൽകിയിരുന്നു. പിറ്റേ ദിവസം തരൂർ നടത്തിയ വിശദീകരണത്തിൽ തന്റെ വാക്കുകളെ അടർത്തിയെടുത്തു തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്നും ഫലസ്തീനൊപ്പം നിൽക്കുന്നുവെന്നും ഉറപ്പിച്ചുപറഞ്ഞു.
വളരെ ദീർഘമായ ഒരു പ്രസംഗത്തിലെ ഒന്നോ രണ്ടോ വാക്കുകൾ അടർത്തിയെടുക്കുന്നതിലെ ധർമസങ്കടമാണ് ശശി തരൂർ പങ്കുവെച്ചത്. ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പക്ഷേ, ഇസ്രായേലിന്റെ പ്രവർത്തനത്തെ ‘‘ഭീകരത’’ എന്നു വിശേഷിപ്പിച്ചത് പാർട്ടിയുടെ നിലപാട് പ്രഖ്യാപനമായിരുന്നു.
കെ.കെ. ശൈലജയോ വി.ടി. ബൽറാമോ ശശി തരൂരോ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളോ ബോധപൂർവം ഫലസ്തീൻ വിരുദ്ധതയോ ഇസ്ലാമോഫോബിയയോ വെച്ചുപുലർത്തുന്ന രാഷ്ട്രീയ നിലപാടുള്ളവർ അല്ല. വ്യക്തികളെന്ന നിലയിലുള്ള അവരുടെ പ്രയോഗങ്ങളെ കേവലം നാക്കുപിഴയോ വാക്കുപിഴയോ അലസതയോ ആയി മനസ്സിലാക്കാവുന്നതേയുള്ളൂ.
പക്ഷേ പൊതുവ്യക്തികളുടെ നിലപാടുകളിൽ, പ്രയോഗങ്ങളിൽ, ‘അറിയാതെ’തന്നെ ഇസ്ലാമോഫോബിയ ‘സ്വാഭാവിക’മായി മാറുന്നതും നാക്കുപിഴകൾ ‘നിരന്തരം’ കടന്നുവരുന്നതുമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തെ ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്.
വ്യക്തികളുടെ പിഴവിനെയല്ല, മറിച്ച് പിഴവുകൾ നോർമലൈസ് ചെയ്യുന്ന സാമൂഹിക സാഹചര്യത്തെയാണ് വിമർശിക്കുകയും വിലയിരുത്തുകയും വേണ്ടത്.
യാസർ അറാഫത്തിനെയും ഫലസ്തീനു പിന്തുണ നൽകിയ കമ്യൂണിസ്റ്റുകളെയും സയണിസ്റ്റ് - സാമ്രാജ്യത്വവാദികൾ വിളിച്ചിരുന്ന പേരായിരുന്നു ഭീകരരെന്നു ദീപ കുമാർ (‘ഇസ്ലാമോഫോബിയ ആൻഡ് ദി പൊളിറ്റിക്സ് ഓഫ് എംപയർ’ ( 2012)) നടത്തിയ പഠനം പറയുന്നു. ആഗോള തലത്തിൽ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകർച്ച നടന്നത് 1990 കളിലാണ്. അതിനുശേഷം ശക്തിപ്പെട്ട ഇസ്ലാമോഫോബിയയാണ് ഇസ്ലാം സമം ഭീകരത എന്ന സമവാക്യം പൊതുഭാവനയുടെ ഭാഗമാക്കി മാറ്റിയത്.
സയണിസ്റ്റ് - കൊളോണിയൽ രാഷ്ട്രീയത്തിന്റെ അധികാരമാണ് ഫലസ്തീൻ പ്രശ്നത്തെ നിർമിക്കുന്നതെന്ന പ്രാഥമിക യുക്തിയിലൂന്നി ഏറെ ആഴത്തിലും ഗൗരവത്തിലും പ്രതികരിച്ച സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി പോലും “ഹമാസ് ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലയെന്നു” പ്രസ്താവിക്കുകയുണ്ടായി.
ബേബി തന്നെ പരിഹാരമായി പറയുന്ന കിഴക്കൻ ജറൂസലം കേന്ദ്രമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരം 2006 മുതൽ തന്നെ ഹമാസ് അംഗീകരിക്കുന്നുവെന്നതാണ് വസ്തുത (നെവൻ ബോണ്ടോക്ജി എഴുതിയ, നാഷനലിസ്റ്റ് വേഴ്സസ് റിലീജ്യസ്: ഇംപ്ലിക്കേഷൻസ് ഫോർ പീസ് വിത്ത് ഹമാസ് എന്ന ബ്രൂകിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രബന്ധം, 2014 കാണുക).
ഏറെ ജാഗ്രതയോടെ ഫലസ്തീൻ പ്രശ്നത്തെപ്പറ്റി സംസാരിക്കുന്ന എം.എ. ബേബിയുടെ പ്രസ്താവനയിൽപോലും വസ്തുതാവിരുദ്ധത കടന്നുവരുന്നത് നേരത്തെ സൂചിപ്പിച്ച പ്രാഥമിക യുക്തി പിന്നോട്ടടിക്കുന്നതിന്റെ സൂചനയാണ്. എന്നാൽ, ബേബി ഉന്നയിച്ച ഈ വിമർശനം പോലും ഒരു സംവാദ വിഷയമാണെന്നാണ് വസ്തുത.
വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ ജൂതകുടുംബ പശ്ചാത്തലമുള്ള ചിന്തകരായ ഇലൻ പപെയും നോം ചോംസ്കിയും അറിയപ്പെടുന്ന ഫലസ്തീൻ സ്വാതന്ത്ര്യവാദികളാണ്. എന്നാൽ, 2015ൽ പ്രസിദ്ധീകരിച്ച ‘ഓൺ ഫലസ്തീൻ’ എന്ന പുസ്തകത്തിൽ ചോംസ്കി ദ്വിരാഷ്ട്ര പരിഹാരത്തെ ഉയർത്തിപ്പിടിച്ചപ്പോൾ ഇലൻ പപെ ഏകരാഷ്ട്ര പരിഹാരമാണ് മുന്നോട്ടുവെച്ചത്.
മറ്റെല്ലാ സാമൂഹിക -രാഷ്ട്രീയ ആവിഷ്കാരങ്ങൾ പോലെതന്നെ ഹമാസ് അടക്കമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളോടുള്ള വിമർശനം ഒരു രാഷ്ട്രീയ അവകാശമാണ്. പക്ഷേ, അത് ലാഘവത്തോടെ നടത്തേണ്ട ഒന്നല്ല. മുസ്ലിം ഉള്ളടക്കമുള്ള പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വസ്തുതകളെ ‘അവ്യക്തമാക്കി’ അവതരിപ്പിക്കുന്നതും മുസ്ലിം സൂചകമുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളെ ‘സംശയത്തിന്റെ നിഴലിൽ’ നിർത്തുന്നതും നിലനിൽക്കുന്ന അവകാശ നിഷേധങ്ങളെയും ഇസ്ലാമോഫോബിയയെയും ശക്തിപ്പെടുത്താനേ ഉപകരിക്കൂ.
ഇസ്ലാമോഫോബിയയുടെ മുൻമാതൃകകളെയും മുസ്ലിം ഉള്ളടക്കമുള്ള പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ പുലർത്തുന്ന ലളിതവത്കരണങ്ങളെയും വിമർശനാത്മകമായി മറികടക്കുമ്പോൾ മാത്രമേ ഫലസ്തീൻ ഐക്യദാർഢ്യം എന്ന കൊളോണിയൽ വിരുദ്ധ പ്രമേയം പുതുകാല രാഷ്ട്രീയ പ്രതിരോധമായി വികസിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.