മാളുമ്മ

ഒരു കുന്നിൻചരിവിൽ ആ റോഡ്​ അവസാനിക്കുന്നു. പിന്നെയൊരു പാറക്കെട്ട്​. വഴുവഴുത്ത പാറയിറങ്ങിയാൽ റബർകാട്ടിനിടയിലൂടെ ഒരു ഒറ്റയടിപ്പാത കാണാം. പിന്നെ തെളിനീരൊഴുകുന്ന ഒരു ചെറുചോല. ചോല മുറിച്ചുകടന്ന്​ പിന്നെയും കല്ലുവഴി. അത്​ അവസാനിക്കുന്നിടത്ത്​ നിലംപൊത്താറായ ഒരു കൊച്ചുപുര. പിന്നെയ​ങ്ങോട്ട്​ വെളിച്ചംവീഴാത്ത കാട്​​. കാടിന്​ നടുവിലെ ആ ഒറ്റവീടിൽ രണ്ടു​ പെണ്ണുങ്ങൾ താമസിക്കുന്നു. തൃക്കേക്കുന്നുമ്മൽ ചോലക്കൽ പാത്തുമ്മ എന്ന മാളുമ്മയും ഏക മകൾ റംലയും.

മലപ്പുറം ജില്ലയിലെ പന്തലൂർ - നെന്മിനി മലയുടെ കിഴക്കേ ചരിവിൽ ഇവരിരുവരും താമസിക്കുന്ന ഇൗ ഇടത്തിന്​​ സംഭവബഹുലമായ ഒരു ചരിത്രമുണ്ട്​. മലബാർ വിപ്ലവത്തിലെ ധീരമായ ഒരധ്യായം. വിപ്ലവനായകൻ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദാജിയും പോരാളിസംഘവും ഒളിച്ചുതാമസിച്ചത്​ ഇവിടെയാണ്​. അവർക്ക്​ അഭയം നൽകിയതാക​െട്ട​ ഒരു മാപ്പിളപ്പെണ്ണ്​. കൂരിമണ്ണിൽ പാറപ്പുറത്ത്​ പാത്തുമ്മക്കുട്ടി. പാത്തുമ്മക്കുട്ടിയുടെ മകളുടെ മകളാണ്​ ഇൗ വീട്ടിൽ ഇപ്പോൾ താമസിക്കുന്ന ചോലക്കൽ പാത്തുമ്മ എന്ന മാളുമ്മ എന്ന എഴുപത്തഞ്ചുകാരി.

••• ••• ••• ••• •••

മലബാറിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ ബ്രിട്ടീഷുകാർ ഏതാണ്ട്​ അടിച്ചൊതുക്കിയ 1921ലെ ഡിസംബർ മാസം. വിപ്ലവനേതാക്കൾ ഒന്നൊന്നായി പിടിയിലാവുകയോ കീഴടങ്ങാൻ നിർബന്ധിതരാവുകയോ ചെയ്​ത കാലം. വിപ്ലവനായകൻ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദാജിയും പോരാളികളും അന്ന്​ ചോക്കോട്​ മലയിലെ കല്ലാമൂലയിലാണ്​ ക്യാമ്പ്​ ചെയ്​തിരുന്നത്​. ഡിസംബർ 20ഒാടുകൂടി വിപ്ലവനേതാക്കളായ ചെ​​മ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും കുമരംപുത്തൂർ സീതിക്കോയ തങ്ങളും ബ്രിട്ടീഷുകാർക്ക്​​ കീഴടങ്ങി.

പോരാട്ടവുമായി ഇനി അധികകാലം മുന്നോട്ടു​പോകാനാവില്ലെന്ന്​ കുഞ്ഞഹമ്മദാജിക്ക്​ തോന്നിത്തുടങ്ങുന്നത്​ അപ്പോഴാണ്​. സൈനികശേഷിയിലും ആയുധബലത്തിലും ലോകത്തിലെ ഒന്നാംനമ്പർ ശക്തിയോടാണ്​ കഴിഞ്ഞ നാലഞ്ചുമാസമായി കുഞ്ഞഹമ്മദാജിയും കൂട്ടരും പോരിനിറങ്ങിയത്​. നാട്​ കൊള്ളയടിക്കാൻ വന്ന അധിനിവേശശക്തികളെ കുറഞ്ഞ കാലത്തേക്കെങ്കിലും മലബാറിൽനിന്ന്​ തുരത്താനും സമാന്തര ഭരണസംവിധാനം സ്​ഥാപിക്കാനും അവരുടെ പോരാട്ടവീര്യത്തിന്​ സാധിക്കുകയുണ്ടായി. എന്നാൽ, അധികകാലം അത്​ നിലനിർത്താൻതക്ക വിഭവശേഷി മാപ്പിളമാർക്ക്​ അന്നില്ലായിരുന്നു.

വിശ്രമമില്ലാത്ത പോരാട്ടങ്ങൾ അനിവാര്യമായ അന്ത്യത്തിലേക്കു​​ കടക്കുകയാണെന്ന്​ മനസ്സിലായതോടെ ത​െൻറ സംഘത്തിലെ പ​ലരോടും പിരിഞ്ഞുപോകാൻ വാരിയൻകുന്നൻ നിർദേശിച്ചു.(1) കൂടെ ഉറച്ചുനിന്നവർക്കുതന്നെ ഭക്ഷണം ഒരുക്കാൻ നന്നെ പാടുപെട്ടു. വിപ്ലവനായകനെ പിടികൂടാനായി ബ്രിട്ടീഷുകാർ നാലുപാടും വലവിരിച്ചിട്ടുമുണ്ട്​. അങ്ങനെയാണ്​ ഡിസംബർ 30ന്​ കുഞ്ഞഹമ്മദാജിയും 80ഒാളം പോരാളികളും കല്ലാമൂല വിട്ട് ഏതാണ്ട്​ 40​ കിലോമീറ്റർ അകലെയുള്ള​ പന്തലൂർ- നെന്മിനി മലനിരകളിലേക്ക്​ പുറപ്പെടുന്നത്​. ​ബ്രിട്ടീഷ്​ ചാരവലയം ഭേദിച്ച്​ ഉൾവഴികളിലൂടെ സഞ്ചരിച്ചാണ്​ ഇവർ നെന്മിനിയിലെത്തിയത്​.

കൊടുംകാടായിരുന്ന ഇൗ പ്രദേശത്ത്​ വാരിയൻകുന്നനും സംഘവും കഴിഞ്ഞത്​ പാറപ്പുറത്ത്​ പാത്തുമ്മക്കുട്ടിയുടെ വീട്ടിലായിരുന്നു. പോരാളിയുടെ മകൾ എന്ന നിലക്ക്​ വിപ്ലവകാരികൾ പാത്തുമ്മക്കുട്ടിക്ക്​ പണിതുകൊടുത്ത വീടായിരുന്നു അതെന്നും വീട്ടുകൂടലിനാണ്​ വാരിയൻകുന്നനും സംഘവും വന്നതെന്നും വാരിയൻകുന്ന​െൻറ സഹധർമിണി മാളു ഹജ്ജുമ്മയും സംഘത്തിലുണ്ടായിരുന്നുവെന്നും പഴയതലമുറയിലെ ചിലർ പറയുന്നു. വൈകാതെതന്നെ​ വിവരം ബ്രിട്ടീഷുകാരുടെ ചെവി​യിലെത്തി. മലപ്പുറം, പാണ്ടിക്കാട്​, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന്​ പട്ടാളം പാഞ്ഞെത്തി. പക്ഷേ, വാരിയൻകുന്നനെയും സംഘാംഗങ്ങളെയും പിടികൂടാൻ അവർക്കു​ കഴിഞ്ഞില്ല.

മാളുമ്മ താമസിക്കുന്ന വീട്​

പട്ടാളം വെടിതുടങ്ങുംമു​േമ്പ വീടിന്​ തൊട്ടു​പിറകിലുള്ള കൊടുംകാട്ടിലൂടെ അവർ രക്ഷപ്പെട്ടു. വാരിയൻകുന്ന​െൻറ നിർദേശപ്രകാരം സംഘാംഗങ്ങൾ പലവഴിക്കായി പിരിഞ്ഞുപോയി. അദ്ദേഹവും അനുയായികളും തിരിച്ച്​ കല്ലാമൂലയിൽതന്നെ എത്തുകയും ചെയ്​തു. വൈകാതെ ക്യാമ്പ്​ ആറു​ കിലോമീറ്റർ അകലെയുള്ള വീട്ടിക്കുന്നിലേക്ക്​ മാറ്റി. ഏതാനും ദിവസങ്ങൾക്കുശേഷം, 1922 ജനുവരി ഏഴിന്​ ബ്രിട്ടീഷുകാർ ചതിപ്രയോഗത്തിലൂടെ വിപ്ലവനായകനെയും 21 അനുയായികളെയും പിടികൂടി. ജനുവരി 20ന്​ ​മലപ്പുറം കോട്ടക്കുന്നി​െൻറ വടക്കേചരിവിൽ വെച്ച്​ ആ ധീരദേശാഭിമാനിയെ വെടിവെച്ചുകൊല്ലുകയും മൃതദേഹം കത്തിച്ചുകളയുകയും ചെയ്​തു.

•••    •••    •••    •••    `•••    ••• ••• ••• ••• `•••

വാരിയൻകുന്നന്​ അഭയം നൽകിയ ആ മാപ്പിളപ്പെണ്ണിനെക്കുറിച്ച്​ അന്നത്തെ മലബാർ ജില്ല പൊലീസ്​ സൂപ്രണ്ട്​ ആർ.എച്ച്​. ഹിച്ച്​കോക്ക്​ തയാറാക്കിയ 'എ ഹിസ്​റ്ററി ഒാഫ്​ ദി മലബാർ റിബല്യൻ, 1921' എന്ന പുസ്​തകത്തിൽ പരാമർശമുണ്ട്​. ബ്രിട്ടീഷ്​ രേഖകളിൽ പരാമർശിക്കപ്പെടുന്ന അത്യപൂർവം മാപ്പിളപ്പെണ്ണുകൂടിയാണ്​ അവർ. അതി​െൻറ ചുരുക്കം ഇങ്ങനെ:

''ചെ​മ്പ്രശ്ശേരി തങ്ങൾ കീഴടങ്ങിയ ഉടനെ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദാജി കല്ലാമൂല വിടുകയും നെന്മിനി വഴി രാത്രി പന്തല്ലൂരിൽ എത്തുകയും ചെയ്​തു. അങ്ങാടിപ്പുറത്തെും മേലാറ്റൂരിലെയും മലബാർ സ്​പെഷൽ പൊലീസ്​ ഇൗ വിവരം അറിയുകയും പെ​െട്ടന്ന്​ അങ്ങോട്ട്​ ചെല്ലുകയുംചെയ്​തു. ഇവരെ പിന്തുടർന്ന്​ 2\8ാമത്​ കമ്പനി (ഗൂർഖ പട്ടാളം) പന്തല്ലൂർ മലയുടെ പാതി ഭാഗം വരെയെത്തി. പാറപ്പുറത്ത്​ പാത്തുമ്മയുടെ ഒരു വീട്​ സ്​ഥിതിചെയ്യുന്ന ഒരു വഴി മാത്രമാണ്​ ഇതിലൂടെയുള്ളത്​. അവർ 1919 ലെ കലാപത്തി​െൻറ നേതാവി​െൻറ സഹോദരി* ആണവർ. പിന്നെയങ്ങോട്ട്​ കൊടും കാടാണ്​. സൈന്യം ആറുമണിയോടെ ഇൗ വീട്ടിൽ എത്തി. കുഞ്ഞഹമ്മദാജിയും 80 പേരുള്ള സംഘവും ആ രാത്രി അവിടെ തങ്ങാനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാൽ, സൈന്യം എത്തുംമു​േമ്പ കൊടുംകാട്​ വഴി അവർ രക്ഷപ്പെട്ടു. എട്ടു​ തോക്കുകളും 20 കത്തികളും സംഘം ഉപേക്ഷിച്ചുപോയി. (2)ഇതേ സംഭവം നേരിയ വ്യത്യാസങ്ങളോടെ ബ്രിട്ടീഷ്​ സർക്കാറിൽ അണ്ടർ സെ​ക്രട്ടറിയായിരുന്നു ജി.ആർ.എഫ്​. ടോട്ടൻഹാമി​െൻറ 'ദി മാപ്പിള റബല്യൻ 1921-1922' എന്ന പുസ്​തകത്തിലും കാണാം. (3)

ഹിച്ച്​കോക്കി​െൻറ റിപ്പോർട്ടിൽ പാറപ്പുറത്ത്​ പാത്തുമ്മ എന്നു​ പറയുന്ന വനിത ഇന്നാട്ടിൽ മലയിൽ പാത്തുക്കുട്ടി എന്നാണ്​ അറിയപ്പെട്ടിരുന്നത്​. മലയിൽ താമസിക്കുന്നു എന്ന അർഥത്തിലാണ്​ അങ്ങനെ വിളിച്ചത്​. അസാമാന്യ ത​​േൻറടിയായിരുന്ന അവർ വെള്ളപ്പട്ടാളത്തെയും ജന്മിമാരെയും വിറപ്പിച്ച ഒരു ധീരപോരാളിയുടെ മകളായിരുന്നു. 1919 ലെ നെന്മിനി പോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആനക്കയം പെരിമ്പലം സ്വദേശി കൂരിമണ്ണിൽ പാറപ്പുറത്ത്​ വലിയ ചേക്കുഹാജിയുടെ മകൾ. ഹിച്ച്​കോക്ക്​ േചക്കുഹാജിയുടെ സഹോദരി എന്നാണ്​ ഇവരെ പരിചയപ്പെടുത്തുന്നതെങ്കിലും യഥാർഥത്തിൽ പാത്തുമ്മക്കുട്ടി അദ്ദേഹത്തി​െൻറ ​മകളാണ്​. ആ​​ംേഗ്ലാ^മാപ്പിള യുദ്ധം എന്ന പുസ്​തകത്തിൽ എ.കെ. കോടൂരും ഹിച്ച്​കോക്കിനെ തിരുത്തുന്നുണ്ട്​. (4)

വാരിയൻകുന്നനും സംഘവും ക്യാമ്പ്​ ചെയ്​ത ഭാഗത്തേക്കുള്ള വഴി

•••   ••• ••• ••• ••• `••• ••• ••• ••• ••• `•••


ഹിച്ച്​കോക്കി​െൻറ റിപ്പോർട്ടിൽ വിവരിച്ച വാരിയൻകുന്നനും സംഘവും ഒളിച്ചുതാമസിച്ച വീടി​െൻറ അതേ ചിത്രം ഇപ്പോഴും ഇവിടെ ചെന്നാൽ കിട്ടും. ഇപ്പോൾ ചോലക്കൽ പാത്തുമ്മ എന്ന മാളുമ്മ താമസിക്കുന്ന വീടി​െൻറ അൽപംകൂടി മുകളിലായിരുന്നു പഴയ വീട്​. നരിയും മറ്റു വന്യമൃഗങ്ങളുമിറങ്ങുന്ന കൊടുംകാടായിരുന്നു പണ്ട്​​ ഇവിടം​. പിന്നീട്​ ഇൗ കുടുംബത്തി​െൻറ ഉടമസ്​ഥതയിൽ ഉണ്ടായിരുന്ന ഇൗ സ്​ഥലം അടക്കം ഹെക്​ടർ കണക്കിന്​ ഭൂമി സ്വകാര്യ കമ്പനി കൈയേറുകയും റബർ എസ്​റ്റേറ്റായി മാറ്റുകയും ചെയ്​തു. എസ്​റ്റേറ്റ്​ ആണെങ്കിലും കൊടുംകാടി​െൻറ രൂപവും ഭാവവും വന്യതയുംതന്നെയാണ്​ ഇപ്പോഴും ഇൗ പ്രദേശത്തിന്​.

പാറപ്പുറത്ത്​ പാത്തുമ്മക്കുട്ടിക്ക്​ അഞ്ചു​ മക്കളായിരുന്നു. ​ഹൈദ്രസ്​ മുസ്​ലിയാർ, ഉണ്ണിക്കമ്മു മുസ്​ലിയാർ, ആച്ചുമ്മ, ഉണ്ണിപ്പാത്തുമ്മ, ആയിഷുണ്ണി. ഇതിൽ ആയിഷുണ്ണിയുടെ മകളാണ്​ ഇപ്പോൾ ഇവിടെ താമസിക്കുന്ന പാത്തുമ്മ എന്ന മാളുമ്മ. പാത്തുമ്മക്കുട്ടിയുടെ മകൻ ഉണ്ണിക്കമ്മു മുസ്​ലിയാരുടെ മകൻ മുഹമ്മദ്​ എന്ന ​ചെർക്കൻ മുസ്​ലിയാർ ചേക്കുഹാജിയുടെ നാടായ പെരിമ്പലത്തുതന്നെയായിരുന്നു താമസം. അദ്ദേഹത്തി​െൻറ മക്കൾ ഇപ്പോൾ പെരിമ്പലത്തുണ്ട്​.​

ചേക്കുഹാജിയുടെ, ആരെയും കൂസാത്ത, ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതമായിരുന്നു മകൾ പാത്തുമ്മക്കുട്ടിക്കും പേരമകൾ ആയിഷുണ്ണിക്കും ഉണ്ടായിരുന്നതത്രെ. അതേ ധൈര്യം, മാളുമ്മക്കുമുണ്ട്​. കർണാടക ചിക്കമഗളൂരിലേക്ക്​ കല്യാണം കഴിച്ചയച്ച മകൾ കഴിഞ്ഞ പ്രളയകാലത്താണ്​ ഇങ്ങോട്ടു വരുന്നത്​. അതുവരെ ആരോരുമില്ലാത്ത ഇൗ ​കാടിൻനടുവിലെ വീട്ടിലൊറ്റക്കായിരുന്നു ഇൗ വയോധിക.

ചേക്കുഹാജി ; ചൂഷകവർഗത്തെ വിറപ്പിച്ച പോരാളി

ബ്രി​ട്ടീ​ഷ്​- ​ജ​ന്മി കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​യും അ​വ​രു​ടെ ക​ർ​ഷ​ക​പീഡന നിലപാടുകൾക്കെതിരെയും 1800ക​ൾ മു​ത​ൽ മാ​പ്പി​ള​^കീഴാള കർഷകർ തുടങ്ങിവെച്ച ചാ​വേ​ർ പോ​രാ​ട്ട​ങ്ങ​ളി​ലെ ഒ​ടു​വി​ലെ അ​ധ്യാ​യ​മാ​യി​രു​ന്നു 1919ലെ ​നെ​ന്മിനി പോ​രാ​ട്ടം. പെ​രി​മ്പ​ലം സ്വ​ദേ​ശി കൂ​രി​മ​ണ്ണി​ൽ പാ​റ​പ്പു​റ​ത്ത്​ വ​ലി​യ ചേ​ക്കു​ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 11 പേരായിരുന്നു ആ പോരാളികൾ. വ​ലി​യ ചേ​ക്കു​ഹാ​ജി പ​ര​മ്പ​രാ​ഗ​ത​മാ​യി താ​മ​സി​ച്ചി​രു​ന്ന പാ​റ​പ്പു​റ​ത്ത്​ കു​ടി​യി​രു​പ്പ്​ പ​റ​മ്പ്​ അന്യായമായി ഒ​ഴി​പ്പി​ക്കാ​നു​ള്ള ജന്മിയായ, കടക്കോട്ടിൽ നമ്പൂതിരിയുടെ ശ്രമമാണ്​ ആ സായുധ പുറപ്പാടി​െൻറ പെ​െട്ടന്നുണ്ടായ കാരണം. ​നെന്മനി പ​േട്ടരിത്തൊടി വാര്യത്ത്​ ബ്രിട്ടീഷുകാരുമായി നേർക്കുനേർ ​ഏറ്റുമുട്ടൽ തുടങ്ങുംമുമ്പ്​ ചേക്കുഹാജി ഇങ്ങനെ വിളിച്ചുപറഞ്ഞതായി ചരിത്രം രേഖപ്പെടുത്തി.

''ഞ​ങ്ങ​ൾ വീ​ട്ടി​ലേ​ക്കു​ മ​ട​ങ്ങി​ച്ചെ​ല്ലാ​ൻ ഇ​റ​ങ്ങി​യ​വ​ര​ല്ല^ ഭൂ​മി​യി​ൽ ഇ​നി ഞ​ങ്ങ​ളു​ടെ ബാ​ക്കി​യു​ള്ള​വ​ർ​ക്കെ​ങ്കി​ലും നീ​തി ല​ഭി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ കോ​ട​തി​യി​ൽ ഹ​ര​ജി കൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണ്​ ഞ​ങ്ങ​ൾ''. പ​ട്ടാ​ള​വു​മാ​യു​ള്ള ഉ​ഗ്ര​യു​ദ്ധ​ത്തി​ൽ ചേ​ക്കു​ഹാ​ജി​യു​ൾ​പ്പെ​ടെ 11 പോ​രാ​ളി​ക​ളും വീ​ര​മൃ​ത്യു വ​രി​ച്ചു. (4)

ചേക്കുഹാജിയും പോരാളികളും രക്തസാക്ഷികളായ പ​േട്ടരിത്തൊടി വാര്യത്ത്​ നെന്മിനിക്കടുത്ത്​ മന്ദംകുണ്ടിലാണ്​. അന്ന്​ വാര്യത്തുണ്ടായിരുന്നവരുടെ പിൻതലമുറ ഇന്നിവിടെ താമസിക്കുന്നു. ചേക്കുഹാജി പോരാട്ടം തുടങ്ങിയ പടിഞ്ഞാറ്റുമ്മുറിയിലെ കടക്കോട്ടിൽ ഇല്ലവും പഴയ പ്രതാപത്തോടെ ഇന്നുണ്ട്​.

നെന്മിനി പോരാട്ടത്തെക്കുറിച്ച പ്രാദേശികമായ അറിവുകൾ പങ്കുവെക്കുന്നുണ്ട്​ പ​േട്ടരിത്തൊടി വാര്യത്തിനു​ സമീപം താമസിക്കുന്ന, പൊതുപ്രവർത്തകനായ പടിക്കാമണ്ണിൽ അബ്​ദുറസാഖ്​ എന്ന അബ്​ദു.

പടിക്കാമണ്ണിൽ അബ്​ദുറസാഖ്​

''ചേക്കാജി (ചേക്കുഹാജിയെ അങ്ങനെയാണ്​ വിളിച്ചിരുന്നത്​) ഇവിടെനിന്നാണ്​ കല്യാണം കഴിച്ചത്. പെരിമ്പലത്തുനിന്ന്​ വന്ന്​ താമസിച്ച കൂരിമണ്ണിൽ മേലേമണ്ണിൽ വെള്ളാങ്കുളത്ത്​ കുഞ്ഞാലിക്കുട്ടി ഹാജിയുടെ മകൾ താച്ചുട്ടിയായിരുന്നു അദ്ദേഹത്തി​െൻറ ഭാര്യ. വേറെയും ഒരു കല്യാണം ഇൗ ഭാഗത്തു​നിന്ന്​ ചേക്കാജി കഴിച്ചിരുന്നു. അതിലുണ്ടായ മകളാണ്​ മലയിൽ പാത്തുക്കുട്ടി. ചേക്കാജിയു​ൾപ്പെടെ 11 പേർ വാര്യത്ത്​ കയറി. അവർ ഇവിടെത്തെ ആരെയും ഒന്നും ചെയ്​തിട്ടില്ല. ഭക്ഷണവും മറ്റും ലഭിക്കുന്ന സുരക്ഷിത ഇടം എന്ന നിലക്കാണ്​ അവർ ഇവിടം കൈയേറിയത്​. ഇതിനിടെ വാര്യത്തെ രാമവാര്യർ എന്നയാളെ അദ്ദേഹത്തി​െൻറ സംഘാംഗങ്ങൾ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയപ്പോൾ ചേക്കാജിതന്നെ അത്​ തടയുകയുണ്ടായി. ത​െൻറ ജീവൻ രക്ഷിച്ചതിന്​ പ്രത്യുപകാരമായി ഇൗ രാമവാര്യർ ചേക്കാജിയുടെ മൂത്ത മകൾ ആമിക്കുട്ടിക്ക്​ എല്ലാവർഷം ഒരുചാക്ക്​ നെല്ല്​ കൊടുത്തയക്കുമായിരുന്നു.

ചേക്കാജിയും സംഘവും വാര്യത്ത്​ തമ്പടിച്ച വിവരം കേട്ട്​ സമീപ പ്രദേശങ്ങളിൽനിന്നെല്ലാം ധാരാളം ചെറുപ്പക്കാർ ഇങ്ങോട്ട്​ ഒാടിയടുത്തു. അവരിൽ പലർക്കും പോരാളികളോടൊപ്പം ചേരണമെന്നുണ്ടായിരുന്നു. രണ്ടാം ദിവസമാണ്​ പട്ടാളം വന്നത്​. ചേക്കാജിയും സംഘവും പടിപ്പുര ഭാഗത്തേക്ക്​ ഇറങ്ങിവന്നാണ്​ പട്ടാളത്തോട്​ ഏറ്റുമുട്ടിയത്​. ഇവരുടെ ആക്രമണത്തിൽ ആദ്യം പട്ടാളം പിന്തിരിയുകയാണ്​ ചെയ്​തത്​. പിന്നിട്​ തിരിച്ചുവന്ന്​ നടത്തിയ വെടിവെപ്പിലാണ്​ അദ്ദേഹവും അനുയായികളും രക്തസാക്ഷികളായത്​. ഇവരുടെ മയ്യിത്തുകൾ പട്ടാളം കൊണ്ടു​പോയി പെരിന്തൽമണ്ണ കോടതിപ്പടിയിലെ സബ്​ രജിസ്​ട്രാർ ഒാഫിസിനു​ മുന്നിൽ കുഴിച്ചുമൂടി എന്നാണ്​ കേട്ടിട്ടുള്ളത്​. 1919 ലെ ഇൗ ചരിത്രമെല്ലാം ആ സംഭവങ്ങൾക്ക്​​ ദൃക്​സാക്ഷികളായ തോട്ടിങ്ങൽ കുട്ടിയപ്പൻ, മുത്താലി മരക്കാർ തുടങ്ങിയവരിൽനിന്ന്​ ഞാൻ നേരിട്ട്​ കേട്ടറിഞ്ഞതാണ്​​'' -അബ്​ദുർറസാഖ്​ പറഞ്ഞു. പ​േട്ടരിത്തൊടിയിൽ വാര്യത്തി​െൻറ പടിപ്പുര ഇന്നില്ല. പാടമുണ്ടായിരിന്നിടത്ത്​ കവുങ്ങിൻതോട്ടവുമാണ്​.


ചേക്കുഹാജിയുടെ പേരമകൻ ​െനന്മിനി അരീച്ചോല സ്വദേശി ഹംസ

ചേക്കാജിക്ക്​ താച്ചുട്ടി എന്ന ഭാര്യയിൽ പാത്തുമ്മ എന്ന മറ്റൊരു മകളുമുണ്ടായിരുന്നു. അവർ ഭർത്താവി​െൻറ കൂടെ 1930കളിൽ കുടകിലേക്ക്​ കുടിയേറി. അവരുടെ മക്കൾ, അഥവാ, ചേക്കുഹാജിയുടെ പേരമക്കളിൽ നാലു​ പേർ ഇന്ന്​ ജീവിച്ചിരിപ്പുണ്ട്​. അതിൽ ഹംസ എന്നയാൾ 1972ൽ കുടകിൽനിന്ന്​ തിരിച്ചുവന്നു. ഇപ്പോൾ നെന്മിനി അരീച്ചോല ചോലക്കൽമുക്കിൽ താമസിക്കുന്നു. ത​െൻറ വലിമ്മയുടെ വാപ്പ ചേക്കാജി പ​േ​ട്ട​രി​ത്തൊ​ടിയിൽ വെള്ളക്കാരോട്​ പോരാടി ശഹീദ്​ ആയ ആളാണെന്ന്​​ ചോലക്കൽ പാത്തുമ്മ പറയുന്നുണ്ട്​. പക്ഷേ, വല്ലിമ്മയുടെ പേര്​ അവരുടെ ഒാർമയിൽ കുഞ്ഞാത്തുമ്മ എന്നാണ്​. ആ കുഞ്ഞാത്തുമ്മ തന്നെയാണ്​ പാറപ്പുറത്ത്​ പാത്തുമ്മക്കുട്ടി എന്നും അന്ന്​ ഇങ്ങനെ ഒരേ ആളെതന്നെ ഇങ്ങനെ പല പേരിൽ വിളിക്കുന്നത്​ പതിവായിരുന്നുവെന്നും അബ്​ദുറസാഖ്​ പറയുന്നു.

  • സൂചിക 1. മുഹമ്മദ്​ അബ്​ദുൽ കരീം കെ.കെ. (2020) ശഹീദ്​ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദാജി, പേജ്​:147, ​െഎ.പി.എച്ച്​ കോഴിക്കോട്​. 2. Hitchcock R.H (1923) A history of the malabar reblellion, 1921, Page:101, printed by the superintendent,govenment press, Madras. 3. Tottenham.Grf ( 1922) The Mappila Rebellion 1921-1922, Page: 131, The superintendent, Govenment Press Madras. 4. കോ​ടൂ​ർ എ.​കെ, ആം​േ​ഗ്ലാ^​മാ​പ്പി​ള യു​ദ്ധം (1999), ​പേജ്​: 235, മ​ഹ്​​ബൂ​ബ്​ ബു​ക്​​സ്​ മ​ല​പ്പു​റം. 5. അതേ പുസ്​തകം



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.