പുതുമുഖങ്ങൾ നിറഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ അഹമ്മദ് ദേവർകോവിലിെൻറ സാന്നിധ്യം ഒരു ചരിത്രം കൂടിയാണ്. ഇന്ത്യൻ നാഷനൽ ലീഗ് എന്ന പാർട്ടിയുടെ ചരിത്രത്തിലെ ആദ്യ മന്ത്രിയാണ് അദ്ദേഹം. തുറമുഖ വകുപ്പിെൻറ ചുമതലയാണ് ദേവർകോവിലിന്. ഭാവി പദ്ധതികൾ മന്ത്രി മാധ്യമവുമായി പങ്കുവെച്ചപ്പോൾ
നിയമസഭാംഗമായതിെൻറ ആദ്യ ടേമിൽതന്നെ മന്ത്രിപദവിയും താങ്കളെ തേടിയെത്തിയിരിക്കുന്നു. എങ്ങനെ കാണുന്നു?
മന്ത്രിപദവി ലഭിച്ചു എന്നതു മാത്രമല്ല, സുപ്രധാന വകുപ്പുമാണു ലഭിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരമേഖലയുമായി ബന്ധപ്പെട്ട വികസനം സാധ്യമാക്കുക എന്ന ദൗത്യമാണ് മുന്നിലുള്ളത്. ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിച്ച് സർക്കാറിെൻറ പ്രഖ്യാപിത നയങ്ങൾക്കനുസൃതമായി വികസനം സാധ്യമാക്കാൻ പ്രയത്നിക്കും.
വിഴിഞ്ഞം പദ്ധതിയാണ് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. ഇതിനകം പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെങ്കിലും ചില തൊഴിൽപ്രശ്നങ്ങളിൽ ഉടക്കി നിൽക്കുകയാണെന്നാണ് മനസ്സിലാകുന്നത്. എല്ലാവരുമായും ചർച്ച നടത്തി പ്രവർത്തനങ്ങൾ വേഗത്തിലാക്കി പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കും.
റോഡുമാർഗമുള്ള യാത്രയിലും ചരുക്കുനീക്കത്തിലും ഗതാഗതക്കുരുക്കും ചെലവും അഭൂതപൂർവമായി വർധിക്കുകയാണ്. വിമാനയാത്രയും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭാരിച്ച ചെലവാണ്. ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുേമ്പാൾതന്നെ കപ്പൽയാത്ര സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവരുമായും അന്താരാഷ്ട്ര കമ്പനികളുമായും ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. മുമ്പ് മലയാളികൾ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും ഗൾഫിലേക്കുമെല്ലാം യാത്രചെയ്യുന്നതിന് കപ്പലിനെയാണ് ആശ്രയിച്ചത്. വിമാന സർവിസ് യാഥാർഥ്യമായതോടെയാണ് കപ്പൽ ഒഴിവായത്. പുതിയ കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽതന്നെ ചെലവുകൾ വെട്ടിച്ചുരുക്കുന്ന കാലത്ത് ചെലവുകുറഞ്ഞ യാത്രാ മാർഗങ്ങളെക്കുറിച്ച് ലോകം വീണ്ടും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കപ്പൽ സർവിസ് ഹജ്ജ് യാത്രക്കടക്കം പുനരാരംഭിക്കാനുള്ള സാധ്യതകൾ ആരായും.
കണ്ണൂർ വിമാനത്താവള പദ്ധതിയോടൊപ്പംതന്നെ അഴീക്കൽ തുറമുഖം അന്താരാഷ്ട്ര തുറമുഖമാക്കി മാറ്റാനുള്ള പദ്ധതിയുമുണ്ടായിരുന്നു. സ്ഥലം അക്വയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നാണ് അറിവ്. ബന്ധപ്പെട്ട കമ്മിറ്റികളുമായി ചർച്ചചെയ്ത് ഇതിെൻറ കുരുക്കഴിച്ച് മുന്നോട്ടുപോകും. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും കൊച്ചി തുറമുഖത്തെത്തുന്ന ചരക്കുകൾ ഇപ്പോൾ റോഡുമാർഗമാണ് മലബാർ മേഖലയിലേക്ക് വരുന്നത്. ലോറിയിൽ സാധനങ്ങൾ എത്തിക്കാൻ ഏകദേശം 45,000 രൂപ വരെ ചെലവുവരും. അഴീക്കൽ തുറമുഖം യാഥാർഥ്യമാക്കിയാൽ ഇത് പകുതിയായി ചുരുക്കാൻ സാധിക്കും. മലബാറിലേക്കുള്ള സാധനങ്ങൾ ഇവിടെ ഇറക്കുന്നത് വ്യാപാരികൾക്ക് ആശ്വാസമാവുകയും ജനങ്ങൾക്ക് സാധനങ്ങൾ വില കുറഞ്ഞ് ലഭിക്കുകയും ചെയ്യും. മാത്രമല്ല, റോഡിലെ ഗതാഗതക്കുരുക്കും ഒഴിവാക്കാം.
ലക്ഷദ്വീപുമായി ചിരപുരാതന ബന്ധമുള്ള േബപ്പൂർ തുറമുഖത്തെ അവഗണിച്ച് ഒഴിവാക്കാൻ നീക്കം നടക്കുന്നതായി പരാതിയുണ്ട്
കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ജില്ലക്ക് മൂന്ന് മന്ത്രിമാരെ ലഭിച്ചിട്ടുണ്ട്. പൊതുമരാമത്തും ടൂറിസവും ലഭിച്ചിരിക്കുന്നത് ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസിനാണ്. അതുകൊണ്ടുതന്നെ ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ചേർന്നുനിന്ന് പ്രവർത്തിക്കാനാകും. ലക്ഷദ്വീപിൽനിന്ന് സാധനങ്ങൾ ഇേങ്ങാട്ട് എത്തിക്കാനും അങ്ങോട്ട് അയക്കാനും ഉപയോഗിക്കുന്ന തുറമുഖമെന്ന നിലയിൽ ബേപ്പൂർ തുറമുഖത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിനും ബേപ്പൂർ തുറമുഖത്തിെൻറ വികസനത്തിലൂടെ സാധിക്കും. മലബാറിലെ ടൂറിസം സാധ്യതകളും ഇത്തരത്തിൽ പ്രയോജനപ്പെടുത്താനാകും. വിദേശ ടൂറിസ്റ്റുകൾ വിമാനങ്ങളേക്കാൾ കപ്പലുകളെ ആശ്രയിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
തുറമുഖ വകുപ്പിന് കീഴിൽ തീരമേഖല കേന്ദ്രീകരിച്ച് നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. പുരാവസ്തു അടക്കമുള്ള മറ്റു കാര്യങ്ങളിൽ വകുപ്പിനെക്കുറിച്ച് കൂടുതൽ പഠിച്ചശേഷം ഉദ്യോഗസ്ഥരും മേഖലയിലെ വിദഗ്ധരും സംഘടനകളുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.