കോവിഡ് -19 വൈറസ്ബാധ മഹാമാരിയുടെ ലക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നു എന്നുറപ്പായി. ഇതെഴുതുമ്പോൾ ഇന്ത്യയിൽ 110 പേ ർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. 135 കോടി ജനങ്ങൾ പാർക്കുന്ന നാട്ടിൽ ഇതൊരു വലിയ സംഖ്യയല്ലെന്ന് തോന്നാം. ഇതിലുമധി കം പേർ മറ്റു രോഗങ്ങൾമൂലം മരണപ്പെടുന്നുണ്ടല്ലോ. അതിവേഗം വ്യാപിക്കാനുള്ള കഴിവാർജിച്ച രോഗമാണ് കോവിഡ് -19 എന്നതാണ് ആശങ്കപ്പെടുത്തുന്നത്. തദ്ദേശീയവ്യാപനം തുടങ്ങിക്കഴിഞ്ഞാൽ പകർച്ചവ്യാധികൾ വേഗമാർജിക്കും. വ്യാപനം നിയന്ത്രിക ്കാൻ അതിെൻറ പകർച്ചവേഗം പരിമിതപ്പെടുത്തുക വളരെ പ്രധാനപ്പെട്ട ഇടപെടലാണ്.
അനേകഘടകങ്ങൾ രോഗത്തിെൻറ ഗൗ രവം നിശ്ചയിക്കുന്നു. ഏറ്റവും പ്രധാനമായി കാണാവുന്നത് രോഗം വ്യാപിക്കുന്നതിെൻറ വേഗമാണ്. മെല്ലെ വർധിക്കുന്നത ായി തുടക്കത്തിൽ തോന്നിയിരുന്നു എങ്കിലും ഏതാനും ഘട്ടങ്ങൾക്കു ശേഷം ക്രമാതീതമായി വർധിക്കുന്നത് കാണാനായി. ചൈനയുടെ കാര്യമെടുത്താൽ, ജനുവരി 23ാം തീയതി ഹുബെ പ്രവിശ്യയിൽ വെറും 444 രോഗികളാണുണ്ടായിരുന്നത്. ജനുവരി 30ാം തീയതി 4903ഉം ഫെബ്രുവരി ആറാം തീയതി 22,112ഉം ആയി രോഗികളുടെ എണ്ണം വർധിച്ചു. കൊറിയ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലും ഇതേ രീതിതന്നെയാണ് കാണുന്നത്. അതിനാൽ, ഏതാനും ആഴ്ചകൾക്കു ശേഷം ഇന്ത്യൻ കണക്കുകളിലും സമാനമാറ്റങ്ങൾ പ്രതീക്ഷിക്കാം.
രണ്ടാമതായി, രോഗികളുടെ എണ്ണം ഇരട്ടിയാകാൻ എത്രനാൾ വേണം എന്നു നാം കണ്ടെത്തണം. ഇന്ത്യയിലിപ്പോൾ 110 രോഗികളാണ് ഉള്ളത്. അതിനാൽ, എണ്ണം ഇരട്ടിക്കുന്ന സമയമെത്ര എന്ന കണക്കെടുക്കുക പ്രയാസമാണ്. എങ്കിലും ലഭ്യമായ കണക്ക് ഇങ്ങനെയാണ്: മാർച്ച് എട്ടിന് റിപ്പോർട്ട് ചെയ്യപ്പെട്ടത് 41 രോഗികളായിരുന്നു. ആറുനാൾ കഴിഞ്ഞപ്പോൾ രോഗികൾ 82 ആയി. മാർച്ച് 10ന് ഇന്ത്യയിൽ 50 രോഗികളായിരുന്നു; 15ന് 110 ആയിക്കഴിഞ്ഞു. അഞ്ചു ദിവസംകൊണ്ട് ഇരട്ടിയിലധികമായി. സാവധാനം, രോഗവ്യാപനത്തിെൻറ ആക്കം കൂടുകയാണ്. മറ്റിടങ്ങളിലും രോഗം മുന്നോട്ടുപോകുന്നതിെൻറ രീതി ഇങ്ങനെത്തന്നെ ആയിരുന്നു. പല പ്രദേശങ്ങളിലും വളരെ മെല്ലെയാണ് രോഗം പ്രത്യക്ഷപ്പെട്ടത്; രോഗികളുടെ എണ്ണം നൂറെത്താൻ വളരെ സമയമെടുത്തെന്നിരിക്കും. രോഗവ്യാപനം മെല്ലെ വികസിച്ചുവരുന്നതിനു കാരണങ്ങൾ പലതാണ്. എന്നാൽ, രോഗികൾ നൂറു കടന്നാൽ പിന്നീട് വേഗവും വർധിക്കും. ഇന്ത്യയിലെ ആദ്യ രോഗികൾ ഉണ്ടായത് കേരളത്തിലാണെങ്കിലും, ആഴ്ചകൾ പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 30 എത്തിയിട്ടില്ലെന്നു കാണാം. ചൈനയിൽ 100 രോഗികൾ ഉണ്ടായശേഷം10,000 എത്താൻ വെറും 10 നാളുകളേ വേണ്ടിവന്നുള്ളൂ. എന്നാൽ സിംഗപ്പൂർ, കൊറിയ എന്നിവിടങ്ങളിൽ 100ന് ശേഷമുള്ള വികാസം കുറെക്കൂടി മെല്ലെയാണ്. അവിടെയും സംഖ്യ വർധിക്കാതിരുന്നില്ല.
തായ്‌വാനും സിംഗപ്പൂരും വ്യാപാരം, സംസ്കാരം, യാത്ര എന്നീ മേഖലകളിൽ ചൈനയുമായി വളരെ അടുത്തബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്. അതിനാൽതന്നെ, കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈ മേഖലയിലെ രാജ്യങ്ങളെയാവും ഏറ്റവുമധികം ബാധിക്കുക എന്ന തോന്നൽ വിദഗ്ധർ പോലും പ്രവചിച്ചിരുന്നു. പ്രവചനങ്ങളല്ല സംഭവിച്ചത്. ഇവർക്ക് കോവിഡ് വ്യാപനം നിയന്ത്രിക്കാനായി. പല അന്താരാഷ്ട്ര ഗവേഷകരും ഇതിനകം സിംഗപ്പൂർ- തായ്‌വാൻ മോഡൽ പഠിക്കുകയും പ്രസിദ്ധീകരിക്കുകയുമുണ്ടായി. രണ്ടര കോടിയോളം ജനങ്ങൾ വസിക്കുന്ന തായ്‌വാനിൽ രോഗികളുടെ എണ്ണം ഇനിയും 60 കടന്നിട്ടില്ല. തുടക്കത്തിലെ ഞെട്ടലിനു ശേഷം ചൈനയും രോഗവ്യാപനം തടയുന്നതിൽ വിജയം കൈവരിച്ചുകഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച് ഞായറാഴ്ച പുതുതായി രോഗം ബാധിച്ചവർ വെറും 20 മാത്രം. ആദ്യത്തെ കേസ് കണ്ടെത്തിയത് നവംബർ 17നായിരുന്നുവെന്നോർക്കണം. വെറും 120 ദിവസത്തിൽ ഒരു മഹാമാരി നിയന്ത്രിക്കാനായത് വ്യക്തമായ ആസൂത്രണത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും കഥപറയുന്നു.
ഒരു മഹാമാരിയെക്കുറിച്ച് അറിവുണ്ടാകണമെങ്കിൽ എത്രപേർ രോഗബാധിതരായെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. ഇത് പലപ്പോഴും പ്രയാസമാണ്. ഉദാഹരണത്തിന്, പരിശോധിക്കുന്നവരിൽനിന്നാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. എല്ലാവരെയും പരിശോധിക്കാതിരുന്നാലോ, വളരെ ലോലമായ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയാലോ രോഗബാധിതരെ ഒന്നാകെ കണ്ടെത്താൻ ബുദ്ധിമുട്ടേറും. നിസ്സാരമായ രോഗലക്ഷണമുള്ളവർ സ്വയം രോഗികളായി കരുതുന്നില്ലെങ്കിലും അവരും രോഗവ്യാപനത്തിന് കാരണമാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ അന്താരാഷ്ട്ര ഏജൻസികൾ നൽകുന്ന കണക്കുകൾ സ്ഥിരീകരിച്ച രോഗികളുടെ എണ്ണമാണ്; യഥാർഥത്തിൽ രോഗബാധിതർ എവിടെയും ഇതിലധികമായിരിക്കാം. അമേരിക്കയിൽ രോഗബാധിതരായി സ്ഥിരീകരിച്ചിരിക്കുന്നത് 3714 പേരാണ്. എന്നാൽ, അതിെൻറ മൂന്നിരട്ടി രോഗികൾ ഇപ്പോൾ ഉണ്ടാകും എന്ന് കോവിഡ് അടുത്ത് നിരീക്ഷിക്കുന്നവർ കണക്കാക്കുന്നു.
ഇതിന് കാരണമുണ്ട്. ബഹുഭൂരിപക്ഷം കോവിഡ് -19 ബാധയും ലോലമായ രോഗാവസ്ഥയിലൂടെ കടന്നുപോകും. അതിൽത്തന്നെ വലിയൊരു ശതമാനം പേർക്ക് വെറും നിസ്സാര ലക്ഷണങ്ങളാണുണ്ടാവുക. അവർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുകയോ പരിശോധനക്ക് വിധേയരാവുകയോ ഇല്ല. വിഭവലഭ്യതയാണ് മറ്റൊരു പ്രശ്നം. ചില രാജ്യങ്ങൾക്ക് സംശയമുള്ള എല്ലാവരേയും ടെസ്റ്റ് ചെയ്യാനുള്ള ലാബ് സൗകര്യങ്ങളോ അതിനാവശ്യമായ പണമോ ഉണ്ടായെന്നു വരില്ല. ഇന്ത്യപോലെ വലിയ രാജ്യത്ത് എത്ര കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നു എന്നതും പ്രധാന ഘടകമാണ്. ലാബുകൾ കുറയുമ്പോൾ പരിശോധന ക്യൂവിലാകുകയും കാലതാമസമുണ്ടാകുകയും ചെയ്യും. ഇന്ത്യയിലിപ്പോൾ 52 ലാബുകളിൽ ടെസ്റ്റ് ചെയ്യാം. വലിയ രാജ്യമായതിനാൽ ഇനിയും ലാബുകൾ ആവശ്യമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, നിലവിൽ ലാബുകളുടെ 10 ശതമാനം പ്രാപ്തിയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഇപ്പോഴത്തെ നയം മാറ്റേണ്ടതില്ലെന്ന് സർക്കാർ കരുതുന്നു. രോഗവ്യാപനത്തിെൻറ മുഴുവൻ ചിത്രവും വ്യക്തമാകാൻ ടെസ്റ്റ് സേവനങ്ങൾ മെച്ചപ്പെടുത്താതെ സാധ്യമല്ല.
പൊതുവെ രാജ്യങ്ങൾ ടെസ്റ്റ് ചെയ്യുന്നതിെൻറ കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിനാൽ ഇക്കാര്യം വ്യക്തമല്ല. മാർച്ച് ആറിന് ലഭിച്ച കണക്കനുസരിച്ച് ഇന്ത്യ 4058 ടെസ്റ്റുകൾ പൂർത്തിയാക്കി. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് 13ാം തീയതി ആയപ്പോൾ 6700 ടെസ്റ്റുകൾ പൂർത്തിയാക്കുകയും 35,000 പേർ നിരീക്ഷണത്തിലാകുകയും ചെയ്തു. ഇതേ കാലഘട്ടത്തിൽ മറ്റു രാജ്യങ്ങളുടെ റിപ്പോർട്ട് എങ്ങനെയെന്ന് നോക്കാം. ജനസംഖ്യ വളരെ കുറഞ്ഞ രാജ്യങ്ങളായ കൊറിയ, തായ്‌വാൻ, ബഹ്റൈൻ എന്നിവ യഥാക്രമം 2,48,700ഉം, 16,090ഉം, 9,200ഉം ടെസ്റ്റുകൾ 13ാം തീയതിക്കുള്ളിൽ പൂർത്തിയാക്കി. ഇത് രോഗനിർണയത്തിനും വ്യാപനം തടയുന്നതിനും അത്യാവശ്യമാണെന്ന് മനസ്സിലാകുമെല്ലോ. ഇന്ത്യ ഇപ്പോൾ കോവിഡ് -19 ടെസ്റ്റ് എല്ലാവർക്കും സൗജന്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വലിയ ചുവടുവെപ്പാണ്. തദ്ദേശീയ രോഗികൾ ഉണ്ടാകുകയും ടെസ്റ്റിങ്, റിപ്പോർട്ടിങ് എന്നിവയിൽ പരിമിതികൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് -19 ഇന്ത്യയിൽ സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യൻ വിദഗ്ധർ പോലും വിലയിരുത്തുന്നു. ടെസ്റ്റിൽ കണ്ടെത്തിയതിനേക്കാൾ അനേക മടങ്ങ് രോഗികൾ ഇപ്പോൾതന്നെ അദൃശ്യരായി സമൂഹത്തിലുണ്ട്. അവർ ആരാണെന്നറിയാത്തതിനാൽ എല്ലാവരും പ്രതിരോധ നടപടികൾ കൈക്കൊള്ളുക മാത്രമാണ് മാർഗം. ഈ ഘട്ടത്തിൽ എന്തൊക്കെയാണ് രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ വഴി?
അടിക്കടി കൈ കഴുകുക, ശരീരസ്രവങ്ങൾ പൊതുസ്ഥലങ്ങളിൽ വിസർജിക്കാതിരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോളും തൂവാല ഉപയോഗിക്കുക എന്നിവ ഫലവത്താണ്. പൊതുസ്ഥലങ്ങളിൽ കൈകഴുകാൻ വാഷ്‌ബേസിനുകൾ ഇല്ലാത്തതും വരുന്ന വേനൽക്കാലത്ത് ജലദൗർലഭ്യം പ്രതികൂലാവസ്ഥയുണ്ടാക്കുമെന്നതും കൂടി കണ്ടിരിക്കണം. രണ്ടു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സമയമായി. ഒന്ന്, കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്യാൻ ശ്രമിക്കുക. ടെസ്റ്റുകൾ കൂടുമ്പോൾ രോഗം കണ്ടെത്താനുള്ള സാധ്യതയേറും. അത് നിയന്ത്രണത്തിന് അത്യാവശ്യവുമാണ്.
രണ്ടാമത്തേത് തായ്‌വാൻ, സിംഗപ്പൂർ മാതൃക പ്രാബല്യത്തിൽ കൊണ്ടുവരുക. രോഗം നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വ്യക്തിഗതദൂരം ഉറപ്പാക്കുകയാണ്. യാഷ്‌ക മുങ്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ‘അറ്റ്ലാൻറിക്’ മാഗസിനിൽ എഴുതിയ ലേഖനത്തിൽ അകലം പാലിക്കൽ മാത്രമാണ് കോവിഡ് രോഗത്തെ തടുക്കാനുള്ള മാർഗമെന്ന് വിശദീകരിക്കുന്നു. വീടുകളിൽതന്നെ കഴിയുക, മാർക്കറ്റിൽ പോലും വിരളമായി സന്ദർശിക്കുക, ക്ലാസുകൾ ഓൺലൈൻ രീതിയിലാക്കുക, കൂട്ടായ്‌മകൾ ഏതാനും മാസം മാറ്റിവെക്കുക, പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി മുട്ടിയുരുമ്മാതെ ഒരു മീറ്ററെങ്കിലും അകന്നു പെരുമാറുക എന്നിവ സോഷ്യൽ ഡിസ്റ്റൻസിങ് മോഡലിെൻറ സുപ്രധാന ഘടകങ്ങളാണ്.
അടുത്തേക്ക് വരാൻ ശ്രമിക്കുന്ന വൈറസിൽനിന്ന് അകലം പാലിക്കുക മാത്രമാണ് നമുക്ക് ചെയ്യാനാകുന്നത്. സാധാരണ പനിയുടെ 15 ഇരട്ടിയെങ്കിലും മരണനിരക്കുള്ള കോവിഡ് പനി, ഹൃദ്രോഗം, പ്രമേഹം, പ്രഷർ, ആസ്ത്‌മ എന്നിവയുള്ളവർക്കും മുതിർന്നവർക്കും മാരകമാണ്. ഇവരിൽ ഉദ്ദേശം 20 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം വരാതിരിക്കാനും ഇമ്യൂണിറ്റി കൂട്ടാനും മരുന്നുകൾ ഇല്ല.
അകലം പാലിക്കുക. അതു നമുക്ക് സുരക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.