മരണത്തെ സ്നേഹിക്കുന്നവർ

അറിയിപ്പ്: ഈ ലേഖനം നിങ്ങൾ വായിച്ചുകഴിയുമ്പോഴേക്കും ലോകത്തുനിന്നു മൂന്നു ജീവനുകൾ ആത്മഹത്യക്കിരയായിക്കാണും.

എം.ബി.ബി.എസ്​ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞു കുടുംബവും കൊച്ചുമായിക്കഴിഞ്ഞ്​ വീണ്ടും ഉപരിപഠനം നടത്തി എല്ലാവരുടെയും അസൂയക്കു പാത്രമായ ഒരാളുടെ ആത്മഹത്യ വിവരം ആദ്യം അത്ഭുതമാണുണ്ടാക്കിയത്. കൂടെ എന്തി​​െൻറ കുറവുണ്ടായിട്ടാണ് ഇത് ചെയ്തത് എന്ന ചിന്തയും.

ആ വിവരം അച്ചടിച്ചുവന്ന അതേ പത്രത്തിൽ തൊട്ടടുത്തായി പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർഥിയുടെയും കർഷക​​െൻറയും വീട്ടമ്മയുടെയും പ്രണയം നഷ്​ടപ്പെട്ട കമിതാക്കളുടെയും യുവാക്കളുടെയും പരീക്ഷണങ്ങളും എന്നു തുടങ്ങി ഒട്ടനവധി വാർത്തകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം.

വാർത്തക്കുപിന്നിലെ കഥകൾ അന്വേഷിച്ചുപോയാൽ ഞാൻ ഒന്നു സംസാരിച്ചിരുന്നെങ്കിൽ, ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, കുറച്ചുകൂടി അയാൾക്ക്​ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എന്നു ചിന്തിച്ച്​ സ്വയം പഴിക്കുന്ന വീട്ടുകാരെയും കുറ്റബോധത്തിൽ ഉരുകുന്ന കൂട്ടുകാരെയും കൂടി  കാണാം. ഓരോ 40 സെക്കൻഡിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്.

ഓരോ വർഷവും 8,00,000 ത്തോളം ആത്മഹത്യയിൽ മരിക്കുന്നു. ഓരോ വർഷവും ഏകദേശം 20 മടങ്ങ്​ ആളുകൾ ആത്മഹത്യക്കു ശ്രമിക്കുന്നു. 15-19 വയസ്സുള്ള കുട്ടികളിൽ മൂന്നാമത്തെ പ്രധാന മരണകാരണമാണ് ആത്മഹത്യ. ആഗോള ആത്മഹത്യകളുടെ 79 ശതമാനം സംഭവിക്കുന്നത് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.

പുതിയ കഥകൾക്ക് പിന്നാലെ ലോകം പായുമ്പോൾ കൂടെയുള്ളവർ പിന്തള്ളപ്പെടുമ്പോൾ എന്തു ചെയ്യണം എന്ന് ആലോചിച്ചിട്ടുണ്ടോ? 'എനിക്ക്‌ വല്ലാത്ത വിഷമം വരുന്നു', 'ഞാൻ എല്ലാവർക്കും ഭാരമാണ്', 'എന്നെക്കൊണ്ട്​ ഒന്നിനും കൊള്ളില്ല', 'ഈ പ്രശ്നത്തിന് ഒരു പരിഹാരമില്ല', 'എ​​െൻറ അസുഖം പരിഹരിക്കാൻ കഴിയില്ല', 'ആർക്കും ഭാരമാകാതെ അങ്ങ് പോയിക്കളയാം', 'ഒരു കൂട്ടിൽ അകപ്പെട്ട പോലെ, രക്ഷപ്പെടാനാകുന്നില്ല', 'ആരും സഹായിക്കുന്നില്ല', 'കൂടുതൽ ഉറക്കം വരുന്നു', 'കൂടുതൽ ഭക്ഷണം കഴിക്കുന്നു', 'തീരെ ഉറക്കം വരുന്നില്ല, ഭക്ഷണം വേണ്ട', ' സന്തോഷം തരുന്ന സോഷ്യൽ മീഡിയ പോലും ഇപ്പോൾ ശരിയാകുന്നില്ല', 'ഇനി ജീവിച്ചിരുന്നിട്ട്​ ഒരു കാര്യവുമില്ല'-പല കുറി കേട്ടിട്ടും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ജൽപനങ്ങൾ അല്ലേ?

ഇങ്ങനെയൊക്കെ പരിചയത്തിലുള്ള വ്യക്തികൾ സംസാരിക്കുന്നെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കണം. അവരെ കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുമോ എന്ന ഭയത്താൽ പലരും യഥാർഥ മാനസികാവസ്ഥ മറച്ചുവെച്ചാണ് സംസാരിക്കുക. മേൽപറഞ്ഞ രീതിയിൽ ഒരാളെ ശ്രദ്ധയിൽ പെട്ടാൽ ആദ്യംതന്നെ അവരോടു സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ച വ്യക്തിയോട് സംസാരിച്ചാൽ അതുകാരണം അവർ ആത്മഹത്യ ചെയ്താലോ എന്ന  അനാവശ്യപേടിയുള്ളത​ുകൊണ്ട് പലരും സംസാരത്തിൽനിന്നു പിന്മാറും. എന്നാൽ , സ്നേഹത്തോടെയുള്ള ഒരു വിളി, ഒരു വാക്ക്, ഒരു സംസാരം ചിലപ്പോൾ അവരെ ലോകത്തി​​െൻറ ഉച്ചിയിൽ വരെ എത്താവുന്ന വിജയിയാക്കി മാറ്റാം.

ഒരു കുടുംബാംഗമോ സുഹൃത്തോ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ നിങ്ങളുടെ ആശങ്കകളെക്കുറിച്ച് അവരോട് തുറന്നു സംസാരിക്കുക. 

1) അവരെ ജഡ്​ജ്‌മ​െൻറ്​ ചെയ്യാതെയും പ്രകോപിപ്പിക്കാത്തതുമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ച്​ സംഭാഷണം ആരംഭിക്കുക. 'ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണോ' പോലുള്ള നേരിട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടരുത്. 

2) സംഭാഷണത്തിൽ ശാന്തത പാലിക്കുക. ആശ്വാസകരമായ, ധൈര്യം കൊടുക്കുന്ന സ്വരത്തിൽ സംസാരിക്കുക. 

3) അവരുടെ വികാരങ്ങൾ ന്യായമാണെന്നും ലോകത്തിലെ ഒരുപാട് ജനങ്ങൾക്കും ഇതുപോലെയുള്ള ആലോചനകൾ ഉണ്ടാകാനിടയുണ്ടെന്നും അംഗീകരിക്കുക. പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്യുക.

 4) വിവേകം പുലർത്തുക, ശ്രദ്ധയോടെ ശ്രവിക്കുക, അവർ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കുക. വ്യക്തിയുടെ വികാരങ്ങളെക്കുറിച്ചു സംസാരിക്കാനോ, കളിയാക്കാനോ, ഞെട്ടൽ പ്രകടിപ്പിക്കാനോ ശ്രമിക്കരുത്. ഓർമിക്കുക, ആത്മഹത്യചെയ്യുന്ന ഒരാൾ യുക്തിപരമായി ചിന്തിക്കുന്നില്ലെങ്കിലും വികാരങ്ങൾ യഥാർഥമാണ്.

 5) സഹായം ലഭ്യമാണെന്നും ചികിത്സയിലൂടെ മികച്ച അനുഭവം ലഭിക്കുമെന്നും അവരോട് പറയുക. 

 6) അവരുടെ പ്രശ്‌നങ്ങളെ വിലകുറച്ചു കണ്ട്​  'ഇതൊന്നും ഒന്നും അല്ല' എന്ന രീതിയിൽ സംസാരിച്ച്​ അവർക്കുതന്നെ ലജ്ജ തോന്നുന്ന വിധത്തിലുള്ള സംസാരങ്ങൾ ഒഴിവാക്കുക.

 7)  അവരുടെ പ്രശ്​നങ്ങൾ ശ്രവിക്കുന്നതും ശ്രദ്ധയോടെ സംസാരിക്കുന്നതും അവരെ സഹായിക്കുന്നതിനുള്ള മികച്ച മാർഗമാണ് എന്ന് മനസ്സിലുറപ്പിക്കുക.

 8) രക്ഷാധികാരിയോ വിധികർത്താവോ  ആകരുത്. ഉദാഹരണത്തിന്, 'കാര്യങ്ങൾ ഇതിലും മോശമാകാം' അല്ലെങ്കിൽ 'നിങ്ങൾക്ക് ജീവിക്കാൻ എല്ലാം ഉണ്ട്' എന്ന് ആരോടും പറയരുത്. പകരം, 'എന്താണ് നിങ്ങളെ ഇത്ര മോശമായി തോന്നാൻ പ്രേരിപ്പിക്കുന്നത്?' 'എന്താണ് നിങ്ങൾക്ക് സുഖം, മാനസിക സ്വാസ്ഥ്യം പകരുന്നത്?'  അല്ലെങ്കിൽ 'എനിക്ക് എങ്ങനെ നിങ്ങളെ സഹായിക്കാനാകും' എന്ന ചോദ്യങ്ങൾ ചോദിക്കാം.

 9) ചികിത്സ തേടാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. ആത്മഹത്യ ചെയ്യുന്നതോ കഠിനമായി വിഷാദത്തിലായതോ ആയ വ്യക്തിക്ക് സഹായം കണ്ടെത്താനുള്ള ഊർജമോ പ്രചോദനമോ ഉണ്ടായിരിക്കില്ല. വ്യക്തി ഒരു ഡോക്ടറെയോ മാനസികാരോഗ്യ ദാതാവിനെയോ സമീപിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഒരു പിന്തുണ ഗ്രൂപ്​, പ്രതിസന്ധി കേന്ദ്രം, വിശ്വാസ സമൂഹം, അധ്യാപകൻ അല്ലെങ്കിൽ വിശ്വസ്തരായ മറ്റു വ്യക്തികൾ തുടങ്ങിയവരിൽ നിന്ന് സഹായം കണ്ടെത്താൻ നിർദേശിക്കുക. ഒരു ആരോഗ്യ പരിരക്ഷ ദാതാവിനെ കണ്ടെത്താനോ ഫോൺ വിളിക്കാനോ അവരുടെ ആദ്യ കൂടിക്കാഴ്‌ചയിലേക്ക് പോകാനോ നിങ്ങൾക്ക്‌ കഴിയും. അതുവരെയെങ്കിലും കൂടെ നിൽക്കുക.

 10) ഒരാളുടെ ആത്മഹത്യ വികാരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്യരുത്. ഓർക്കുക ആ വ്യക്തിയുടെ ജീവൻ അപകടത്തിലാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത്തരമൊരു വാഗ്ദാനം പാലിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. അത്​ അവരെ ആദ്യം തന്നെ പറഞ്ഞു മനസ്സിലാക്കി വിശ്വസിപ്പിക്കുക, വിശദീകരിക്കുക. സഹായം ലഭിക്കുമെന്നും കാര്യങ്ങൾ മെച്ചപ്പെടുമെന്നും ഉറപ്പുനൽകുക.

 11)  മദ്യവും മയക്കുമരുന്നും ഒഴിവാക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. അത് അശ്രദ്ധമായ പെരുമാറ്റത്തിലേക്കോ കൂടുതൽ വിഷാദത്തിലേക്കോ നയിച്ചേക്കാം. 

 12) സാധ്യമെങ്കിൽ അപകടകരമായേക്കാവുന്ന വസ്തുക്കൾ വ്യക്തിയുടെ വീട്ടിൽനിന്ന് നീക്കംചെയ്യുക. കത്തികൾ, റേസറുകൾ, കയറുകൾ, മരുന്നുകൾ തുടങ്ങിയവ.

ഒരു സംഭാഷണം ആരംഭിക്കുന്നത് ഒരു അപകടസാധ്യതയാണെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിൽ നമ്മൾ അതിനു തുനിയുക തന്നെ വേണം. എന്നാൽ, കഴിയും വേഗം അവർക്ക് കൃത്യമായ ആരോഗ്യപരിചരണം ലഭ്യമാക്കുക. ശരീരത്തിൽ മുറിവു പറ്റും പോലെ, പ്രമേഹം, ഹൃദ്രോഗം എന്നൊക്കെ പറയുംപോലെ മനസ്സിലെ മുറിവിനെ മരുന്നുകൊണ്ടും  കൃത്യമായ, ശരിയായ ഉപദേശം കൊണ്ടും നിയന്ത്രിക്കാം.

മറ്റേത്​ അസുഖം പോലെ  തലച്ചോറിലെ രാസപദാർഥങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട്​ ആർക്കും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരു പ്രവണതയായി നമ്മൾ ഒാരോ വ്യക്തിയും വിഷാദരോഗത്തെ, ആത്മഹത്യാ പ്രവണതയെ കണക്കാക്കി കൃത്യസമയത്തു പ്രവർത്തിച്ചാൽ നമ്മൾ സ്നേഹിക്കുന്നവർ കുറച്ചുനാൾ കൂടി നമ്മൾക്കൊപ്പമുണ്ടാകും.

വരൂ, നമുക്കൊന്നിച്ച്​ ഈ ലോകത്തെ, ഈ ജീവിതത്തെ സ്നേഹിക്കാം.

തയാറാക്കിയത്: ഡോ. അശ്വതി സോമൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.