3430 ബി.ടെക് സീറ്റുകൾ മാത്രമുള്ള സർക്കാർ എൻജിനീയറിങ് കോളജിൽ 20883ാം റാങ്കുകാരനും പ്രവേശനം തരപ്പെടുന്ന പദ്ധതിയാണ് പ്രഫഷനൽ കോഴ്സുകളിലെ മുന്നാക്ക സംവരണം. മുന്നാക്ക സംവരണത്തിനായി പ്രവേശന പരീക്ഷ കമീഷണർ തയാറാക്കിയ 2151 പേരുടെ കാറ്റഗറി പട്ടികയിൽ 1139ാം സ്ഥാനത്തുള്ള 20883ാം റാങ്കുകാരനും രണ്ട് അലോട്ട്മെൻറ് മാത്രം പിന്നിട്ട എൻജിനീയറിങിൽ ഗവൺമെൻറ് കോളജിൽ സീറ്റുറപ്പിച്ചുവെന്ന് ചുരുക്കം. മുന്നാക്ക സംവരണ കാറ്റഗറി പട്ടികയിലെ 2142ാം സ്ഥാനക്കാരനും സംസ്ഥാന റാങ്ക് പട്ടികയിൽ 51,941ാം റാങ്കുകാരനുമായ വിദ്യാർഥിക്ക് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജിലും സീറ്റുറപ്പ്. 53,236 പേരാണ് സംസ്ഥാന റാങ്ക് പട്ടികയിലുള്ളത്.
എൻജിനീയറിങ് സീറ്റൊഴിഞ്ഞുകിടക്കുേമ്പാൾ മുന്നാക്ക സംവരണം ആരെ ബാധിക്കാൻ എന്ന നിഷ്കളങ്കമെന്ന് തോന്നിക്കുന്ന ചോദ്യമെറിഞ്ഞ് ന്യായീകരണം ചമയ്ക്കുന്നവരുണ്ടാകാം. എന്നാൽ കേൾക്കുക-സർക്കാർ, എയ്ഡഡ് കോളജുകളിലെയും പല സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെയും സീറ്റിനായുള്ള ഡിമാൻറിന് ഒരുകുറവുമില്ല. അവിടെയാണ് മുന്നാക്ക സംവരണമെന്ന പുതിയ 'ബൈപ്പാസ്' പണിത് ഒരു വിഭാഗത്തെ മുന്നിൽകൊണ്ടുപോയിരുത്തുന്നത്. അതുംപോരാഞ്ഞിട്ട് ന്യൂനപക്ഷ പദവിയുള്ള രണ്ട് എയ്ഡഡ് കോളജുകളിൽ മുന്നാക്ക സംവരണം സൃഷ്ടിച്ച് നൂറ് വിദ്യാർഥികളെ അലോട്ട്മെൻറ് നടത്തിയാണ് ഇടതുസർക്കാർ മുന്നാക്ക കൂറ് തെളിയിച്ചത്. 'മാധ്യമം' വാർത്തയെ തുടർന്ന് മാത്രം റദ്ദാക്കപ്പെട്ടതാണ് കൊല്ലം ടി.കെ.എം, കോതമംഗലം മാർ അത്തനേഷ്യസ് കോളജുകളിലെ ന്യൂനപക്ഷ പദവി മറികടന്നുള്ള അലോട്ട്മെൻറ്. അബദ്ധത്തിൽ സംഭവിച്ച ഒരു പിഴവാണെന്ന് പറഞ്ഞു ചുരുക്കി കാണേണ്ട സംഭവമല്ല; ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങൾ പോലും പിടിച്ചു പറിച്ച് മുന്നാക്ക സംവരണത്തിന് കൊഴുപ്പേകണമെന്നത് സർക്കാറിെൻറ വാശിയായിരുന്നു. ഇത് വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും മുന്നാക്കലോബിക്കുവേണ്ടി സർക്കാർ നടപ്പാക്കാനിരിക്കുന്ന സംവരണക്കൊള്ളയുടെ സാമ്പിൾ മാത്രമാണിത്.
മുന്നാക്ക സംവരണം ഇതര സംവരണ വിഭാഗങ്ങളെ എങ്ങനെ പിറകിലാക്കുന്നുവെന്നതിന് കേരളത്തിലെ 'ടോപ് വൺ' എൻജിനീയറിങ് കോളജ് എന്ന വിശേഷണമുള്ള തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങിലെ (സി.ഇ.ടി) അലോട്ട്മെൻറ് മാത്രം പരിശോധിച്ചാൽ മതി. ഇത്തവണ സീറ്റൊഴിഞ്ഞുകിടക്കുന്ന സ്വാശ്രയ കോളജുകളിൽ പോലും ചൂടപ്പം പോലെ വിറ്റുപോകുന്നതാണ് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ സീറ്റ്. െഎ.െഎ.ടിയിലും എൻ.െഎ.ടിയിലും കിട്ടിയില്ലെങ്കിൽ മലയാളി വിദ്യാർഥിയുടെ അടുത്ത നോട്ടം സി.ഇ.ടിയിലെ കമ്പ്യൂട്ടർ സയൻസ് സീറ്റിലായിരിക്കും. ഇത്തവണ സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസിൽ സ്റ്റേറ്റ് മെറിറ്റിൽ അവസാന അലോട്ട്മെൻറ് 247ാം റാങ്കുകാരനാണ്. ഇൗഴവ സംവരണ സീറ്റിൽ 413ാം റാങ്കുകാരനും മുസ്ലിം സംവരണത്തിൽ 399ാം റാങ്കുകാരനും അലോട്ട്മെൻറ് നേടിയപ്പോൾ 632ാം റാങ്കിലുള്ള മുന്നാക്ക സംവരണക്കാരനും സി.ഇ.ടിയിൽ പ്രവേശനം ഉറപ്പായി.
ഡിമാൻറിൽ അടുത്ത് വരുന്ന മെക്കാനിക്കൽ ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റിൽ 881ഉം ഇൗഴവ സംവരണത്തിൽ 1264ഉം മുസ്ലിം 1345 ഉം റാങ്കുകളിലുള്ളവർ വരെ അലോട്ട്മെൻറ് നേടിയപ്പോൾ 2800ാം റാങ്കിലുള്ള മുന്നാക്ക സംവരണക്കാരനും അതെ കോളജിൽ പ്രവേശനം. മെറിറ്റ് സീറ്റിെൻറ പത്ത് ശതമാനം വരെ സീറ്റ് നൽകുന്നതിന് പകരം ആകെ സീറ്റിെൻറ പത്ത് ശതമാനം വർധിപ്പിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. 3430 സീറ്റുള്ള സർക്കാർ കോളജുകളിൽ ഇതിനായി സൃഷ്ടിച്ചത് 343 സീറ്റുകൾ. മുന്നാക്ക സംവരണക്കാരനെക്കാൾ റാങ്കിലും മെറിറ്റിലും മുന്നിലാണെങ്കിലും പിന്നാക്കക്കാരന് നിലവാരത്തിലും ഡിമാൻറിലും പിറകിലുള്ള സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ കോളജുകളിൽ തന്നെ ലക്ഷങ്ങൾ മുടക്കി പഠിക്കണമെന്ന് ചുരുക്കം.
പോളിടെക്നിക്ക് പ്രവേശനത്തിലും
ഇൗ വർഷത്തെ പോളിടെക്നിക്ക് പ്രവേശനത്തിെൻറ ആദ്യഘട്ടത്തിൽ തന്നെ പിന്നാക്ക സംവരണ വിഭാഗങ്ങളെ ബഹുദൂരം മറികടക്കുന്നതാണ് മുന്നാക്ക സംവരണം. മുൻനിര സർക്കാർ പോളിടെക്നിക്കുകളിലെ ഡിമാൻറുള്ള ബ്രാഞ്ചുകളിലെ അലോട്ട്മെൻറുകളിൽ ഇത് പ്രകടമാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സെൻട്രൽ പോളിടെക്നിക്ക്, കളമശേരി ഗവ. പോളിടെക്നിക്ക് എന്നിവിടങ്ങളിലെ അലോട്ട്മെൻറ് വിവരങ്ങൾ ഇത് കൂടുതൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ 51 പോളിടെക്നിക്കുകളിൽ മുന്നാക്ക സംവരണം നടപ്പാക്കിയവയിലെല്ലാം പിന്നാക്ക വിഭാഗങ്ങളുടെ റാങ്കിനെ മറികടക്കുന്ന രീതിയിലാണ് അലോട്ട്മെൻറ് നടന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.