നാട്ടിലുള്ളവരെയെല്ലാം പെെട്ടന്ന് സമ്പന്നരാക്കാൻ 2010ൽ ഒരു ടെലി മാർക്കറ്റിങ് കമ്പനി പുറത്തിറക്കിയ ഉൽപന്നമാണ് കുബേർ കുഞ്ചി. പ്രമുഖ മലയാളം ചാനലുകളുടെ സമയം വിലക്കെടുത്ത് നടത്തിയ പരസ്യപ്രചാരണത്തിൽ അറിയപ്പെടുന്ന നടിമാർ വരെ അവതാരകരായി. 3375 രൂപ വിലയുള്ള 'കുഞ്ചി' വാങ്ങി വീടിെൻറ മൂലക്ക് വെച്ചാൽ 45 ദിവസംകൊണ്ട് കുബേരനാകുെമന്നായിരുന്നു വാഗ്ദാനം. വീടിന് പുറത്ത് പോയി പണിചെയ്യാൻ മടിയുള്ളവരും കടം കേറി വലഞ്ഞവരും ചുളുവിൽ കുബേരനാകാൻ തീരുമാനിച്ചപ്പോൾ കമ്പനി കേരളത്തിൽനിന്ന് നേടിയത് കോടികൾ. അതിദരിദ്രരായ പണിക്കാരെക്കൊണ്ട് ഇന്ദോറിൽ കുടിൽ വ്യവസായമായി നിർമിച്ച ഉൽപന്നമാണ് മലയാളിയുടെ വിവരക്കേടിനെയും ധനമോഹത്തെയും ചൂഷണംചെയ്ത് ചൂടപ്പംപോലെ വിറ്റഴിച്ചത്. പരാതിയെ തുടർന്ന് ഇന്ദോറിൽ അന്വേഷിച്ചെത്തിയ പൊലീസിന് കുഞ്ചി വിറ്റ് കുബേരന്മാരായ ഉടമസ്ഥർ തഞ്ചംനോക്കി കമ്പനി അടച്ചുപൂട്ടി സ്ഥലംവിട്ടതായാണ് അറിയാൻകഴിഞ്ഞത്.
യന്ത്രമുണ്ടോ? ധനം തേടിയെത്തും
''നമസ്കാരം... എനിക്ക് ഇലക്ട്രോണിക്സ് വ്യാപാരമായിരുന്നു. അപ്രതീക്ഷിതമായി വ്യാപാരം നഷ്ടത്തിലാകുകയും ഞാൻ കടക്കെണിയിലാകുകയും ചെയ്തു. ഇതുമൂലം ഞാൻ ഏറെ മനോവിഷമം അനുഭവിച്ചിരുന്നു. അപ്പോൾ എെൻറ സുഹൃത്താണ് ധനാകർഷണ യന്ത്രത്തെക്കുറിച്ച് പറഞ്ഞത്. ഉടൻതന്നെ ഞാൻ ഒാർഡർ ചെയ്തു. ഇപ്പോൾ എനിക്ക് പത്തോളം വ്യാപാരസ്ഥാപനങ്ങളുണ്ട്. കടങ്ങളെല്ലാം മാറി. ധനാകർഷണ യന്ത്രത്തിന് നന്ദി. നിങ്ങളും ഇന്നുതന്നെ ഒാർഡർ ചെയ്യൂ''... സുമുഖനായ ചെറുപ്പക്കാരൻ ടി.വിയിൽ വന്ന് പുഞ്ചിരിയോടെ ഇതുപറയുന്നത് കേട്ടതും വിശ്വസിച്ച് പണമയക്കാൻ ഒരുെമ്പടുന്ന മലയാളിയുടെ കോമൺ സെൻസിനെക്കുറിച്ച് വിശദമായ പഠനം നടക്കേണ്ടതുണ്ട്.
ടെലി മാർക്കറ്റിങ് കമ്പനികൾ മുഖേനെയും പ്രമുഖ ദിനപത്രങ്ങളിൽ പരസ്യം നൽകിയുമാണ് ഏലസ്സ്, ധനാകർഷണ യന്ത്രം തുടങ്ങിയ തട്ടിപ്പുകൾ അരങ്ങേറുന്നത്. 3000 മുതൽ 10,000 വരെ വിലയിട്ട ഇവ വേദനിക്കുന്ന കോടീശ്വരന്മാരും കോളജ് പ്രഫസർമാരും മുതൽ വീട്ടമ്മമാർ വരെ വാങ്ങിക്കൂട്ടി. അറിവും വിവേകവും ലോകപരിചയവുമുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികൾക്കിടയിൽ ഒാരോവർഷവും ഇവയുടെ വിറ്റുവരവ് കോടികളാണ്. ആത്മീയതയും അതിെൻറ അനുബന്ധ ഉൽപന്നങ്ങളും വിൽപനച്ചരക്കാക്കി വിശ്വാസികളെ ചൂഷണം ചെയ്യുന്നവർ പ്രതിവർഷം ഇന്ത്യയിൽ 12,000 കോടിയോളം രൂപയുടെ വ്യാപാരം നടത്തുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന കണക്ക്. പണക്കാരനാകാനും പാപദോഷം മാറാനും വിവാഹതടസ്സം നീങ്ങാനും വിദേശത്ത് പോകാനും പൂജിച്ചും മന്ത്രിച്ചും നൽകുന്ന ഏലസ്സുകൾക്ക് ജാതിമതഭേദമെന്യേ ആവശ്യക്കാർ ഏറെയാണ്.
ദിവസങ്ങൾക്കുള്ളിൽ ധനമാകർഷിച്ച് സമ്പന്നനാകാൻ കഴിയുന്ന യന്ത്രം കൈയിലുള്ളവൻ ലക്ഷങ്ങൾ മുടക്കി പരസ്യംചെയ്ത് അത് വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുമോ എന്ന് നമ്മൾ ഇനിയും ചിന്തിച്ച് തുടങ്ങിയിട്ടില്ല. ധനലക്ഷ്മി ചക്ര വാങ്ങി തട്ടിപ്പിനിരയായ ആള്ക്ക് യന്ത്രം വിറ്റ കമ്പനി കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മുംെബെയിലെ ഒരു കോടതി വിധിച്ചത് അടുത്തിടെയാണ്.
പൊന്നിൻ തിളക്കമുള്ള തട്ടിപ്പുകൾ
സ്വർണം എന്നും മലയാളിയുടെ ദൗർബല്യമാണ്. ഇല്ലാത്തവന് സ്വർണം കിട്ടാൻ മോഹം. ഉള്ളവന് അത് ഇരട്ടിയാക്കാൻ മോഹം. പൊന്നിന് പഴക്കമേറിപ്പോയാൽ തിളക്കിയെടുക്കാൻ വീട്ടമ്മക്ക് മോഹം. ഇൗ അതിമോഹങ്ങളുടെയെല്ലാം വിലയായി നിരവധി പേർക്കാണ് സ്വർണവും ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെട്ടത്. സ്വർണത്തിന് നിറം കൂട്ടിനൽകാമെന്ന് പറഞ്ഞ് വീടുകളിലെത്തുന്ന സംഘം ആഭരണങ്ങൾ തങ്ങളുടെ കൈയിലുള്ള ലായനിയിൽ മുക്കി തിരിച്ചുകൊടുക്കും. പുറംപാളി വെള്ളത്തിൽ ഉരുകിയിറങ്ങിയ ആഭരണത്തിെൻറ തിളക്കം കാണുേമ്പാൾ വീട്ടമ്മക്കും സന്തോഷം. പിന്നീട് തൂക്കക്കുറവ് തോന്നി ജ്വല്ലറിയിൽ പരിശോധിക്കുേമ്പാഴാണ് നിറം കൂട്ടാൻ വന്നവൻ ലായനിയിൽ അലിയിച്ച് ആഭരണത്തിെൻറ ഒരുഭാഗം കടത്തിക്കൊണ്ടുപോയതായി അറിയുക. ഇവരുടെ കെണിയിൽ വീണവരിൽ ഉന്നത ഉദ്യോഗസ്ഥകളുമുണ്ടായിരുന്നു.
ഒാൺലൈൻ പരസ്യത്തിലൂടെയാണ് ഒരു അമ്മയും മകനും സ്വർണ എണ്ണയെക്കുറിച്ച് അറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ കമ്പനിയുടേതാണ് ഉൽപന്നം. പണമടച്ചു. എണ്ണ ഡൽഹിയിൽ എത്തിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചതനുസരിച്ച് അമ്മയും മകനും അവിടെ ചെന്ന് ആരോരുമറിയാതെ ഏറ്റുവാങ്ങി സ്വദേശമായ കൊച്ചിയിലെത്തി. വിശദമായി പരിശോധിച്ചപ്പോഴാണ് തടിമില്ലിലെ അറക്കപ്പൊടി ചേർത്ത എണ്ണയാണ് കിട്ടിയതെന്ന് അമ്മക്കും മകനും േബാധ്യപ്പെട്ടത്. വീട്ടുകാരൻ ഗൾഫിൽനിന്ന് സമ്പാദിച്ചയച്ച 25 ലക്ഷത്തിലധികം രൂപ അപ്പോഴേക്ക് എണ്ണയുടെ പേരിൽ ആവിയായിട്ടുണ്ടായിരുന്നു.
പണമുണ്ടാക്കാനുള്ള അത്യാർത്തിക്കാരെ പറ്റിച്ച് മാവേലിക്കരയിലെ ഒരു അമ്മയും മകനും സ്വർണ ചേനയുടെ മറവിൽ കോടികളാണ് തട്ടിയെടുത്തത്. തങ്ങളുടെ കൈവശമുള്ള സ്വർണച്ചേനക്കൊപ്പം ആഭരണം വെച്ചാൽ 90 ദിവസത്തിനകം ഇരട്ടിക്കുമെന്നാണ് ഇവർ നാട്ടുകാരെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചത്. ഇവരുടെ വാക്ചാതുരിയിൽ ആകൃഷ്ടരായി കൈയിലുണ്ടായിരുന്ന ആഭരണമത്രയും പലരും ഇരട്ടിയാക്കാനായി കൈമാറി. കിട്ടിയ ഒരു കോടിയോളം രൂപയുടെ സ്വർണവുമായി 90 ദിവസം തികയും മുമ്പ് ഇരുവരും നാടുവിട്ടു. ലോഹനിർമിതമായ ഒരു കിലോ മുതൽ തൂക്കവും വെള്ളരിക്കയുടെ ആകൃതിയുമുള്ള കട്ടി കാണിച്ച് സ്വർണ വെള്ളരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘം ഏതാനും വർഷം മുമ്പ് ആലപ്പുഴയിൽ അറസ്റ്റിലായിരുന്നു. ഇൗ കഥകളെല്ലാം അറിഞ്ഞിട്ടും 'തട്ടിപ്പുകൾ ഏറ്റുവാങ്ങാൻ ഞങ്ങളുടെ ജീവിതം ഇനിയും ബാക്കി' എന്ന് പ്രഖ്യാപിച്ച് മലയാളി കാത്തിരിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.