കമ്പമല (വയനാട്): മാനന്തവാടിയിൽനിന്ന് പത്തു കിലോമീറ്റർ അകലെ തലപ്പുഴയിൽനിന്ന് മക്കിമല ഭാഗത്തേക്ക് ആറു കിലോമീറ്റർ സഞ്ചരിച്ചാൽ കമ്പമലയിൽ എത്താം. ശ്രീലങ്കൻ അഭയാർഥികൾ ജോലിചെയ്യുന്ന വനത്തോട് ചേർന്ന കമ്പമല തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ മാവോവാദികളെത്തി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടത്.
അരക്കിലോമീറ്റർ അകലെയുള്ള കൈതക്കൊല്ലി ഗവ. എൽ.പി സ്കൂളിലെ ബൂത്തിലായിരുന്നു ഇവിടുത്തുകാർക്ക് വോട്ട്. 1076 വോട്ടർമാരുള്ളതിൽ 300ഓളം പേർ കമ്പമലക്കാരാണ്. ഭീഷണി വകവെക്കാതെ അവർ രാവിലെതന്നെ വോട്ടുചെയ്യാനെത്തിയിരുന്നു. വോട്ടുചെയ്യുകയെന്ന തങ്ങളുടെ അവകാശത്തെ തടയാൻ ആർക്കും കഴിയില്ലെന്ന് പ്രദേശത്തുകാരനായ സുരേഷ് പറഞ്ഞു.
കാട്ടുമൃഗങ്ങളെ വകവെക്കാതെ കിലോമീറ്ററുകൾ കാനനപാതകൾ താണ്ടിയും കുന്നുകളിറങ്ങിയുമായിരുന്നു വയനാട്ടിലെ വനപ്രദേശത്തുള്ളവരുടെയും ആദിവാസികളുടെയും വോട്ട്. സുൽത്താൻ ബത്തേരിയിൽനിന്ന് 20 കിലോമീറ്റർ അകലെ പാട്ടവയൽ-ബത്തേരി റോഡിൽനിന്ന് ഉൾക്കാട്ടിലൂടെ മൂന്നു കിലോമീറ്റർ യാത്രചെയ്താണ് വനത്താൽ ചുറ്റപ്പെട്ട ചെട്ട്യാലത്തൂരിൽ വോട്ടെടുപ്പ് ദിവസം രാവിലെ പത്തുമണിയോടെ എത്താനായത്.
ഇവിടുത്തെ ജി.എല്‍.പി സ്കൂളിലെ ബൂത്തിൽ ആൾത്തിരക്കേയില്ല. ആകെയുള്ളത് 139 വോട്ടർമാർ. പുളിയാടി പണിയ കോളനിയിലെ വെളുത്തയുടെ ഭാര്യ എഴുപതുകാരിയായ വെള്ളച്ചി ഒറ്റക്കെത്തി വോട്ട് ചെയ്തു. തമിഴ്നാട്ടിലെ മകളുടെ വീട്ടിൽനിന്നാണ് വോട്ടുചെയ്യാനായിമാത്രം വന്നതെന്ന് വെള്ളച്ചി അൽപം ഗൗരവത്തോടെ പറഞ്ഞു.
ബത്തേരിക്കടുത്ത വാടക വീട്ടിലേക്ക് തല്ക്കാലം താമസം മാറ്റിയ നിഖില്‍ അമ്മ നാരായണിക്കും വല്യമ്മക്കുമൊപ്പം കാടിനുള്ളിലൂടെ രണ്ടരകിലോമീറ്ററോളം നടന്നാണെത്തിയത്. കാട്ടാനയും കാട്ടുപോത്തുമെല്ലാമുള്ള വഴിയാണിത്. പൊതുവിഭാഗത്തിലെയും കാട്ടുനായ്ക്ക, പണിയ തുടങ്ങി ആദിവാസി വിഭാഗങ്ങളിലെയുമടക്കം 300ഓളം കുടുംബങ്ങൾ ചെട്ട്യാലത്തൂരിലുണ്ടായിരുന്നു.
സർക്കാറിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മിക്കവരും വനത്തിന് പുറത്തേക്ക് താമസം മാറ്റി. പിറന്നസ്ഥലം ഉപേക്ഷിക്കാൻ തയാറാകാത്ത അവശേഷിക്കുന്ന ചില വീട്ടുകാർക്കായാണ് ഉൾക്കാട്ടിലെ സ്കൂളിൽ ബൂത്തൊരുക്കിയത്. കാട്ടുനായ്ക്ക കുടുംബങ്ങളുള്ള കുറിച്യാട് വനഗ്രാമത്തിലുള്ളവർക്ക് കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു ബൂത്ത്.
ചെതലയം ഫോറസ്റ്റ് റേഞ്ചിൽപെട്ട ഇവിടെ വോട്ടുള്ള 34 കുടുംബങ്ങളിലെ 74 പേരും രാവിലെ മുതൽ ഒറ്റക്കും കൂട്ടായും വോട്ട് ചെയ്യാനെത്തി. ഏതുകാലത്തും കാട്ടാനകൾ വിഹരിക്കുന്ന ബത്തേരി വടക്കനാട്ടെയും ജനം ഭീതി ഉള്ളിലൊതുക്കിയാണ് ജനാധിപത്യത്തിന്റെ മഷി പുരട്ടാനെത്തിയത്.
വടക്കനാട് ജി.എൽ.പി സ്കൂളിലെ ബൂത്തുകളിലെ 1134 വോട്ടർമാരിൽ 400ഓളം പേർ ആദിവാസികളാണ്. ഏറെക്കാലം പ്രദേശത്തെ വിറപ്പിച്ച വടക്കനാട് കൊമ്പനെന്ന കാട്ടാനയെ കുങ്കിയാനകളെ കൊണ്ട് മെരുക്കി മുത്തങ്ങ ആനപന്തിയിലേക്കയച്ചിരുന്നു. എന്നാൽ, ഇപ്പോൾ മുട്ടിക്കൊമ്പനെന്ന പുതിയ കാട്ടാനയാണ് വടക്കനാടിന്റെ ഉറക്കം കെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.