മുന്നാക്ക സംവരണത്തിെൻറ മറവിൽ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളിലേക്ക് കൂടെ കൈവെക്കാൻ വഴിതുറന്നിട്ടത് 2020 ജനുവരി മൂന്നിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവും അതിന് അടിസ്ഥാനം സർക്കാർ നിയോഗിച്ച കെ. ശശിധരൻ നായർ കമീഷൻ റിപ്പോർട്ടുമാണ്.
മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ കമീഷൻ ഒരു ശാസ്ത്രീയ പഠനവും നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. ഏതാനും സർക്കാർ വകുപ്പുകളും ഏജൻസികളും നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത് കമീഷൻ സൃഷ്ടിച്ച 'ഭാവനാസമൂഹ'മാണ് സർക്കാർ ഉദ്യോഗത്തിെലയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റിെൻറ പത്തു ശതമാനത്തിെൻറയും പുതിയ പങ്കുപറ്റുകാർ. നാല് ലക്ഷം വരെ വാർഷിക വരുമാനവും കോർപറേഷൻ പരിധിയിൽ 50 സെൻറിൽ കവിയാത്ത ഭൂമിയുള്ള മുന്നാക്കവിഭാഗക്കാരെല്ലാം പത്തു ശതമാനം സംവരണത്തിന് അർഹതയുള്ള ഇൗ 'ദാരിദ്ര്യ'സമൂഹത്തിെൻറ ഭാഗമാണ്.
പി.എസ്.സി, പ്രവേശന പരീക്ഷ കമീഷണറേറ്റ്, എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് ഡയറക്ടർ, സാമ്പത്തിക അവേലാകന റിപ്പോർട്ട് എന്നിവയിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ട് തയാറാക്കാൻ അവലംബിച്ച രീതിശാസ്ത്രമെന്ന് കമീഷൻ റിപ്പോർട്ടിെൻറ 11ാം പേജിൽ തന്നെ പറയുന്നു. എൻ.എസ്.എസ്, സീറോ മലബാർ സഭ തുടങ്ങിയ മുന്നാക്ക സമുദായ സംഘടനകൾ സമർപ്പിച്ച നിർദേശങ്ങളും വിവരങ്ങളും ചേർന്നതോടെ സാമൂഹിക നീതി അട്ടിമറിക്കാനുള്ള കണ്ടെത്തലുകൾക്കും ശിപാർശകൾക്കും അടിസ്ഥാനമായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഞ്ചു ലക്ഷവും കെ.ബി. ഗണേഷ്കുമാർ ക്രീമിലെയർ മാനദണ്ഡവും പി.സി. ജോർജ് 10 ലക്ഷവും എൻ. വിജയൻപിള്ള മൂന്നു ലക്ഷവുമാണ് മുന്നാക്ക സംവരണത്തിന് വാർഷിക വരുമാന പരിധിയായി മുന്നാക്ക വിഭാഗത്തിൽനിന്നുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ കമീഷൻ മുമ്പാകെ നിർദേശിച്ചത്. എൻ.എസ്.എസ് അഞ്ച് ലക്ഷവും സീറോ മലബാർ സഭ എട്ടു ലക്ഷവുമാണ് നിർദേശിച്ചത്. ഗുണഭോക്തൃ സമൂഹത്തെ കണ്ടെത്താൻ ആധികാരികമായ പഠനമോ പരിശോധനയോ രേഖയോ കമീഷൻ റിപ്പോർട്ടിന് ആധാരമല്ലെന്ന് വ്യക്തം. ഇതെക്കുറിച്ച് കൃത്യമായ ഗവേഷണാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ സമ്മതിക്കുന്നുമുണ്ട്.
2017ൽ എൻട്രൻസ് കമീഷണർക്ക് കീം പരീക്ഷക്ക് അപേക്ഷിച്ച 28,196 മുന്നാക്ക വിഭാഗം കുട്ടികളുടെ കുടുംബ വരുമാനവും പരിഗണിച്ചു. ഇതിൽ 14,677 പേരും ഒരു ലക്ഷത്തിന് താഴെ വാർഷിക വരുമാനം. 24,348 പേരും നാല് ലക്ഷത്തിന് താഴെ നിൽക്കുന്നവർ. 2018ൽ 31,257 േപരിൽ 18,937 പേരും ഒരു ലക്ഷത്തിന് താഴെ വാർഷിക വരുമാനം. 27,289 പേരും നാലു ലക്ഷ പരിധിയിൽ വരുന്നവർ. അതായത്, പ്രഫഷനൽ കോഴ്സുകൾക്ക് അപേക്ഷിച്ച 85 ശതമാനം പേരും നാലു ലക്ഷ വരുമാന പരിധിക്ക് അകത്തുവരുന്നവർ.
കുടുംബവരുമാനം മാത്രം പരിഗണിച്ചാൽ 85 ശതമാനം പേരും മുന്നാക്ക സംവരണത്തിന് അർഹതയുള്ള പരമദരിദ്രർ! യാഥാർഥ്യവുമായി ബന്ധമില്ലെന്ന് ആർക്കും ബോധ്യപ്പെടുന്ന ഇൗ കണക്കുകൾ എങ്ങനെയാണ് കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനും സംവരണത്തിന് മാനദണ്ഡം നിശ്ചയിക്കാനും അടിസ്ഥാനമായതെന്നതിന് ഉത്തരം മാത്രം ശശിധരൻ നായർ കമീഷൻ റിപ്പോർട്ടിൽ നിന്ന് ലഭിക്കില്ല. ഒാപൺ മെറിറ്റിലെ ഉയർന്ന പ്രാതിനിധ്യത്തിനൊപ്പം പത്തു ശതമാനം സംവരണം കൂടെ ചേരുേമ്പാൾ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള സംവരണത്തെ മനോഹരമായി അട്ടിമറിക്കാൻ കമീഷൻ വാതിൽ മലർക്കെ തുറന്നിട്ടുനൽകി.
സർക്കാർ ഹയർസെക്കൻഡറികളിൽ പത്തു ശതമാനം വരെ സംവരണം നൽകാവുന്നതാണെന്ന കമീഷൻ റിപ്പോർട്ടിലെ ശിപാർശ മന്ത്രിസഭ അംഗീകരിച്ച് ഉത്തരവായപ്പോൾ പത്ത് ശതമാനം നിർബന്ധമാക്കി മാറ്റുന്ന മാജിക്കാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതു സീറ്റിെൻറ പത്തു ശതമാനം ആണ് പരിഗണിക്കേണ്ടത് എന്നതിൽ കമീഷനും സർക്കാർ ഉത്തരവും മൗനം പാലിച്ചപ്പോൾ പൊതു/ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അത് ആകെ സീറ്റിെൻറ പത്ത് ശതമാനം എന്ന് വ്യാഖ്യാനിച്ചു നടപ്പാക്കി. ഒാപൺ മെറിറ്റിൽനിന്ന് സീറ്റെടുക്കുേമ്പാൾ സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്ന വിചിത്രവാദമാണ് സർക്കാർ ഉയർത്തുന്നത്. എന്നാൽ ഒാപൺ മെറിറ്റിലെ പിന്നാക്ക സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറയാനും അവർ സംവരണ സീറ്റുകളിൽ മാത്രമായി ഒതുക്കപ്പെടാനും ഇതു വഴിവെക്കുമെന്ന യാഥാർഥ്യത്തിനു നേരെ സർക്കാർ ബോധപൂർവം കണ്ണടച്ചു.
ഉത്തരവ് നടപ്പിൽ വരുത്തിയ കോഴ്സുകളിലും സ്ഥാപനങ്ങളിലുമെല്ലാം പിന്നാക്ക വിഭാഗങ്ങളെ പിറകിലാക്കുന്ന പ്രാതിനിധ്യവും മുൻഗണനയുമാണ് മുന്നാക്ക സംവരണക്കാർക്ക് ലഭിച്ചത്. പല കോഴ്സുകളിലും ഇത് ദലിത് വിഭാഗങ്ങളെപ്പോലും മറികടന്നു. സർവകലാശാലകളിലെയും കോളജുകളിലെയുമെല്ലാം പ്രവേശനങ്ങളിൽ ഇതിെൻറ കെടുതി ജനസംഖ്യയുടെ ബഹുഭൂരിഭാഗം വരുന്ന പിന്നാക്ക, ദലിത് വിഭാഗങ്ങൾ ആജീവനാന്തം പേറണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്ക സംവരണം നടപ്പാക്കിയതിലെ ഗുരുതര പിഴവുകൾ തെളിവുകൾ സഹിതം പുറത്തുവന്നിട്ടും തിരുത്താൻ തയാറാകാത്ത സംസ്ഥാന സർക്കാറിെൻറ നിലപാടു തന്നെയാണ് സംവരണ അട്ടിമറിക്കാർക്ക് ഇപ്പോഴത്തെ തണൽ.
മുന്നാക്ക സംവരണത്തിെൻറ ഭരണഘടന സാധുത പരമോന്നത കോടതിയുടെ പരിഗണന കാത്തുകിടക്കുേമ്പാഴും വർധിത ആവേശത്തിൽ കേരളത്തിൽ നടപ്പാക്കി പിന്നാക്ക സംവരണത്തെ തോൽപിക്കുന്നതിൽ ലക്ഷ്യം അധികാര സ്ഥാപനങ്ങളിൽ പിടിമുറുക്കിയ സവർണ ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണ ആർജിക്കൽ കൂടിയാണ്. അധികാരവഴികളിൽ പിന്നാക്കവിഭാഗങ്ങൾ കടന്നുവരുന്നതിന് വഴിയടച്ചുകെട്ടുന്നത് കൂടിയാണ് മുന്നാക്ക സംവരണത്തിനായി ഇറങ്ങുന്ന ഒാരോ ഉത്തരവുകളും. സംവരണ വിഭാഗങ്ങൾക്ക് ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിലെ കുറവ് (ബാക്ക് ലോഗ്) നരേന്ദ്രൻ കമീഷൻ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ അക്കമിട്ട് നിരത്തിയിട്ടുണ്ടെങ്കിലും അത് പരിഹരിക്കാൻ തയാറാകാത്ത ഭരണകൂടങ്ങളാണ് മുന്നാക്ക സംവരണത്തിന് മുന്നിൽ നിന്ന് കൊടിപിടിക്കുന്നത്. ജനാധിപത്യ പ്രതികരണങ്ങളിലൂടെ ഏത് അധികാര ഗർവിനെയും തിരുത്താൻ ശേഷിയുള്ളതാണ് കേരളത്തിലെ സംവരണ സമൂഹമെന്നത് അവർ തിരിച്ചറിയുന്നിടത്താണ് മുന്നാക്ക സംവരണത്തിെൻറ ഭാവി തീരുമാനിക്കപ്പെടുന്നത്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.