ഇന്ത്യൻസമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാൻ കേന്ദ്രഗവൺമെൻറ് നടപ്പാക്കിയ രണ്ട് സാമ്പത്തികപരിഷ്കാരങ്ങളാണ് നോട്ട് നിരോധനവും ചരക്കുസേവനനികുതിയും. അമ്പതുദിവസത്തിനുള്ളിൽ സമ്പദ്വ്യവസ്ഥയെ പൂർവസ്ഥിതിയിലാക്കുമെന്നുപറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനം വന്ന് ഒരു വർഷം പൂർത്തിയായെങ്കിലും തുടർന്നുണ്ടായ സാമ്പത്തിക-, രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഒട്ടും പരിഹാരമായില്ല എന്നത് എല്ലാ ദേശവാസികൾക്കും ഒരുപോലെ ബോധ്യമുള്ളതാണ്. നോട്ട് നിരോധനം കേന്ദ്രഗവൺമെൻറിനെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ഒളിഞ്ഞും തെളിഞ്ഞും ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയാകുമെന്ന് പ്രതീക്ഷിച്ച ചരക്കുസേവനനികുതിയും (ജി.എസ്.ടി) കേന്ദ്ര ഗവൺമെൻറിനെ വീണ്ടും പ്രതിരോധത്തിലാഴ്ത്തിയെന്ന് ഭരണപക്ഷത്തുള്ളവർതന്നെ പരിതപിക്കുന്നു. ‘ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി’ എന്ന ലക്ഷ്യത്തിലൂന്നി നടപ്പാക്കിയ ചരക്കുസേവനനികുതി അതിെൻറ ഉദ്ദേശ്യശുദ്ധിയിലും ലക്ഷ്യപ്രാപ്തിയിലും നോട്ട് നിരോധനെത്തക്കാൾ കാതങ്ങൾ മുന്നിലാണെന്ന സത്യം പറയാതെ വയ്യ. സാമ്പത്തിക ഞെരുക്കത്തിെൻറ സൂചനകൾ പ്രകടമായിരുന്ന കാലയളവിൽ കാതലായുള്ള ഈ നികുതിപരിഷ്കാരം വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലാതെ നടപ്പാക്കി എന്നത് വ്യക്തമാണ്. വില കുറയുമെന്ന് പ്രഖ്യാപിച്ച ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങളുടെയും വിലയിലുണ്ടായ വർധന, ഹോട്ടൽ, വ്യാപാരം, നിർമാണം ഉൾപ്പെടുന്ന റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലുണ്ടായ വളർച്ചയിടിവ് തുടങ്ങിയവ മേൽപറഞ്ഞ പ്രസ്താവനയെ സാധൂകരിക്കുന്നതാണ്.
എങ്കിലും നവംബർ ഒമ്പത് , 10 തീയതികളിൽ ഗുവാഹതിയിൽ നടന്ന ജി.എസ്.ടി സമിതിയുടെ മീറ്റിങ്ങിൽ ജി.എസ്.ടി ഫിറ്റ്മെൻറ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഇരുനൂറോളം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നികുതിനിരക്ക് കുറച്ച നടപടി വിപണിക്ക് ഉണർവേകുമെന്നത് ഉറപ്പാണ്. പുതുക്കിയ നിരക്കുകൾ നവംബർ പതിനഞ്ചോടെ നിലവിൽ വരുമെന്നറിയിച്ച കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തെറ്റുതിരുത്തലിെൻറ പാതയിലാണ് എന്നു പറയാതെ വയ്യ. ജി.എസ്.ടി നടപ്പാക്കിയതോെട നട്ടെല്ലൊടിഞ്ഞ ഹോട്ടൽവ്യവസായം പുതുക്കിയനിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോെട കരുത്താർജിക്കുമെന്നു കരുതാം. എന്നാൽ, റിയൽ എസ്റ്റേറ്റ് മേഖലക്ക് അത്രക്ക് ശുഭകരമല്ലാത്ത വാർത്തയാണ് ഇക്കഴിഞ്ഞ ജി.എസ്.ടി സമിതിയിലും ഉയർന്നുവന്നത്. മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ ജി.എസ്.ടി നിരക്ക് 28 ൽനിന്ന് 12 ശതമാനത്തിലേക്ക് താഴ്ത്തിയ തീരുമാനം നിർമാണമേഖലക്ക് തെല്ലാശ്വാസം നൽകുന്നുവെങ്കിലും നിർമാണപ്രവർത്തനങ്ങൾക്ക് അവശ്യംവേണ്ട അസംസ്കൃത വസ്തുക്കളായ സിമൻറ്, പെയിൻറ് തുടങ്ങിയവയുടെ നിരക്ക് ഏറ്റവും ഉയർന്ന 28 ശതമാനത്തിൽ നിലനിർത്തിയിരുന്നത് നിർമാണമേഖല ഉൾപ്പെടുന്ന റിയൽ എസ്റ്റേറ്റ് രംഗത്തിന് ഗുണകരമല്ല. ഇതിനോടൊപ്പം ഭൂമിയിടപാടുകൾ ഉൾപ്പെടെയുള്ള എല്ലാ റിയൽഎസ്റ്റേറ്റ് വ്യാപാരങ്ങളും 12 ശതമാനം എന്ന ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന വാദം ഇക്കഴിഞ്ഞ ഗുവാഹതി മീറ്റിങ്ങിലും ഉയർന്നുവന്നിരുന്നു. ഇന്ത്യയിൽ ഏറെ നികുതിവെട്ടിപ്പും പണമിടപാടുകളും നടക്കുന്ന സാമ്പത്തികമേഖലയായി കേന്ദ്രഗവൺമെൻറ് റിയൽ എസ്റ്റേറ്റ് രംഗത്തെ പരിഗണിക്കുന്നതും സമാന്തരസമ്പദ്വ്യവസ്ഥക്ക് ഏറ്റം ഊർജം നൽകുന്ന റിയൽ എസ്റ്റേറ്റ് രംഗത്തെ പിടിച്ചുകെട്ടേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് ഭരണം നടത്തുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ ജി.എസ്.ടി കമ്മിറ്റിയിൽ വാദിച്ചതോടെയുമാണ് ജി.എസ്.ടിയുടെ സാധ്യത റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ സജീവ ചർച്ചയായി മാറിയത്. സാമ്പത്തികഞെരുക്കത്തിെൻറ സൂചനകൾ പ്രകടമായി നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇത്തരം ഒരു പരിഷ്കാരം തിടുക്കംപിടിച്ച് നടപ്പാക്കാൻ കേന്ദ്രഗവൺമെൻറ് താൽപര്യപ്പെടുന്നില്ല എങ്കിലും അത് സമീപഭാവിയിൽ പ്രതീക്ഷിക്കാം.
റിയൽ എസ്റ്റേറ്റ് രംഗം കരുത്തുറ്റതോ? ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അന്താരാഷ്ട്രതലത്തിൽ ഖ്യാതിയും അംഗീകാരവും നേടിയിട്ടുള്ള ചുരുക്കം ചില സാമ്പത്തിക ഉപമേഖലകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് രംഗം. ബംഗളൂരു, പുണെ, അഹ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങൾ ലോക റിയൽ എസ്റ്റേറ്റ് നിക്ഷേപ ഭൂപടത്തിൽ ഏറ്റവും ആകർഷണീയമായ നിക്ഷേപമേഖലകളായി സ്ഥാനം പിടിച്ചിരിക്കുന്നവയാണ്. ഗോവ, ഡൽഹി, ഡറാഡൂൺ തുടങ്ങിയ നഗരങ്ങൾ അന്തരാഷ്ട്ര റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ ഇടയിൽ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നു എന്നതും ശുഭസൂചകങ്ങളാണ്. നിലവിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 5-6 ശതമാനം സംഭാവന ചെയ്യുന്നത് റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രധാന ഉപമേഖലയായ ഭവനനിർമാണമേഖലയാണെന്ന െഎ.ബി.ഇ.എഫ് കണക്കുകൾ ആരെയും അതിശയിപ്പിക്കുന്നവയാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽദാതാവായി കാർഷികമേഖലക്കുപിറകിൽ റിയൽ എസ്റ്റേറ്റ്് രംഗം സ്ഥാനംപിടിച്ചിരിക്കുന്നു എന്നുകൂടി മനസ്സിലാക്കുമ്പോൾ, നമ്മുടെ സമ്പദ്വ്യവസ്ഥയിൽ റിയൽ എസ്റ്റേറ്റ് രംഗത്തിെൻറ ആഴവും പരപ്പും അതിെൻറ പ്രാധാന്യവും ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാന സർക്കാറുകളെ സംബന്ധിച്ചും റിയൽ എസ്റ്റേറ്റ് രംഗം മാറ്റിനിർത്താനാവാത്തതാണ്. സംസ്ഥാനസർക്കാറുകൾക്ക് ഏറ്റവും അധികം റവന്യൂവരുമാനം നേടിക്കൊടുക്കുന്ന മേഖലകളിൽ ഒന്നാണ് നിർമാണം ഉൾപ്പെടുന്ന റിയൽ എസ്റ്റേറ്റ് മേഖല. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽനിന്ന് ലഭ്യമായ കണക്കുകൾപ്രകാരം കേരളത്തിെൻറ റവന്യൂവരുമാനത്തിൽ 31 ശതമാനവും സംഭാവന ചെയ്യുന്നത് നിർമാണമേഖലയാെണന്ന് കാണാം.
മാന്ദ്യത്തിെൻറ സൂചന 2013-15 കാലയളവിൽ ഓഫിസ്, ഭവന ആവശ്യങ്ങൾക്കുവേണ്ടിയുള്ള സ്ഥലങ്ങളുടെ ചോദനം തുടർച്ചയായി വർധിച്ചിരുന്നതായി കാണാം. 2013ൽ 22 ശതമാനമായിരുന്ന ചോദനനിരക്ക് 2014 ൽ 23 ശതമാനവും 2015 ൽ 28 ശതമാനവുമായി വർധിച്ചിരുന്നു. 2016 ൽ തൽസ്ഥിതി തുടർെന്നങ്കിലും 2017 ൽ ചോദനനിരക്ക് ഒരു ശതമാനം കുറഞ്ഞ് 27 ശതമാനമായി. ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷെൻറ (ലെൻസ്ഫെഡ്) രേഖകൾപ്രകാരം കേരളത്തിൽ നിർമാണമേഖലയിെല ഇടപാടുകളിൽ നോട്ട് നിരോധനത്തിനുശേഷം 50 ശതമാനവും ജി.എസ്.ടി നടപ്പാക്കിയതിനുശേഷം 75 ശതമാനവും കുറഞ്ഞതായി പറയുന്നു. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവയെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കം റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
നിർമാണസാമഗ്രികൾക്കുള്ള ക്ഷാമം, ജി.എസ്.ടി യെ തുടർന്നുണ്ടായ അധിക നികുതിഭാരം എന്നിവയാണ് നിർമാണമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജി.എസ്.ടിക്കുമുമ്പ് ഭവന, ഫ്ലാറ്റ് നിർമാണ മേഖലയിൽ മൂല്യവർധിതനികുതി (നാലുശതമാനം), സ്രോതസ്സിൽനിന്നുള്ള നികുതി (ഒരു ശതമാനം), സേവനനികുതി (4-4 .5 ശതമാനം വാങ്ങുന്നവർ നൽകേണ്ടത്) ഉൾപ്പെടെ 9--9 .5 ശതമാനം നികുതി നൽകേണ്ടിയിരുന്ന സ്ഥാനത്ത് ജി.എസ്.ടിക്കുശേഷം ഈ നികുതിഭാരം 12 മുതൽ 18 ശതമാനം വരെയായി. വസ്തുവിൽപനയിലും ക്രമാതീതമായ ഇടിവ് ഉണ്ടായിട്ടുണ്ട് എന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സിെൻറ സംഘടനയായ ക്രെഡായ് പറയുന്നു. ഈ സാഹചര്യത്തിൽ വസ്തുവിൽപന 12 ശതമാനം എന്ന ജി.എസ്.ടി നിരക്കിനുകീഴിൽ വന്നാൽ റിയൽ എസ്റ്റേറ്റ് വിപണി പൂർണമായി കൂപ്പുകുത്തുമെന്നു പറയാതെ വയ്യ. താരതമ്യേന രജിസ്ട്രേഷൻ ചെലവ് കൂടുതലുള്ള കേരളത്തിൽപോലും സ്റ്റാമ്പ് ഡ്യൂട്ടി (എട്ട് ശതമാനം), രജിസ്ട്രേഷൻ ഫീസ് (രണ്ട് ശതമാനം) ഉൾപ്പെടെ വസ്തുരജിസ്ട്രേഷനുള്ള ചെലവ് 10 ശതമാനമാണ്. കേരളം ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വസ്തുരജിസ്ട്രേഷനുള്ള ചെലവ് രണ്ടുമുതൽ അഞ്ചു ശതമാനമാണെന്നിരിക്കെ പുതുതായി നിർദേശിക്കപ്പെടുന്ന 12 ശതമാനം ജി.എസ്.ടിനിരക്ക് എരിതീയിൽ എണ്ണയൊഴിക്കുന്നതിനുതുല്യമാണ്. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന സാഹചര്യത്തിൽ വിപണി സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നത് വർധിച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഉൽപാദനക്ഷമമായ െചലവുകളും നികുതിയിളവുകളുമാണ് എന്ന കെയ്നേഷ്യൻ ഇക്കണോമിക്സ് സാമാന്യജ്ഞാനമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദാരമായ ഇത്തരം നയസമീപനങ്ങൾ സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായാൽ കരകയറാവുന്ന സാമ്പത്തിക പരാധീനതകളേ നമ്മുടെ സമ്പദ്വ്യവസ്ഥക്കുള്ളൂ എന്നത് ആശ്വാസകരമാണ്. സർക്കാറുകളിൽ നിന്നും നയരൂപവത്കരണസമിതികളിൽ നിന്നും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഉതകുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
(എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.